Slider

കൊലയാളിയുടെ കുമ്പസാരം-ഭാഗം 3

0

“പത്രോസേ നീ പാറയാകുന്നു,ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും …..മത്തായിയുടെ സുവിശേഷം പതിനാറാം അദ്ധ്യായം പതിനെട്ടാം വാക്യം “
പത്രോസ് ശബ്ദം കേട്ടിട്ട് പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കി .കാറില്‍ നിന്ന്‍ ഇറങ്ങിയ അയാള്‍ പത്രോസിന്‍റെ അടുത്തേയ്ക്ക് നടന്നു വന്നു
“എന്നാല്‍ പത്രോസ് എന്താണ് ചെയ്തത് ? സഭയെ ചതിച്ചു ….വഞ്ചിച്ചു ...ഇയാളെ അറിയോ പത്രോസ് ? “ പോക്കറ്റില്‍ നിന്നൊരു ഫോട്ടോ എടുത്ത് കാണിച്ചുകൊണ്ട് അയാള്‍ ചോദിച്ചു
“ഫാദര്‍ റോയി “ പത്രോസ് ആ ഫോട്ടോ നോക്കികൊണ്ട്‌ ഭയത്തോടെ പറഞ്ഞു
“എന്തിനായിരുന്നു പത്രോസ് നീ അങ്ങനെ ചെയ്തത് ? പാടില്ലായിരുന്നു പത്രോസ് ...പാപം ചെയ്തു പത്രോസ് നീ ...പാപിയാണ് നീ …..പാപത്തിന്‍റെ ശബളം എന്താ എന്നറിയോ പത്രോസ് ? “
പത്രോസ് കുറ്റബോധം കൊണ്ട് തല താഴ്ത്തി നില്‍ക്കുകയാണ് .അയാള്‍ പത്രോസിന്‍റെ ചെവിയിലായി പതിയെ പറഞ്ഞു
“സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ് …..പാപത്തിന്‍റെ ശമ്പളം മരണമത്രേ “ പത്രോസിന്‍റെ കൈയില്‍ ഒരു കുപ്പി കൊടുത്തുകൊണ്ട് അയാള്‍ കാറിലേയ്ക്ക് നടന്നു .കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത് അയാള്‍ അവിടെ നിന്ന്‍ പോകുമ്പോള്‍ പത്രോസ് വായില്‍ നിന്ന് നുരയും പതയും വന്ന് നിലത്ത്‌ കൈകാലുകള്‍ അടിക്കുകയായിരുന്നു
-----------------------------------
ക്രൈം സീന്‍
“വളരെ വിശദമായൊരു പരിശോധന നടത്തണം മാധവന്‍ സാര്‍ …..മുക്കും മൂലയും വിട്ടുപോകരുത്…..എന്തെങ്കിലും എഴുത്തോ കുപ്പിയോ അങ്ങനെ എന്തെങ്കിലും കിട്ടാതിരിക്കില്ല “ ജീവന്‍ കോണ്‍സ്റ്റബിള്‍ മാധവന്‍ സാറിനോട് പറഞ്ഞു
“ശരി സാര്‍ “
വിശദമായ പരിശോധനയില്‍ പത്രോസിന്‍റെ പോക്കറ്റില്‍ നിന്ന് ഒരു കുറിപ്പ് കിട്ടി മരിച്ചു കിടക്കുന്ന സ്ഥലത്ത് നിന്ന് ഒരു കുപ്പിയും കിട്ടി
“ആദ്യം നിമ്മി ...പിന്നെ അനിത ഇപ്പോ പത്രോസ്...നിമ്മിയും അനിതയും ഒരിമ്മിച്ചാണ് പഠിച്ചെന്ന് വെക്കാം പക്ഷേ പത്രോസ് ? പത്രോസിന് മരിച്ച നിമ്മിയും അനിതയും തമ്മില്‍ എന്ത് ബന്ധം ? “ ജീവന്‍ ആത്മഗതം നടത്തി
----------------------------------
പോലീസ് സ്റ്റേഷന്‍
അനിത പോയ ഷോപ്പിംഗ്‌ മാളിന്‍റെ അടുത്തുള്ള ബസ്സ്‌ സ്റ്റോപ്പിന്റെ അരികില്‍ ഉണ്ടായിരുന്ന കടയിലെ സര്‍വെയിലെന്‍സ്‌ ക്യാമറയില്‍ നിന്നുള്ള ഫൂട്ടേജ് നോക്കുകയായിരുന്നു ജീവന്‍
“സാര്‍ ലാബ്‌ റിപ്പോര്‍ട്ട്‌ കിട്ടിയിട്ടുണ്ട് “ ജീവന്‍റെ അടുത്തേക്ക് വന്നുകൊണ്ട് കോണ്‍സ്റ്റബിള്‍ മാധവന്‍ ജീവനോട്‌ പറഞ്ഞു
“അനിതയെ ഈ ക്യാമറയില്‍ അല്ലാതെ വേറെ എവിടെയെങ്കിലും പോയതയോ കണ്ടതയോ അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ടോ ? “
“ഇല്ല സാര്‍ “
“അപ്പൊ ഈ കാറില്‍ പോയതിന് ശേഷം തന്നെയാണ് അനിത കൊലപ്പെട്ടിരിക്കുന്നത് “
“പ്രാഥമിക അന്വേഷണം ആ ഒരു രീതിയില്‍ ആണ് നടന്നിരിക്കുന്നത് സാര്‍...അതല്ലാതെ വേറെയൊന്നും തെളിവുകള്‍ ആയി ലഭിച്ചിട്ടില്ല സാര്‍ “
“മം …. താന്‍ ഈ വീഡിയോ ശ്രദ്ധിച്ചോ “ സ്ക്രീനിലേക്ക് നോക്കി തന്നെ ജീവന്‍ മാധവന്‍ സാറോട് ചോദിച്ചു .മാധവനും അത് ചോദിച്ചപ്പോള്‍ സ്ക്രീനിലേക്ക് നോക്കി
“എന്താണ് സാര്‍ ? “
“ഒന്നും തോന്നിയില്ലേ ആ വീഡിയോ കണ്ടിട്ട് “
“ഇല്ല സാര്‍ “
“കുറച്ചും കൂടി സൂം ചെയ്യാം ഞാന്‍ വീഡിയോ “ ജീവന്‍ ക്യാമറ ഫൂട്ടേജ് ഒന്നുംകൂടി സൂം ചെയ്തു
“ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന അനിത …...അവളുടെ മുന്നില്‍ ഫാദര്‍ റോയിയുടെ എന്ന് പറയപ്പെടുന്ന കാര്‍ വന്നു നില്‍ക്കുന്നു …അതായത് കൊലയാളി എന്ന് പറയപ്പെടുന്ന ആളുടെ കാര്‍ വന്ന് നില്‍ക്കുന്നു …..ഗ്ലാസ്സ് താഴ്ന്നതിന് ശേഷം കൃത്യമായി പറഞ്ഞാല്‍ അമ്പത്തിരണ്ട് സെക്കന്റിനു ശേഷം അനിത കാറില്‍ കയറുന്നു”
“അതെ സാര്‍ “
“അതും കാറിലേയ്ക്ക് സ്വമധേയ കയറുന്നു..യാതൊരു ബലപ്രയോഗമോ ഉന്തുതള്ളലുകളും ഇല്ലാതെ അനിത കൊലയാളിയുടെ കാറിലേയ്ക്ക് കയറുന്നു “
“അതെ സാര്‍ “
“അങ്ങനെയെങ്കില്‍ അനിത കൊലയാളിയെ മുന്‍പ് പരിചയം ഉണ്ടാവണം ...അല്ലേ മാധവന്‍ സാര്‍ “
“ബലപ്രയോഗം ഇല്ലാത്തത് കൊണ്ട് അങ്ങനെയാവാം സാര്‍ “
“പക്ഷേ ഇവിടെ നോക്കു “ ജീവന്‍ ഫൂട്ടേജ് റീവൈന്‍ഡ് ചെയ്ത് വീണ്ടും പ്ലേ ചെയ്തു
“അനിതയുടെ കൈകളിലെ കവറുകളിലെയ്ക്ക് നോക്ക് …..കവറുകള്‍ നിലത്തിട്ട് കാറിലേയ്ക്ക് നടക്കുന്ന അനിതയുടെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചോ ? എന്തോ കണ്ടു ഭയന്ന് അല്ലെങ്കില്‍ വളരെ യാന്ത്രികമായിട്ടാണ് അനിത കാറിലേയ്ക്ക് നടക്കുന്നത് ”
“ശരിയാണ് സാര്‍ “
“കാറിലെ ആളെ അനിത പരിചയം ഉണ്ടെങ്കില്‍ ഈ കവറുകള്‍ എന്തിന് നിലത്തിടണം ? കാറിന്‍റെ അകത്തെ ആളുടെ മുഖം നമുക്ക് ക്യാമറയില്‍ ലഭിച്ചിട്ടുമില്ല ...കാറില്‍ ഉണ്ടായിരുന്ന വ്യക്തി അനിതയെ കാറിലേയ്ക്ക് വിളിക്കുന്നതായിട്ടൊന്നും റെക്കോര്‍ഡ്‌ ആയിട്ടില്ല “
“പക്ഷേ സാര്‍ അനിതയെ ആ സ്ഥലത്തേയ്ക്ക് കൊലയാളി വിളിച്ചു വരുത്തിയതാണെങ്കില്‍ ? അനിത കാത്ത് നിന്നതും ഇയാളെ ആണെങ്കില്‍ ? അങ്ങനെയാണെങ്കില്‍ അനിത കാറില്‍ കയറാന്‍ സാധ്യതയില്ലേ ? “
“ശരിയാണ് പറഞ്ഞത് ….അങ്ങനെയാണെങ്കില്‍ ഈ വീഡിയോ പ്രകാരം കാര്‍ കണ്ട ഉടനെ അല്ലെങ്കില്‍ കാറിന്‍റെ ഗ്ലാസ്‌ താഴ്ന്നതിന് ശേഷം കാറിന്‍റെ അകത്തിരിക്കുന്ന ആളെ കണ്ട അപ്പൊ തന്നെ അനിത കാറിലേയ്ക്ക് കയറണം ...നമ്മള്‍ പരിചയമുള്ളവരെ കണ്ടാല്‍ പെട്ടന്ന്‍ അവരുടെ അടുത്തേയ്ക്ക് പോവുകയല്ലേ ചെയ്യാ ….. എവിടെ അങ്ങനെയുണ്ടായിട്ടില്ല ...കാര്‍ അനിതയ്ക്ക് അരികില്‍ പാര്‍ക്ക്‌ ചെയ്ത് കഴിഞ്ഞ്‌ ഗ്ലാസ്‌ താഴ്ന്നതിനും ശേഷം അനിത കാറിലേയ്ക്ക് കയറിയ ടൈം തമ്മില്‍ ഒരുപാട് ഗ്യാപ്പ് ഉണ്ട് ...പരിചയമുള്ള ഒരാളാണ് വന്നിരിക്കുന്നത് എങ്കില്‍ ആളെ കണ്ട അപ്പൊ തന്നെ കാറിലേയ്ക്ക് അനിത കയറണം...ഒരു മിനിറ്റ് സമയം ഒന്നും ആരും എടുക്കില്ല “
“അതും ശരിയാണല്ലോ “
“ഇനി സപ്പോസ് അനിത അയാളെ അറിയുമെന്ന് എന്നിരിക്കട്ടെ ...എന്തിന് ഷോപ്പിംഗ്‌ നടത്തിയ സാധനങ്ങള്‍ ,ഈ കവറുകള്‍ എന്തിന് നിലത്തിടണം ? കാറില്‍ അതൊന്നും വെക്കാനുള്ള സ്ഥലമില്ലേ ?പാവകള്‍ ചലിക്കും പോലെയാണ് അനിതയുടെ കാറിലേയ്ക്കുള്ള നടത്തം...നമ്മുടെ അന്വേഷണത്തില്‍ കണ്ടുപിടിക്കാന്‍ ആവാത്ത എന്തോ അവിടെ നടന്നിട്ടുണ്ട് ..എന്‍റെ നിഗമനം ശരിയെങ്കില്‍ അനിതയ്ക്ക് കൊലയാളി എന്ന് സംശയിക്കുന്ന അയാളെ മുന്‍പരിചയം ഉണ്ടാകാന്‍ ഇടയില്ല “
“മുന്‍പരിചയം ഇല്ലാത്തോരാളുടെ കാറില്‍ എന്തിനായിരിക്കും അല്ലെങ്കില്‍ എന്ത് കൊണ്ടായിരിക്കും അനിത കയറിട്ടുണ്ടാവുക ? “
“അതിന് ഉത്തരം കണ്ടെത്തണം മാധവന്‍ സാര്‍ ...കണ്ടെത്തണം...എന്നാല്‍ മാത്രമേ കാറില്‍ വന്നിരുന്നയാള്‍ തന്നെയാണ് കൊലയാളി എന്ന് സ്ഥിരികരിക്കാന്‍ പറ്റുകയുള്ളൂ ...ആത്മഹത്യ കുറിപ്പ് പോലെ സ്വന്തം കൈപ്പടയില്‍ എഴുതിയ ലാറ്റിന്‍ ഭാഷയില്‍ ഉള്ള കുറിപ്പ് ,ആര്‍സെനിക് കലര്‍ന്ന വൈന്‍ ഇതെല്ലാം കണ്ടുപിടിക്കേണ്ട മറ്റൊരു ചോദ്യങ്ങളാണ് ...ലാറ്റിന്‍ ഭാഷ വശമില്ലാത്ത ഇവരെന്തിന് ഇങ്ങനെയൊരു കുറിപ്പ് എഴുതി വെക്കണം ? ആര്‍സെനിക് കലര്‍ന്ന വൈന്‍ ഇവര്‍ക്ക് എങ്ങനെ ലഭിച്ചു ?...ഇതെല്ലാം കണ്ടത്തെണം …..ഫാദര്‍ റോയിയുടെ കാര്‍ ട്രാക്ക് ചെയ്യാന്‍ പറ്റിയോ ? “
“ഇല്ല സാര്‍ ...ടീം ട്രൈ ചെയ്യുന്നുണ്ട് “
“ഓക്കേ അതുപോലെ നിമ്മിയുടെയും അനിതയുടെയും കൂട്ടുക്കാരികളില്‍ ഒരാളെ ട്രെയ്സ് ചെയ്യാന്‍ പറ്റിയട്ടില്ല എന്ന് പറഞ്ഞിരുന്നു അന്ന് ...എന്തായി അവരെ പറ്റിയിട്ടുള്ള അന്വേഷണം ? കോണ്ടാക്റ്റ് ചെയ്യാന്‍ പറ്റിയോ അവരെ “
“ഇല്ല സാര്‍ ….അവരുടെ മാതാപിതാക്കള്‍ വിദേശത്താണ് ...അവരെയും കോണ്ടാക്റ്റ് ചെയ്യാന്‍ പറ്റിയട്ടില്ല “
“മം ...മരിച്ച രണ്ടുപേരെയും ഈ കുട്ടികളെയും പറ്റി അവര്‍ പഠിച്ച കോളേജില്‍ ഒന്ന് അന്വേഷിക്കണം ...അതുപോലെ ഫാദര്‍ റോയിയെ പറ്റി എന്തെങ്കിലും അപ്ഡേറ്റ് ?“
“ഇല്ല സാര്‍….അരമനയില്‍ നിന്നോ ഫാദര്‍ വികാരിയായിരുന്ന പള്ളിയില്‍ നിന്നോ കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല പക്ഷേ പുറത്ത് അന്വേഷിച്ചതില്‍ വേറെ ചില കാര്യങ്ങള്‍ അറിഞ്ഞിരുന്നു “
“എന്താണ് അത് ?”
“തൃക്കുന്നത്തെ പള്ളി അതായത് ഫാദര്‍ റോയി വികാരിയായിരുന്ന പള്ളി പെരുന്നാളിന്‍റെ രണ്ടു ദിവസം മുന്‍പ് ഫാദറെ കാണാതെ ആവുകയായിരുന്നു...പെരുന്നാളിന് മാത്രം പുറത്തെടുക്കുന്ന വളരെയധികം വിലമതിക്കുന്ന കാസയും പിലാസയും നഷ്ടപ്പെട്ടിരുന്നു ….പള്ളി പെരുന്നാളിന്‍റെ അന്ന് മാത്രമാണ് സാധാരണ റോമില്‍ നിന്ന് കൊണ്ട് വന്ന വിശിഷ്ടമായ ആ കാസയും പിലാസയും പുറത്തെടുക്കുകയുള്ളു ...അല്ലാത്ത കുര്‍ബാന ദിവസം സാധാരണയായിട്ടുള്ള കാസയും പിലാസയും ആയിരുന്നു ഉപയോഗിച്ചിരുന്നത് ….വിലമതിക്കുന്ന കാസയുടെയും പിലാസയുടെയും കീ വികാരിയാണ്‌ കൈയില്‍ വെയ്ക്കാറുളത്...എന്നാല്‍ ഈ കാസയും പിലാസയും പള്ളിയില്‍ നിന്ന് നഷ്ടപ്പെടുകയും ഫാദര്‍ റോയി കുറ്റക്കാരനാവുകയും ചെയ്തു ...സഭ എങ്ങനെയെങ്കിലും അത് കണ്ടുപിടിച്ച് തിരിച്ചെല്‍പ്പിക്കാന്‍ ഫാദര്‍ റോയിയ്ക്ക് സമയപരിധി നല്‍കുകയും അല്ലെങ്കില്‍ തിരുവസ്ത്രം ഉപേക്ഷിക്കേണ്ടിവരുമെന്ന് താക്കിത് നല്‍കുകയും ചെയ്തിരുന്നു... ഫാദര്‍ നഷ്ടപ്പെട്ട ആ കാസയും പിലാസയും കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു ….. അതില്‍ പിന്നെ ഫാദര്‍ റോയിയെ പറ്റി ആര്‍ക്കും ഒരു അറിവും ലഭിച്ചട്ടില്ല സാര്‍“
“നഷ്ടപ്പെട്ട കാസയും പിലാസയും ഈ കേസും തമ്മില്‍ എന്ത് ബന്ധം ? ഫാദര്‍ റോയിയുടെ തിരോധാനത്തിന് കാരണം ഒരു പക്ഷേ വീണ്ടെടുക്കാന്‍ കഴിയാതെ പോയ ആ രണ്ടു ഉപകരണങ്ങള്‍ ആവാം ...പക്ഷേ മരിച്ച അനിതയും നിമ്മിയും ആയിട്ട് ഇതിന് എന്ത് ബന്ധം മാധവന്‍ സാര്‍ ? “ കോണ്‍സ്റ്റബിള്‍ മാധവന്‍ സാര്‍ ജീവന്‍റെ ആ ചോദ്യത്തിന് മറുപടി നല്‍കിയില്ല
“ലാബ്‌ റിപ്പോര്‍ട്ട്‌ എവിടെ ? “ മാധവന്‍ സാര്‍ ലാബ്‌ റിപ്പോര്‍ട്ട്‌ ജീവന്‍റെ മേശപ്പുറത്ത് വെച്ചു .കവര്‍ പൊട്ടിച്ച് ജീവന്‍ റിപ്പോര്‍ട്ട്‌ കൈകളില്‍ എടുത്തു
“മം ….ആര്‍സെനിക് കലര്‍ന്ന വീഞ്ഞ് തന്നെയാണ് കുപ്പിയിലുണ്ടായിരുന്നത് “ റിപ്പോര്‍ട്ട്‌ പകുതി വായിച്ചുകൊണ്ട് ജീവന്‍ പറഞ്ഞു .റിപ്പോര്‍ട്ടിലെ സാക്രമെന്റെല്‍(sacramental) എന്നൊരു വാക്ക് കണ്ടപ്പോള്‍ ജീവന്‍ പെട്ടന്ന്‍ വായന നിറുത്തി
“ആല്‍ക്കഹോള്‍ കണ്ടെന്റ് സീറോ ശതമാനം പോലും ഇല്ലാത്തത് കൊണ്ട് ഇതൊരു സാക്രമെന്റെല്‍ വൈന്‍ ആയിരിക്കാം “ ജീവന്‍ റിപ്പോര്‍ട്ടിലെ ആ ഭാഗം വീണ്ടും വായിച്ചു
“സാക്രമെന്റെല്‍ വൈനോ ?....അതെന്താണ് സാര്‍ “ മാധവന്‍ സാര്‍ ഒരു സംശയത്തോടെ ജീവനോട്‌ ചോദിച്ചു
“അത് പള്ളികളില്‍ കുര്‍ബാന സമയത്ത് ഉപയോഗിക്കുന്ന വൈന്‍ ആണ് ...ആല്‍ക്കഹോള്‍ അടങ്ങാത്ത നാച്ചുറല്‍ വൈന്‍ ആയിരിക്കും ….പക്ഷേ അങ്ങനെയൊരു വൈനില്‍ വിഷം ചേര്‍ക്കേണ്ട കാര്യം ഉണ്ടോ ഒരു കൊലയാളിയ്ക്ക് ? പച്ചവെള്ളത്തിലും ആര്‍സെനിക് കലര്‍ത്തിയാലും അത് വിഷമാണ് അങ്ങനെയുള്ളപ്പോള്‍ എന്തിനാണ് കൊലയാളി സാക്രമെന്റെല്‍ വൈനില്‍ ആര്‍സെനിക് ചേര്‍ത്ത് കൊലപ്പെടുത്തിയിരിക്കുന്നത് എന്നാണ് മനസിലാവാത്തത് ...കൂടാതെ സാക്രമെന്റെല്‍ വൈന്‍ അങ്ങനെ എളുപ്പം ആര്‍ക്കും കിട്ടാനും ഇടയില്ല “
“സാര്‍ ഈ ബൈബിള്‍ വാക്യം ,സാക്രമെന്റെല്‍ വൈന്‍ എന്നിവ കൂട്ടിവായിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ഫാദര്‍ റോയി തന്നെയായിരിക്കും നമ്മള്‍ അന്വേഷിക്കുന്ന കൊലയാളി ….സാക്രമെന്റെല്‍ വൈന്‍ സാധാരണ മനുഷ്യന് കിട്ടുന്നതല്ലെങ്കില്‍ പള്ളിയുമായി ബന്ധമുള്ള ഫാദര്‍ റോയി തന്നെയാവണം സാര്‍ കൊലയാളി...ഒളിവില്‍ ഇരുന്നുകൊണ്ട് അയാള്‍ തന്നെയാകും ഇവരെ കൊന്നത് “
“പക്ഷെ എന്തിന് ?കാസയും പിലാസയും നഷ്ടപ്പെട്ടതിന് കപ്യാര്‍ പത്രോസിന് ഒരു പക്ഷെ പങ്കുണ്ടെന്ന് കരുതി അയാളെ ഫാദര്‍ റോയി കൊലപ്പെടുത്തിയെന്ന് അനുമാനിക്കാം ...പക്ഷേ മരിച്ച മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്ക് അതുമായി എന്ത് ബന്ധമെന്നാണ് മനസിലാവാത്തത് …. ആദ്യമേ മുതലെ വളരെയേറെ നിഗൂഢത നിറഞ്ഞ കേസാണ് മാധവന്‍ സാര്‍ ഇത് ...ആത്മഹത്യ പോലെ തോന്നിക്കും തരത്തിലുള്ള നിമ്മിയുടെ മരണം അതിന് ശേഷം അനിതയുടെ മരണം പിന്നെ ഇപ്പോ പത്രോസിന്‍റെ മരണം ….എല്ലായിടത്തും നിന്നും ലഭിച്ച മരണപ്പെട്ടവരുടെ സ്വന്തം കൈപ്പടയില്‍ നിന്ന് ലഭിച്ച കുറിപ്പുകള്‍ അതും ലാറ്റിന്‍ ഭാഷയില്‍ ….സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത മരണ കാരണമായ സാക്രമെന്റെല്‍ വൈന്‍ നിറഞ്ഞ കുപ്പി...അന്വേഷണത്തില്‍ കണ്ടെത്തിയ ഫാദര്‍ റോയി ...അദ്ദേഹത്തിന്‍റെ തിരോധാനം...ഇതിനെയെല്ലാം കണക്ട് ചെയ്യുന്ന ലിങ്ക് നമ്മുക്ക് കണ്ടെത്തണം മാധവന്‍ സാര്‍….ഇനിയൊരു കോലപതകം കൂടിയും നടക്കാന്‍ പാടില്ല …..തടയണം മാധവന്‍ സാര്‍ ….നമ്മുക്ക് തടഞ്ഞേ പറ്റു”
ജീവന്‍റെയും മാധവന്‍ സാറിന്റെയും അടുത്തേയ്ക്ക് വേറൊരു പോലീസുകാരന്‍ നടന്നു വന്നു
“സാര്‍ കൊലപ്പെട്ട ആ രണ്ട് പെണ്‍കുട്ടികളുടെ കൂട്ടുകാരിയായ മിത്രയെ വിളിപ്പിച്ചിട്ടുണ്ട് “
“ഓക്കേ അകത്തേക്ക്‌ വരാന്‍ പറയു “ ജീവന്‍ ആ പോലീസുകാരനോട്‌ പറഞ്ഞു
“ശരി സാര്‍ “ പോലീസുകാരന്‍ മിത്രയെ ജീവന്‍റെ റൂമിലേക്ക്‌ കടത്തിവിട്ടു
“മിത്ര ഇരിയ്ക്കു “ കസേരയിലേയ്ക്ക് കൈകള്‍ നീട്ടികൊണ്ട് ജീവന്‍ മിത്രയോട് പറഞ്ഞു
കേസ് ഷീറ്റ് മറിച്ചുകൊണ്ട് ജീവന്‍ തുടര്‍ന്നു
“മിത്ര വര്‍ഗീസ്‌ അല്ലേ “
“അതെ സാര്‍ “ മിത്ര മറുപടി നല്‍കി
“കൊലപ്പെട്ട നിമ്മിയുടെയും അനിതയുടെയും കേസുമായി ബന്ധപ്പെട്ടിട്ടാണ് മിത്രയെ വിളിപ്പിച്ചത് “
“അറിയാം സാര്‍ “
“ഓക്കേ ...അത് കൊണ്ട് തന്നെ മിത്രയുടെ ഭാഗത്ത്‌ നിന്ന്‍ പൂര്‍ണ സഹകരണം ഉണ്ടായാല്‍ മാത്രമേ കൊലയാളിയെ ഞങ്ങള്‍ക്ക് കണ്ടെത്താനാവുകയുള്ളൂ ...അത് കൊണ്ട് മിത്ര ഞങ്ങളോട് സഹകരിച്ചേ പറ്റു”
“എന്‍റെ എന്ത് സഹായമാണ് സാര്‍ വേണ്ടത്? “ മിത്ര ജീവനോട്‌ ചോദിച്ചു
“ ഗുഡ് …..നിമ്മി ,അനിത ,മിത്ര ആന്‍ഡ്‌ ജാസ്മിന്‍ ….ഉറ്റ സുഹൃത്തുക്കള്‍ അതില്‍ ഇനി നിമ്മിയില്ല അനിതയില്ല “ അതുകേട്ടപ്പോള്‍ മിത്രയുടെ കണ്ണുകള്‍ നിറഞ്ഞു.ജീവന്‍ തുടര്‍ന്നു
“എത്രകാലമായിട്ട്‌ നിങ്ങള്‍ക്ക് പരസ്പരം അറിയാം അല്ലെങ്കില്‍ എപ്പോഴാണ് നിങ്ങള്‍ സുഹൃത്തുക്കള്‍ ആയത് ?”
“പിജി ….പിജിയ്ക്ക് ചേര്‍ന്നപ്പോഴാണ് ഇവരെയെല്ലാം പരിചയപ്പെടുന്നത് “
“അതിന് മുന്നെ നിങ്ങള്‍ക്ക് പരസ്പരം അറിയില്ല അല്ലേ ?”
“ഇല്ല സാര്‍ “
“മിത്രയുടെ കല്യാണം കഴിഞ്ഞതാണോ “
“ഇല്ല സാര്‍ ...ഞങ്ങളുടെ കൂട്ടത്തില്‍ നിമ്മിയുടെ മാത്രമേ കല്യാണം കഴിഞ്ഞിട്ടുള്ളൂ ...എന്താണ് സാര്‍ ചോദിയ്ക്കാന്‍ കാരണം ?”
“ഒന്നുമില്ല ചോദിച്ചെന്ന് മാത്രം ...ഈ ജാസ്മിന്‍ ഇപ്പോള്‍ ഇവിടെയുണ്ട് ...കോണ്ടാക്ട് ഉണ്ടോ അവളുമായിട്ട് ?”
“ഇല്ല സാര്‍ ...അവളുടെ നമ്പര്‍ ഇപ്പോ ആക്റ്റീവ് അല്ലെന്ന് തോന്നുന്നു ...നിമ്മി മരിച്ചത് അറിഞ്ഞപ്പോള്‍ ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും മെസ്സേജ് അയച്ചിരുന്നു ….മറുപടി ഒന്നും ലഭിച്ചില്ല സാര്‍ “
“അവസാനമായി എന്നാണ് അവളെ വിളിച്ചത് “
“ഏകദേശം ഒരു മൂന്നുമാസം ആയിക്കാണും ...അതിന് ശേഷം വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ലൈന്‍ കിട്ടിയിരുന്നില്ല “
“മം ….മിത്രയ്ക്ക് ഒരു പത്രോസിനെ അറിയുമോ ? കപ്യാര്‍ പത്രോസ് ? “ ആ ചോദ്യം കേട്ടപ്പോള്‍ മിത്രയുടെ മുഖത്ത് ഭയം പരക്കുന്നത് ജീവന്‍ ശ്രദ്ധിച്ചു .ജീവന്‍ തുടര്‍ന്നു
“കപ്യാര്‍ പത്രോസും കൊലപ്പെട്ടു ….നിമ്മിയും അനിതയും കൊല്ലപ്പെട്ട അതെ രീതിയില്‍ കയ്യില്‍ കുറിപ്പുമായിട്ട് വിഷം കഴിച്ച നിലയില്‍ ...മിത്രയ്ക്ക് അറിയുമോ കപ്യാര്‍ പത്രോസിനെ ? “ ജീവന്‍ മിത്രയുടെ മുഖത്തേയ്ക്ക് നോക്കികൊണ്ട് ചോദിച്ചു
“ഇല്ല സാര്‍ “ അവള്‍ തല തഴ്ത്തികൊണ്ട് മറുപടി നല്‍കി
“ശരി ….പോട്ടെ അറിയില്ലെങ്കില്‍ വേണ്ട …….മിത്രയ്ക്ക് ഒരു ഫാദര്‍ റോയിയെ അറിയോ ?...തൃക്കുന്നത്ത് പള്ളി വികാരി ഫാദര്‍ റോയി ? “ ആ പേര് കേട്ടതും ഒരു ഞെട്ടലോടെ മിത്ര ജീവന്‍റെ മുഖത്തേക്ക് നോക്കി .
(തുടരും )

Lijin

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo