Slider

'ഒറ്റ രൂപയും ആയിരത്തിന്റെ നോട്ടും'

0
നീ എൻ സർഗ്ഗ സൗന്ദര്യമേ.....
കാറിലെ സ്റ്റീരിയോയിൽ നിന്നുള്ള പാട്ടും ആസ്വദിച്ചു കൊണ്ട് ഒരു സവാരി പോകുകയായിരുന്നു ഞാൻ....
എസ് ബി ഐയിലെ ഒരു മാനേജർ
പുറകിലെ സീറ്റിൽ പാട്ടും ആസ്വദിച്ച് കണ്ണടച്ചിരിക്കുവാണ്...
''ടോ...എന്തേലും കഴിക്കണ്ടേടോ...
നല്ല വിശപ്പായി താൻ ഏതേലും നല്ല ഹോട്ടലിന് മുന്നിൽ നിർത്തൂ....
എന്നദ്ദേഹം പറഞ്ഞപ്പോഴേക്കും അടുത്ത കണ്ട ഒരു വലിയ സ്റ്റാർ ഹോട്ടലിന് മുന്നിൽ കാർ നിർത്തിയിരുന്നു ഞാൻ
"താൻ ഇവിടെന്ന് കഴിക്കുന്നുണ്ടോ...
അദ്ദേഹം ചോദിച്ചു...
"ഇല്ല സാർ ഞാൻ പുറത്ത് നിന്നു കഴിച്ചോളാം...ഞാൻ പറഞ്ഞു
"ശരി എന്നാൽ താൻ കഴിച്ചിട്ടിവിടെ നിൽക്ക്..." എന്നു പറഞ്ഞദ്ദേഹം പഴ്സ് തുറന്ന് ഒരു അമ്പതു രൂപ എടുത്തു തന്നു
ഞാനതും വാങ്ങി പുറത്തൊരു ഹോട്ടലിൽ നിന്ന് സ്പെഷ്യൽ മീൻ പൊരിച്ചതൊക്കെ കൂട്ടി നാല്പത്തി അഞ്ചു രൂപയ്ക്ക് കുശാലായി കഴിച്ചിറങ്ങി....
അതിന് മുൻവശത്തെ മുറുക്കാൻ കടയിൽ നിന്നും ബാക്കി അഞ്ചു രൂപ കൊടുത്ത് ഒരു സിഗരറ്റ് വാങ്ങി ചുണ്ടിൽ വച്ച് കത്തിക്കുമ്പോഴേക്കും
(പുകവലി ആരോഗ്യത്തിന് ഹാനികരം)
അദ്ദേഹം ഇറങ്ങുന്നത് കണ്ട് ഞാൻ ധൃതിയിൽ അങ്ങോട്ട് നടന്നു
"ബാക്കി...ബാക്കി...ബാക്കി ഒരു രൂപ വേണ്ടേടോ...... "
മുറുക്കാൻ കടക്കാരൻ പുറകിൽ നിന്നു വിളിച്ചു ഞാൻ തിരിഞ്ഞ് നോക്കിയിട്ട് വേണ്ട താങ്കൾ വച്ചോളു എന്നാഗ്യവും കാണിച്ചിട്ട് കാറിലെത്തിയാത്ര തുടർന്നു....
ബാങ്കിലെത്തി അദ്ദേഹം അകത്തേക്ക് പോയി എന്നെയും വിളിച്ചു
മാനേജർ എന്നെഴുതിയിരിക്കുന്ന അദ്ദേഹത്തിന്റെ മുറിയിൽ കസേരയിൽ ഇരുന്നിട്ട് എന്നോട് പറഞ്ഞു
ഇരിക്കെടോ...
എതിരെ കിടന്ന കസേരകളിലൊന്നിൽ ഞാനുമിരുന്നു...
എത്ര രൂപയായെടോ.... അദ്ദേഹം ചോദിച്ചു
ഞാൻ വെയിറ്റിംഗ് ചാർജും എല്ലാം കൂടി
മനസ്സിൽ കൂട്ടി തൊള്ളായിരം രൂപയോളം ആയിട്ടുണ്ടാകും...
''ആയിരം രൂപയായി സാർ..."
ബാങ്കല്ലേ എന്നോർത്ത് ഞാൻ പറഞ്ഞു..
ശരി എന്നു പറഞ്ഞെഴുന്നേറ്റ് കൗണ്ടറിൽ
ചെന്ന് വൗച്ചർ എടുത്ത് അദ്ദേഹം തന്നെ എല്ലാം എഴുതി ഒപ്പിട്ട്
എന്റെ കൈയ്യിൽ തന്നിട്ട് പറഞ്ഞു
"പുറത്തു പോസ്‌റ്റോഫീസ് ഉണ്ട് അവിടെ നിന്ന് ഒരു റവന്യൂ സ്റ്റാമ്പ് മേടിച്ച് ഒട്ടിച്ച് ഒപ്പിട്ട് ക്യാഷിൽ കൊടുത്താൽ മതി"
ഞാൻ നന്ദി പറഞ്ഞു അവിടെ നിന്നെഴുന്നേറ്റ് പുറത്തിറങ്ങി...
സ്റ്റാമ്പ് മേടിക്കണമല്ലോ....പോസ്റ്റോഫീസിനു മുന്നിലെത്തി ഞാൻ പഴ്സ് എടുത്തു തുറന്നു പൈസയൊന്നുമില്ല അതിനകത്ത്...
അഞ്ഞൂറു രൂപ രാവിലെ ഉണ്ടായിരുന്നതാണല്ലോ... ഞാനാലോചിച്ചു
ഓ അത് ഇങ്ങോട്ട് വന്നപ്പോൾ ഡീസൽ അടിച്ചല്ലോ...
പഴ്സ് അകത്തൊക്കെചികഞ്ഞു...
ഒന്നുകുലുക്കി നോക്കി ചില്ലറയും ഇല്ല
നോട്ടും ഇല്ല...
ശരി കാറിനകത്ത് കാണും ചിലപ്പോൾ ചില്ലറ ഞാൻ കാറിനകത്ത് കയറി തിരഞ്ഞു
കിട്ടിയില്ല തുമ്പു കത്തിയ സിഗററ്റ് മാത്രം ഉണ്ട് പുല്ല് ഇത് മേടിക്കണ്ടായിരുന്നു ഞാൻ ആലോചിച്ചു....
അല്ലേൽ ആ ബാക്കി ഒറ്റ രൂപയെങ്കിലും വാങ്ങാനുള്ളതായിരുന്നു...
ഇനിയിപ്പം എന്തോ ചെയ്യാനാ അദ്ദേഹത്തോട് പറഞ്ഞാലോ ചില്ലറ ഇല്ലെന്ന്...
ഞാൻ ബാങ്കിനകത്ത് കയറി നിറയെ ആൾക്കാരാണ് അതിനകത്ത്
മാനേജരുടെ മുന്നിലും രണ്ടു പേർ ഇരിക്കുന്നുണ്ട് ഞാൻ വീണ്ടും പുറത്തിറങ്ങി...
ഒരു രൂപ ഉണ്ടേൽ ഇതിൽ സ്റ്റാമ്പ് ഒട്ടിച്ച് അകത്ത് കൊടുത്താൽ ആയിരം രൂപ കിട്ടും....
പക്ഷേ...ആ....ഒരു രൂപ എവിടെ....
അതില്ല....
ഇത്രയും ദൂരെ ഒരു പരിചയക്കാരൻ പോലുമില്ലല്ലോ...
ബാങ്കിനു മുന്നിൽ ആ വൗച്ചറും പിടിച്ചങ്ങനെ ഞാൻ നിന്നു.....
അപ്പോഴാണ് പുറത്തെ ബസ് സ്റ്റോപ്പിൽ പണ്ട് സ്കൂളിൽ കൂടെ പഠിച്ച ഒരു സുഹൃത്തിനെ കണ്ടത് ഞാനവന്റെ അടുത്തേക്ക് ചെന്നു...
"അളിയാ...നീ എന്താ ഇവിടെ..."
അവൻ എന്നെ കണ്ടു ചോദിച്ചപ്പോഴേക്കും അവനു പോകാനുള്ള ബസ് വന്നു നിന്നു...
അവന്റെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ...
"അളിയാ ഒരു ഒറ്റ രൂപ ഉണ്ടോ തരാൻ...."
എന്ന യാചനയുടെ ചോദ്യമാണ് എന്നിൽ നിന്നും ഉണ്ടായത്...
ബസിൽ കയറിയ അവൻ പെട്ടെന്ന് പോക്കറ്റിൽ നിന്ന് കുറച്ച് ചില്ലറ എടുത്തു തന്നതും
ബസിലെ മണി മുഴങ്ങി അത് മുന്നോട്ടെടുത്തതും ഒരുമിച്ചായിരുന്നു...
ബാങ്കിൽ നിന്നും ആയിരം രൂപയുടെ പുത്തൻ നോട്ടിന്റെ മണം...
ഹാ... ഞാൻ മൂക്കിൽ വച്ചു മണത്തു
പഴ്സിൽ വച്ചു....
കുറച്ചു മുന്നേ...
ഒരു രൂപയ്ക്ക് വേണ്ടി യാചകനാകേണ്ടി വന്നത് ഞാൻ മറന്നു...
ആയിരം രൂപയുടെ ഉടമയായി കാറിൽ കയറി ഗമയിൽ...
ഒരു അടിച്ചുപൊളി പാട്ടിട്ട് യാത്ര തുടർന്നു.......
ജെ....
'ആയിരത്തിന്റെ നോട്ട് '
നാട്ടിലെ പ്രമാണിയായ സുരേന്ദ്രൻ ചേട്ടനുമായി പുള്ളിയുടെ മകന്റെ കല്ല്യാണം വിളിക്കാനായി രാവിലെ പുറപ്പെട്ടതാണ് ഞാൻ
"ഇന്ന് നല്ല തണുപ്പാണല്ലോ മാമാ " ഞാൻ ചോദിച്ചു "
വൃശ്ചികമാസമല്ലേ ഇനി തണുപ്പ് കൂടത്തെ ഉള്ളു"
പുറകിലിരുന്ന് പുളളി പറഞ്ഞു...
"നീ എന്നാണ് മലയ്ക്ക് പോകുന്നത് "പുള്ളി ചോദിച്ചു.
"ഞാൻ അടുത്ത ആഴ്ച പോകുന്നുണ്ട് മാമാ " ഞാൻ പറഞ്ഞു
"വ്രതമല്ലേ..... "
"അതെ...ദാ...മാലയും ഇട്ടു "
ഞാൻ മാല എടുത്തു കാണിച്ചു.
വൃശ്ചിക പുലർവേള...എന്നുള്ള പാട്ടും ബോണക്കാട് റൂട്ടിലെ റോഡിലൂടെയുള്ള യാത്രയും ഇരുവശവും കാടും റബ്ബർ മരങ്ങളും വളഞ്ഞു പുളഞ്ഞ റോഡും കിളികളുടേയും മറ്റും ശബ്ദവുമൊക്കെ എന്നെ ശബരിമല യാത്രയെ പോലെ തോന്നിച്ചു...
ഒരു കെ എസ് ആർ ടി സി ബസ് നമുക്കെതിരെ വന്നു വീതി കുറഞ്ഞ ആ റോഡിൽ ഞാൻ സൈഡിൽ ഒതുക്കി നിർത്തി..
ബസ് കടന്ന് പോയിട്ട് യാത്ര തുടർന്നു
" ഇതുവഴി ബസൊക്കെ ഉണ്ടോ " ഞാൻ ചോദിച്ചു "പിന്നെ ഒരുപാട് ബസുണ്ട് വിതുരയിൽ ബസ്സ് സ്റ്റാന്റും ഉണ്ടല്ലോ ഇപ്പൊൾ " പുള്ളിയുടെ മറുപടി
''അല്ല മാമാ ഈ പട്ടിക്കാട്ടിൽ ആരെ വിളിക്കാനാണ് പോകുന്നത്...."
ഹ...ഹ....ഹ...സുരേന്ദ്രൻ ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു
"ടാ മോനെ എന്റെ ഒരു പഴയ ചങ്ങാതിയെ വിളിക്കാനാടാ പണ്ട് ഒരുപാട് കാലം ഞാനിവിടെ അവന്റെ വീട്ടിൽ കിടന്ന് കളിച്ച് വളർന്നതാണ് പട്ടിക്കാടാണേലും ഇവിടുള്ളവർ ഒക്കെ കളങ്ക മറിയാത്തവരാണ് മോനെ നമ്മുടെ അവിടത്തെ പോലെ അല്ല...."
"ഉം....ശരി...ശരി റോഡിലെങ്ങും ഒരാളെയോ ഒരു വീടോ കണ്ടിട്ട് കിലോമീറ്ററുകൾ ആയി... "
ഞാൻ പറഞ്ഞു
"ങാ..... നീ ദോ....അക്കാണുന്ന പെട്ടിക്കടയുടെ അടുത്ത് നിർത്ത്"
 ഞാനവിടെയെത്തി ഒരു സൈഡിൽ നിർത്തി....
പുളളി അവിടെയിറങ്ങി കടയുടെ പുറകിലെ റബർ തോട്ടത്തിന് നടുവിലൂടെയുള്ള വഴിയുടെ ഉളളിലേക്ക് നടന്നു പോയി...
പോകാൻ നേരം എന്നോടു ചോദിച്ചായിരുന്നു വരുന്നോ എന്ന്....
''അതിരാവിലെ അമ്പലത്തിലൊക്കെ പോയിട്ടിറങ്ങിയതാണ് കുറച്ച് ഉറങ്ങണം മാമൻ പോയിട്ട് വാ..."
എന്നു പറഞ്ഞു ഞാൻ സീറ്റ് പുറകിലേക്ക് മലർത്തിയിട്ട് പാട്ടും കേട്ട് ഉറക്കമായി.....
നല്ല ചൂടെടുത്തപ്പോഴാണ് ഞാനുണർന്നത് കാറിട്ടിരുന്ന സ്ഥലം വെയിലായി കഴിഞ്ഞു
ഞാൻ സമയം നോക്കി ഉച്ചയായല്ലോ മാമനിതുവരെ വന്നില്ലേ....
വയറ്റിൽ നിന്നും വിശപ്പിന്റെ വിളി അതികഠിനമായി കൊണ്ടിരിക്കുന്നു
പുറത്തുള്ള പെട്ടിക്കട തുറന്നിട്ടുണ്ട്....
ഒരു ചെറിയ കട അതിനകത്ത് നല്ല പ്രായം ചെന്ന ഒരു അപ്പൂപ്പൻ ഇരുന്ന് ബീഡി ഉണ്ടാക്കുന്നുണ്ട് അടുത്തെങ്ങും വീടൊന്നും കാണാനുമില്ല പിന്നെ ഇയാൾ ആർക്കു വേണ്ടിയാണ്.....
ചിലപ്പോൾ ഈ റബ്ബർ കാടിനപ്പുറത്ത് വീടൊക്കെ കാണുമായിരിക്കും ഞാൻ ചിന്തിച്ചു....
ഒരു നാടൻ പഴക്കുലയും രണ്ടോ... മൂന്നോ.....മുട്ടായി കുപ്പിയും ഒരു മൺകലവും അതിന്റെ അടപ്പിനു മുകളിൽ ഒരു സ്റ്റീൽ ഗ്ലാസും കമിഴ്ത്തിവച്ചിട്ടുണ്ട്
അതിനടുത്തായി ഒരു കുപ്പിയിൽ തൈരും പിന്നൊരു തത്തക്കൂടു പോലുള്ളതിൽ കുറച്ച് വാടിയ നാരങ്ങയും...കാണാം....
വിശപ്പ് കഠിനമായി.....
അവിടെന്ന് നാരങ്ങ വെള്ളവും കുടിച്ച് രണ്ടു പഴവും കഴിച്ചേക്കാം
വിശപ്പൊന്ന് ശമിക്കട്ടെ പിന്നെ തിരികെ പോകുമ്പോൾ വഴിയിൽ നിന്ന് എന്തെങ്കിലും കഴിക്കാം
എന്ന് വിചാരിച്ചു കൊണ്ട് ഞാൻ കാറിൽ നിന്ന് പുറത്തിറങ്ങി കുപ്പിയിലെ വെള്ളത്തിൽ മുഖവും വായുമൊക്കെ കഴുകി തോർത്തെടുത്ത് മുഖമൊക്കെ തുടച്ചു പഴ്സ് എടുത്തു തുറന്നു....
രണ്ടു മൂന്ന് ആയിരത്തിന്റെ നോട്ടുകൾ...
ഞാൻ വീണ്ടും വീണ്ടും അതിനിടയിൽ തിരഞ്ഞു ഒരു അഞ്ചിനോ... പത്തിനോ.... വേണ്ടി....
എവിടെ ഉണ്ടെങ്കിലല്ലേ കിട്ടുകയുള്ളു...
പുല്ല്....ഞാൻ പഴ്സ് വണ്ടിക്കകത്ത് ഇട്ടിട്ട് വീണ്ടും അതിനകത്ത് കയറിയിരുന്നു....
ഈ സുരേന്ദ്രൻ ചേട്ടനിതെവിടെ പോയി കിടക്കുന്നു
വ്രതമായതിനാൽ പുള്ളിയുടെ പുറകെ ചെന്ന് ആ വീട്ടിൽ നിന്നും ഒന്നും വാങ്ങി കഴിക്കാനും വയ്യല്ലോ...
വിശന്ന് കൂമ്പു കത്തുവാണല്ലോ...
കുപ്പിയിലെ വെള്ളമെടുത്ത് നോക്കി ഒരു തുള്ളി പോലും ഇല്ല
ഇനി ചിലപ്പോൾ ഈ കടയിൽ ആയിരത്തിന് ചില്ലറ ഉണ്ടാകുമോ ഞാൻ ആലോചിച്ചു..
ഏയ്... എങ്ങനെ കാണാനാ... ആകെ മൊത്തം ഒരു നൂറു രൂപയുടെ സാധനമേ.... ആ...കടയിൽ കാണുകയുള്ളു
എന്താ ചെയ്യുക തൊണ്ട വരളുന്നു കുറച്ചു വെള്ളമെങ്കിലും കിട്ടിയിരുന്നെകിൽ....
പഴ്സ് നിറയെ കാശ് ഒരു തുള്ളി വെള്ളം കുടിക്കാൻ അതു കൊണ്ടുപയോഗപ്പെടുന്നില്ല
ഈ അപ്പൂപ്പനോട് കുറച്ച് വെള്ളം ചോദിച്ചാലോ... പാവം ദൂരെ എവിടെ നിന്നോ ചുമന്ന് കൊണ്ടുവരുന്നതായിരിക്കാം...
എന്റെ ഈ പരവേശമൊക്കെ കണ്ടിട്ടാകാം എന്റെ ആ വാഴക്കുലയിലേക്കുള്ള നോട്ടം കണ്ടപ്പോൾ അപ്പൂപ്പൻ എന്നെ കയ്യാട്ടി അങ്ങോട്ട് വിളിച്ചു
'' എവിടെ വന്നതാ മോനെ... "അപ്പൂപ്പൻ എന്നോട് ചോദിച്ചു
"ഞാൻ കൊണ്ടുവന്നയാൾ ഇതിനു പുറകിലെ വീട്ടിലേക്ക് പോയി "ഞാൻ റബ്ബർ തോട്ടത്തിലേക്ക് കൈ നീട്ടി പറഞ്ഞു....
"മോന് വിശക്കുന്നുണ്ടല്ലേ......"
" ഉം.....ഞാൻ പതുക്കെ മൂളി
"പിന്നെന്താ മോനെന്തെങ്കിലും വാങ്ങി കഴിക്കാത്തെ".....
"ഞാൻ വ്രതമാണ് ശബരിമലയിൽ പോകാൻ മാല ഇട്ടിരിക്കുന്നു പുറത്തു നിന്നൊന്നും കഴിക്കില്ല"... പൈസയുടെ കാര്യം ഞാൻ പറഞ്ഞില്ല...
ആ അപ്പൂപ്പനൊന്നു ചിരിച്ചു
''അതിന് സാരമില്ല ഇവിടെ ഒരു അശുദ്ധിയുമില്ല മോന് എന്തു വേണമെങ്കിലും കഴിക്കാം....
"
"ഒരു ഗ്ലാസ് വെള്ളം തരുമോ...... "
ഞാൻ ദയനീയമായി ചോദിച്ചു
അദ്ദേഹം പിന്നെയും ചിരിച്ചു കൊണ്ട് പറഞ്ഞു
"അതിനെന്താ മോനെ... നീ ആവശ്യമുള്ള വെള്ളമെടുത്ത് കുടിച്ചോളു.... "
ഞാൻ വെള്ളമെടുത്തു കുടിക്കുമ്പോഴേക്കും അദ്ദേഹം കുറച്ച് പഴവും ഇറുത്ത് തന്നിട്ട് പറഞ്ഞു "എന്റെ പറമ്പിലെയാണ് കഴിച്ചോളു.... "
അത്രയും മധുരം തോന്നിയ പഴവും വെള്ളവും അന്നുവരെ എന്റെ നാവറിഞ്ഞിട്ടില്ലായിരുന്നു..... സുരേന്ദ്രൻ ചേട്ടൻ പറഞ്ഞ 'കളങ്കമറിയാത്ത...' എന്ന വാക്കിന്റെ അർത്ഥം ഞാൻ മനസ്സിലാക്കുവായിരുന്നു....
"മോന് ആവശ്യമുള്ളത് എടുത്ത് കഴിച്ചോളണേ പൈസയൊന്നും വേണ്ട....
ദാഹിക്കുന്നവന് ഒരു തുളളി വെള്ളവും വിശക്കുന്നവന് ഒരു നേരത്തെ ആഹാരവും കൊടുക്കാൻ കഴിയാത്ത പൈസ എന്തിനാ മോനെ ഒരുപാട്.... "
ഞാൻ വായും പൊളിച്ചു നിന്നു ഇദ്ദേഹം എങ്ങനെ അറിഞ്ഞു പൈസ ആയിരുന്നു എന്റെ പ്രശ്നം എന്ന് ഒരു പക്ഷേ ഞാൻ പഴ്സ് ഒക്കെ എടുത്ത് നോക്കുന്നത് കണ്ടിട്ടുണ്ടാകാം
"ശരി ഞാൻ കുറച്ച് വെള്ളമെടുത്ത് വരാം മോൻ ആവശ്യമുള്ളത് കഴിച്ചിട്ട് പൊയ്ക്കൊള്ളൂ..."
എന്നു പറഞ്ഞദ്ദേഹം ഒരു കുടവുമെടുത്ത് മറുകൈയ്യിൽ ഒരു വടിയും തറയിലൂന്നികൊണ്ട് റബ്ബർ തോട്ടത്തിനുള്ളിലേക്ക് പതിയെ.. പതിയെ... നടന്നു പോയി....
"ടാ....വണ്ടി എടുക്ക് സമയം ഒരു പാടായല്ലേ നിനക്ക് വിശപ്പായില്ലേ....പോകുന്ന വഴിക്ക് നിനക്ക് കഴിക്കാം ഞാൻ കഴിച്ചു നിനക്ക് വ്രതമായത് കൊണ്ടാണ് ഞാൻ നിന്നെ വിളിക്കാത്തെ...."
സുരേന്ദ്രൻ ചേട്ടൻ കാറിൽ കയറിയപ്പോൾ തീറ്റി മാത്രം അല്ല രണ്ടെണ്ണം അടിച്ചിട്ടുമുണ്ടെന്ന് എനിക്ക് മനസ്സിലായി...
"നീ പെട്ടെന്ന് വണ്ടി എടുക്ക് കത്തിച്ചു വിട്ടോ വൈകും മുന്നേ നമുക്ക് ഒന്നു രണ്ട് സ്ഥലത്തു കൂടെ കയറണം....."
ഞാൻ അപ്പൂപ്പൻ പോയ വഴിയിലേക്ക് നോക്കി തിരികെ വരുന്നതൊന്നും കാണാനുണ്ടായിരുന്നില്ല ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് യാത്ര തുടർന്നപ്പോഴേക്ക് എന്റെ പഴ്സിലെ ഭാരം കുറഞ്ഞിരുന്നു......
ആ ആയിരത്തിന്റെ നോട്ടുകൾ കൊച്ചു പെട്ടിക്കടയിലെ ബീഡി നിറഞ്ഞ മുറത്തിനടിയിൽ വിശ്രമിക്കുന്നുണ്ടായിരുന്നു....
ജെ......
ഒരു ഒറ്റ നാണയം കൈയ്യിലില്ലാത്തതിനാൽ ആയിരം സ്വന്തമാക്കാൻ കഴിയാതിരുന്നവനെക്കാൾ.... പണക്കാരനായിരുന്നു ഒറ്റ നാണയം കൈയിൽ ഉണ്ടായിരുന്ന സുഹൃത്ത്.....
ആയിരങ്ങൾ കൈയ്യിലുണ്ടായിട്ടും ഒരു തുള്ളി വെള്ളം നേടുവാൻ...
കഴിയാതിരുന്നവനെക്കാൾ....
സ്നേഹം കൊണ്ട് പണക്കാരനായിരുന്നു....
ദാഹജലം അറിഞ്ഞു നൽകിയ മറ്റൊരാൾ....
പൈസ കൊണ്ട് അഹങ്കാരം നമ്മളിൽ ഉണ്ടാകാതിരിക്കട്ടെ.....
ഒറ്റ നാണയത്തിന് വരെ ആയിരത്തിന്റെ വില ഉണ്ടാകുന്ന സന്ദർഭങ്ങളും....
ആയിരങ്ങൾ കൊണ്ട് ഒരു തുള്ളി വെള്ളം പോലും നേടുവാനാകാത്ത സന്ദർഭങ്ങളും ജീവിതത്തിൽ നമുക്കുണ്ടായേക്കാം....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo