അങ്ങിനെ ഞാനുമൊരു സംഭവമായി! ( കഥ )
കൈയിൽ കിട്ടിയ അണ്ടി, എങ്ങാണ്ടും കളഞ്ഞ പോയ അണ്ണാനെ പോലെ എന്റെ രണ്ടാമത്തെ മകന്റെ സീമന്ത പുത്രൻ ഷാജികുട്ടൻ സിറ്റ് ഔട്ടിൽ ഇരിക്കുന്നതു കണ്ടാണ് ഞാനങ്ങോട്ടു ചെന്നത്. ഞാനും അവനും തമ്മിൽ നല്ല അസ്സല് കൂട്ടുകാരാണ് . അവനെയിങ്ങനെ ഫ്രീയായി കാണാൻ കിട്ടാറില്ല. ഒന്നുകിൽ ചെവിയിൽ ഒരു കുന്ത്രാണ്ടം കാണും അല്ലെങ്കിൽ കൈയിൽ ..
“എന്നതാടാ ഒരേനക്കേട് ?” അവന്റെയിരുപ്പു കണ്ടു മനസലിഞ്ഞു ഞാൻ ചോദിച്ചു..
“ഓ ഒന്നൂല്ല”- എന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലേയെന്ന മട്ടിൽ ഒഴുക്കൻ മറുപടി
“എടാ കുട്ടാ.. എന്നതാണേലും വല്യപ്പച്ചനോട് പറയടെ .വഴിയുണ്ടാക്കാം.”-ഞാൻ അവനെ പ്രലോഭിപ്പിച്ചു..
“എടാ കുട്ടാ.. എന്നതാണേലും വല്യപ്പച്ചനോട് പറയടെ .വഴിയുണ്ടാക്കാം.”-ഞാൻ അവനെ പ്രലോഭിപ്പിച്ചു..
അവനതിൽ വീണു .
“അല്ല വല്യപ്പച്ചാ ..ഞാനീ ഫേസ് ബുക്കിൽ കഥയെഴുതുമെന്ന് അറിയാല്ലോ.. ഫാൻസും ഒരുപാടുണ്ട് “
ഫാൻ എന്ന് കേട്ടതും ഞാൻ മേലോട്ട് നോക്കി..
“ആ ഫാനല്ല.. ആരാധകർ..”- ഞാൻ തലകുലുക്കി..
“ഇപ്പോൾ കുറച്ചു ദിവസമായി തലയിൽ കഥയൊന്നും വരുന്നില്ല.ആരാധകർ കഥക്കായി മുറവിളി കൂട്ടുന്നു.. “-വലിയതായി കാര്യങ്ങൾ പിടികിട്ടിയില്ലെങ്കിലും ഒന്നു മനസിലായി.. സിറ്റ് ഔട്ടിൽ കഥ അന്വേഷിച്ചിരിക്കുകയാണ് പാവം കുട്ടൻ.. കഥ പടികടന്നു വരുമായിരിക്കും.ഞാനും ഗേറ്റിലോട്ടു നോക്കി..
ഒരു മധുര ശബ്ദം..”നിങ്ങളുടെ ആ കഥയൊക്കെ അങ്ങ് പറഞ്ഞു കൊട് മനുഷ്യ” ..നോക്കിയപ്പോൾ ഇരുപതടി അകലെ നെല്ല് ചിക്കി നിൽക്കുന്ന എന്റെ അറുപത്തെട്ടുകാരി ഏലി കുട്ടി പെംബ്രോന്നൊരു ..
പ്രായമിത്രയായിട്ടും ചില കാര്യങ്ങളിൽ അവൾക്കൊരു മാറ്റവുമില്ല..ഒന്ന് ശബ്ദം, രണ്ടു ഓര്മ ,പിന്നെ ഈ എന്റെ പിന്നാലെ ചുറ്റി തിരിയുന്ന സ്വഭാവം.
ഇനിയിവൾ പണ്ടെനിക്കുണ്ടായിരുന്ന കല്യാണിയുമായുള്ള ചുറ്റികളിയാവുമോ ഉദേശിച്ചത് ? അതാവില്ല .അതൊരിക്കലും ഒരു വല്യപ്പച്ചന് കൊച്ചു മോനോട് പറയാൻ പറ്റുന്നതല്ല എന്ന വകതിരിവ് എന്റെ ഏലിക്കുണ്ട്
“എന്നതാടി” എന്ന് ചോദിക്കുന്നതിനു മുന്നേ എന്റെയടുക്കലേക്കു വന്നു അവൾ പറഞ്ഞു ‘”ആ മുണ്ടിന്റെ കാര്യമങ്ങു പറഞ്ഞു കൊട് മനുഷ്യാ ..”
**
“ആ മുണ്ടൊന്നു മുറുക്കിയുടുത്തോ”- അയൽവാസിയായ കുമാരന്റെ മോന്റെ കല്യാണത്തിന് പുറപ്പെടാൻ കാലം പതിവില്ലാതെ ഏലി കരി നാക്കു വളച്ചൊരു വർത്തമാനം..
“ആ മുണ്ടൊന്നു മുറുക്കിയുടുത്തോ”- അയൽവാസിയായ കുമാരന്റെ മോന്റെ കല്യാണത്തിന് പുറപ്പെടാൻ കാലം പതിവില്ലാതെ ഏലി കരി നാക്കു വളച്ചൊരു വർത്തമാനം..
“ഞാനെന്നാടി ആദ്യമായാണോ മുണ്ടു ഉടുക്കുന്നത് ?”- തിരിഞ്ഞു നിൽക്കുന്ന അവളുടെ ചന്തിയിൽ ഒന്ന് ഞ്ഞ്യോണ്ടി കല്യാണത്തിനായി ഞാനിറങ്ങി
“കവർ എടുത്തോ”- ദേ പിന്നേം പിന്നിൽ നിന്ന് വിളി .ഇവളെ കൊണ്ട് തോറ്റു
.. “ഇവിടെയും രണ്ടു കല്യാണം വരുന്നതാ .വല്ലോം കിട്ടണോങ്കിൽ അങ്ങോട്ടും കൊടുക്കണം “അവളൊരു ലോക തത്വം വിളമ്പി
.. “ഇവിടെയും രണ്ടു കല്യാണം വരുന്നതാ .വല്ലോം കിട്ടണോങ്കിൽ അങ്ങോട്ടും കൊടുക്കണം “അവളൊരു ലോക തത്വം വിളമ്പി
“എടുത്തെടി”- തിരിഞ്ഞു നിന്ന് പോക്കറ്റിനുള്ളിലെ കവർ പൊക്കി കാണിച്ചു ഞാൻ കല്യാണ സദ്യ നടക്കുന്ന എൽ പി സ്കൂൾ ലക്ഷ്യമാക്കി നടന്നു.. നടക്കാവുന്ന ദൂരമേ ഉള്ളു.. ഉച്ചവെയിൽ മാത്രമൊരു പ്രശ്നം.
അവിടെയെത്തിയതും പൂരപ്പറമ്പിലെ ആൾ കൂട്ടം .ഒരു കല്യാണത്തിന് ഇതിനു മാത്രം ആളുകളെ വിളിച്ചു കൂട്ടേണ്ട ആവശ്യമുണ്ടോ? അതും പുല്ലും വൈക്കോലും തിന്നാൻ.. കടിച്ചു പറിക്കാനൊന്നുംകിട്ടുകയുമില്ല... കല്യാണം കൂടിയെന്ന ചീത്തപ്പേര് ബാക്കി.
ഞാൻ പരിസരമാകെ ഒന്ന് വീക്ഷിച്ചു .കെട്ടു കഴിഞ്ഞു ചെക്കനും പെണ്ണും അമ്പലത്തിൽ നിന്നുമെത്തിയിട്ടില്ല . ഹാളിന്റെ വാതിൽ തുറന്നാൽ തള്ളി കയറാൻ പാകത്തിൽ നിൽക്കുന്ന പുരുഷാരം. കർത്താവെ! ഇതിനിടയിൽ പെട്ട് ഏതു പന്തിയിലാവും എന്റെ ഇന്നത്തെ ഊണ്? ഒരു ഊണിനു മാത്രമായി കല്യാണം കൂടുന്ന ഞാൻ ആകെ വേവലാതി പൂണ്ടു .അല്പം പഞ്ചാരയുള്ളതു കൊണ്ട് നേരത്തും കാലത്തും വല്ലോം കഴിച്ചിലിലേൽ കൈയും കാലും കുഴയും.
വാതിൽക്കൽ നിന്നതു മാത്രമേ എനിക്കോര്മയുള്ളു .. എങ്ങിനെയൊക്കെയോ ഞാൻ ഒരു പന്തിയിലിരുപ്പായി.. തൊട്ടപ്പുറത്തെ കസേരയിൽ രണ്ടു പെൺ മണികൾ.എന്നെ നോക്കി ചിരിക്കുന്നുണ്ടോ ? പെൺകുട്ടികൾക്ക്ഈ പ്രായത്തിൽ ചിരിക്കാൻ വലിയ കാര്യമൊന്നും വേണ്ട.. ഞാൻ അവറ്റങ്ങളെ ശ്രദ്ധിക്കാതെ ഉണ്ണാൻ തുടങ്ങി.
അടുത്ത പന്തിക്കായി ആളുകൾ പിന്നിൽ വരിയായി നിൽക്കുന്നു. പാവങ്ങളുടെ നിൽപ്പ് കണ്ടാൽ പത്തു ദിവസമായി കഞ്ഞി വെള്ളം കുടിച്ചിട്ടെന്ന് തോന്നും. എല്ലാറ്റിന്റെയും മോന്ത കണ്ടാൽ തൊണ്ടയിൽ കുടുങ്ങിയ ചോറ് കീഴോട്ടിറങ്ങില്ല. വിളമ്പുകാർ ഇലയെടുക്കാൻ കാത്തു നിൽക്കുന്നു.
സദ്യയായതിനാൽ വലിയ രസമില്ലാതെ ഞാൻ രസമൊഴിച്ച ചോറിൽ കൈയിട്ടു വാരി.. വീട്ടിൽ ചെന്ന് മീൻ ചാറു കൂട്ടി ഇച്ചിരി ചോറ് ചോദിച്ചാൽ ഏലി തരുമോ ആവോ ?
വല്ല വിധേനയും കഴിച്ചെഴുന്നേറ്റപ്പോൾ ഞാൻ ഞെട്ടി !! അവളുടെ രാവുകളിലെ സീമയുടെ കോലത്തിലാണ് ഞാൻ ..അരക്കു കീഴോട്ട് പൂർണ നഗ്നൻ! ഊണ് കഴിക്കാൻ ഞാൻ തിക്കും തിരക്കും കൂട്ടിയപ്പോൾ അതിഷ്ടപ്പെടാതെ എന്റെ കസവു മുണ്ടു എന്നെ ഉപേക്ഷിച്ചിരിക്കുന്നു.
ഇനിയിവിടുന്നങ്ങോട്ടു കൈ കഴുകലടക്കമുള്ളഎന്റെ ഭാവി പരിപാടികൾ, തടസപ്പെട്ടിരിക്കുന്നു .എഴുന്നേറ്റപടി ഞാൻ പൊത്തോന്ന് കസേരയിലേക്ക് വീണു.. ചില ചോദ്യങ്ങൾ മനസിലുദിച്ചു.. -“ എന്റെ മുണ്ടു എവിടെ? എവിടെ വെച്ച് ഞാൻ അർദ്ധ നഗ്നനായി? ആരെല്ലാമാണ് കാഴ്ച്ചക്കാർ?”
“ഒരു പന്തി പോരെ കാർന്നോരെ”- എന്നുള്ള ബാലിശമായ തമാശകൾ ആസ്വദിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ..
പശയൊട്ടിച്ച പോലുള്ള എന്റെയിരുപ്പു കണ്ടു പന്തികേട് തോന്നിയ ഒരു വിളമ്പൻ വന്നു കാര്യമന്വേഷിച്ചപ്പോൾ ഒന്നും മിണ്ടാതെ ഞാൻ കീഴോട്ടൊന്നു നോക്കി.. “അയ്യോ ചേട്ടാ എവിടെ പോയി?..”
“എന്റെ പൊന്നു മോനെ ഒന്ന് പോയി നോക്ക് .തത്കാലം കുനിഞ്ഞു നിന്റെ കാല് പിടിക്കാൻ നിവൃത്തിയില്ല..”
ഭീകരമായ കാഴ്ച കണ്ടത് കൊണ്ടാവും അവനു എന്നെ ക്കാളും വെപ്രാളം.. പാവം ഓടി നടന്നു നോക്കിയപ്പോൾ ഏതോ ജനലിന്റെ ഗ്രില്ലിൽ ഉടക്കി പിടിച്ച നിലയിൽ എന്റെ വെള്ള കസവു മുണ്ടു..
കൈ തുടക്കാൻ ഇട്ടിരിക്കുകയാണെന്നു കരുതി ചില വിവരദോഷികൾ നന്നായി പെരുമാറിയിട്ടുണ്ട്. .. അതൊന്നും ഒരു പ്രശ്നമേയല്ല...പ്രശ്നം ..ഞാൻ വീണ്ടുമൊന്നു കുനിഞ്ഞു നോക്കി..
**
**
മുണ്ടു കഥ ഒന്നുരണ്ടുമൊക്കെ കൂട്ടി യും കുറച്ചും രസകരമായി ഷാജി കുട്ടൻ ഫേസ് ബു ക്കി ലങ് അവതരിപ്പിച്ചു .സംഗതി മോഹൻ ലാൽ ചിത്രം പോലെ കേറിയങ്ങു ഹിറ്റായി... കോളേജിൽ നിന്നു വന്ന കുട്ടന്റെ കൂട്ടുകാർക്കൊക്കെ എന്റെ കൂടെ നിന്ന് സെൽഫി എടുക്കണം.
ഉടുമുണ്ട് ഊരിപോയാലെന്താ ..ഞാനുമൊരു സംഭവമായി...** Sani John.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക