കറുപ്പാണല്ലോ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം!
സ്‌കൂളിൽ പഠിക്കുമ്പോൾ ഞങ്ങളൊക്കെ രാവിലെ കുളിക്കാൻ പോയിരുന്ന കുളത്തിൽ ഒരുമിച്ച് കുളിച്ച് ഉരച്ചു തേച്ചു കഴുകി പളുങ്കു പോലെ വൃത്തിയാക്കിയ കോൺട്രാസ്‌റ്റ് കാൽപാദം കാണിച്ച് കൊതിപ്പിച്ചിരുന്ന കറുകറുത്ത ഒരു സുന്ദരൻ സുഹൃത്തുണ്ടായിരുന്നു എനിക്ക്...
പക്ഷെ അതിലും രസകരമായ ഒരു കഥയിതാ...
തിരുവനന്തപുരത്തെ ഔദ്യോഗിക കാലഘട്ടത്തിൽ സഹപ്രവർത്തകനായിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു..നല്ല തമാശക്കാരനും സഹൃദയനും എന്നെപ്പോലെ നല്ല ഭക്ഷണപ്രിയനും സംഗീതപ്രിയനുമൊക്കെയായിരുന്നു അദ്ദേഹം.. ഇപ്പോ ഒരു ബഹുരാഷ്ട്രക്കമ്പനിയില്‍ നല്ല ഒരു ജോലി ചെയ്യുന്നു.
ഇതൊന്നുമല്ല സബ്ജക്ട്. കക്ഷി നല്ല ഗ്യാരണ്ടി കളറായിരുന്നു. തൊട്ടു കണ്ണെഴുതാം. അത്ര കറുപ്പു നിറം.
അദ്ദേഹത്തിന്‍റെ അച്ഛനമ്മമാരും ജ്യേഷ്ഠന്‍മാരുമൊന്നും കറുത്തതായിരുന്നില്ല. പക്ഷെ കറുത്തു പോയതില്‍ തെല്ലും നിരാശയില്ലാത്ത ഒരാളായിരുന്നു ചങ്ങാതി.കോളേജില്‍ പഠിക്കുന്ന കാലത്ത് ഇങ്ങേരുടെ കറുപ്പുനിറത്തിന്‍റെ പിന്നിലുള്ള രസതന്ത്രം കൂട്ടുകാര്‍ കണ്ടെത്തി.
ഇങ്ങേരുടെ ജ്യേഷ്ഠന്‍മാരാരും കറുത്തതായിരുന്നില്ല എന്നു പറഞ്ഞല്ലോ... ഗവ. സര്‍വീസില്‍ നല്ല ജോലിയിലിരുന്ന വെളുത്ത അച്ഛനമ്മമാരുടെ മൂന്നാമത്തെ കുഞ്ഞായി ഇങ്ങേർ പിറന്ന സമയം. കുഞ്ഞിനെയും കൊണ്ട് അച്ഛനമ്മമാര്‍ ഡോക്ടറെ കാണാന്‍ ചെന്നു.
ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്കു പോകുകയല്ലേ..അത്യാവശ്യ കാര്യങ്ങള്‍ ചോദിച്ചറിയുക എന്ന ചടങ്ങുണ്ടല്ലോ...ഡോക്ടറോട് ഇങ്ങനെ ചോദിച്ചു.
"അപ്പിയ്ക്ക് എന്തരൂട്ടാണ് കൊട്ക്കണ്ടത്? "
നല്ല തിരക്കുണ്ടായിരുന്ന ഡോക്ടര്‍ വാത്സല്യത്തോടെ കുഞ്ഞിനെ നോക്കി. അഭിമാന വിജൃംഭിതരായി നില്‍ക്കുന്ന അച്ഛനമ്മമാരെ നോക്കി. എന്നിട്ടു മറുപടിയായി ഇങ്ങനെ ചോദിച്ചു.
"മോന്‍ എത്രാമത്തെ കുഞ്ഞാണ്?"
"മൂന്നാമത്തെ." അച്ഛന്‍.
ഡോക്ടറുടെ വാത്സല്യം പമ്പ കടന്നു. മൂന്നാമത്തെ കുഞ്ഞായിട്ടും ഇതു വരെ കുഞ്ഞുങ്ങള്‍ക്ക് എന്താണ് കൊടുക്കണ്ടത് എന്നറിയാത്ത ആ അച്ഛനമ്മമാരോട് കടുത്ത ഈര്‍ഷ്യയോടെ ഡോക്ടര്‍ ഇങ്ങനെ പ്രതികരിച്ചു.
"വല്ല പാലോ കീലോ കലക്കിക്കൊടുക്ക്!"
ആദ്യത്തെ രണ്ടു കുഞ്ഞുങ്ങള്‍ക്കും പാലു കൊടുത്ത ആ അച്ഛനമ്മമാര്‍ ഒരു വെറൈറ്റി യായിക്കോട്ടെ എന്നു കരുതി മൂന്നാമത്തെ കുഞ്ഞിനു കീലു കൊടുത്താല്‍ മതി എന്നു തീരുമാനിച്ചു!
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
#panikkathy
#panikkathy

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക