Slider

സ്വർഗത്തിലെ പയ്യൻ

0

സ്വർഗത്തിലെ പയ്യൻ
*****************************
ഞാൻ നന്നായി ഓർക്കുന്നു ആദ്യം ഞാൻ സ്വർഗത്തിലായിരുന്നു. അവിടെ ഞാൻ അങ്ങോട്ടുമിങ്ങോട്ടും തേരാപാരാ നടക്കുമായിരുന്നു. ചിലപ്പോൾ വെളുത്ത മേഘത്തെ കൈകൊണ്ട് പിടച്ച് ഞെക്കിവിടുമായിരുന്നു. അല്ലെങ്കിൽ ഭൂമിയിലെ രവിചേട്ടൻ ബീഡി വലിച്ച് പുക ഉതിവിടുന്നപോലെ മേഘം ഞാൻ വലിച്ച് ഉതിവിടുമായിരുന്നു.
ഹി ഹി... ഇപ്പഴും ഞാൻ ഓർക്കുന്നു ഒരിക്കൽ കാലു കൊണ്ട് തട്ടിത്തെറിപ്പിച്ചപ്പോൾ ഒരു മാലാഖചേച്ചിയുടെ മുഖത്ത് മഞ്ഞു പതിക്കുന്നപോലെ മേഘം പോയി പതിച്ചു, ചേച്ചീടെ മുഖം ഒന്നു കാണണമായിരുന്നു.
അങ്ങനെയിരിക്കെ പെട്ടന്നായിരുന്നു ദൈവം എന്നോട് പറഞ്ഞത് ഭൂമിയിലോട്ടു ചാടാൻ. ശരിക്കും ആരോടും യാത്രപോലും പറയാൻ സമയം താരാതെ എന്നെ ദൈവം ഇങ്ങോട്ടു വിട്ടു. ആദ്യമൊക്കെ അഡ്ജസ്റ്റു ചെയ്യാൻ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കുറെ നാള് വെള്ളത്തിൽ കിടന്ന് കളിച്ചു, പിന്നെ ഞാൻ ശരിക്കിനെയുള്ള ഭൂമിയൽ ജനിച്ചു. പാട്ടു പാടാൻ ശ്രിമിച്ചിട്ട് കരയുന്ന പോലെയാണ് വന്നത്.
ഞാൻ കുറെ വളർന്നു, ഭൂമിയിലെ സിസ്റ്റമൊക്കെ എനിക്കു മനസ്സിലായി. പത്തുമാസം ഞാൻ അമ്മയുടെ വയ്റ്റിലായിരുന്നു, ഞാനും അമ്മയും അച്ഛനും ഒരുമിച്ചാണ് താമസ്സിച്ചത്. ഉറങ്ങുന്നതും അവരുടെ കൂടെയാണ്- ഒരു ദിവസം അവരെന്നെ ഒറ്റക്കു കിടത്തി, ഞാൻ കരയാതെ മാനത്തേക്കു നോക്കി കിടന്നു. കരയാത്തകൊണ്ട് പിന്നീടങ്ങോട്ട് ഒറ്റക്കായി കിടത്തം.
ഞങ്ങൾ പലപ്പോഴും റോഡരികിൽ കുടാരം കെട്ടിയായിരുന്നു താമസ്സിക്കാറ്. എനിക്കു പലപ്പോഴും മേൽകൂര ലഭിക്കാറില്ലായിരുന്നു. ഞാൻ കണ്ണു ചിമ്മിക്കാതെ ആകാശത്തിലേക്കു നോക്കികിടക്കുമായിരുന്നു, മേഘങ്ങൾ കാണുന്പോൾ മാലാഖചേച്ചിയുമായുള്ള തമാശ ഒാർമ്മ വരും, പക്ഷേ ചിരിക്കാൻ തോന്നില്ല പകരം കണ്ണിലോരിറ്റ് നനവുണ്ടായി.
രാവിലെ അമ്മയും അച്ഛനും എഴുനേറ്റ് റോഡിൻ്റെ അരികു കുഴിക്കാൻ പോകുമായിരുന്നു, ചിലപ്പോൾ ടാറ് ഉരുക്കി റോഡിലെ കുഴിയുള്ളിടത്ത് ഒഴിച്ച് കുഴി അടക്കുന്ന കാണാം. ഞാൻ എന്തൊക്കെയോ ഓർത്ത് ഓർത്ത് ഉറങ്ങിപ്പോയി...
വെളുപ്പിനെ പെയ്ത മഴയിൽ ഞാൻ നനഞ്ഞ് കുതിർന്നു. ചാടി എണീറ്റ് കൂടാരത്തിനകത്തുകയറി. അച്ഛനെന്നെ ടയറുകൊണ്ട് അടിച്ച് താഴെയിട്ടു,
'എറങ്ങി വെളീപ്പോടാ നാറീ" എന്നാക്രോശിച്ചു... ഞാൻ ഓടി അപ്പുറത്തുള്ള കടത്തിണ്ണയിൽ പോയി. അവിടെ വേറെ കുറെ പണിക്കാര് പുതച്ചു മൂടി കിടപ്പുണ്ടായിരുന്നു. ഞാൻ ചെന്ന് വെള്ളം തെറിച്ച്ട്ട് രവിചേട്ടൻ ഉണർന്നു. മാറിപ്പോയി കിടക്കെടാ തെണ്ടീ ചെറുക്കാ.. ഉറക്കത്തിൽ വിഘ്നമുണ്ടായ ദേഷ്യത്തിൽ അയാളും ആക്രോശിച്ചു. ഞാൻ മൂലക്ക് മാറി കുത്തിയിരുന്നു.
മഴ തോർന്നു, നല്ല വെയിലുദിച്ചു. എല്ലാരും എഴുനേറ്റു എനിക്ക് നല്ല പനിയും വിറയിലും പിടച്ചു.
രവിച്ചേട്ടൻ ബീഡി വലിച്ചുകൊണ്ട് എൻ്റെ അടുത്തേക്കുവന്നു. ബീഡിയുടെ പുകയടിച്ച് എനിക്ക് ചുമ തുടങ്ങി. ബീഡി വലിച്ചെറിഞ്ഞ് അയാളെൻ്റെ നെറ്റിയിൽ തൊട്ടുനോക്കി,
"വല്ലാതെ പൊള്ളുന്നല്ലോ"
അങ്ങേരെന്തോ ഒരു നിമിഷം ആലോചിച്ചു, വെളുപ്പിനെ നനഞ്ഞു കുതിർന്നുവന്ന എന്നെ തള്ളിമാറ്റിയതിൻ്റെ കുറ്റബോധമാകും. പെട്ടന്നാണ് എൻ്റെ തുടയിലെ മുറിവ് കണ്ടത്,
"ഇതാരാ നിന്നെ ഇങ്ങനെ അടിച്ച് മുറിവേൽപിച്ചത്"
"അച്ഛൻ," ഞാൻ വിറയിലുകാരണം ബദ്ധപ്പെട്ടു പറഞ്ഞൊപ്പിച്ചു.
രവിചേട്ടനെന്നെ കൈകളിൽ കോരിയെടുത്തു, എൻ്റെ ടെൻ്റിലേക്കു നടന്നു, വെളിയിലിട്ടിരുന്ന കട്ടിലൽ അച്ഛൻ വിശ്രമിക്കുന്നു, ഇന്ന് മഴ പെയ്തകൊണ്ട് പണിയില്ല.
രവിചേട്ടനെ കണ്ട് അച്ഛൻ എഴുനേറ്റു നിന്നു, എന്നെ കട്ടിലിൽ കിടത്തിയിട്ട് അച്ഛൻ്റെ കരണത്ത് രണ്ടടി.
"നിനക്കു നാണമില്ലേടാ ചെറുക്കനെ തല്ലി മുറിവേപ്പിക്കാൻ.."
അച്ഛൻ ഒന്നും മിണ്ടാതെ അടിയും കൊണ്ട് നിന്നതേയുള്ളു, രവിചേട്ടനെ അച്ഛനു പേടിയായിരുന്നു.
അമ്മ എൻ്റെ നെറ്റിക്ക് നനച്ച തുണിയിട്ടു, എനിക്ക് വലിയ ശ്വാസം മുട്ടലു തോന്നി, ശരീരം കൂടുതൽ തളരുന്നപോലെ തോന്നി, എൻ്റെ കണ്ണുകൾ ഞാൻ ബദ്ധപ്പെട്ടു വിടർത്തി, മഴതോർന്ന ആകാശത്തിലെ മേഘങ്ങൾ വെൺമ ധരിച്ച് സഞ്ചരിക്കുന്നു. എനിക്ക് അവിടേക്ക് പറന്നുപോകാൻ കൊതിയായി. ഞാൻ ആകാശത്തിലേക്ക് നോക്കി അങ്ങനെ കിടന്നു.
എൻ്റെ കണ്ണുകൾ ഉറക്കത്തിലേക്ക് വഴുതിപ്പോകുന്നപോലെ എനിക്കു തോന്നി, ഇടക്ക് എൻ്റെ കട്ടില് ആരോ പിടിച്ചു കുലുക്കുന്നപോലെ തോന്നുന്നു. വലിയ ആൾക്കൂട്ടം എനിക്കു ചുറ്റും വിഹിരിക്കുന്നപോലെ തോന്നി. ഞാൻ സഞ്ചരിക്കുകയാണോ അതോ കുടാരത്തിൻ്റെ വെളിയിലെ അച്ഛൻ്റെ കട്ടിലിൽ കിടക്കുകയാണോ. ഇടക്കു കണ്ണുവെട്ടിയപ്പോൾ നീല കുപ്പായം ധരിച്ച ആരെയോ കണ്ടു. വല്ലാത്ത മരുന്നുകളുടെ മണം, എനിക്കു വല്ലാത്ത നിസ്സംഗത അനുഭവപ്പെട്ടു, ഞാൻ എൻ്റെ കണ്ണുകൾ മുകളിലേക്ക് ഒളിപ്പിച്ചു. പെട്ടന്ന് വല്ലാത്ത നിലവിളി ഉയർന്നു. എൻ്റെ അമ്മയുടെ കരിച്ചിൽ വ്യക്തമായി കേട്ടു, "മോനെ എഴുനേൽക്കടാ.. എഴുനേൽക്കെടാ..." എനിക്കു വലിയ ദുഖമുണ്ടാക്കി, ഞാനെൻ്റെ കണ്ണുകൾ താഴേക്ക് താഴ്ത്തി അമ്മയെ കാണാൻ ശ്രമിച്ചു പക്ഷേ എനിക്ക് കഴിഞ്ഞില്ല.
അവിടെ നിന്നും ഞാൻ ആകാശങ്ങളിലേക്ക് സഞ്ചരിച്ചു, പരിചയമുള്ള പഴയ ഇടത്തെത്തി- മാലാഖമാർ തങ്ങളുടെ ജോലികളിൽ വ്യാപൃതരായ് അവിടെ തന്നെയുണ്ടായിരുന്നു.
എന്നെകണ്ടപ്പോൾ എല്ലാവരും എഴുനേറ്റു നിന്നു നോക്കി, ഓടിവന്ന് എൻ്റെ ചുറ്റിലും കൂടി.
"നീയെവിടാരുന്നു," ആരുടെയോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ മുഖത്ത് മേഘം തട്ടിത്തെറിപ്പിച്ച ചേച്ചിയായിരുന്നു. അവരാരോ എന്നെ മാറോട് ചേർത്ത് നിർത്തി സ്നേഹിക്കുകയായിരുന്നു...

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo