കസൗളി ഹിൽസ്...
🏞 ഒരു കുളിരോർമ്മ..
_______________________________________
രണ്ടു ദിവസം അടുപ്പിച്ചു ഓഫ് കിട്ടിയാൽ എന്റെ കെട്ടിയോൻ പറഞ്ഞുതുടങ്ങും.. എങ്ങോട്ടെങ്കിലും കറങ്ങാൻ പോയാലോ... ? കല്യാണം കഴിഞ്ഞ പുതുമോടി... വീട്ടുകാരുടെയും നാട്ടുകാരുടെയും ശല്യമില്ലാതെ ചണ്ഡീഗഡിൽ താമസം... ഒരേ ഹോസ്പിറ്റലിൽ ജോലി... ഒരുമിച്ചു പ്ലാൻ ചെയ്യുന്ന അവധിദിനങ്ങൾ... തോന്നുമ്പോൾ തോന്നുന്നപോലെ ചെയ്യാൻ സർവത്ര സ്വാതന്ത്ര്യം... അങ്ങനെ അന്ന് ഞങ്ങൾ കസൗളിക്കു പോവാൻ തീരുമാനിച്ചു...
ചണ്ഡീഗഡ് എന്ന മനോഹര നഗരത്തിന്റെ ഏറ്റവും ആകർഷകമായ പ്രത്യേകത ഇവിടം മൂന്ന് സംസ്ഥാനങ്ങളുടെ സംഗമസ്ഥാനമാണെന്നതാണ്... ഡൽഹിയുൾപ്പെടുന്ന ഹരിയാന.. ദേവഭൂമി ഹിമാചൽ പ്രദേശ്... പിന്നെ പഞ്ചനദികളുടെ നാട് പഞ്ചാബ്...ഇതിലെവിടേക്കു വേണമെങ്കിലും വളരെപ്പെട്ടെന്നു ചണ്ഡീഗഡിൽ നിന്ന് പോവാം..
ഹൈറേഞ്ച് യാത്ര ബൈക്കിൽ നടത്തുന്നതൊരു പ്രത്യേക ഫീലാണ്... കെട്ടിയോനെയും കെട്ടിപ്പിടിച്ചു ബൈക്കിന്റെ പിന്നിലിരുന്ന് യാത്രയാരംഭിച്ചു... ചണ്ഡീഗഡ് കടന്നു ഷിംല - ഡൽഹി ഹൈവേയിലൂടെ കുറച്ചുദൂരം പോയി ഒരു ഡീവിയേഷൻ എടുത്താൽ പിന്നെ മലമ്പാത ആരംഭിക്കുകയായി.. ഞങ്ങൾ രാവിലെയാണ് പുറപ്പെട്ടതെന്നതിനാൽ യാത്ര സുഖകരമായിരുന്നു... ഇളം വെയിലും കുളിർകാറ്റുമേറ്റ് വളഞ്ഞു പുളഞ്ഞു മുകളിലേക്ക് പോകുന്ന ഹൈറേഞ്ച് റോഡിലൂടെ അങ്ങ് മുകളിലായി ദൂരെ നിറം മങ്ങി കാണപ്പെടുന്ന കസൗളികുന്നുകളെ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങുകയാണ്.. റോഡിനൊരുവശം പാറക്കെട്ടുകളാണ്... മറുവശം അഗാധമായ കൊക്കയും... പാറക്കെട്ടുകളിൽ പറ്റിപ്പിടിച്ചു വളരുന്ന പായലുകളും ഇടയ്ക്കിടെ കാണപ്പെടുന്ന ചെറിയ ചെറിയ നീർച്ചോലകളും ആ മലമ്പാതക്ക് ഒരു വശ്യ സൗന്ദര്യം സമ്മാനിക്കുന്നുണ്ട്... താഴ്ചകളിൽനിന്നും മുകളിലേക്ക് വളർന്നു നിൽക്കുന്ന കുറ്റിച്ചെടികളും വന്മരങ്ങളും.. ചെങ്കുത്തായ പാതകളിൽ ശ്രദ്ധ പാളി മറിയുന്ന വാഹനങ്ങളെ താഴേക്ക് പതിക്കാതെ തടഞ്ഞു നിർത്താൻ പോന്ന കരുത്തുള്ള മരങ്ങളോട് ഉള്ളിൽ തോന്നിയ കൃതജ്ഞത അവയെ ഒരു പുഞ്ചിരിയാലറിയിച്ചു ഞാൻ പ്രിയതമനോട് ഒന്നുകൂടി ചേർന്നിരുന്നു..
വഴിയിൽ ദൂരെയായി ഒരു അത്ഭുതകരമായ കാഴ്ച ഞങ്ങളുടെ മനംകവർന്നു... ഒരു കുന്നിനെ രണ്ടായി പകുത്തതിന്റെ മധ്യത്തിലൂടെയാണ് ഞങ്ങൾക്ക് കടന്നു പോകേണ്ടത്... കുന്നിന്റെ ഒരു പകുതി അപ്പുറത്തും മറ്റേ പകുതി ഇപ്പുറത്തുമായി നിൽക്കുന്ന കണ്ടാൽ മുഖാമുഖം നോക്കി മൗനസല്ലാപം നടത്തുന്ന കമിതാക്കളാണെന്നേ തോന്നൂ... അടുത്തെത്തിയപ്പോൾ കണ്ടു... കുന്നിനു ഒരാവരണം പോലെ ഇരുവശത്തും ഇരുമ്പുവല പൊതിഞ്ഞിട്ടുണ്ട്... മണ്ണിടിച്ചിൽ തടയാനുള്ള സൂത്രം.. ! അത് ആവശ്യവുമാണ് .. തന്റെ ഹൃദയം പകുത്തു റോഡുവെട്ടിയവരോട് കുന്നിന്റെ ആത്മാവിന് എപ്പോഴാണ് പ്രതികാരമുണരുക എന്ന് പ്രവചിക്കാനാവില്ലലോ... !!അങ്ങനെ രണ്ടാക്കി വിഭജിക്കപ്പെട്ട പാവം കുന്നിനെ കണ്ണുമറയുവോളം നോക്കി ഞാൻ ആലോചനയിലാണ്ടു... മുകളിലേക്ക് കയറുംതോറും റോഡിനു വീതി കുറഞ്ഞു വരികയും കുണ്ടുകുഴികൾ നിറയുകയും ചെയ്യുന്നുണ്ട്.... വെയിൽ മങ്ങി മങ്ങി നില്ക്കുന്നു... പോകെപ്പോകെ ചുറ്റിലുമുള്ള പച്ചപ്പ് കൂടുതൽ ഹൃദയഹാരിയായി മാറുകയാണ്... കാറ്റിന് തണുപ്പേറി വരുന്നു.. ഇടയ്ക്കിടെ മരങ്ങളിലും റോഡിലുമൊക്കെ കുരങ്ങന്മാരെ ഒറ്റക്കും കൂട്ടമായും കാണാനുണ്ട്... റോഡിൽ കുത്തനെയുള്ള കയറ്റങ്ങളും മാരകമായ വളവുതിരിവുകളും കൂടിക്കൂടി വരുന്നു... ഒപ്പം ആകാശം മൂടിക്കെട്ടുന്നു... എനിക്കാകെ ഒരു പേടി..വഴിയിൽ നിർത്താമെന്നു വെച്ചാൽ കുരങ്ങൻമാരെ പേടിക്കണം.. ! ഒരു മഴയ്ക്കുള്ള ലക്ഷണങ്ങൾ... വൈകിയില്ല.. മഴയെത്തിപ്പോയി... തുള്ളിക്കൊരുകുടം കണക്കെ പെയ്തിറങ്ങിയ മഴ ഞങ്ങൾ രണ്ടു പേരെയും ദയയില്ലാതെ നനച്ചു കളഞ്ഞു... എന്തായാലും നനഞ്ഞു... നേരം കളയാതെ യാത്ര തുടരാം എന്നു കരുതി മുൻപോട്ട് പോയ ഞങ്ങളുടെ വഴി മുടക്കികൊണ്ട് മഴ വീണ്ടും ശക്തമായി... അങ്ങനെ വളരെ തിരഞ്ഞു ഒരു കടത്തിണ്ണയിൽ അഭയം തേടി... മഴ പെയ്തൊഴിയുന്നതിന് മുൻപേ തെളിഞ്ഞ വെയിലിൽ ഞങ്ങൾ യാത്ര പുനരാരംഭിച്ചു...
ഇനി മുക്കാൽ മണിക്കൂറോളം യാത്ര ചെയ്യണം കസൗളിയിലെത്താൻ... ഉയരം കൂടുതൽ ചെല്ലുന്തോറും കോടമഞ്ഞ് കാണാൻ തുടങ്ങി... വെയിലിനു തെളിച്ചമേറുമ്പോ കോട അല്പം പിൻവാങ്ങും... വീണ്ടും സൂര്യനെ മറയ്ക്കുന്ന മേഘങ്ങളുടെ അകമ്പടിയിൽ കോടമഞ്ഞ് പൂർവാധികം ശക്തമായി തിരിച്ചുവരും... ആ കണ്ണുപൊത്തിക്കളിയിൽ സ്വയം മറന്നങ്ങനെ പോവുമ്പോൾ നമ്മൾ എത്തിച്ചേരുകയായി... സമുദ്ര നിരപ്പിൽനിന്നും ആറായിരത്തി മുന്നൂറടിയിലധികം ഉയരെയുള്ള കസൗളി എന്ന കൊച്ചു ഗ്രാമത്തിലേക്ക്... ( അതോ നഗരമോ ?!) ഇടയ്ക്കിടെ റോഡിൽ പട്ടാള വണ്ടികൾ കാണാം..ഇത്ര ഉയരത്തിലുള്ള കസൗളി വ്യോമസേനയുടെ തന്ത്ര പ്രധാനമായ ഒരു ക്യാമ്പാണ്... വ്യോമസേനാ ആസ്ഥാനവും മിലിട്ടറി ക്വാർട്ടേഴ്‌സുകളും ഒപ്പം ഒരു മിലിട്ടറി ആശുപത്രിയും ഇവിടെയുണ്ട്.. കസൗളിയിലെത്തുമ്പോ തന്നെ കരിങ്കൽഭിത്തികളുമായി തലയുയർത്തി നില്ക്കുന്ന ഒരു ദേവാലയം ആരുടേയും ശ്രദ്ധയാകർഷിക്കും... അതാണ് ക്രൈസ്റ്റ് ചർച്ച്... ആ ചെറിയ പട്ടണത്തിന്റെ ഹൃദയഭാഗത്തു പൈൻമരങ്ങൾ നിറഞ്ഞ മതിൽക്കെട്ടിനുള്ളിൽ നിൽക്കുന്ന ഒരു പള്ളി... ഉള്ളിൽ നിരനിരയായിട്ടിരിക്കുന്ന തടി ബെഞ്ചുകൾ...വർണ്ണച്ചില്ലുകളാൽ അലംകൃതമായ അൾത്താര... പ്രാർത്ഥിക്കാനെത്തുന്നവരുടെ മനസ്സുപോലെ ഉരുകുന്ന മെഴുകുതിരികൾ... പള്ളിയിൽ നിന്നിറങ്ങിയപ്പോൾ വിശപ്പിന്റെ വിളി വന്നതിനാൽ ഞങ്ങൾ ചുറ്റും ഒരു ഹോട്ടൽ തിരഞ്ഞു.. അപ്പോഴാണ് തട്ടുകട പോലെ ഒരു ചെറിയ സെറ്റപ്പ് കണ്ണിൽപ്പെട്ടത്... അവിടെ ആകെ മൂന്നു ഐറ്റംസ് മാത്രേ ഉള്ളൂ... ഓംലെറ്റ്, മാഗ്ഗി പിന്നെ ചായയും... മൂന്നും രണ്ടു പ്ലേറ്റ് പോരട്ടെ എന്നു പറഞ്ഞു കയറിയിരിക്കുമ്പോഴേക്കും ആർത്തലച്ചു മഴയെത്തി... മഴയുടെ കുളിരും സംഗീതവുമാസ്വദിച്ചു കൊണ്ട് കഴിച്ചപ്പോ സ്‌പൈസി ഓംലെറ്റും മസാലചായയും പിന്നെ മാഗിയും പോയ വഴി അറിഞ്ഞില്ല... ' റിപ്പീറ്റ് സെയിം'ഓർഡർ ചെയ്തു ഞങ്ങൾ വീണ്ടും കഴിക്കുമ്പോഴേക്കും മഴ പിൻവാങ്ങാൻ തുടങ്ങുകയായിരുന്നു... പുറത്തിറങ്ങിയ ഞങ്ങൾ മാർക്കറ്റിലൊന്നു ചുറ്റി.. ടൂറിസ്റ് ഡെസ്റ്റിനേഷൻ ആയതുകൊണ്ടാവണം എല്ലാറ്റിനും പൊള്ളുന്ന വില.. ! ഒന്നും വാങ്ങാൻ തോന്നിയില്ല.. അങ്ങനെ ഞങ്ങൾ കസൗളിയുടെ ദൃശ്യഭംഗി കണ്ടാസ്വദിക്കാനിറങ്ങി.. പട്ടാളം ക്യാമ്പ് ചെയ്തിരിക്കുന്നതിനാൽ ഒരു പ്രത്യേക പോയിന്റിനപ്പുറം വാഹനങ്ങൾ കൊണ്ടുപോകാൻ അനുവാദമില്ല.. നടന്നു മല കയറണം... !! അങ്ങനെ ഞാനും കെട്ടിയോനും കൂടി നടക്കാൻ തുടങ്ങി... ചുറ്റും നിറഞ്ഞ പച്ചപ്പ്... കോടമഞ്ഞ് മൂടിയ താഴ്‌വര.. പൂക്കൾ നിറഞ്ഞ ചരിവുകൾ... ഇത്രയും വർണാഭമായ കാട്ടുപൂക്കൾ ഞാൻ ആദ്യമായി കാണുകയായിയുന്നു... വശ്യമനോഹരമായ വിജനമായ ആ കുന്നിൻചെരിവ് ഞങ്ങളെ കുറുമ്പുനിറഞ്ഞ കുട്ടികളാക്കി... പൂക്കൾ പറിച്ചെറിഞ്ഞും റോഡിൽ നൃത്തം ചെയ്തും താഴ്‌വരയിലേക്ക് നോക്കി കൂക്കിവിളിച്ചും ഇടയ്ക്കു സ്വയം മറന്നു പ്രണയം പങ്കുവെച്ചും ഞങ്ങൾ ആ ഏകാന്തത ആസ്വദിച്ചു.. അങ്ങനെ കാൽനടയായി സൺറൈസ് പോയിന്റ്, സൺസെറ്റ് പോയിന്റ്, ലവേഴ്സ് പോയിന്റ് ഒക്കെ ഞങ്ങൾ സന്ദർശിച്ചു... നടന്നു തളർന്ന് ഒരിടത്തിരിക്കുമ്പോ കെട്ടിയോനോരു തംശയം... ഈ മലമുകളിൽ എന്താ ഇത്ര തണുപ്പെന്ന്.. ?മലകൾ സൂര്യനോട് കൂടുതൽ അടുത്തല്ലേ... അപ്പൊ ചൂടല്ലേ ഉണ്ടാവേണ്ടത്... ?! ശരിയാണല്ലോ...!! ഞാനും അതേക്കുറിച്ചു അപ്പോൾ മാത്രമാണ് ചിന്തിച്ചത്... എന്തരോ എന്തോ..? അധികം ആലോചിച്ചു സമയം കളയാതെ ഞങ്ങൾ മങ്കി പോയിന്റിലേക്ക് തിരിച്ചു... മങ്കി പോയിന്റ് എയർ ഫോഴ്‌സിന്റെ നിയന്ത്രണത്തിലാണ്... കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം അകത്തു കടന്ന ഞങ്ങൾക്ക് മുന്നിൽ ഒരു ചോദ്യചിഹ്നം പോലെ ചെങ്കുത്തായ ഒരു മല... അതിന്റെ തുഞ്ചത്തു ഒരു ഹനുമാൻ ക്ഷേത്രവും... കേറാൻ വയ്യെന്ന് ഞാനും ഇത്രയും വന്നതല്ലേ കേറിയേക്കാം എന്ന് പ്രിയതമനും... അടുത്തു കണ്ട കടയിൽ നിന്നും കുടിച്ച ചായയുടെ ബലത്തിൽ അങ്ങനെ രണ്ടും കല്പിച്ചു ഞങ്ങൾ മലകയറ്റം തുടങ്ങി... കരിങ്കൽപടിക്കെട്ടുകളും കൈവരികളും ഉണ്ടെങ്കിലും കയറ്റം അത്ര സുഗമമായിരുന്നില്ല... !ഇടയ്ക്കിടെ ഘടിപ്പിച്ചിട്ടുള്ള സ്‌പീക്കറുകളിൽ നിന്നുമുയരുന്ന ഭജൻ സംഗീതം ഒരാശ്വാസം പോലെ തോന്നി..വഴിയിൽ തളർന്നിരുന്ന എന്റെ ബാഗും കൊണ്ട് ഒരു കൊച്ചു ഹനുമാൻസ്വാമി (കുരങ്ങന്മാരെ ഇവടെ അങ്ങനെയാ വിളിക്കുന്നത് )ഓടാൻ നോക്കിയപ്പോൾ കെട്ടിയോൻ ഒരു വീര പുരുഷനെപ്പോലെ ഇടപെട്ട് അതിനെ പിന്തിരിപ്പിച്ചത് ഇന്നും എന്നെ ചിരിപ്പിക്കാറുണ്ട്.. അങ്ങനെ ഇഴഞ്ഞും വലിഞ്ഞും മലമുകളിൽ എത്തിയ ഞങ്ങളെ വരവേറ്റ് കുളിർതെന്നലും നയനമനോഹരമായ താഴ്‌വരയും പതഞ്ഞു പുകപോലെ താഴേക്ക് പതിക്കുന്ന കാട്ടരുവിയും കണ്ണുപൊത്താൻ വരുന്ന കോടമഞ്ഞും... ആഹാ... സ്വർഗ്ഗത്തിൽ എത്തിയപോലത്തെ സുഖം.. ക്ഷേത്രത്തിൽ വലുപ്പമേറിയ ഒരു ഹനുമാൻ ശിൽപം... സീതാരാമന്മാരെ പ്രതിഷ്ഠിച്ച തന്റെ മാറ് പിളർന്ന് കാട്ടുന്ന ഹനുമാൻ... കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം മടക്കം... നേരം സന്ധ്യയായതിനാൽ അന്നവിടെ തങ്ങി..പിറ്റേന്ന് കുളിരുന്ന പ്രഭാതത്തിൽ കോരിത്തരിച്ചുകൊണ്ട് മലയിറക്കം... മായാത്ത കുളിരോർമ്മയായ് കസൗളി ഹിൽസ് ഇന്നും മനസ്സിൽ.. എപ്പോഴാ വീണ്ടും വരികയെന്ന് ചോദിച്ചുകൊണ്ടേയിരിക്കുന്നു
Anju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക