Slider

ചില (അപ്രിയ)സത്യങ്ങൾ...

0
ചില (അപ്രിയ)സത്യങ്ങൾ...
അടുത്തടുത്ത് രണ്ടു കല്യാണം വന്നാൽ വസ്ത്രങ്ങളിൽ വ്യത്യസ്‍തതയും പുതുമയും തിരഞ്ഞെടുക്കാൻ ശ്രമിക്കുന്ന നമ്മളിൽ പലരും അടുക്കളയിലിരിക്കുന്ന വറുക്കാനായുപയോഗിക്കുന്ന ഓയിൽ രണ്ടുനാൾ കഴിഞ്ഞാലും മാറ്റാറില്ല..
പഴയ വസ്ത്രമാണെങ്കിൽ ഉപയോഗിക്കാൻ മടിയുള്ള പലരും ഇന്നുണ്ടാക്കിയ ഭക്ഷണം ഫ്രിഡ്‌ജിൽ സൂക്ഷിച്ചു വീണ്ടും വീണ്ടും ഉപയോഗിക്കാൻ മടിയേതുമില്ല..
തുണിക്കടകളിൽ കയറി ഇറങ്ങി മേൽത്തരം വസ്ത്രങ്ങൾ ഏറ്റവും പുതിയ ഡിസൈനിൽ എത്രകാശ് കൊടുത്തും വാങ്ങിക്കുമ്പോൾ നമുക്കു യാതൊരു മനസ്സാക്ഷിക്കുത്തും തോന്നാറില്ല...
എന്നാൽ നാടൻ പച്ചക്കറിക്ക് അഞ്ചുരൂപ കൂടുതലാണെങ്കിൽ തർക്കിച്ചു അതു കുറച്ചു വാങ്ങാനും ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണ വിലകുറഞ്ഞതു തിരഞ്ഞെടുക്കാനും നമ്മൾ കാണിക്കുന്ന മികവ് കണ്ടാൽ ആസൂത്രണ കമ്മീഷൻ വരെ മൂക്കത്തു വിരല് വെച്ചുപോവും..
കൈത്തറിയിൽ ഉണ്ടാക്കിയ തുണികളൊക്കെ വിദേശത്തേക്കു കയറ്റി അയച്ചു ഹൈദരാബാദിലെയും ബോംബെയിലേയുമൊക്കെ പഴയ ഫാഷനുകൾ മോഡേൺ ആണെന്നു പറഞ്ഞു ഇവിടെ ഇറക്കുമതി ചെയ്താൽ വാങ്ങിക്കാൻ നമുക്കുള്ള അതെ ആവേശം തന്നെയാണു തണ്ടും തടിയുമില്ലാത്ത നമ്മുടെ നാടൻ പച്ചക്കറിയെ നിർദ്ദാക്ഷിണ്യം ഉപേക്ഷിച്ചു കാണാൻ അഴകുള്ളതും തുടിപ്പുള്ളതുമായ അതിലേറെ രാസവളത്താൽ പൊതിഞ്ഞതുമായ തമിഴ്‌നാട്ടിലെയും മറ്റും പച്ചക്കറികൾ വാങ്ങിക്കാനുമുള്ളതു..
ഓഫർ എന്നും സൗജന്യമെന്നും കേട്ടാൽ ഏതു ലോക്കൽ ഐറ്റംസും വാങ്ങിക്കാനായി ഇടിച്ചു കേറുന്നതും കല്യാണസദ്യ വിളമ്പുന്നിടത്തു തിരക്കുണ്ടാക്കുന്നതും നമുക്കേറെ ഇഷ്ടമുള്ള കാര്യങ്ങളാണ്..
വീട്ടിൽ മരുമോള് വെച്ചുണ്ടാക്കിയത് പോലും വായിൽവെക്കാനിഷ്ടല്ലാത്ത സ്വന്തം കൈകൊണ്ടുണ്ടാക്കിയതു മാത്രം കഴിക്കുന്ന അമ്മായി അമ്മമാരിൽ പലരും ഹോട്ടലിലോ കല്യാണസദ്യകളിലോ വെച്ചുവിളമ്പുന്നതു ആരെണെന്നോ എങ്ങനെയാണെന്നോ അന്വേഷിക്കാറേയില്ല..
നൂറുകോടിക്ക് കല്യാണം മാമാങ്കം നടത്തിയെന്ന് കേൾക്കുമ്പോൾ മൂക്കത്തു വിരൽവെക്കുന്ന പലരും ആ നൂറുകോടിയുടെ കൊച്ചുകൊച്ചു വിഹിതങ്ങൾ പലരുടെയും ഒരു നേരത്തേ സന്തോഷത്തിലേക്കാണ് ചെന്നെത്തുന്നതെന്നുള്ള കാര്യം മറന്നുപോവുന്നു..
ചുരുക്കിപറഞ്ഞാൽ ഒരാളുടെ നഷ്ടം മറ്റാരുടെയൊക്കെയോ ലാഭമാണ്..
ആർക്കുമൊന്നും നഷ്ടപ്പെടുന്നില്ല...
പകരം ആരൊക്കെയൊ നേടുകയാണ് എന്നതല്ലേ സത്യം..
രുചികരമായ ഭക്ഷണം കഴിച്ചാലും കണ്ണിനിമ്പമുള്ള കാഴ്ചകൾ കണ്ടാലും അതെപ്പറ്റി ചിലരോട് ചോദിച്ചാൽ ഒരുത്തരമേ കാണുകയുള്ളൂ..
"കുഴപ്പമില്ല.."
ഈ പോസ്റ്റും കുഴപ്പമില്ലാന്നുള്ള വിശ്വാസത്തോടെ തത്ക്കാലം നിർത്തുന്നു..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo