Slider

#ആണത്തം

0
കുട്ടികളുണ്ടാവാത്ത സ്ത്രീകളുടെ കഥകൾ നമ്മളൊക്കെ ഒരുപാടു അറിഞ്ഞിട്ടുണ്ടാവും വായിച്ചിട്ടുണ്ടാവും. ആ സമയങ്ങളിലൊക്കെ അവൾക്ക് ഏറ്റവും തുണയാവുന്നത് അവളുടെ ഭർത്താവായിരിക്കും. എൻ്റെ ഭാര്യക്കും ഈ കാര്യത്തിൽ കുറച്ചു വൈകിയപ്പോൾ അവൾക്ക് താങ്ങും തണലുമായത് ഞാൻ തന്നെ പിന്നീട് ഞങ്ങൾക്കൊരു മോളെ കിട്ടി.....
ഈ അവസ്ഥയിൽ പെട്ടുപോകുന്ന പുരുഷൻ്റെ അവസ്ഥ പൊതുവെ ആരും പറയാറില്ല അറിയാറുമില്ല. നമുക്ക് വിനീതിൻ്റെ കാര്യം എടുക്കാം. സോഫ്റ്റ് വെയർ എഞ്ചിനീയറായ അവൻ്റെ വിവാഹം എത്ര ആർഭാടമായാണ് നടന്നത്. എല്ലാവരും അസൂയയോടെ നോക്കിയിരുന്ന കുടുംബ ജീവിതം... ആറുമാസത്തേക്ക് കുട്ടികൾ വേണ്ട എന്നത് രണ്ടുപേരുടെയും തീരുമാനമായിരുന്നു അതിനായി കൃത്രിമമായ യാതൊരു മാർഗ്ഗവും അവർ സ്വീകരിച്ചില്ല. അല്ലെങ്കിലും അറിവും ക്ഷമയുമുള്ള ആർക്കും ഗുളികയുടെയോ കോണ്ടത്തിൻ്റെയോ ആവശ്യമില്ലല്ലോ...
ആറുമാസം കഴിഞ്ഞ് ഒരു വർഷം ആയിട്ടും വിശേഷം ഒന്നും ആവാത്തതുകൊണ്ടാണ് അവർ ഒരു ഇൻഫെർട്ടിലിറ്റി ഹോസ്പിറ്റലിൽ പോയത്. അവിടത്തെ ആദ്യത്തെ ടെസ്റ്റ് തന്നെ കൗണ്ട് നോക്കുകയാണല്ലോ. നിർഭാഗ്യവശാൽ കൗണ്ട് കുറവായിരുന്നു തിരിച്ച് കാറിൽ വരുമ്പോൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.
അതൊരു തുടക്കമായിരുന്നു മാനസികമായി അവളവനെ തളർത്തികൊണ്ടേയിരുന്നു. ആദ്യമായി കിടപ്പറയിൽ അവനൊരു പരാജയമായി. ലൈംഗികത എന്നത് ശരീരത്തിൻ്റെ മാത്രം കാര്യമല്ലല്ലോ മനസ്സിൻ്റെ പങ്ക് വളരെ വലുതാണ്. കൗണ്ട് കുറയുക എന്നത് ലൈംഗിക ശേഷിക്കോ ലൈംഗിക ആസ്വാദനത്തിനോ തടസ്സമല്ലെങ്കിലും മാനസികമായ കുറ്റപെടുത്തലുകൾ അയാളെ വിഷമവൃത്തത്തിലാക്കി..
'' നിങ്ങളൊരു ആണാണോ..?'' ഈ ചോദ്യം ആശ ഒളിഞ്ഞും തെളിഞ്ഞും അയാളോട് ചോദിച്ചുകൊണ്ടിരുന്നു. ഒരുമുറിയിൽ നിന്ന് ഇരു മുറിയിലേക്ക് അവരുടെ കിടത്തം മാറി.....
വർഷങ്ങൾക്കു ശേഷം....
കഴിഞ്ഞ ഏപ്രിലിൽ ഞാനവനെ കാണാൻ പോയിരുന്നു. അവിടെ അവൻ്റെ ഭാര്യയുമുണ്ട് ആശയല്ല കേട്ടോ സൗപർണ്ണിക....
ശ്ശോ ഞാൻ പറയാൻ മറന്നു ആശയും വിനീതും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടിയിരുന്നു. ഭർത്താവു മരിച്ച് ഒറ്റപ്പെട്ടുപോയ പാവപ്പെട്ട വീട്ടിലെ അംഗമായ സൗപർണ്ണികക്ക് വിനീത് ഇന്നൊരു നല്ല ഭർത്താവാണ്... വിനീതിൻ്റെ കുറ്റവും കുറവും മനസ്സിലാക്കി അവനെ സ്നേഹിക്കാൻ സൗപർണ്ണികക്കും കഴിയുന്നുണ്ട്.. ആദ്യബന്ധത്തിൽ അവൾക്ക് ഒരു മോനുമുണ്ട് നാലു വയസ്സുകാരൻ അമൽ.
വിനീതിൻ്റെ മടിയിലിരുന്ന് കളിക്കുന്ന അമലിനെ ഞാനൊന്നു എടുക്കാൻ ശ്രമിച്ചു. സൗപർണ്ണികയാണ് പറഞ്ഞത്
'' അവനിപ്പോ അച്ഛ മതി വേറെ ആരും വേണ്ട...'' എത്ര സന്തോഷത്തോടെയാണ് ഞാൻ ആ വാക്കുകൾ ശ്രവിച്ചത്.... തിരിച്ചുവരുമ്പോൾ മനസ്സ് അറിയാതെ മന്ത്രിച്ചു....
''വിനീത് നീയാണെടാ ആണ് നല്ല ആണത്തമുള്ള ആണ്...''
കുറ്റങ്ങളും കുറവുകളും പരസ്പരം മനസ്സിലാക്കി ജീവിക്കുമ്പോൾ ജീവിതം പ്രകാശ പൂരിതമാവും..
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo