Slider

അസ്തമനം (കഥ)

0

അസ്തമനം (കഥ)
രാവിലെത്തെ കട്ടൻ ചായ കുടിക്കുമ്പോഴാണ് ഭാര്യ വിലാസിനിയുടെ പഞ്ഞം പറച്ചിൽ കുഞ്ഞിരാമൻ കേട്ടത്.. ഇത് പതിവാണെങ്കിലും ഇന്നാദ്യമായി കുഞ്ഞിരാമൻ തന്റെ ശ്രദ്ധ അവൾ പറയുന്ന കാര്യങ്ങൾക്ക് നൽകി എന്നതാണ് സത്യം....
" വീട്ടിൽ ഒരു മണി അരിയില്ല, കറിവെക്കാനൊന്നുമില്ല., ഉപ്പു തൊട്ടു കർപ്പൂരം വരെ വാങ്ങണം.... ഇവിടൊരാൾ രാത്രി മൂക്കുമുട്ടെ പട്ടച്ചാരായം മോന്തീട്ട്.... വായിത്തോന്നീത് വിളിച്ചു പറഞ്ഞ് പോത്തിനെപ്പോലെ കൂർക്കം വലിച്ചുറങ്ങിക്കോളും...!''
മുഖത്ത് ദേഷ്യം വരുത്തി കുഞ്ഞിരാമൻ
''ഓ ... രാവിലെ തൊടങ്ങി .....കൊണവതിയാരം... "
''അതെ..... കൊണവതിയാരം തന്നെ എന്നിട്ടൊരനക്കവുമൊണ്ടോ മനുഷ്യ... നിങ്ങൾക്ക്....? ഒരു പെണ്ണാണെങ്കിൽ പെരനെറഞ്ഞു നിൽക്കുന്നു...! അതിന്റെ എന്തെങ്കിലും ചിന്തയൊണ്ടൊ...?" വിലാസിനി ഒരമ്മയുടെ മനസിന്റെ വേവലാതിയിൽ ഉരുകി.
"നെന്റെ മോളല്ലേ...?" കുഞ്ഞിരാമൻ. ഭാര്യയോട് ചോദിച്ചു..
" ആ.... ഞാൻ വന്നപ്പോൾ അവളേം ചൊമന്നോണ്ടാണല്ലോ ഇങ്ങോട്ടെഴുന്നളളിയത്... ദേ..! മനുഷ്യരാവിലെ തന്നെ എന്നേക്കൊണ്ടൊന്നും പറയിപ്പിക്കണ്ട...!'' വിലാസിനി പിന്നേയും കോമരം തുള്ളി.. പെട്ടന്നാണ് കുളിമുറിയിൽ നിന്നും മകൾ 'രേഖ'യുടെ ഒച്ച മുഴങ്ങിയത്...
"അമ്മേ.... ഇവിടെ വച്ചിരുന്നെന്റെ സോപ്പേവിടേ...? ആര... അതെടുത്തു മാറ്റിയത്..? ഞാൻ പറഞ്ഞിട്ടില്ലേ എന്റെ സോപ്പ് ആരുമെടുക്കരുതെന്ന്...!"
ദേഷ്യം പിടിച്ചിരുന്ന വിലാസിനിയുടെ വാഗ് യുദ്ധം അവളോടായി .'' സോപ്പിട്ടില്ലെങ്കീ... നെനക്ക് വെള്ളമൊഴിക്കാൻ അറിയില്ലേടീ... മൂധേവി....?.. എന്റെ ഭഗവാനേ.... കൃഷ്ണാ.... ഈ അപ്പന്റേം... മക്കടേം... എടയിൽ നിന്നെന്നെ ഒടലോടെ മേപ്പോട്ടേടുത്തേക്കണേ... ഗുരുവായൂരപ്പ....!" രാവിലെ തൊടങ്ങീക്കാേ തന്തേം മക്കളും ന്റെ... തല തിന്നാൻ.... ഞാനെങ്ങോട്ടെങ്കിലും എറങ്ങി പോകും.... അപ്പോഴേ അച്ഛനും മക്കളും.. പഠിക്കൂ...!!" മൂക്കുപിഴിഞ്ഞ് സാരിയിൽ തൂത്ത് കൊണ്ട് ചൂലുമെടുത്തു കൊണ്ട് മുറ്റമടിക്കാൻ പോയി....
ഇത് കുഞ്ഞിരാമന്റെ കുടുംബം ബത്തേരി ടൗണിൽ രാഹുൽ ഫൈനാൻസിയേഴ്സ് എന്ന പേരിൽ ചിട്ടിക്കമ്പനി നടത്തി കൊണ്ടിരുന്ന കുഞ്ഞിരാമൻ .നല്ല നിലയിൽ നടന്നു വന്നതായിരുന്നു. പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത്.ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബത്തിന് ഇരുട്ടടി കിട്ടിയ മാതിരിയാണ് കാര്യങ്ങൾ മാറിമറിഞ്ഞത് ഏക മകൻ രാഹുൽ ഇന്ന് മരണം കാത്തു കഴിയുന്ന രോഗിയാണ്.സ്ക്കൂളിൽ തല ചുറ്റി വീണ രാഹുലിനേ അദ്ധ്യാപകർ ചേർന്നാണ് ആസ്പത്രിയിൽ എത്തിച്ചത് ചികിത്സക്കു ശേഷം അവർ പറഞ്ഞത് കേട്ട് ആ കുടുംബം തകർന്നു പോയി. തന്റെ മകന് ബ്രയിൻ ട്യൂമർ ബാധിച്ചിരിക്കുന്നു. രണ്ട് പെൺമക്കൾക്ക് ശേഷം ആറ്റു നോറ്റുണ്ടായ ആൺതരി. കുഞ്ഞിരാമൻ തനിക്ക് കഴിയുന്ന വിധത്തിൽ അവനെ ചികിൽസിച്ചു.പതിയെ പതിയെ ചിട്ടിക്കമ്പനി നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്കു കൂപ്പുകുത്തി.കുഞ്ഞിരാമൻ മദ്യത്തിനടിമയുമായി... മൂന്നേക്കർ പുരയിടമുണ്ടായിരുന്നു. അൽപ്പാൽപ്പമായി വിറ്റുവിറ്റ് ഇന്ന് അരയേക്കർ പുരയിടം മാത്രം ബാക്കിയായി.ഡോക്ടർമാർ കൈയ്യോഴിഞ്ഞു. എല്ലാ പ്രതീക്ഷകളും അവസാനിക്കുമ്പോൾ അവസാന അത്താണിയായ ദൈവത്തിൽ ആശ്രയിക്കുന്നു.. ഇന്ന് ഈ കുടുംബം
" വിലാസിനീ... ഡീ....!"കുഞ്ഞിരാമൻ ഉറക്കെ വിളിച്ചു...
"എന്തോന്നകെടന്നലറുന്നത്...." ചൂലും കെട്ട് ഉള്ളംകൈയ്യിൽ കുത്തി കൊണ്ട് വിലാസിനി കുഞ്ഞിരാമന്റെ അടുത്തേക്കു വന്നു.
''ആശൂത്രി പോകണ്ടെ...നെന്റെ കൈയ്യിലെന്തെങ്കിലും ഒണ്ടൊ...?"ഇന്നായിരുന്നു രാഹുലിന് കീമോത്തെറാപ്പി ചെയ്യേണ്ട ദിവസം.
"എന്താേ.... ന്നാ ചോദിച്ചത് എന്റെ കൈയ്യിലൊള്ളത് മുഴുവൻ തന്നില്ലേ ...? അതും കൊണ്ടല്ലാരുന്നോ... ഇന്നലെത്തെ പുകില്....? ഇനി വിലാസിനിക്ക് ഉടുതുണിമാത്രമൊണ്ട് അഴിക്കാൻ....!''
മറുപടി പറയാതെ കുഞ്ഞിരാമൻ പുറത്തേക്കുപോയി.... എല്ലാം താനൊരുത്തൻ വരുത്തി വച്ചതാണ്...? തന്റെ ഒടുക്കത്തെ കുടിയാണ് എല്ലാത്തിനും കാരണം. വിഷമം സഹിക്കാനാവാത്തപ്പോൾ പറ്റി പോകുന്നതാണ്. എങ്ങനെ സഹിക്കും ..? തനിക്കു കൊള്ളിവയ്ക്കണ്ടവന് താൻ കൊള്ളിവയ്ക്കേണ്ട അവസ്ഥ...? തനിക്കിനിയും രണ്ടു മക്കൾക്കൂടിയുണ്ട്..?താ നവർക്കു വേണ്ടിയും ജീവിക്കണം... അവരെ നല്ല നിലയിൽ കെട്ടിച്ചു വിടണം.... ഒരുപാടു ചിന്തകളുമായി... കുഞ്ഞിരാമൻ കാൽ നീട്ടിവച്ചു നടന്നു...
അൽപ്പം ദൂരമെത്തിയപ്പോൾ പുറകിൽ നിന്നും ഏതോ വാഹനത്തിന്റെ നിർത്താതെയുള്ള ഹോണടി കേട്ട് അയാൾ തിരിഞ്ഞു നോക്കി. അയൽപക്കത്തുള്ള സന്തോഷാണല്ലോ... എന്ന് ചിന്തിച്ചപ്പോഴേയ്ക്കും അയാൾ വന്ന മോട്ടോർ സൈക്കിൾ കുഞ്ഞിരാമന്റെ മുന്നിൽ ബ്രേക്കിട്ടു.
"ചേട്ടാ.... വേഗം കേറ്.... രാഹുലിന് വേദന കൂടി ഒന്നും കാണാൻ പറ്റുന്നില്ലെന്നു പറഞ്ഞ് വിലാസിനിചേച്ചി നെല വിളിക്കുന്നു..."
ഒന്നു പറയാതെ ചാടി അയാൾ ബൈക്കിന്റെ പിറകിൽ കയറി.അവർ ചീറിപ്പാഞ്ഞു. വീടിന്റെ മുന്നിൽ വണ്ടി നിന്നതും കുഞ്ഞിരാമൻ അകത്തേയ്ക്കു രാഹുൽ കിടക്കുന്ന റൂമിലേക്കോടി...
"മോനേ.....!'' അയാൾ നിലവിളിച്ചു കൊണ്ടവനെ വാരിയെടുത്തു...
"വിലാസിനി.... വേഗമൊരുങ്ങു... നമുക്കാ ശൂത്രി.. പോകാം....!"
പെട്ടന്നു രാഹുൽ തന്റെ കരം കൊണ്ടു പരതി കുഞ്ഞിരാമന്റെ മുഖത്ത് പിടിച്ചു കൊണ്ടു പറഞ്ഞു
"അച്ഛാ... വേണ്ട.... ആശൂത്രി പോവണ്ട എനിക്കച്ഛന്റെ മടിയിൽ കെടന്നാൽ മതി... കെടത്തച്ഛ... ''
അയാൾ സങ്കടവും ദു:ഖവും സഹിക്കാതെ.... വിങ്ങിപൊട്ടി....
"എന്തു മണമാ.... അച്ഛാ... അച്ഛനേ.... " മരണത്തിന്റെ അവസ്ഥയിലും രാഹുൽ അച്ഛന്റെ മുഖത്തിൽ നിന്നും വരുന്ന മദ്യത്തിന്റെ മണത്തിൽ അസഹിഷ്ണത കാണിച്ചു.
" ഇല്ല..... ഇല്ല മോനേ.... ഇനിയച്ഛൻ കുടിയ്ക്കൂ ലാ... എന്റെ മോനാണേ സത്യം...!" അയാൾ അവന്റെ ശിരസ്സിൽ തൊട്ടു സത്യം ചെയ്തു.... കുഞ്ഞിരാമൻ മകന്റെ മുഖത്ത് മെല്ലെ തടവികൊണ്ടു അവനെ വാരിയെടുത്തു പുറത്തേക്കു നടക്കാതുടങ്ങിയതും രാഹുലിന്റെ കരങ്ങൾ അയാളുടെ ഇടുപ്പിൽ അസാമാന്യ ശക്തിയിൽ മുറുകി ഒരുമാത്ര... പിന്നെ അത് നിശ്ചലമായി താഴേയ്ക്കു വീണു തൂങ്ങിയാടി.... കുഞ്ഞിരാമന്റെ കാലുകൾ കരിങ്കല്ലായി മാറി......
എല്ലാവരുമെത്തിച്ചേർന്നു... ഇത് പലരും നേരത്തെ പ്രതീക്ഷിച്ചിരുന്നത് കൊണ്ട് എല്ലാ ബന്ധുക്കളും എത്തിയിരുന്നു. കാർമികൻ കർമ്മങ്ങൾ എല്ലാം നടത്തി തൊടിയിലെ പുളിയൻമാവിന്റെ കടയ്ക്കൽ കട്ടിംഗ് മെഷിന്റെ വാളിറങ്ങി... ചിതയൊരുങ്ങി ... കുളിച്ചിറനുടുത്ത് വിറയ്ക്കുന്ന കൈയ്കളുമായ് കുഞ്ഞിരാമൻ തന്റെ മകന്റെ ചിതയ്ക്ക് തീ കൊളുത്തി.... ഇരുൾ വീഴും മുൻപേ ആ കുഞ്ഞു ശരീരം കത്തിയമർന്നു.എല്ലാവരും പിരിഞ്ഞു ... സന്ധ്യ മാഞ്ഞു അസ്തമനമായി ഇരുൾ പടർന്നു തുടങ്ങിയിട്ടും കുഞ്ഞിരാമൻ അവിടെത്തന്നെ നിന്നു അതും ഒരസ്തമനമായിരുന്നു കുഞ്ഞിരാമനെന്ന മദ്യപാനിയുടെ... പുതിയ ഉദയത്തിനു വേണ്ടി ദാഹിച്ചു കൊണ്ട് ഒരു പാട് മുല്ലമൊട്ടുകൾ കുഞ്ഞിരാമന്റെ മുറ്റത്ത് തലയാട്ടിക്കൊണ്ടിരുന്നു.. ഒരു യാത്രാമൊഴി പോലെ..
ബെന്നി ടി ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo