Slider

തെരുവുജീവികൾ

0
തെരുവുജീവികൾ
കഥ
പേപിടിച്ച ഏതോ സ്വപ്നത്തിൽ നിന്ന് ഞട്ടിയുണർന്ന വൃദ്ധ, താൻ നെഞ്ചോടു ചേർത്തു സൂക്ഷിച്ചിരുന്ന സഞ്ചിക്കു വേണ്ടി ചുറ്റും ഭ്രാന്തു പിടിച്ചു പരതാൻ തുടങ്ങി. വിരിച്ചതും പുതച്ചതുമായ ചാക്കുകൾ തിരിച്ചും മറിച്ചും കുടഞ്ഞു നോക്കി. താനുറങ്ങിക്കിടന്ന തിണ്ണയിലും,തിണ്ണക്കു താഴെയുള്ള അഴുക്കുചാലിലും, അതിനപ്പുറത്ത് കൂന്നൂകൂടിയ മാലിന്യകൂമ്പാരത്തിലും കയ്യിട്ടു മാന്തുകയും കാലിട്ടിളക്കുകയും ചെയ്തിട്ടും തന്റെ കക്ഷത്തിൽ ഇത്രകാലം സുരക്ഷിതമായി കൊണ്ടുനടന്ന പാഥേയം കണ്ടുകിട്ടിയില്ല. തിണ്ണയിൽ അവിടവിടെയായി മുഷിക്കൂമ്പാരങ്ങൾക്കുള്ളിൽ മൂടിപ്പുതച്ചുറങ്ങിക്കിടന്നിരുന്ന തന്റെ സഹജീവികൾക്കരുകിലും സഞ്ചി കാണാതായപ്പോൾ അവൾ തലയിൽ കൈയ് വെച്ച് തന്റെ വിധിയെ ശപിക്കാനും പ്രാകാനും തുടങ്ങി.
തലേന്നാൾ കിട്ടിയ എച്ചിലിൽ നിന്ന് അന്നേക്കായി മാറ്റി വെച്ച ഭക്ഷണത്തെ പറ്റി അവൾക്ക് വേവലാതിരില്ലായിരുന്നു. നഗരത്തിൽ ക്ഷാമമില്ലാത്ത ഒരേ ഒരു വസ്തുവാണ് എച്ചിൽ . ഇവിടെയല്ലെങ്കിൽ അവിടെ അത് തുടർച്ചയായി ഇടവില്ലാതെ ആരെങ്കിലും വലിച്ചെറിഞ്ഞുകൊണ്ടിരിക്കും.
പിച്ചപ്പാത്രത്തിൽ നിന്ന് പെറുക്കിമാറ്റി മടിശ്ശീലയിൽ സൂക്ഷിച്ചു വെച്ചിരുന്ന ചില്ലറത്തുട്ടുകളും അത്ര അമൂല്യമൊന്നുമല്ല. ഒഴിവാക്കാൻ വേണ്ടിയാണെങ്കിലും ആരെങ്കിലുമൊക്കെ അമ്പതു പൈസത്തുട്ടുകൾ ഏറിഞ്ഞു തരാതിരിക്കില്ല.
മടിശ്ശീലയിൽ കൊണ്ടുനടക്കുന്ന മക്കളുടെ പടങ്ങൾ, പക്ഷെ, പോയാൽ തിരിച്ചു വരില്ല. തിരിച്ചുവരാമെന്ന് യാത്ര പറയാതെ പോയിമറഞ്ഞ അവരുടെ പടങ്ങൾ ഇനി തിരിച്ചുവരില്ലെന്ന തിരിച്ചറിവാണ് അവളെ പേടിപ്പെടുത്തിയത്. മക്കൾ അവരുടെ വഴിയിൽ പോയതോർത്ത് അവൾക്ക് വേദനിച്ചില്ല. എല്ലാ മക്കൾക്കും ഏതെങ്കിലും വഴീയിലൂടെ പോയേ തീരു. കെട്ടിയവന്റെ കൂടെ ഒരിക്കൽ അറിയാത്ത വഴിയിൽ ഇറങ്ങിത്തിരിച്ചവളാണ് താനും. പെറ്റയമ്മ എവിടെയെന്ന് പിന്നീട് അന്വേഷിച്ചിട്ടില്ല. ഒരു പക്ഷെ അമ്മ തന്റെ പടം സൂക്ഷിച്ചിട്ടുണ്ടാവാം. മക്കൾ പടമായിട്ടായാലും കൂടെയുണ്ടാവുന്നത് ഒരാശ്വാസമാണ്. ആ പടങ്ങളാണ് അമ്മമാരെ ലോകത്തോടു ബന്ധിക്കുന്ന കണ്ണികൾ.
പടത്തെപ്പറ്റി വീണ്ടും ഓർത്തപ്പോൾ അവളുടെ ഹൃദയം അതിവേഗം തുടിച്ചുതുടങ്ങി. ആ തുടിപ്പിനൊപ്പം ചകിതമായ കാൽവെപ്പോടെ മാലിന്യ കൂമ്പാരത്തിനരികിൽ എന്തോ കടിച്ചുവലിക്കുകയും പിന്നെ മുകളിലേക്ക് നോക്കി കടിച്ചത് ചവച്ചിറക്കുകയും ചെയ്യുന്ന തടിച്ചിപ്പശുവിന്റെ അരികിലേക്ക് ഓടിയടുത്തു.തന്റെ സഞ്ചിയുടെ തുമ്പും വള്ളിയും പയ്യിന്റെ വലിയവായിലൽ തൂങ്ങി നിൽക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞതും കയ്യിലെ മുളവടികൊണ്ട് അതിന്റെ കറുത്തു മിനുത്ത മൂക്കത്ത് കലികയറിയതു പോലെ അവൾ അടിക്കാൻ തുടങ്ങിയതൂം ഒപ്പമായിരുന്നു.
എതിരെ വന്നിരുന്ന സൈക്കിൾക്കാരനെ തട്ടിയിട്ട് റോഡിന്റെ നടുവിലൂടെ ഓടുന്ന പശുവും പുറകെ മുളവടി ഓങ്ങിക്കൊണ്ട് ഓടുന്ന വൃദ്ധയും ഗതാഗതക്കുരുക്കിൽ പെട്ട വാഹനങ്ങളുടെ ഹോൺ വിളിയും പ്രഭാതകൃത്യത്തിലേക്ക് പതുക്കെ പതുക്കെ ഉണർന്നിരുന്ന തെരുവോരവാസികളെ ജാഗരൂകരാക്കി. സ്കൂൾ ബസിലിരുന്ന കുട്ടികൾ വൃദ്ധയെ ചൂണ്ടിക്കാട്ടി ചിരിച്ചാർത്തു.
പിച്ചക്കാരുടെ ശല്യത്തെ പറ്റി എന്നും പരാതി പറയുന്ന തെരുവുവാസികൾ വൃദ്ധയെ തുരത്തിയോടിക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല.വാർഡ്കൗൺസലറെ ക്ഷണിച്ചുവരുത്തി അവർ കാര്യത്തിന്റെ ഗൗരവം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി. അവരുടെ തെരുവ് ഒരു യാചകമോചിത പ്രദേശമാക്കണമെന്ന പൗരാഭിപ്രായം മാനിച്ച് വൃദ്ധയെ അടുത്തുള്ള അനാഥാലയത്തിലേക്കയക്കാനുള്ള നടപടി അന്നുതന്നെ ഏടുക്കുമെന്ന അയാളുടെ ഉറപ്പ് തെരുവിനെ ശാന്തമാക്കി.
അന്നുച്ചക്ക് അനാഥാലയത്തിന്റെ ശകടത്തിൽ തെരുവു വിടുമ്പോൾ പ്ലാസ്റ്റിക് തിന്നു വയറു വീർത്ത പശു തെരുവിലെ മാലിന്യകൂമ്പാരത്തിൽ ഇഴൂകിയ സഞ്ചികൾ കടിച്ചു വലിക്കുന്നത് വൃദ്ധ നിർവികാരയായി നോക്കിയിരുന്നു. തന്നെ വേട്ടയാടി പിടിച്ചവർ തെരുവിൽ അങ്കലാപ്പുണ്ടാക്കിയ പശുവിനെ വെറുതെ വിട്ടതെന്തുകൊണ്ട് എന്ന് അവൾ അത്ഭുതപ്പെട്ടു.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo