Slider

അക്ഷര പൂട്ട് കവിത

0
അക്ഷര പൂട്ട്
കവിത
അടക്കിപ്പിടിച്ച രോദനം അക്ഷരത്തില്‍ പകര്‍ത്തുകയായിരുന്നു ഞാന്‍.
എത്ര വാവിട്ടു കരഞ്ഞിട്ടും 
ഇനിയും കരഞ്ഞു തീരാത്ത കരച്ചിലുകള്‍ മഥിക്കുന്ന മനസ്സിനെ പകര്‍ത്തിയെഴുതാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍.
അക്ഷരത്തിലൊതുക്കിയ അവയെ പുറത്തെടുത്ത് പുസ്തകത്താളുകളില്‍ നിരത്തി വെയ്ക്കുകയായിരുന്നു ഞാന്‍.
കരയാനാവാത്ത അക്ഷരങ്ങള്‍ എന്നെ നോക്കി ഇളിച്ചു കാട്ടിയപ്പോഴും എനിക്ക് കരയാനായില്ല.
പ്രസാധകര്‍ തന്ന പണം വഞ്ചകന്റെ കീശയിലെ വെള്ളിക്കാശു പോലെ എന്റെ കീശയില്‍ കിലുങ്ങിയപ്പോഴും എനിക്ക് കരയാനായില്ല.
എന്റെ കരഞ്ഞു തീരാത്ത കരച്ചിലിന്റെ അക്ഷര ചില്ലുകളല്ലോ കവിയരങ്ങുകളെ ആവേശം കൊള്ളിച്ചത്.
കരയാത്ത അക്ഷരങ്ങളെ കുറിച്ചുള്ള അവരുടെ പ്രബന്ധങ്ങളാണല്ലോ എന്റെ പുസ്കത്തിനൊപ്പം പുസ്തകപ്രദര്‍ശനശാലകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് .
കരയാനാവാതെ വീര്‍പ്പുമുട്ടി പിടഞ്ഞു മരിച്ചയെന്റെ ഓര്‍മ്മയ്ക്കാണല്ലോ
തുഞ്ചന്‍ പറമ്പിലും കുഞ്ചന്‍ പറമ്പിലും
അയ്യപ്പന്‍ വീണുമരിച്ച തെരുവിലും ചിലര്‍ ഒത്തു കൂടിയത്.
എന്റെ നാരായം അവര്‍ പൂജക്കു വെച്ചു.
കരച്ചിലിന്റെ തുള്ളല്‍ അവര്‍ തുള്ളിയാഘോഷിച്ചു.
തെരുവോരത്തു വീണ എന്റെ തേഞ്ഞുപോയ ചെരുപ്പിന്റെ ചിത്രം അവര്‍ അക്കാദമി ഹാളില്‍ പ്രദര്‍ശിപ്പിച്ചു.
കരയാത്ത കരച്ചിലുകളുടെ ചിറകടി മാത്രം അവര്‍ കേട്ടില്ല.
അവര്‍ ചെയ്യേണ്ടിയിരുന്നത് ആ കിളിയെ മോചിപ്പിക്കുക മാത്രമായിരുന്നു.
ഇന്നോളം ആരും ചൊല്ലാത്ത കദനകഥ
ആ കിളി പാടി കേള്‍പ്പിക്കുമായിരുന്നു.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo