Slider

മനസ്സിൽ ഒരുപാട് നൊമ്പരമുണ്ടാക്കിയ ഒരു സംഭവമാണ്

0


''കുറെ വർഷങ്ങൾക്കു മുന്നേ മനസ്സിൽ ഒരുപാട് നൊമ്പരമുണ്ടാക്കിയ ഒരു സംഭവമാണ്. ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ, ചെറുപ്പക്കാർ, അതും ഒരേ ഇടവകാംഗങ്ങൾ. ഞായറാഴ്ച പള്ളിയിൽനിന്നും വന്നുകഴിഞ്ഞാൽ ആറുപറവീട്ടിലെപറമ്പിൽ പോയിരുന്ന് ചീട്ടുകളിയും അതിൽ നിന്ന്കിട്ടുന്ന കാശുകൊണ്ട് വെട്ടൂർബാറിൽ പോയി ബിയറും പോറോട്ടയും പിന്നൊരു മുട്ടറോസ്റ്റും അതും കളിച്ചുകാശ് കൂടുതൽ കിട്ടിയവനും കളിച്ചുകാശ്പോയവനുമെല്ലാമൊരുമിച്ച് ഒരുമയോടെ കൈയ്യിട്ട് വാരിത്തിന്ന് കുടിച്ചബിയറിന്റെ കിക്കിൽ നീട്ടിയൊന്ന് മൂത്രമൊഴിച്ച് ബില്ലും കൊടുത്ത് ഒരു സിഗററ്റ് മൂന്നാല് പേര്കൂടിവലിച്ച് സംതൃപ്തിയോടെ ഷക്കീലപടം കാണാൻ അവസാനത്തെ കച്ചിത്തുരുമ്പും എണ്ണിപ്പെറുക്കി പോയിരുന്ന ഞായറാഴ്ചകൾ. അന്നുമൊരു ഞായറാഴ്ചയായിരുന്നു. അന്ന് വൈകിട്ടാണ് കുമരകം വളളാറപുത്തൻപള്ളിയിൽ മെഗാഷോ നടക്കുന്നത്. എന്റെ പപ്പായുടെ ഇടവകപള്ളിയാണത്. മെയ്മാസം പതിനഞ്ചാം തീയതിയാണവിടെ പെരുന്നാള്. ഒരിക്കലും മുടക്കംവരുത്താതെ ഞങ്ങൾ കുടുംബങ്ങൾ പെരുന്നാളിന് ഒത്തുചേർന്നിരുന്നു. ഞങ്ങൾ സുഹൃത്തുക്കൾ പോകാൻ തയ്യാറായി മാരുതിവാനിൽ കയറി യാത്രതിരിച്ചു. അന്നിന്നത്തെപോലെ ചെക്കിംഗ് ഒന്നുമില്ല. നേരെ ഏറ്റുമാനൂർ വെട്ടൂര് ബാറിൽപോയി കൗണ്ടറിൽനിന്നും ഓരോ കുപ്പിബിയർ നിപ്പനടിച്ച് നേരെ കോട്ടയത്തോട്ട് ആക്സിലേറ്ററമർത്തിചവിട്ടി പാട്ടുംപാടി സിഗററ്റും ഷെയർ ചെയ്ത് സന്തോഷത്തോടെ പോരുമ്പോൾ ഏകദേശം കാരിത്താസ് ഹോസ്പിറ്റൽ കഴിഞ്ഞ് മുന്നോട്ട് നീങ്ങിയപ്പോൾ റോഡ് മുഴുവൻ ബ്ലോക്ക്. അടിച്ചതിന്റെ ത്രില്ലിൽ വണ്ടിയിൽ നിന്നും നേരെയിറങ്ങി റോഡിലേക്ക് നടന്നു. ബ്ലോക്കിന്റെ കാരണമറിയുകയാണ് ലക്ഷ്യം. പറ്റിയാൽ ട്രാഫിക് പോലീസിന്റെ പണിചെയ്ത് ബ്ലോക്ക്മാറ്റി മെഗാഷോ കാണാൻ കറക്റ്റ് സമയത്തെത്തണം. കുറച്ച്ദൂരം ചെന്നപ്പോളാണ് ബ്ലോക്കിന്റെ കാര്യം മനസ്സിലായത്. ട്രാൻസ്പോർട്ട് ബസും സാൻട്രോകാറും തമ്മിൽ മുഖാമുഖമിടിച്ചതാണ്. സംഭവം ട്രാൻസ്പോർട്ട് ഡ്രൈവർ മദ്യപിച്ച് വണ്ടിയോടിച്ചിടിച്ച് കേറ്റിയതാണ്. പെട്ടെന്ന് ഞങ്ങൾ ജാഗരൂകരായി. സാൻട്രോയെ ലക്ഷ്യമാക്കി നടന്നു. അവിടെ കണ്ടകാഴ്ച കുടിച്ച ബിയറിന്റെ കിക്കിനെ നീരാവിയാക്കിമാറ്റി. ഡ്രൈവിംഗ് സ്റ്റിയറിംഗിൽ മുഖമമർത്തി കണ്ണുകളടച്ചൊരു ചെറുപ്പക്കാരൻ. പിന്നിലെ സീറ്റിൽ പേടിച്ചരണ്ട മുഖവുമായിട്ടൊരു ഏഴ്വയസ്സുകാരൻ. പിന്നൊന്നും നോക്കിയില്ല മോനെ പെട്ടെന്ന് പിടിച്ചിറക്കി. ചെറുപ്പക്കാരനെ ഒരുവിധത്തിൽ വണ്ടിയിൽനിന്നും വലിച്ചിറക്കി കൈകളിലേന്തി ഞങ്ങളുടെ വണ്ടി ലക്ഷ്യമാക്കി ഓടി. കൂടെ മോനെയും കൂട്ടി. നേരെ തൊട്ടടുത്തുള്ള മാതാഹോസ്പിറ്റലിലേക്ക് മാരുതിവാൻ ചീറിപ്പാഞ്ഞു. ഷർട്ടും മുണ്ടുമെല്ലാം ചോരയിൽ കുളിച്ചതൊന്നും ഞങ്ങളറിഞ്ഞതേയില്ല. ചോരകണ്ടാൽ തലകറങ്ങുന്ന ഞാൻപോലുമത് വകവച്ചില്ല. ആദ്യ പരിശോദനയിൽ തന്നെ ഡോക്ടർ മരണംസ്ഥിരീകരിച്ചു. കുറച്ചുംകൂടി നേരത്തെ കൊണ്ടുവന്നിരുന്നെങ്കിൽ നമുക്കിയാളെ രക്ഷപ്പെടുത്താമായിരുന്നെന്ന്. അത്കേട്ടതും ഞങ്ങൾ സുഹൃത്തുക്കൾ സ്തബ്ദരായപോയി. ഞങ്ങളുടെ കണ്ണുകൾ ഉടനെ ചെന്നെത്തിയത് ആ കുരുന്നു ബാലനിൽ. കൺകോണിൽ ഞാൻ പോലുമറിയാതെ ജലംവന്നു കഴിഞ്ഞിരുന്നു. അപ്പോഴാണറിയുന്നത് ആ ബാലന്റെ അമ്മയെ നേരത്തേ കാരിത്താസ് ആശുപത്രിയിലെത്തിച്ചിരുന്നെന്ന്. തലയ്ക്ക് സാരമായ പരിക്കുപറ്റി സ്കാനിംഗിന് കേറ്റിയിരിക്കുന്നു. ഒരു പക്ഷേ അയാളെ ആദ്യം ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ ആ ജീവൻ പോകില്ലായിരുന്നിരിക്കാം. വിധിയെ തടുക്കാൻ നമ്മളെ കൊണ്ടാവില്ലല്ലോ. നോർമൽ മൈൻഡിലായപ്പോൾ മോനെവിളിച്ച് വീട്ടിലെ നമ്പർ തരാമോയെന്ന് ചോദിച്ചു. കുഞ്ഞിനറിയാവുന്ന നമ്പർ പറഞ്ഞുതന്നു വിളിച്ചപ്പോളത് മരിച്ചു കിടക്കുന്ന സ്വന്തം അപ്പന്റെ നമ്പർതന്നെയായിരുന്നു. അപ്പോളേക്കിനും പേടിച്ചരണ്ട കുഞ്ഞിന് കുടിക്കാൻ വെള്ളംമേടിച്ചു കൊടുത്തു. ഡോക്ടറോടു പറഞ്ഞിട്ട് ഞങ്ങൾ മൊബൈലിലെ കോൺടാക്റ്റ് പരിശോധിച്ചപ്പോൾ അനിയനെന്ന് തോന്നിയ നമ്പറിൽ അതിൽനിന്നു തന്നെ കോൾചെയ്തു. അപകടം പറ്റിയതിന് ശേഷമുള്ള കാര്യങ്ങളിൽ നിന്നും മരണകാരണം മനപ്പൂർവ്വം മറച്ചുവച്ചുകൊണ്ട് ഞാനൊരു വിധത്തിൽ കാര്യങ്ങൾ പറഞ്ഞവരെ ബോധിപ്പിച്ചു. കൂടുതൽ നിർബന്ധിച്ചപ്പോൾ എനിക്കാ സങ്കടകരമായകാര്യം പറയേണ്ടിവന്നു. മുംബൈയിൽ സ്ഥിരതാമസമാക്കിയ ഈ കൊച്ചുകുടുംബം നാട്ടിലെത്തിയതായിരുന്നു രണ്ടുനാൾമുന്നേ. ഞങ്ങൾ മാറി മാറി സിഗരറ്റ് വലിച്ചവരുവരുന്നതും കാത്തിരുന്നു. അരമണിക്കൂറിനകം അവരെത്തി ഞങ്ങളെകണ്ട് ചെയ്തു തന്ന ഉപകാരത്തിന് നന്ദിയും പറഞ്ഞ് കുഞ്ഞിനേയും കൈപ്പറ്റി ചേച്ചികിടക്കുന്ന ആശുപത്രിയിലേക്കും മരിച്ച സ്വന്തംസഹോദരന്റെ ശരീരം കൊണ്ടുപോകാനുള്ള കാര്യങ്ങൾക്കുമായി നീങ്ങി. വളരെയധികം വിഷമത്തോടെ ഞങ്ങൾ രക്തംപുരണ്ട വസ്ത്രത്തിന് പകരം പുതിയതുംമേടിച്ച് കുമരകത്തിന് മിനിമം സ്പീഡിൽ മാരുതി വാനോടിച്ച് യാത്രതുടർന്നു. ഇപ്പോഴും ആ പിഞ്ചുബാലന്റെ പരിഭ്രമിച്ചമുഖം മനസ്സിൽ ഇടയ്ക്ക് തെളിഞ്ഞു വരുരുന്നു ഓരോരോ അപകടദൃശ്യങ്ങളും കാണുമ്പോൾ. ഇത് കണ്ടിട്ടെങ്ങനെ മെഗാഷോ കാണാൻപോയെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം അതുംകൂടി കണ്ടില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ മനസ്സിനെ ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിയാതെ വന്നുപോയേനെ. പിന്നെല്ലാരും പറയുന്നത് പോലെ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. ഒരു ജീവൻ രക്ഷിക്കാൻ നമുക്ക് കിട്ടുന്നഅവസരം നാം പാഴാക്കരുത് അതിൽപരമൊരു പുണ്യം വെറൊന്നുമില്ല....
.............................. മനു .....................................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo