Slider

ഒരു മാടമ്പിയുടെ കുറ്റസമ്മതം

0

ഒരു മാടമ്പിയുടെ കുറ്റസമ്മതം
കഥയില്ലാക്കഥ
ജാതിഭേദവും മതഭേദവും ലിംഗഭേദവും ഉള്ള ഒരു നാട്ടിൻപുറത്താണ് ഞാൻ ജനിച്ചതും വളർന്നതും.മതേതരം, ലിംഗേതരം , ജാതിഭേദമില്ലായ്മ എന്നീ സത്യാനന്തരയുഗത്തിലെ വേഷം കെട്ടുകളൊന്നും അന്നത്തെ രാഷ്ട്രിയക്കാർക്കു പോലും ഇല്ലായിരുന്നു.
അന്നൊക്കെ നസ്രാണി പള്ളിയിലേക്കും മുസ്ളീം മസ്ജിദിലേക്കും ഹിന്ദുക്കൾ അവരവരുടെ ജാതിശ്രേണിയനുസരിച്ച് അകലം പാലിച്ചുകൊണ്ട് അമ്പലങ്ങളിലേക്കും മാത്രം പൊയ്ക്കൊണ്ടിരുന്നു.നമ്പൂരിമാർ അയിത്തം പേടിച്ച് കെെകൾ തിരുമേനിയിലേക്ക് ആവും വിധം ഒതുക്കി പേടിച്ചരണ്ട പോലെ ഓടുന്നത് അന്നത്തെ പതിവു കാഴ്ചയായിരുന്നു. അതുകണ്ട നായരും അതിനുതാഴെയുള്ള അയിത്തക്കാരും രണ്ടാമുണ്ട് കക്ഷത്തിൽ തിരുകി വലത്തെ കെെകൊണ്ട് വായ് പൊത്തി അത്ഭുതം നടിച്ചു വഴിയോരത്തേക്ക് മാറിനിന്നിരുന്നു.
നാലുകെട്ട്, കുളം, കുളപ്പുര, അമ്പലം എന്നീ എടുപ്പുകൾ തമ്പുരാക്കന്മാരുടെ അടയാളമായിരുന്നു.
പറയർ പനമ്പും കൊട്ടയും നെയ്യുകയും അവ തമ്പ്രാൻ പടിക്കൽ കാഴ്ച വെച്ച് പുറകോട്ട് നീങ്ങിനിൽക്കുകയും ചെയ്തിരുന്നു. പാണർ പുലരുവാനേഴര രാവുള്ളപ്പോൾ ഞട്ടിയുണരുകയും ശ്രീമഹാദേവന്റെ ശ്രീപുള്ളോർക്കുടം കൊട്ടി തമ്പ്രാന്മാരെ തുകിലുണർത്തുകയും ചെയ്തുപോന്നു. കരുവാൻ തമ്പ്രാന് ഒോണക്കറി നുറുക്കുവാൻ വേണ്ട കത്തിയും ,ആശാരി നാലുകൂട്ടം കറികൾ വിളമ്പുവാൻ പാകത്തിൽ കുമ്പിൾ കുത്തിയ മരക്കെെലുകളും തമ്പ്രാൻ പടിക്കൽ കാഴ്ച വെച്ചു. മൂശാരി രാമന്മാർ പായസത്തിനു വേണ്ട ഉരുളികൾ അത്തം പത്തോണം എന്നെണ്ണി കാഴ്ചവെച്ചു . കുശവൻ എന്ന ചീത്ത പേരുള്ള കുമ്പാരൻ തെെരും വെണ്ണയും ഉറികെട്ടി തൂക്കാനുള്ള കലവും കുടവും തമ്പ്രാന്റെ പത്തായപ്പുരമുറ്റത്ത് ഇറക്കി വെയ്‌ക്കാൻ മറക്കാറില്ല.
തമ്പ്രാട്ടിമാരുടെ മാസമുറയുടെ നാള് വിരലിൽ എണ്ണി തിട്ടപ്പെടുത്തുന്ന
വേലനും വേലത്തിയും കുളിദിവസം അവർക്കായി മാറ്റ് വസ്ത്രം പടിക്കലെത്തിച്ച് വണങ്ങിനിന്നു. അലക്കിയ പാവുമുണ്ടുമായി എത്തുന്ന വെളുത്തേടനും ക്ഷൌരകത്തി മുണ്ടിൽ പൊതിഞ്ഞ് കക്ഷത്തിലൊതുക്കി വണങ്ങിനിന്ന വെളക്കത്തലനായരും ജാതിത്തിരുവിന്റെ അടയാളമായി തമ്പ്രാന്റെ മുറ്റത്ത് എന്നു മുണ്ടായിരുന്നു.
ഓണദ്ദിവസം നാലുകെട്ടിൽ അമൃതേത്ത് ഭുജിച്ച് ഏത്തമിടുന്ന തമ്പുരാന്മാർ നായന്മാർക്ക് ഇറയത്തും മറ്റുളളവർക്ക് തീണ്ടപ്പാട് അളന്ന് തിട്ടപ്പെടുത്തി പടിക്കലോളം ഇലയിട്ടു വിളമ്പുകയും ചെയ്തു.
കച്ചവടത്തിനായി കടൽ താണ്ടി കോഴിക്കോട്ടും കൊടുങ്ങല്ലൂരും കപ്പലിറങ്ങിയ അറബികളുടേയും വെള്ളക്കാരുയും പരമ്പരക്കാരായ മുസ്ലീമും നസ്രാണിയും ആ പാരമ്പര്യം തുടർന്നു പോന്നു. സമ്‌മാനങ്ങൾകൊണ്ട് സന്തുഷ്ടരായ സാമൂരിയും കൊച്ചിരാജാവും ചെയ്തതു പോലെ തമ്പ്രാക്കന്മാർ അവർക്ക് കൃഷിക്കും കച്ചവടത്തിനും ഇടം കൊടുത്തു. ഓണത്തിന് വെറ്റില , അടക്ക, പുകയില , കായ ,ചേന കാഴ്ച്ച വെയ്ക്കാൻ അവർ പ്രത്യേകം ശ്രദ്ധീച്ചു. തമ്പുരാൻ തമ്പുരാനും തങ്ങൾ നികൃഷ്ടരായ ബൌദ്ധരുമാണെന്ന് താണു പറഞ്ഞ് അവർ മതഭേദം അംഗീകരിച്ചു.
ലിംഗ ഭേദത്തെ അക്കാലത്ത് ഒരു പെണ്ണും ചോദ്യം ചെയ്തിരുന്നില്ല.അടുക്കള, കിടപ്പുമുറി, തീണ്ടാരി, പേറ്, വെെധവ്യം എന്നീ മനുപ്രോക്തമായ ആചാരങ്ങളിൽ അവർ ഒതുങ്ങിക്കൂടി.പത്തിനും അമ്പതിനുമിടയിലുള്ള പെണ്ണുങ്ങളൊന്നും പതിനെട്ടാം പടി കയറണമെന്ന് വാശി പിടച്ചില്ല.
ഇങ്ങനെയൊക്കെ കഴിഞ്ഞു പോന്ന ആ അടിയൻ-തിരുമേനി കാലഘട്ടം ഗൃഹാതുരതയോടെ ഓർത്തു പോകുന്ന ഞാൻ ഒരു തനി മാടമ്പിയാണെന്ന് നിങ്ങൾക്കെന്ന പോലെ എനിക്കും സംശയമില്ല. എന്തു ചെയ്യാം. ഓണക്കാലം വരുമ്പോൾ തൂശനിലക്കു മുമ്പിലിരുന്നുണ്ണാനും പാവു മുണ്ടു ചുറ്റി ഊരു ചുറ്റാനുമുള്ള മാടമ്പി മോഹം വിട്ടു പോവുന്നില്ല. തിരുമേനിമാർ പൂജിക്കുന്ന അമ്പലങ്ങളിലല്ലാതെ മറ്റിടങ്ങളിൽ ഭക്തി പിറക്കുന്നില്ല..കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മതേതര പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച എന്റെ വിജയരഹസ്യം തിരുമേനി നടത്തിയ ശത്രു സംഹാരപൂജയാണല്ലോ.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo