Slider

പ്രണയത്തിന്റെ സുവിശേഷങ്ങൾ (കഥ )

0
പ്രണയത്തിന്റെ സുവിശേഷങ്ങൾ (കഥ )
ആദ്യം ശരീരത്തിലെന്തോ അരിച്ചു നടക്കുന്നത് പോലെ തോന്നി.. പിന്നെ കുഞ്ഞനുറുമ്പിറുക്കിയ പോലെ ഒരു തരി വേദന.. അത് പിന്നെ വലിയ കട്ടുറുമ്പ് കടിച്ചപോലെ കട്ട് കഴിപ്പിലേക്കും കൈ കാൽ പെരുപ്പിലേക്കും വഴിമാറി... പനി വന്ന പോലെ കുളിരും .. ശ്വാസം മുട്ടലും..
അതെ, പ്രണയമൊരു രോഗമാണ്..
പതിവ് പോലെയൊരു സാധാരണ വൈകുന്നേരത്തു മറൈൻ ഡ്രൈവിലെ ബെഞ്ചി ലെന്നും വൈകിയെത്തുന്ന അന്തോണിയെയും ലിയയെയും കാത്തു പുഴയോരത്തു കെട്ടിയ അര ഭിത്തിയിൽ അമ്മുവെന്നു വിളിക്കുന്ന ഗാഥക്കെതിരായിയി രിക്കുമ്പോഴാണ് ഞാൻ പ്രണയ രോഗിയാണെന്ന സത്യം തിരിച്ചറിഞ്ഞത്.
എന്നെ രോഗിയാക്കിയവൾ ആ വിവരമറിയാതെ മൊബൈലിൽ ഏതോ
കളിയിലേർപ്പെട്ടിരിക്കുകയാണ്..
ഞങ്ങൾ നാലുപേരും ബാല്യകാല സുഹൃത്തുക്കളാണ് .നാലാം ക്ലാസ്സു മുതൽ ഒന്നിച്ചു പഠിച്ചു, ഇപ്പോൾ ഡിഗ്രിയുമൊന്നിച്ചു ചെയ്യുന്നവർ.. ഇന്ന് വരെ തോന്നാത്ത ഒരു വികാരമാണെനിക്കിപ്പോൾ അമ്മുവിനോട് വൈകിട്ട് കൃത്യം അഞ്ചു മണിക്ക് തോന്നിയത്...
ഞാനവളെ നോക്കി.ഞാനെന്ന ഒരാളവിടെ ഉണ്ടെന്ന ഭാവമേ അവൾക്കില്ല. സാധാരണ ഈ പ്രായത്തിലെ പെൺകുട്ടികളുടെ ജാട മൊത്തം മുഖത്തുണ്ട്. തോളൊപ്പം വെട്ടിയ മുടി കാറ്റിൽ ചറപറ പറക്കുന്നു. ഏതോ ഐ ലൈനർ കമ്പനിക്കാർ യൂ ട്യൂബിൽ കൊടുത്ത പരസ്യത്തിലെ പോലെ അവളുടെ ചെറിയ കണ്ണുകൾ വാലിട്ടു നീട്ടി എഴുതിയിട്ടുണ്ട്. വയലറ്റ് നിറത്തിലെ സ്ലീവ് ലെസ്സ് ടോപ്പിനു ചേരുന്ന വയലറ്റ് നിറത്തിലെ ലിപ്സ്റ്റിക് ചുണ്ടിൽ.. ആകെ കച്ചറ ലുക്ക്... എന്നിട്ടുമ വളിൽ ഞാൻ പ്രണയ പരവശനായി.. പ്രേമത്തിന് കണ്ണിലെന്നു പഴമക്കാർ പറയുന്നതെത്ര ശരി..
കാമിനി വലിയ മൈൻഡ് തരാത്തതിനാൽ കുറച്ചകലെയായി ഇരിക്കുന്ന സൈക്കിൾ എന്റെ ശ്രദ്ധയാകർഷിച്ചു. അതിൽ പല വർണത്തിലെ
ബലൂണുകൾ കെട്ടി വെച്ച്... മറൈൻ ഡ്രൈവിലെ റെയിൻ ബോ പാലത്തിലൂടെ” മേനേ പ്യാർ കിയ “ എന്ന പാട്ടും പാടി അവളുടെ പിന്നാലെ ചുറ്റിത്തിരിയാൻ മോഹിച്ചു. അവൾ മുഖം വീർപ്പിച്ചു കാണിക്കുമ്പോൾ ലാലേട്ടനെ പോലെ പിന് ഭാഗത്തു തട്ടി... “ വാ വാ എന്റെ ഗാഥേ “ എന്ന് പാടാൻ കൊതിച്ചു...
പ്രണയം എന്നെ സ്ഥലകാലബോധമില്ലാത്ത ഭ്രാന്തനാക്കി.. സ്വപ്നം കാണാൻ പഠിപ്പിച്ചു
കുറച്ചു നേരം കഴിഞ്ഞു അന്തോണിയും ലിയയുമെത്തിയപ്പോഴും ഞാൻ മായിക ലോകത്തായിരുന്നു. അവരുടെ സംസാരത്തിൽ മുഴുകാതെ ഞാനെന്റെ ലോകം തീർത്തു. പ്രണയം ഏകാന്തതയെ സ്നേഹിക്കാൻ പഠിപ്പിച്ചു...
ഇടക്ക് ഞാൻ അമ്മുവിനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവൾ അന്തോണിയോട് സംസാരിക്കുമ്പോൾ, അവനെ സ്പർശിച്ചപ്പോളതെന്നിൽ അസ്വസ്ഥയുണ്ടാക്കി. അന്തോണീ കറുത്ത ഷർട്ടിൽ വളരെ സുന്ദരനായത് പോലെ തോന്നി.. ഞാൻ അസൂയാലുവായി.... പ്രണയമെന്നെ സ്വാർത്ഥനാക്കി.
“പോവാം “പതിവില്ലാതെ നേരത്തെ എഴുന്നേറ്റപ്പോൾ മൂവരും അതുഭുതത്തോടെ എന്നെ നോക്കി. പ്രണയമെന്നെ വല്ലാത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നു...
ബൈക്കെടുത്തു യാത്ര തിരിച്ചപ്പോൾ അമ്മു അവളുടെ സ്കൂട്ടിയിൽ പിന്നാലെ വന്നു. അവളുടെ വീടും കഴിഞ്ഞു കുറച്ചുകൂടെ മാറിയാണെന്റെ വീട്... ബൈക്കിലെ കണ്ണാടിയിൽ കൂടെ പിന്നാലെ വരുന്ന അമ്മുവിനെ നിരീക്ഷിച്ചു. പ്രണയമെന്ന ഉത്തരവാദിത്തമുളളവനാക്കി.
വീട്ടിലെത്തി മുറിയിൽ കയറി വാതിലടച്ചു.
അമ്മുവിനോട് പ്രണയം പറഞ്ഞില്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി മരിക്കുമെന്ന് തോന്നി. വാട്ട്സ ആപ്പ് ഗ്രൂപ്പിൽ നിന്നും ആദ്യമായി അവൾക്കു മാത്രമായി ഒരു മെസ്സേജ് ഇടാൻ തീരുമാനിച്ചു. ആദ്യത്തെ മെസ്സേജ് ..അത് കൊണ്ട് തന്നെ സൂക്ഷിക്കണം. ഐ ലവ് യു എന്നോ ഐ മിസ് യു എന്നോ .. തീരുമാനം എടുക്കാൻ കഴിയാതെ ഞാൻ കുഴഞ്ഞു. പ്രണയമെന്നെ ആശയകുഴപ്പത്തിലാക്കി..
“ ഒടുവിൽ അരികിൽ നീ യുണ്ടായിരുന്നെങ്കിൽ.. “ എന്ന ഗാനം മൂളി ഞാൻ അവൾക്കു മെസ്സജ് അയച്ചു... “ ഐ മിസ് യു അമ്മുസ് ..”
പ്രണയം കാത്തിരിപ്പാണ്.. അവളുടെ മറുപടിക്കായുള്ള നീണ്ട കാത്തിരിപ്പു .. മറുപടി വൈകിയതിൽ അസ്വസ്ഥനായി വീണ്ടും ഒന്ന് കൂടെ മെസ്സേജ് അയച്ചു.. “ഐ ലവ് യു..”
ലോകത്തെ ഏറ്റവും സുന്ദരമായ വാക്കുകളാണതെന്ന് എനിക്ക് ബോധ്യപ്പെട്ടു.. –“ഞാൻ നിന്നെ സ്നേഹിക്കുന്നു.” ഈ വാക്കുകൾ പറയാൻ ഞാനെന്തേ ഇത്ര വൈകി?
പ്രണയം സുന്ദരമാണ്..... ഓരോ നിമിഷവും കടന്നു പോവുമ്പോൾ ഓരോ അനുഭൂതി അതുളവാക്കി.. പുതിയ പുതിയ അനുഭൂതികളിൽ ഞാൻ അത്ഭുതപരതന്ത്രനായി ..പ്രണയം അത്ഭുതം തന്നെ..
തീൻ മേശയിൽ ചപ്പാത്തി മുറിച്ചു ചുമ്മാ ഇരിക്കുന്ന എന്നെ കണ്ടപ്പോൾ അമ്മക്ക് അതിശയം.. വിശപ്പില്ല എന്ന് പറഞ്ഞു വീണ്ടും മുറിയിൽ കയറി വാതിലടച്ചു..
പ്രണയമെന്ന വിശപ്പും ദാഹവുമില്ലാത്തവനാക്കി മാറ്റി... അമ്മുവിൻറെ നീണ്ട ക്യൂട്ടക്സിട്ട വിരലുകളുടെ സ്പര്ശനം സ്വപനം കണ്ടു ഞാൻ കിടന്നു... പ്രണയം പ്രിയതമയുടെ കരലാളനകൾ കൊതിക്കുന്നു.
ആദ്യമായി അമ്മുവിനെ കണ്ട ദിവസം ഞാനോർത്തു. ഞാനന്ന് നാലാം ക്ലാസ്സിൽ പഠിക്കുകയാണ്... അവിടെ പുതുതായി അമ്മു ചേരാൻ വന്നു. അന്നവൾക്കു നീണ്ട മുടിയുണ്ടായിരുന്നു. സ്കൂളിലെ നീല നിറത്തിലെ ചെറിയ പാവാടയും ചെക്ക് ഷർട്ടു മാണവൾ ധരിച്ചിരുന്നത്. മുടി രണ്ടു വശവും പിന്നി കറുത്ത റിബ്ബൺ കൊണ്ട് കെട്ടിയിരുന്നു. അവളുടെ നിഷ്കളങ്ക മുഖത്തു അല്പം പൌഡർ മാത്രമേയു ണ്ടായിരുന്നുള്ളു. അതാവട്ടെ പുതിയ സ്കൂളും കൂട്ടുകാരെയും കണ്ട അവളുടെ പകച്ച മുഖത്ത് അവിടവിടെയായി തെളിഞ്ഞു കിടന്നു..... അവിടെ വെച്ചാണ് ഞങ്ങളുടെ അമ്മമാർ തമ്മിൽ കൂട്ടുകാരായിരുന്നു എന്നറിഞ്ഞത്.. അമ്മുവിൻറെ 'അമ്മ അവളുടെ കുഞ്ഞു കൈ പിടിച്ചു എന്റെ നേർക്കു നീട്ടി പറഞ്ഞു..." വിഷ്ണു ഇവളെ നോക്കിക്കോളണം "
സത്യത്തിൽ അന്ന് അതിന്റെ അർഥം എനിക്ക് മനസിലായില്ല.. പക്ഷെ ഇപ്പോൾ അതിൽ പല അർത്ഥങ്ങളും ഞാൻ കണ്ടുപിടിച്ചു..
അമ്മുവിൻറെ മറുപടി കാണാതെ രാത്രി മുഴുവൻ ഉറക്കമിളച്ചു.. തിരിഞ്ഞും മറിഞ്ഞും കിടന്നു. പുതപ്പു മുഖത്ത് കൂടെ വാരി പുതച്ചു.. ഉഷ്ണിച്ചപ്പോൾ വലിച്ചു മാറ്റി.. വീണ്ടും കുളിരു തോന്നിയപ്പോൾ പുതച്ചു മൂടി.. ഉഷ്ണത്തിനും ശീതത്തിനുമിടയിൽ ഞാൻ എരിപൊരി കൊണ്ടു ..
ഇടക്കിടെ ഫോണെടുത്തു പരിശോധിചു.... പ്രണയം വേദനയാണെന്നു ബോധ്യമായി...
അസ്ഥികളിലേക്കു നീറി പടരുന്ന വേദനയെന്നെ നിദ്രാവിഹീനനാക്കി.
അതിരാവിലെയെഴുനേറ്റു പ്രഭാത കൃത്യങ്ങൾ കഴിച്ചു പെട്ടെന്നു തന്നെ കോളേജിലേക്ക് പുറപ്പെട്ടു... അന്തോണിയും ലിയയും വന്നെങ്കിലും അമ്മു എത്തിയിട്ടില്ല.. എന്റെ ഹൃദയം പെരുമ്പറ കെട്ടി.. അവളെഉടനെ കാണണമെന്നും ഇല്ലെങ്കിൽ ഈ നിമിഷം ഹൃദയം പൊട്ടി മരിക്കുമെന്നും തോന്നി... പ്രണയത്തിന്റെ സിംബൽ ഹൃദയമായതു എങ്ങിനെയെന്ന് വ്യക്തമായി ..
അന്തോണിയും ലിയയും പറയുന്നത് ശ്രദ്ധിക്കാതെ ഞാൻ അമ്മുവിന്റെ പിങ്ക് നിറത്തിലെ സ്കൂട്ടി കാണുന്നുണ്ടോ എന്ന് ശ്രദ്ധിച്ചിരുന്നു.
ഒടുവിൽ... പെരുമ്പറ കൊട്ടിന് ..അവസാനം മഞ്ഞ കുർത്തിയിട്ടു അവളിറങ്ങി വന്നു... എന്നെ കണ്ടതും പതിവുപോലെ ചിരിച്ചു.. തുടിക്കുന്ന ഹൃദയവുമായി എല്ലാവര്ക്കും പിന്നാലെ ക്ലാസ്സിലേക്ക് നടന്നു..
അവൾ ഒന്നും മിണ്ടുന്നില്ല.. എനിക്ക് നിരാശയും ദേഷ്യവും വന്നു...
ക്ലാസ്സിൽ ശ്രദ്ധിക്കാതെ മനസ് മഞ്ഞ കുർത്തിക്കരികെ ശലഭത്തെ പോലെ പാറി നടന്നു. പ്രണയം അവളെ കൂടുതൽ സുന്ദരിയാക്കിയോ?ഒരു വേള ഇതെനിക്ക് മാത്രം തോന്നിയതാണോ.. അവൾ മാത്രമാണ് സുന്ദരിയെന്നു മനസ് പറഞ്ഞു..
പ്രണയമെന്നെ അന്ധനാക്കി.. ക്ലാസ്സിൽ ശ്രദ്ധിക്കാതെ ബധിരനായി.. കൂട്ടുകാരോട് മിണ്ടാൻ സാധിക്കാതെ മൂകനായി....
വൈകുന്നേരം പതിവുപോലെ വാഹനങ്ങളിൽ വീട്ടിലേക്കു മടങ്ങവേ.. അമ്മു പിടിച്ചു നിർത്തി- “ വിഷ്ണു .. പ്രേമമൊന്നും വേണ്ട.. പഠിച്ചു ജോലിയാവട്ടെ ..എന്നിട്ടു വീട്ടുകാരാലോചിക്കട്ടെ..” മുഖം കയറ്റി പിടിച്ചിത്രയും പറഞ്ഞു അവൾ ജാടയിൽ വണ്ടി ഓടിച്ചു പോയി.. ഞാൻ വിഷണ്ണനായി നോക്കി നിന്നു
പ്രണയം നിരസിക്കപ്പെട്ടവന്റെ വ്യഥ ഞാനറിഞ്ഞു ..
വിഷാദമെന്നെ വലവീശി പിടിച്ചു.. എവിടെയെങ്കിലും പോയി ഓടി ഒളിക്കണമെന്നും കായലിൽ ചാടി ചാവണമെന്നും മനസ് വിളിച്ചു കൂവി...
ഇനി ഒരിക്കലും അമ്മുവിൻറെ മുന്നിൽ ചെന്ന് നിൽക്കാതിരിയ്ക്കാനാശിച്ചു
വീട്ടിലെത്തി.. വാതിലടച്ചു .
ഇരുപത്തിനാലു മണിക്കൂർ നേരത്തെ പ്രണയത്തെ കുറിച്ച് ആലോചിച്ചു.. പ്രണയമെനിക്കെന്താണ് നൽകിയത് ? ഇന്ന് വരെ അനുഭവിക്കാത്ത വേദന, ഉറക്കമില്ലായ്മ , അരുചി , ഏകാന്തത, അസൂയ, സ്വാർത്ഥത, ഭ്രാന്തു....
ആലോചനക്കൊടുവിൽ കാറ്റു പോയ ബലൂൺ പോലെ ശൂന്യനായി...
പ്രണയത്തിന്റെ സുവിശേഷ പുസ്തകമടച്ചു വെച്ച് കുളിച്ചു ഉന്മേഷവാനായി.
രാത്രി അഞ്ചു ചപ്പാത്തിയും ചിക്കനും കഴിച്ചു അമ്മയെ ഞെട്ടിച്ചു..
ആകാശത്തു പാറി നടക്കുന്ന പട്ടം പോലെയായി മനസ് .. രാത്രി കിടക്കുമ്പോളുരുവിട്ടു-
“ പ്രണയം ദുഖമാണുണ്ണി ...
വായ്നോട്ടമല്ലോ സുഖപ്രദം....** Sanee John.

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo