Slider

ഖത്തർ വിസ

0
നാലാമത്തെ പെഗ്ഗിൽ മൂന്നാമത്തെ ഐസ്‌ ക്യൂബിടാനൊരുങ്ങിയ മുരളിയെ ഞാൻ തടഞ്ഞു- ഇനിയും നേർപ്പിക്കേണ്ട.
പശ്ചാത്തലത്തിൽ ജഗ്ജിത്‌ സിങ്ങിന്റെ ഗസൽ
" പ്യാർ കാ പെഹ്‌ലാ ഖത്‌ ലിഖ്നെ മെ വക്ത്‌ തൊ ലഗ്താ ഹെ" വിജയ്‌ സ്വയം മറന്ന് കൂടെ പാടുന്നു.
ഐസ്‌ ക്യൂബിൽ നിന്ന് ചെറു കുമിളകൾ മേലോട്ടുയരുന്നു. ഞാൻ സോഫായിൽ പിന്നിലേക്ക്‌ ചാരി മെല്ലെ കണ്ണുകളടച്ചു.
നിർത്താതെ ബെല്ലടിക്കുന്നത്‌ കേട്ട്‌ കണ്ണുകൾ ബുദ്ധിമുട്ടി തുറന്ന് ഫോണെടുത്ത്‌ നോക്കി- വൈഫ്‌ കാളിംഗ്‌.
ദൈവമെ! സിരകളിലെ ലഹരി പകുതി ആവിയായി. ഏത്ര മൈലുകൾ ദൂരെയിരുന്നാലും ഭർത്താക്കന്മാരുടെ കാര്യങ്ങൾ മണത്തറിയാനുള്ള ഭാര്യമാരുടെ കഴിവ്‌, ശുനകനും തോറ്റു പോകുന്ന ഘ്രാണ ശക്തി.
അങ്ങോട്ടെന്തെങ്കിലും പറയുന്നതിനു മുന്നെ ഇങ്ങോട്ട്‌ പറഞ്ഞു- ഞാൻ ലുലു മാൾ കഴിഞ്ഞുള്ള സിഗ്നലിൽ നിന്നും ലെഫ്റ്റ്‌ എടുത്ത്‌ സ്റ്റേഡിയത്തിനടുത്ത്‌ നിൽക്കുന്നു, ഇനി ഏതാ സ്റ്റ്രീറ്റ്‌? വില്ല നമ്പർ എത്രയ?
എന്റെ മിട്ടാട്ടം മുട്ടിപോയി! തുടരെ തുടരെയുള്ള ഹലൊ യിൽ സ്ഥല കാല ബോധം വീണ്ടെടുത്ത്‌ കൊണ്ട്‌ ചോദിച്ചു- നീയെങ്ങനെ ഇവിടെയെത്തി? വിസയും ടിക്കറ്റുമൊക്കെ?
ഒരു പരിഹാസ ചിരിയുടെ അകമ്പടിയിൽ മറുപടി തന്നു- അതൊന്നും അറിഞ്ഞില്ലെ? ഇപ്പോൾ ഖത്തറിൽ വരാൻ ഇന്ത്യാക്കാർക്ക്‌ വിസ വേണ്ട ഞാനും പിള്ളാരും ടിക്കറ്റുമെടുത്തിങ്ങ്‌ പോന്നു, വില്ല നമ്പർ പറ മനുഷ്യ!!
നിങ്ങളവിടെ നിൽക്ക്‌, ഞാൻ വന്ന് പിക്ക്‌ ചെയ്യാം. മറുപടി കൊടുത്തിട്ട്‌ പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു.
പെട്ടെന്ന് വാറ്റ്സപ്പ്‌ തുറന്ന് പല മെസേജുകളും ഡിലിറ്റ്‌ ചെയ്തു. എഫ്‌ ബി മെസ്സഞ്ചറിൽ നിന്നും മെസേജ്‌ ഡിലിറ്റ്‌ ചെയ്യുന്നതിലും എളുപ്പം മെസ്സഞ്ചർ ഡിലീറ്റ്‌ ചെയ്യുന്നത്‌ ആയിരുന്നു.
തുടരെ തുടരെ വാതിലിൽ മുട്ട്‌ കേട്ടപ്പോൾ നെഞ്ചിടിപ്പ്‌ കൂടി- അവൾ തിരക്കി പിടിച്ചെത്തി.
എല്ലാം ശരിയെന്ന് ഒരിക്കൽ കൂടി ഉറപ്പ്‌ വരുത്തി കതക്‌ തുറന്നു, മുന്നിൽ ഒറ്റക്ക്‌ നിൽക്കുന്നത്‌ കണ്ട്‌ ചോദിച്ചു- മക്കളെവിടെ?
എന്റെ മക്കൾ എന്റെ വീട്ടിൽ- വഴയിലയിൽ, മറുപടി കേട്ടപ്പോൾ മനസ്സിലായി മുന്നിൽ നിൽക്കുന്നത്‌ മുരളിയാണെന്ന്.
മുരളിയെന്താ ഇവിടെ? ചോദ്യം മുരളിയെ ഞെട്ടിച്ചു.
ഞാനിവിടാ താമസം, കഴിഞ്ഞ രണ്ട്‌ മാസമായിട്ട്‌, പുറത്തേക്കിറങ്ങുന്നുണ്ടെങ്കിൽ റെഡിയായി താഴേക്ക്‌ വാ. അത്രയും പറഞ്ഞു മുരളി സ്റ്റെപ്പിറങ്ങി താഴേക്ക്‌ പോയി, ഒപ്പം പശ്ചാത്തലത്തിൽ അകന്ന് പോകുന്ന ശബ്ദം- വെള്ളവും സോഡായും ചേർക്കാതെ എടുത്ത്‌ മോന്തും, എന്നിട്ട്‌ പിച്ചും പേയും പറച്ചിൽ.
ഞാൻ പെട്ടെന്ന് ഫോണെടുത്ത്‌ നോക്കി, ഇല്ല കാളൊന്നും വന്നിട്ടില്ല, മെസേജുകളും മെസ്സഞ്ചറും യഥാ സ്ഥാനത്ത്‌.
ഒരു ചോദ്യം അവശേഷിക്കുന്നു- താഴത്തെ നിലയിൽ സോഫായിലിരുന്ന ഞാനെങ്ങനെ മുകളിലത്തെ ബെഡ്‌ റൂമിലെത്തി?

Asok V
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo