Slider

മാഷ്

0

ഷൺമുഖൻ മാഷ് ക്ലാസ് മുറിയിലേക്ക് കടന്നു വന്നു.ഞങ്ങളുടെ മനസിൽ തീ മഴപെയ്യുകയായിരുന്നു. എങ്ങനെയെങ്കിലുംഈ പിരീഡ് ഒന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കിൽ,ഞങ്ങൾ ആശിച്ചു.ആദ്യബെഞ്ചിന്റെ അറ്റത്തായിരുന്നു ഞാനിരുന്നത് .അതു കാരണം തന്നെ അടികൊള്ളാനുള്ള അവസരം കൂടുതലും എനിക്കായിരുന്നു ലഭിച്ചിരുന്നത് .
മാഷ് പുസ്തകം തുറന്നു.കഴിഞ്ഞ ദിവസത്തിൽ പഠിപ്പിച്ചുതന്ന പാഠഭാഗത്തിലെ ചോദ്യം എന്നോട് ചോദിച്ചു.

" രാസഗതികം എന്നാലെന്ത് ?"
" രാസ പ്രവർത്തന വേഗതയേയും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെയും
കുറിച്ച് പ്രതിപാദിക്കുന്ന രസതന്ത്രശാഖയാണ് രാസഗതികം "
അങ്ങനെയെന്തോ ഉത്തരം അന്നു ഞാൻ പറഞ്ഞു. ഇന്നു വ്യക്തമായി ഓർക്കുന്നില്ല.
പക്ഷേ അന്ന് പറഞ്ഞ ഉത്തരം ശരിയായിരുന്നു. അതു കേട്ടു മാഷ് പറഞ്ഞു
" കിഴങ്ങൻ പഠിച്ചല്ലോ?"
ആ പാഠഭാഗത്തിലെ ആകെ അറിയാവുന്ന ഒരുത്തരം അതു മാത്രമായിരുന്നു .അടികിട്ടാത്തതിൽ സന്തോഷം തോന്നി.
മാഷ് പിന്നെയും എന്തൊക്കയോ പഠിപ്പിച്ചു.
പിന്നെ ലാസ്റ്റ് ബഞ്ചിലിരുന്ന അബുവിനോടായിരുന്നു മാഷിന്റെ അടുത്ത ചോദ്യം.
"ത്രഷോൾട് എനർജിയെന്നാലെന്ത്?"
അബു നിന്ന് വട്ടം കറങ്ങി .
കൊടുത്തു മാഷ്
രണ്ടെണ്ണം എന്നിട്ടു ഞങ്ങളോടായി പറഞ്ഞു.
"ഇത്രയും നേരം ഇവിടെ കിടന്നു നിലവിളിക്കുന്നത് നിങ്ങൾക്ക് മനസ്സിലാവാനാണ്.മനസ്സിലാവാത്തവർ എഴുന്നേറ്റു നിന്നു പറയുകയാണ് വേണ്ടത്.അല്ലാതെ ചോദ്യം ചോദിക്കുമ്പോൾ താഴോട്ട് നോക്കി നിൽക്കരുത് "
സത്യത്തിൽ എനിക്കു മാത്രമല്ല ക്ലാസിലെ നല്ലപ്പോലെ പഠിക്കുന്ന കുട്ടികൾക്ക് വരെ മനസ്സിലായില്ല. മാഷ് പഠിപ്പിച്ചു തന്ന പാഠഭാഗം .
എവിടെന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു.
" സാർ എനിക്ക് മനസ്സിലായില്ല "
" കണ്ടോ കിഴങ്ങന് കാര്യം മനസ്സിലായി "
മേശപുറത്തിരുന്ന വടിയെടുത്ത് മാഷ് എന്റെ തുടയിൽ മഴവില്ല് വരച്ചു.
എനിക്കു കിട്ടിയ അടിയുടെ കാരണം അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.അതു നോക്കിയിരുന്ന മാഷ് ചോദിച്ചു .
" ഇത്രയും നേരം പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ നിന്റെ ശ്രദ്ധയെവിടെയായിരുന്നു. "
ബെല്ല് അടിച്ചപ്പോൾ മാഷ് പുസ്തകം എടുത്ത് നടന്നു പോയി.
പിന്നെയും ഒരു പാട് തല്ല് കിട്ടി പഠിപ്പിച്ച്, പഠിപ്പിച്ച് മാഷ് തോറ്റതല്ലാതെ ഞാൻ തോറ്റിട്ടില്ലായിരുന്നു.
വാകമരച്ചോട്ടിൽ ഗോലി കളിച്ചതും, സ്ക്കൂൾ മതിലിൽ ഇഷ്ട്ടപ്പെട്ട പെൺകുട്ടിയുടെ പേര് എഴുതി പിടിപ്പിച്ചതും മാത്രം ബാക്കിയാക്കി.പത്താംതരം തോറ്റതോടെ ആ സ്ക്കൂൾ മുറ്റത്തു നിന്നും ഞാൻ പടിയിറങ്ങി പോന്നു.
വർഷങ്ങൾക്കു ശേഷം മാഷിന് ഞാൻ
വീണ്ടും കണ്ടു മുട്ടി അന്ന് എന്നോട്
ചോദിച്ചു
" നീ എന്ത് ചെയ്യുന്നു?"
ഞാൻ പറഞ്ഞു
" ഗൾഫിലാണ് "
" എന്താ നിന്റെ ജോലി "
" വെൽഡിങ്ങ് "
മാഷ് ചിരിച്ചു കൊണ്ട് ചോദിച്ചു.
" വെൽഡിങ്ങ് എന്നാലെന്ത് ?"
ആ ചോദ്യത്തിന് മുമ്പിൽ ഞാൻ പഴയ
പത്താം തരത്തിലെ കുട്ടിയായി.
" രണ്ടോ അതിലധികമോ ലോഹ പദാർത്ഥങ്ങളെ തമ്മിൽ ഹീറ്റും പ്രഷറും ഉപയോഗിച്ച്
കുട്ടി യോജിപ്പിക്കുന്ന പ്രക്രിയയെ വെൽഡിങ്ങ് എന്ന് പറയുന്നു "
അത് കേട്ട് മാഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
"ജീവിക്കാൻ വേണ്ടി രസതന്ത്രവും ഊർജതന്ത്രവും നീ ഇന്നു വൃത്തിയായി പഠിക്കുന്നു അല്ലെ "
മാഷിനോട് ഒന്നും പറയാൻ കഴിഞ്ഞില്ല പരീക്ഷക്ക് തോറ്റു പോയ കുട്ടിയെ പോലെ ഞാൻ വെറുതെ തലതാഴ്ത്തി നിന്നു.
'വിദ്യാഭ്യാസം എനിക്കില്ല പക്ഷേ പച്ചരി വാങ്ങിക്കാനുള്ള നിത്യാഭ്യാസം എനിക്കറിയാമെന്ന് ' പറയണമെന്നുണ്ടായിരുന്നു പക്ഷേ പറയാൻ കഴിഞ്ഞില്ല. ഞാൻ പഠിച്ച പാoഭാഗത്തിലെ ഒരു വരിയും,ഞാൻ തന്നെ കണ്ടു പിടിച്ച മറ്റൊരു വരിയും. ജീവിതത്തിൽ എന്നെ ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു..
'വിദ്യാധനം സര്‍വ്വധനാത് പ്രധാനം വിദ്യായില്ലാത്തവന് ഒരു വിലയുമില്ല'

By: Manu Parakkal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo