Slider

അന്ധത

0

അയാൾ കൂനിക്കൂടിയിരുന്ന് വീണ്ടും വീണ്ടും ഇൻബോക്സിൽ ചികഞ്ഞു കൊണ്ടിരുന്നു. മെസേജുകളുടെ മഹാ പ്രളയം.... അയാളുടെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി തെളിഞ്ഞു. ഇന്നലെ വരെ ഒരു ഹായ് പോലും വന്നിരുന്നില്ല തന്റെ ഇൻ ബോക്സിൽ..... അല്ലെങ്കിലും ഒരു നാൽപത്താറു കാരന്റെ 'ഹായ്' യ്ക്കു മറുപടി തരാൻ ആർക്കെങ്കിലും താത്പര്യം കാണുമോ? ഇനി തന്നാൽ തന്നെ ചെറിയ ചെറിയ ഉപചാര വാക്കുകൾ... പിന്നെ ഒന്നുമില്ല... ഇനി അങ്ങോട്ടെന്തെങ്കിലും പറഞ്ഞാലോ.... 'സോറീ ട്ടൊ... ഇത്തിരി ബിസിയാണേ.... ' എന്ന പതിവു പല്ലവിയും....
അതുകൊണ്ടാണ് അയാൾ കളിയൊന്നു മാറ്റിക്കളിക്കാൻ തീരുമാനിച്ചത്.... പുതിയ രൂപത്തിൽ ,പുതിയ ഭാവത്തിൽ , പുതിയ പേരിൽ മുഖപുസ്തകത്തിൽ ഒന്നു മേഞ്ഞു നടക്കാൻ...
അന്നു മുതൽ അയാൾ 'സഞ്ജയ് മോഹൻ ' എന്ന അവിവാഹിതനായ ഇരുപത്തിനാലുകാരനായി ..... ഗൂഗിളിന്റെ അകത്തളങ്ങളിലെവിടെനിന്നോ കിട്ടിയ സുന്ദരന്റെ മുഖവുമായി വിലസിയ അയാളെ തേടി ഓൺ ലൈൻ ലോകത്തെ സുന്ദരിമാരുടെ റിക്വസ്റ്റുകൾ വന്നു കൊണ്ടേയിരുന്നു.
അതിനിടയിലാണ് പുതിയ തലമുറയുടെ സ്വപ്ന സുന്ദരി 'പാർവതി ' യുടെ മുഖച്ചിത്രമുള്ള ഒരു പെൺകുട്ടിയെ അയാൾ ശ്രദ്ധിച്ചത്. 'കീർത്തന ' അതാണവളുടെ പേര്. അയാൾ അവളുടെ ഇൻബോക്സിലേക്കൊന്നു എത്തിനോക്കി.
' ആക്ടീവ് നൗ ' ... അയാൾക്ക് രോമാഞ്ചമായി.
'ഹായ് കീർത്തന '
അധികം കാത്തിരിക്കേണ്ടി വന്നില്ല .മറുപടി വന്നു
'ഹായ് സഞ്ജു ' അതയാൾക്ക് ഇഷ്ടപ്പെട്ടു... എന്തൊരു ചുറുചുറുക്ക്...
'ഈ ചായ തണുത്തൂ ട്ടൊ.... നിങ്ങളിപ്പഴും അതില് തോണ്ടി ഇരിക്കാണോ?'ഭാര്യയുടെ ഓർമ്മപ്പെടുത്തൽ അയാളെ മുഷിപ്പിച്ചു... അവൾ പറഞ്ഞത് കേട്ടതായി പോലും ഭാവിച്ചില്ല.ഒരു കാലത്ത് സുന്ദരിയായിരുന്നെന്ന് പറഞ്ഞിട്ടെന്താ.. ഇപ്പൊ മെലിഞ്ഞുണങ്ങി കോലാടിന്റ രൂപമാണവൾക്ക്.... അയാൾ ആ മുഖത്തു നോക്കാൻ പോലും മടിച്ചു.
' അച്ഛനും മോളും വീട്ടിലെത്ത്യാ ചുണ്ണാമ്പ് തേച്ചിരിക്കാനെ നേരള്ളൂ..... നേരം വെള്ത്ത് അന്ത്യാവോളം വെച്ച്ണ്ടാക്കി ചാകാനായ ഒരു ജൻമം ഇവടുണ്ട് ന്ന്ള്ള ഒരു ചിന്തയൂല്ല...' അയാൾ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ അവളെന്തൊക്കെയോ പിറുപിറുത്തു.
ചാറ്റിംഗിന്റെ രസച്ചരട് മുറിഞ്ഞ നീരസത്തോടെ എഴുന്നേറ്റു വന്നു തണുത്ത ചായ മൊത്തിക്കുടിക്കുമ്പോഴാണ് മോളെ ഓർത്തത്. അവൾ പ്ലസ് ടുവിനാണ്. പത്തിൽ മുഴുവൻ എ പ്ലസ് ഉണ്ടായിരുന്നതാണ്. ഇക്കൊല്ലവും അവൾ തന്റെ അഭിമാനമാകുമെന്ന് അയാൾക്കുറപ്പുണ്ട്. പഠിക്കുകയാവും... അയാൾ അവളുടെ മുറിയിലേക്ക് ചെന്നു. അവളവിടെ ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്നു.. അയാൾക്കു ദേഷ്യം വന്നു....
'നീയെന്താ ചെയ്യ്ണെ?'
'അച്ഛാ.... ഞാൻ വെറുതെ..... ഫേസ് ബുക്കൊന്നു നോക്കിയതാ.. '
അയാൾക്ക് ദേഷ്യം ഇരച്ചു കയറി.....
'മൊട്ടേന്നു വിരിഞ്ഞില്ല... അപ്പഴക്കും തൊടങ്ങിയോ. അതൊന്നും ശരിയല്ല... ഫോണെടുത്തു വച്ചു പഠിക്കാൻ നോക്ക്....' അവളൊന്നും മിണ്ടിയില്ല. വിഷമമായെന്ന് തോന്നുന്നു ....
രാത്രി എല്ലാവരും കിടന്ന ശേഷമാണ് അയാൾ മൊബൈൽ തുറന്നു നോക്കിയത്.... കുറേ തരുണീമണികൾ ചിരിക്കുന്ന മുഖങ്ങളുമായി കുഞ്ഞു കുഞ്ഞു വൃത്തങ്ങളിലേറി പറന്നു വന്നിരിക്കുന്നു. അതിലൊന്നിൽ പാർവതിയുടെ രൂപത്തിൽ കീർത്തനയുമുണ്ടായിരുന്നു.
അന്നു മുതൽ ആ സൗഹൃദം വളർന്നു. വളർന്നു വളർന്നു മാനം മുട്ടി..... അവരുടെ സംസാരം എല്ലാ അതിരുകളെയും ഭേദിച്ചു... താൻ ഒരു നാൽപത്താറുകാരനാണെന്ന് അയാൾ മറന്നു പോയി..... തനിക്കു ഭാര്യയും മകളുമുണ്ടെന്ന് അയാൾ ഓർത്തതേ ഇല്ല....
അവൾക്ക്.... ആ പതിനെട്ടുകാരിക്ക് സഞ്ജു എല്ലാമെല്ലാമായി മാറുന്നത് അയാൾ അനുഭവിച്ചറിഞ്ഞു..... അതു പോലെ അവൾ പാർവതിയുടെ ഛായയുള്ള തന്റെ 'കിന്നു 'വാകുന്നതും
പക്ഷെ ... എന്തൊക്കെ തന്നെ സംസാരിച്ചാലും അവൾ അവളെ കുറിച്ചൊന്നും പറഞ്ഞില്ല.... ചോദിക്കുമ്പോഴൊക്കെ വഴുതി മാറാൻ അവൾക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു . മാത്രമല്ല സഞ്ജുവിനെ കുറിച്ച് കൂടുതൽ ' അന്വേഷിക്കാറുമില്ല..... അയാൾക്ക് അത് വളരെ ഉപകാരമായി തോന്നി.
' ഇപ്പൊ തന്നെ എല്ലാം പറഞ്ഞു കഴിഞ്ഞാൽ നേരിട്ടു കാണുമ്പോൾ ഒന്നും പറയാനുണ്ടാവില്ല' എന്നാണ് അവളുടെ നിലപാട്.
അവളോട് നാല് പഞ്ചാര പറയാതെ അയാൾക്ക് ഉറക്കം വരാതായി.... ഇന്നിപ്പൊ .....ദാ.. പുതിയൊരാഗ്രഹം..... അവളെ ഒന്ന് കാണാതെ തനിക്കിനി ഇരിക്കപ്പൊറുതിയുണ്ടാവില്ലെന്ന് അയാൾക്ക് മനസ്സിലായി....
'എന്റെ കിന്നൂ. നിന്നെ കാണാതെ ഇനി എനിക്കു വയ്യ.' മെസേജ് കേറുന്നതും അതിന്റെ അരികിലായി അവളുടെ മുഖം വന്നു നിൽക്കുന്നതും അയാൾ കണ്ടു...... കുറെ നേരത്തെ മൗനത്തിനു ശേഷം അവളുടെ മറുപടി വന്നു... ഉമ്മ വെക്കുന്ന മൂന്ന് സ്മൈലികൾ.... അയാളുടെ മനസ്സിൽ ഒരായിരം ലഡുകൾ പൊട്ടി. അയാളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു.
' എന്നാ നിന്റെ മൊബൈൽ നമ്പർ താ കിന്നൂ.....'
'അതു വേണ്ട സഞ്ജൂ.... ഇതമ്മേടെ ഫോണാ.... ഞാനെവിടെയാ വരണ്ടത് ന്ന് പറഞ്ഞാ മതി. ഞാനവിടെ എത്തിക്കോളാം'
'എന്നാൽ..... സിറ്റി പാലസിൽ വാ... അവിടെ 22ാം നമ്പർ മുറിയിൽ ഞാൻ കാത്തിരിക്കും....'
നഗരത്തിലെ ഏറ്റവും നല്ല ലോഡ്ജാണ് സിറ്റി പാലസ്..... വി.വി.ഐ.പി. പരിഗണന കിട്ടും. എത്ര പണം കൊടുത്താലും അവിടെ ഒരു മുറി കിട്ടുക എന്നത് പ്രയാസമാണ്. കിന്നു വരുംന്ന് ഉറപ്പുള്ളത് കൊണ്ട് മുറി മുൻകൂട്ടി ബുക് ചെയ്ത തന്റെ ബുദ്ധിയിൽ അയാൾ സ്വയം അഭിമാനിച്ചു.
'അല്ല മോളെ.... എനിക്കെങ്ങനെയാ നിന്നെ മനസ്സിലാവാ? ആ സമയത്ത് വേറാരെങ്കിലും മുറിയിൽ കയറി വന്നാലോ... ആകെ പണിയാവില്ലേ..?' ആ ആശങ്കയ്ക്കും അവളുടെ അടുക്കൽ പരിഹാരമുണ്ടായിരുന്നു.
'സഞ്ജു..... നിനക്കിഷ്ടപ്പെട്ട ബ്ലൂ കളറിലുള്ള ചുരിദാറിട്ടിട്ടാ ഞാൻ വരുന്നെ.... '
അയാളുടെ മനസു നിറഞ്ഞു.....
'ഗുഡ് നൈറ്റ് ഡിയർ.... നാളെ കാണാം'
'പിന്നെയ്..... സഞ്ജൂ ..... എന്നെ ചതിക്കില്ലല്ലോ?'
അതു പറയുമ്പോൾ മാത്രം അവളുടെ ഉശിര് ഇത്തിരി കുറഞ്ഞ പോലെ തോന്നി അയാൾക്ക്.
'എന്താ കിന്നൂ ഇത്... ഞാൻ നിന്നെ ചതിക്കുമോ? നിനക്കെന്നെ ഇഷ്ടാവോന്നാപ്പൊ എന്റെ പേടി...'
'അങ്ങനൊന്നും പറയല്ലെ ടാ.... എനിക്കിനി നിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാനേ വയ്യ.. ' ഇതു പറയുമ്പോൾ ആ വാക്കുകൾക്ക് കണ്ണീരിന്റെ നനവുണ്ടെന്ന് അയാൾക്ക് തോന്നി...
'സിറ്റി പാലസി 'ലെ ഇരുപത്തിരണ്ടാം നമ്പർ മുറിയിൽ അക്ഷമയോടെ അയാൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു. സമയം തീരെ മുന്നോട്ടു പോകാത്ത പോലെ.... ഒരോ സെക്കന്റിനും ഒരു മണിക്കൂർ ദൈർഘ്യമുണ്ടെന്ന് തോന്നിപ്പോകുന്നു...... തന്റെ കിന്നു ഇപ്പോൾ വരും. തന്നെ കാണുമ്പോൾ അവളെങ്ങനെ പ്രതികരിക്കുമോ ആവോ....? ഒരു ഇരുപത്തിനാലുകാരന്റെ സ്ഥാനത്ത് തന്നെ കണ്ടാൽ........ ഇല്ല.... ഒരു കുഴപ്പവുമില്ല.... സഞ്ജു അവളെ അത്ര മാത്രം സ്വാധീനിച്ചിട്ടുണ്ട്.
അവൾ വരുമ്പോൾ ആദ്യം തന്നെ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിക്കണം.... നിറയെ ഉമ്മകൾ കൊണ്ട് മൂടണം.... പിന്നെ... പിന്നെ...
അയാൾക്ക് ആവേശമായി.
എല്ലാം കഴിഞ്ഞാൽ അവളെ എങ്ങനെയെങ്കിലും ഒഴിവാക്കണം..... മെല്ലെ ഇവിടുന്ന് മുങ്ങണം.
 തന്റെ യഥാർത്ഥ മേൽവിലാസം മറച്ചു വെച്ച് ഒരു പെൺകുട്ടിയുടെ നായകനാകാൻ സഹായിച്ച സഞ്ജയ് മോഹനോട് അയാൾ നന്ദി പറഞ്ഞു..... സഞ്ജുവിനെ സൃഷ്ടിച്ച തന്റെ ബുദ്ധിയെ അഭിനന്ദിച്ചു....
'എന്റെ പ്രിയപ്പെട്ട സഞ്ജയ്....... ഇന്ന് നീ അവസാനിക്കുകയാണ്....... എന്നോടു ക്ഷമിക്കൂ..' അയാൾ മുഖപുസ്തകം തുറന്ന് 'സഞ്ജയ് മോഹൻ' എന്ന പേരിലുള്ള തന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.തന്റെ വെള്ളക്കുപ്പായത്തിൽ കറ പുരളാതിരിക്കാൻ എല്ലാ മുൻകരുതലുകളും അയാളെടുത്തിരുന്നു
അയാൾ ഒരു വട്ടം കൂടി അൽപം പൗഡർ പൂശി.... കണ്ണാടിയിൽ നോക്കി ചിരിച്ചു.... ഇരയെ കിട്ടിയ വേട്ടമൃഗത്തിന്റെ ഭാവമായിരുന്നു അപ്പോഴയാൾക്ക്.
കാത്തിരിപ്പുകൾക്കൊടുവിൽ വാതിലിൽ മൃദുവായി മുട്ടുന്ന ശബ്ദം...
'യെസ്.... കം ഇൻ.... ' അയാൾ കണ്ണാടിയിൽ നിന്ന് മുഖം തിരിക്കാതെ പറഞ്ഞു
അവളകത്തു കയറി.... പതിഞ്ഞ സ്വരത്തിൽ വിളിച്ചു 'സഞ്ജു ..... '
അതെ...... അവളെത്തിയിരിക്കുന്നു. അയാൾ നിറഞ്ഞ ചിരിയോടെ തിരിഞ്ഞു നോക്കി.....
പക്ഷെ...... പക്ഷെ അവിടെ..... നീല ചുരിദാറു ധരിച്ച് ....അതിസുന്ദരിയായി..... ചെറിയ നാണത്തോടെ നിൽക്കുന്ന തന്റെ മകളെ കണ്ട് അയാൾ ഞെട്ടിത്തരിച്ചു പോയി.......
അപ്പോൾ.... അപ്പോൾ..... സ്വന്തം ഭാര്യയെയും മകളെയും മറന്ന് താൻ പഞ്ചാര വർത്താനം പറഞ്ഞ് രോമാഞ്ചം കൊള്ളുമ്പോൾ .... അടച്ചിട്ട മുറിക്കകത്തു നിന്ന് തന്റെ മോളായിരുന്നോ കിന്നു വായി തന്നെ സുഖിപ്പിച്ചത്.....
കഴിഞ്ഞ രാത്രികളിൽ സഭ്യതയുടെ എല്ലാ മാനദണ്ഡങ്ങളും മറന്ന് താൻ അഴിഞ്ഞാടിയത് തന്റെ സ്വന്തം മോളോടൊത്തായിരുന്നോ......... ഇന്നിവിടെ ഈ മുറിയിൽ പിച്ചിച്ചീന്തണമെന്ന് താൻ മോഹിച്ചത് തന്റെ പൊന്നുമോളെയായിരുന്നോ.......? അയാൾക്ക് തന്നെയോർത്ത് അറപ്പു തോന്നി... അടിവയറ്റിലെവിടെയോ നിന്ന് എന്തൊക്കെയോ ഉരുണ്ടുകൂടി ഓക്കാനിക്കാൻ വരുന്ന പോലെ.....
അയാൾ വിമ്മിഷ്ടത്തോടെ തന്റെ മോളെ നോക്കി....... അവളും ആകെ അമ്പരന്നു നിൽക്കുകയാണ്..... കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല......
'അച്ഛാ.......' അവൾ ദയനീയമായി വിളിച്ചു
'അച്ഛാ...... ന്റെ സഞ് ജൂനെന്താ പറ്റിയെ....? '
അയാളാകെ കുഴങ്ങി..... തന്റെ നാവിന് തന്നെക്കാൾ ഭാരമുണ്ടോ......? അയാൾക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. അല്ലെങ്കിലും 'ഞാനാണ് മോളേ നിന്റെ സഞ്ജു 'വെന്ന് തനിക്കെങ്ങനെ അവളോട് പറയാൻ കഴിയും...!?
അവൾ തന്റെ അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നു .അയാളുടെ കോളറിൽ പിടിച്ചു കുലുക്കി.....
'അച്ഛാ.... അച്ഛൻ അവനെ എന്തെങ്കിലും ചെയ്തോ......? പറയച്ഛാ........ എനിക്കവനില്ലാതെ പറ്റില്ല.... പ്ലീസ്..... അവനെ എനിക്ക് തിരിച്ച് താ....' അവൾ അലറിക്കരഞ്ഞു...... അവൾ അയാളുടെ നെഞ്ചിലേക്ക് തളർന്നു വീണു.അയാൾ അവളെ ചേർത്ത് പിടിച്ചു. തന്റെ ചുണ്ടുകൾ അമർത്തിക്കടിച്ച് ഏങ്ങലടക്കാൻ പാടു പെടുകയായിരുന്നു അയാൾ.....
********** ********** ************** *******
ബോധം തെളിയുമ്പോൾ അവൾ ആശുപത്രിക്കിടക്കയിലായിരുന്നു. താനെങ്ങനെയാ ഇവിടെയെത്തിയതെന്ന് അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. തന്റെ ചുറ്റും തന്നെ നോക്കി നെടുവീർപ്പിടുന്ന മുഖങ്ങൾ' അവൾ തിരിച്ചറിഞ്ഞു ..... അവൾ തന്റെ അമ്മയെ നോക്കി ചിരിച്ചു. അച്ഛൻ അവളുടെ മുടിയിഴകൾ തഴുകിക്കൊണ്ടിരുന്നു.
'അച്ഛാ' അവളുടെ ശബ്ദം വല്ലാതെ ക്ഷീണിച്ചിരുന്നു.
'എനിക്ക് എന്റെ സഞ്ജൂ നെ കാണണം'
 അയാളാകെ വിയർത്തു പോയി .
'മോളെ.... അത്.... മോൾ അച്ഛനോട് ക്ഷമിക്കണം' അയാൾ വിക്കി വിക്കി പറഞ്ഞു
' വേണ്ടച്ഛാ' അത് ഒരലർച്ചയായിരുന്നു. അയാൾ വേവലാതിയോടെ അവളെ നോക്കി.... അവളുടെ മുഖഭാവം മാറി മാറി വരുന്നത് കണ്ട് അയാളുടെ ഹൃദയം നൊന്തു .പേടിയും പകയും ദുഃഖവുമെല്ലാം ആ കണ്ണുകളിൽ തെളിഞ്ഞു
'കൊന്നതാല്ലെ ?,..... ന്റെ സഞ്ജൂ നെ അച്ഛൻ കൊന്നതല്ലെ..... പേടിയാ..... എനിക്ക് നിങ്ങളെ പേടിയാ..... ' അവൾ അക്രമാസക്തയായി.
എല്ലാവരും കൂടി അവളെ ബലം പ്രയോഗിച്ച് സെല്ലിൽ പിടിച്ചിടുമ്പോഴും അയാൾക്ക് ഒരു മരവിപ്പോടെ നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.
ആരോ പതിയെ തന്റെ തോളിൽ കൈവെച്ചപ്പോഴാണ് അയാൾക്ക് പരിസരബോധം വന്നത്.... തിരിഞ്ഞു നോക്കി...ഭാര്യയാണ്.... കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ അയാളെ സഹതാപത്തോടെ നോക്കി.
'എനിക്കറിയാം..... അവളുടെ നല്ല ഭാവിക്കു വേണ്ടി നിങ്ങളെന്തെങ്കിലും ചെയ്തിരിക്കും..... അതിങ്ങനെയായി ലേ....'
ഫേസ്ബുക്കും വാട്സ് ആപ്പും അതിലെ ചതിക്കുഴികളുമെന്തെന്നറിയാത്ത അവളുടെ ആ നിഷ്കളങ്കത അയാളുടെ ഹൃദയത്തെ കൊത്തി വലിച്ചു.അത് അവളുടെ മെലിഞ്ഞുണങ്ങിയ മുഖത്തെ കൂടുതൽ കൂടുതൽ സുന്ദരിയാക്കുന്നതു അന്നാദ്യമായി ആ വേദനയ്ക്കിടയിലും അയാൾ ആശ്ചര്യത്തോടെ നോക്കി നിന്നു .. .....

മാജിദ നൗഷാദ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo