Slider

ചിത്രകഥ പുസ്തകങ്ങൾ

0
ചിത്രകഥ പുസ്തകങ്ങൾ
മൂന്നര വയസ്സിന്റെ വ്യക്തം ആയ കുറെ ഓർമ്മകൾ ഉണ്ട് എനിക്ക് ..മൂന്നര വയസിലാണ് എന്റെ 'അമ്മ എന്നെ ഒരു നഴ്സറി സ്‌കൂളിൽ കൊണ്ട് ആക്കിയത്.അന്നിട്ട ഉടുപ്പ് പോലും എനിക്ക് ഓർമയുണ്ട് .'അമ്മ തയ്ച്ചകാപ്പി പൊടി നിറത്തിൽ വെള്ള ഫ്രില്ലു പിടിപ്പിച്ച ഒരു ഉടുപ്പ് .നേഴ്‌സറി സ്‌കൂളിൽ ഒരു താറാവും കുതിരയുമേയുണ്ടായിരുന്നുള്ളു(തടിയുടെ).ചുവപ്പും മഞ്ഞയും പെയിന്റ് അടിച്ച താറാവ് ...വെള്ളയും കറുപ്പും പെയിന്റ് അടിച്ച ഒരു കുതിര...പിന്നെ രണ്ടു അധ്യാപികമാരും ഒരു ആയയും.പത്തു നാൽപതു കുട്ടികളും.(ഈ എണ്ണം 'അമ്മ പറഞ്ഞു തന്നതാണ് മൂന്നര വയസിൽ എണ്ണം അറിയില്ലല്ലോ).എനിക്ക് കുതിരയെ ഭയങ്കരമായിട്ടു ഇഷ്ടപ്പെട്ടു.അതിന്റെ മുകളിൽ കയറിയാൽ ഫെവിക്കോൾ വെച്ച് ഒട്ടിച്ച മാതിരി ആണ് എന്റെ ഇരുപ്പ്.എങ്ങനെയും ആരെങ്കിലും എടുത്തു മാറ്റാൻ ശ്രമിച്ചാൽ ട്രെയിൻ കൂവുന്ന മാതിരി ഞാൻ കൂവും.അത് പേടിച്ചു അവരെന്നെ അവിടെ തന്നെ ഇരുത്താറാണ് പതിവ് ..പക്ഷെഎത്ര നാൾ!!മറ്റു നാൽപതു കുട്ടികൾ ഒന്നിച്ചു കൂവാൻ തുടങ്ങിയപ്പോൾ രംഗം വഷളായി..അവർക്കും ഇരിക്കണം..ആയ എന്നെ താഴെ ഇറക്കാൻ ശ്രമം ആരംഭിച്ചു ..ഞാനുണ്ടോ ഇറങ്ങുന്നു? ഒടുവിൽ അത് ഒരു അടി കലശലിൽ കലാശിച്ചു..അവരുടെ തല ഭിത്തിയുടെ വക്കിൽ തട്ടി പൊട്ടുകയും ചെയ്തതോടെ എന്റെ പഠിത്തം ഏകദേശം ഒരു മാസം കൊണ്ട് അവസാനിക്കുകയും ചെയ്തു..
കുതിരയുടെ മുകളിൽ കയറാൻ പഠിച്ചത് അല്ലാതെ അക്ഷരമാല ഒന്നും ഞാൻ പഠിച്ചില്ല.എന്നെ പഠിപ്പിക്കാൻ അവർ ശ്രമിക്കാഞ്ഞതല്ല കുതിരയുടെ മുകളിൽ നിന്നിറങ്ങിയിട്ടു വേണമല്ലോ പഠിക്കാൻ...'അമ്മ നല്ല അടി തന്നു അന്ന് എന്നെ വീട്ടിൽ കൊണ്ട് വന്നു.അടിയെ ഒന്നും അന്നേ പേടിയില്ല ...ഞാൻ ഓടും ..പി ടി ഉഷ തോൽക്കുന്ന ഓട്ടം ഓടും.അമ്മയ്ക്ക് പോയിട്ടു എന്റെ കസിൻ ചേട്ടന്മാർക്കു പോലും പിടിക്കാൻ പറ്റൂല.അമ്മയാകെ ടെന്ഷനിലായി
കുറച്ചു അടുത്തായി ഒരു വിജി ടീച്ചർ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നുണ്ട് എന്നറിഞ്ഞു .എന്നും കൊണ്ട് വിടുവോന്നും വേണ്ട ഞാൻ ഒറ്റ ഓട്ടത്തിന് പൊക്കോളും.പഠിക്കാനുള്ള എന്റെ ഉത്സാഹം കണ്ടു അമ്മയുടെ കണ്ണ് നിറഞ്ഞു കാണും.എന്റെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല.വിജി ടീച്ചറിന്റെ വീട്ടിൽ നിറയെ മരങ്ങൾ ഉണ്ട്. ..ചെറിയ ചെറിയ" ഒട്ടുമാവുകൾ "പ്ലാവുകൾ ആഞ്ഞിലി ...എനിക്കേറ്റവും ഇഷ്ടം ഒട്ടുമാവുകൾ ആണ് അതിനു പൊക്കം കുറവാണു എളുപ്പം കയറാം .അതിൽ എപ്പോളും മാങ്ങാ ഉണ്ടാവും ..കുഞ്ഞു മാങ്ങകൾ ആണ് അതിന്റെ ഒരു അറ്റം കടിച്ചിട്ടു ഒറ്റ വലി വലിക്കണം മുഴുവൻ ചാറും വായ്ക്കുള്ളിൽ ആകും ..തേനിന്റെ മധുരമാണ് അതിന്..കുതിരയുടെ മുകളിൽ നിന്ന് ഇറക്കാൻ അവർ പാടുപെട്ടതിന്റെ നാലിരട്ടി ടീച്ചർ പാടുപെട്ടു മാവിന്റെ മുകളിൽ നിന്നിറക്കാൻ..എവിടുന്നു? .ഒടുവിൽ ടീച്ചർ ആയുധം വെച്ച് കീഴടങ്ങി എന്റെ പഠനം തീർന്നു.
"ദൈവമേ വയസു നാലുകഴിഞ്ഞു എഴുത്തും വായനയും പഠിക്കാതെ എന്ത് ചെയ്യും?"
അമ്മയുടെ ആവലാതി അച്ഛൻ ശ്രദ്ധിച്ചില്ല എങ്കിലും ദൈവം ഫ്രീ ആയിരിക്കുന്ന ടൈം ആയിരുന്നത് കൊണ്ട് കേട്ടു പരിഹാരവും കൊടുത്തു.'അമ്മ ജോലി ചെയുന്നത് കൃഷി ആഫിസിലാണ് ..കാർഷികാവശ്യങ്ങൾക്കായി അവിടെ വന്ന ഒരാൾ എന്നെ പഠിപ്പിക്കാം എന്നേറ്റു. അദ്ദേഹത്തിന് ആശാൻകളരി ഉണ്ട് പോലും.ആശാന് ഒരു അമ്പതു വയസുണ്ടാകും .നന്നേ വെളുത്തു അല്പം തടിച്ചു ലേശം വളഞ്ഞു കൂട് പുരികം ഉള്ള ഒരാൾ ..അദ്ദേഹത്തിന്റെ കളരി ഒരു കളരി തന്നെ ആണ്.."നിലത്തെഴുത്തു"ആണ് അവിടെ. ഓലപ്പുരയാണ് ...മണ്ണിൽ ഞങ്ങൾ കുട്ടികൾ ഇരിക്കും.മണലിൽ വിരൽ വെച്ച് അമർത്തി എഴുതണം..പൂഴിമണൽ ഒന്നുമല്ല നന്നയി വേദനിക്കും..ഇന്നും ആ വേദന ഒക്കെ എനിക്കോര്മയുണ്ട്.എഴുതിയില്ലേൽ സൈക്കിൾ കയറ്റം ഉണ്ട്..അത് ഒരു കോഡ് ആണ് എഴുതാൻമടിയുള്ളവരുടെ തുടയിൽ അമർത്തി കിഴുക്കും.അപ്പോൾ നമ്മൾ അറിയാതെ സൈക്കിൾ ചവിട്ടും പോലെ കാലുകൾ കറക്കും .എഴുതാൻ എനിക്ക് ഒരു താല്പര്യവും ഇല്ല.എന്നും സൈക്കിൾ ചവിട്ടാറുണ്ട്..ആശാൻ എന്നും അമ്മയോട് പരാതി പറയും..
അമ്മയുടെ വീട് ആലപ്പുഴയാണ്.അവർ ആദ്യം താമസിച്ചിരുന്നത് തകഴി ശിവശങ്കർ പിള്ള സാറിന്റെ വീടിനു തൊട്ടു അടുത്തായിരുന്നു ..ആ വീട്ടുകാരുമായി ഗാഢമായ ഒരു ബന്ധമുണ്ടായിരുന്നു അമ്മയുടെ വീട്ടുകാർക്ക്...എന്നെ എഴുത്തിനിരുത്തിയത് ,ആദ്യമായി ഹരി ശ്രീ കുറിച്ചത് തകഴി സാർ ആണ് .ഞാൻ പഠനത്തിൽ ഒട്ടും താൽപ്പര്യം കാണിക്കാതെ നടക്കുമ്പോൾ ......
"ദൈവമേ തകഴി സാറിന്റെ വില കളയുമല്ലോ ഇവള്"
വെറും നാലു വയസുള്ള ഞാൻ തകഴി ശിവശങ്കരപ്പിള്ള എന്ന മഹാന്റെ വില കളയും പോലും..അത് കേട്ടു അച്ഛൻ ചിരിക്കും കാരണം മറ്റൊന്നുമല്ല
ഒരിക്കൽ ക്രിക്കറ്റ് കളി കാണുമ്പോൾ "
"ഒരാൾ അടിക്കുന്നു ഒരാൾ എറിയുന്നു കുറെ പേര് വെറുതെ നോക്കി നിൽക്കുന്നു എല്ലാര്ക്കും ഓരോ ബോളും ബാറ്റും കൊടുത്തിരുന്നെങ്കിൽ എല്ലാരും അടിച്ചോണ്ടു നിൽകുകേല? എന്ത് കളിയപ്പാ ഇത് ?"
എന്ന് ചോദിച്ച മഹതി ആണ് എന്റെ 'അമ്മ.
"നമുക്കു ആരോടും പറയണ്ട ഇവളെ തകഴി സാർ ആണ് എഴുത്തിനു ഇരുത്തിയത് എന്ന്"അച്ഛൻ അമ്മയെ സമാധാനിപ്പിക്കും..
അച്ഛൻ കളി ആക്കുന്നതാണെന്നു അമ്മയ്ക്ക് ഒട്ടും മനസിലായിട്ടുമില്ല.എന്റെ വീട്ടിലെ മൾബറി,ചെത്തി,ചെമ്പരത്തി,എന്നിവ ശോഷിച്ചു തുടങ്ങി.എന്നെ അടിക്കാനുള്ള കമ്പു കൊടുത്തു അവർ ക്ഷീണിച്ചതു മിച്ചം...ആശാൻ കളരിയിൽ നിന്ന് രക്ഷപ്പെടണം അതാണ് എന്റെ ചിന്ത.
ഒരു ദിവസം എന്റെ എതിരിൽ ഇരുന്ന കുട്ടി ആശാൻ നുള്ളിയതും കരഞ്ഞു കൊണ്ട് മണലിൽ മൂത്രം ഒഴിച്ചു.അതോടെ ക്‌ളാസ്സിലെ കുട്ടിയുടെ അന്നത്തെ ക്‌ളാസ് അവസാനിച്ചത് കണ്ടു എന്റെ മനസ്സിൽ "ലഡു"പൊട്ടി ..'അമ്മ തന്നു വിടുന്ന വാട്ടർ ബോട്ടിൽ എടുക്കും മടിയിൽ വെക്കും..അറിയാത്ത പോലെ കമിഴ്ത്തും ..ഇതിങ്ങനെ ആവർത്തിച്ചപ്പോൾ ആശാൻ കളരിയിലെ കാര്യത്തിലും തീരുമാനം ആയി..മാത്രമല്ല എന്റെ തുടയിലെ നീലച്ച പാടുകൾ കണ്ടു അച്ഛന്റെ കണ്ണ് നിറഞ്ഞു.
"എന്റെ കുഞ്ഞിനി അവിടെ പഠിക്കണ്ട"അച്ഛൻ തീർത്തു പറഞ്ഞു.അപ്പോളേക്കും അഞ്ചു വയസു ആയി .എനിക്ക് :അ"എന്ന് എഴുതാൻ കഷ്ടിച്ച് അറിയാം...അത്ര തന്നെ
എന്റെ അച്ഛൻ ഒരു സ്‌കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു.കുറച്ചു ദൂരെയാണ് സ്‌കൂൾ .സന്ധ്യ കഴിയും വരാൻ.വലിയ അവധിക്കു സ്‌കൂൾ അടച്ചപ്പോൾ ഒരു കേട്ടു പുസ്തകങ്ങളും ആയാണ് അച്ഛൻ വന്നത്."മുത്തശി ""തളിര്""ബാലമംഗളം""പൂമ്പാറ്റ "...ഇതൊക്കെ അച്ഛന്റെ സ്‌കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ആണ്.ഞാൻ ഓരോന്നിന്റെയും അകം മറിച്ചു നോക്കി.വലിയ നിറമുള്ള ചിത്രങ്ങൾ.ചിലവ ചെറുതാണ്..കളർ പെൻസിൽ ഉപയോഗിച്ച് കളർ കൊടുക്കാനുള്ളവ ..ചതുരങ്ങൾക്കുള്ളിലെ ചിത്രങ്ങളും എഴുത്തുകളും എനിക്ക് വലിയ കൗതുകം ആയിരുന്നു.
"ഇതെന്താ അച്ഛാ?"
"അത് ചിത്രകഥകൾ ആണ്"
"ചിത്ര കഥ എന്ന് വെച്ചാൽ എന്താ?"
"അതോ ചിത്രങ്ങളിലൂടെ കഥ പറയുന്ന രീതി ആണ് "എന്നിട്ടച്ചൻ ആ കഥകൾ ഒക്കെ പറഞ്ഞു തരും.ചിലപ്പോൾ രാത്രിയിലാവും ..കഥക്കൂട്ടുകൾ തുറക്കുക ...അത്താഴം കഴിഞ്ഞിട്ട്..നിലാവിൽ അച്ഛൻ എന്നെ തോളിലിട്ട് നടക്കും .കഥകൾ കേട്ടു കൊണ്ട് ഞാൻ അച്ഛന്റെ തോളിൽ കിടന്നു ഉറങ്ങി പോവും.
കഥകളിലായി എന്റെ ശ്രദ്ധ ..
"അച്ഛാ എനിക്ക് വായിക്കണം"
"അതിന് പഠിക്കണം"
"വായിക്കാൻ പഠിച്ചാൽ മതി അച്ഛാ "
എന്റെ മറുപടി കേട്ടു അച്ഛൻ പൊട്ടിച്ചിരിച്ചു.കുറെ നാളുകൾ അച്ഛൻ അത് പറയുമായിരുന്നു.
എഴുതി പഠിക്കാതെവായിച്ചു പഠിക്കാനാവുമോ എന്ന ചോദ്യത്തിന് "പറ്റും "എന്നാണ് എന്റെ ഉത്തരം. .അതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ഈ ഞാൻ.പിന്നീട് സ്കൂളിൽ ചേർത്തപ്പോൾ സ്ലൈറ്റിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുമ്പോൾ മറ്റു കുട്ടികളെക്കാൾ വേഗം എഴുതി പൂർത്തി ആകുമായിരുന്നു ഞാൻ.എത്ര കുസൃതിയിലും ഒന്നാം റാങ്കിന്റെ ബാഡ്ജ് എന്റെ കഴുത്തിൽ തൂങ്ങുന്നുണ്ടാകുമായിരുന്നു..കാരണം ആ ബാഡ്ജ് കാണുമ്പോൾ എന്റെ അച്ഛന്റെ കണ്ണ് തിളങ്ങും ..അച്ഛൻ എന്നെ കോരിയെടുത്തു ഉയർത്തി ഉമ്മ തരും ..
എന്റെ അച്ഛന് ഹൃദയത്തിനു അസുഖം ഉണ്ടായിരുന്നു ..ഞാൻ ജനിച്ച സമയത്തു ആണ് ആദ്യമായി ഹൃദയ ആഘാതം ഉണ്ടായത്..ഭാരമുള്ളതു ഉയർത്താൻ പാടില്ല എന്ന് ഡോക്ടറുടെ കർശന നിർദേശത്തെ "എന്റെ മോളെ എടുക്കാൻ കഴിയാതെ ഞാൻ ജീവിച്ചിരുന്നിട്ട് എന്താ കാര്യം"? എന്ന മറു ചോദ്യം കൊണ്ട് നേരിട്ട ആൾ ആണ് എന്റെ അച്ഛൻ...തൂവെള്ള ഉടുപ്പുകളാണ് അച്ഛൻ എന്നെരാത്രിയിൽ അണിയിക്കുക ..".മാലാഖ കുഞ്ഞിനെ പോലെയുണ്ട് എന്റെ മോളിപ്പോ" അച്ഛൻ പറയും..ഒരിക്കലും "ഇന്നത് പഠിക്കു എന്ന് പറഞ്ഞില്ല ..പഠിക്കുന്നത് ശരിക്കു പഠിക് ...അവിടെ നിന്റെ ബെസ്‌റ് കൊടുക്കു...നിനക്ക് കഴിയും"അത്രയേ പറയു..എന്റെ അച്ഛന്റെ സന്തോഷം കാണാൻ ഞാൻ എന്തും ചെയ്യുമായിരുന്നു.അച്ഛന്റെ ഉമ്മ കിട്ടാൻ എത്ര കഷ്ടപ്പെട്ടു പഠിക്കാനും പിന്നീട് ഞാൻ തയാറായിരുന്നു..
"തകഴി സാർ ആണ് എഴുത്തിനിരുത്തിയത് അതിന്റെ ആവും അവളീ കവിതയും കഥയുമൊക്കെ എഴുതുന്നത് "പഠിക്കുന്ന കാലത്തു സമ്മാനങ്ങൾ ഒക്കെ കിട്ടുമ്പോൾ 'അമ്മ പറയും
തകഴി സാറിന്റെ അനുഗ്രഹം ഉണ്ടാകും ..ഉണ്ടാകും എന്നല്ല ഉണ്ട് ..കണ്ടിട്ടുള്ളപ്പോളെല്ലാം നിറുകയിൽ കൈ വെച്ച് അനുഗ്രഹിച്ചിട്ടുണ്ട്.
പക്ഷെ ചിത്രപുസ്തകങ്ങളിലൂടെ അക്ഷരങ്ങളുടെ മായാലോകം എന്റെ മുന്നിൽ തുറന്നു തന്ന എന്റെ അച്ഛനാണ് എന്റെ ആദ്യ ഗുരു ..എന്റെ മാർഗദർശിയും ദൈവവും അച്ഛൻ തന്നെ ..ഞാൻ എഴുതുന്ന ഓരോ എഴുത്തിനും എന്റെ അച്ഛന്റെ ആത്മാവിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു ..ഓരോ വരികളും കാണിക്ക ആണ് ..എന്റെ അച്ഛന്റെ മുന്നിലെ എന്റെ സ്നേഹത്തിന്റെ ആദരവിന്റെ കാണിക്ക ...കണ്ണ് നിറയും പോലെ ..നിർത്തട്ടെ ..
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അമ്മു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo