ഹൃദയങ്ങൾ
~~~~~~~~
~~~~~~~~
ആൾക്കൂട്ടത്തിനിടയിലൂടെ തിടുക്കത്തിൽ ഞാനും നടക്കുന്നുണ്ടായിരുന്നു. എവിടെയൊക്കെയോ നിറഞ്ഞുനിൽക്കുന്ന ചോരയുടെ അറപ്പുളവാക്കുന്ന ദുർഗന്ധം. നടത്തം പിന്നീട് ഓട്ടമായി.. ഓടിയോടി ഞാൻ പൂക്കൾ നിറഞ്ഞ ആ ഉദ്യാനത്തിലെത്തി. അവൻ കാത്തുനിൽക്കുമെന്നു പറഞ്ഞിരുന്നതാണല്ലോ.. പക്ഷെ വൈകും വരെ കാത്തിട്ടും കാത്തിരുന്നയാൾ വന്നില്ല.. കുറച്ചു സങ്കടം വന്നെങ്കിലും എന്തെന്നറിയില്ല പെട്ടന്നത് മാറി..
ഹോസ്റ്റലിലേക്ക് പോകും വഴിക്കാണ് അത് കണ്ടത്!! തൊട്ടുമുന്നിലായി നിലത്ത് മിടിക്കുന്ന ഒരു ഹൃദയം. കൗതുകത്തോടെ അത് കൈകളിലെടുത്തു.. അതിനു ഇളം ചൂടുണ്ട്.. കൈകളിലിരുന്നു മിടിക്കുന്ന ഹൃദയത്തെ ഞാൻ തിരിച്ചും മറിച്ചുമൊക്കെ നോക്കി.. ആദ്യമായാണ് ഇങ്ങനൊരു കാഴ്ച.. ആരുടേതാകും? ഇതെങ്ങനിവിടെവന്നു? ഇത്തരത്തിൽ ഒട്ടനവധി ചോദ്യങ്ങൾ സ്വയം ചോദിച്ചുനോക്കി.. ഏതായാലും ഈ ഹൃദയത്തിന്റെ ഉടമയെ കണ്ടെത്തണം..
കൈയിൽ പറ്റിപ്പിടിച്ച ചോരയെ വകവെക്കാതെ ഞാനതു കൈക്കുമ്പിളിൽ സൂക്ഷിച്ചു കൊണ്ട് നടന്നു.. വഴിവക്കിൽ ആദ്യം കണ്ടത് ഒരു വൃദ്ധനെയായിരുന്നു..
"അങ്ങയുടേതാണോ ഈ ഹൃദയം?" എന്ന എന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നുആദ്യ മറുപടി.. അതുകഴിഞ്ഞ അയാൾആത്മഗതം പോലെ പറഞ്ഞു.. "എന്റേത് നഷ്ടമായിട്ടു ദശകങ്ങൾ കഴിഞ്ഞു"..
വീണ്ടും ഞാനെന്റെ യാത്ര തുടർന്നു.. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.
വഴിയരികിലെ പാർക്കിലെ സിമന്റ് ബെഞ്ചിലിരിക്കുന്ന ചുണ്ടുകൾ ചുവപ്പിച്ചു തലനിറയെ മുല്ലപ്പൂക്കൾ ചൂടിയ സുന്ദരിയോടായി ഞാൻ ചോദിച്ചു ഈ ഹൃദയം നിങ്ങളുടേതാണോ എന്ന്.. നിറയെ കണ്മഷി പുരട്ടിയ കണ്ണുകൾ സമുദ്രങ്ങളായി.. "ഇതെന്റെതല്ല.. അത് വളരെനാൾ മുൻപ് മോഷണം പോയി".. വേണ്ടായിരുന്നു ആ പാവത്തെ കരയിപ്പിക്കണ്ടായിരുന്നു..
വഴിയരികിലെ പാർക്കിലെ സിമന്റ് ബെഞ്ചിലിരിക്കുന്ന ചുണ്ടുകൾ ചുവപ്പിച്ചു തലനിറയെ മുല്ലപ്പൂക്കൾ ചൂടിയ സുന്ദരിയോടായി ഞാൻ ചോദിച്ചു ഈ ഹൃദയം നിങ്ങളുടേതാണോ എന്ന്.. നിറയെ കണ്മഷി പുരട്ടിയ കണ്ണുകൾ സമുദ്രങ്ങളായി.. "ഇതെന്റെതല്ല.. അത് വളരെനാൾ മുൻപ് മോഷണം പോയി".. വേണ്ടായിരുന്നു ആ പാവത്തെ കരയിപ്പിക്കണ്ടായിരുന്നു..
അങ്ങനെ പലരോടായി ഞാനീ ചോദ്യം ചോദിച്ചെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. എല്ലാരുടെയും ഹൃദയം എപ്പോഴൊക്കെയോ നഷ്ടമായിരിക്കുന്നു.. കയ്യിലിരിന്നു മിടിക്കുന്ന ഹൃദയത്തോട് വല്ലാത്തൊരു അവജ്ഞ തോന്നിയ നിമിഷം.. ആർക്കും വേണ്ടാത്ത നിന്നെ ഞാനെന്തിന് ചുമക്കണം.. ഞാനതിനെ കൈകൾക്കുള്ളിലിട്ടു ഞെരിച്ചു.. ഇരു കൈകളിലെയും വിരലുകൾക്കിടയിലൂടെ ചോര നിലത്തിററുവീണു.
പൊടുന്നനെ എന്റെ ദേഹം തളർന്നു.. ശ്വാസം കിട്ടാതെ ഞാൻ നിലത്തിരുന്നു.. കണ്ണുകളിൽ ഇരുട്ടു കയറുമ്പോലെ.. കഴുത്തിന് പിന്നിലായി എന്തോ വലിഞ്ഞുമുറുകുന്നു.. കൈകൾക്കു ശക്തി നഷ്ടമായി.. ഞെരിഞ്ഞമർന്ന ഹൃദയം സ്വതന്ത്രമായപ്പോൾ എനിക്കെന്തോ ആശ്വാസം തോന്നി. അപ്പോഴാണ് അവിചാരിതമായി ഞാനെന്റെ നെഞ്ചിലേക്ക് നോക്കിയത് അവിടം ശൂന്യമായിരുന്നു.. ഇത് അപ്പോൾ എന്റേത് തന്നെയായിരുന്നോ.. ഞാനത് നെഞ്ചോടുചേർത്തു.. പൊടുന്നനെ എന്റെകൈകളിൽ നിന്നും അത് അപ്രത്യക്ഷമായി. നെഞ്ചിനുള്ളിൽ വീണ്ടും അത് മിടിക്കാൻ തുടങ്ങി.. എന്റെ കൈകളിൽ അവശേഷിച്ചിരുന്ന ചോരക്കറ തുടച്ചുമാറ്റുമ്പോൾ അതാ എനിക്ക് ചുറ്റും കുറേപേർ.. ഹൃദയം നഷ്ടമായവർ..ചിലർക്ക് അസൂയ, ചിലർക്ക് സങ്കടം, മറ്റു ചിലരിലാകട്ടെ നിറഞ്ഞു നിൽക്കുന്ന നിർവികാരത.
Uma Pradeep

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക