ഞാൻ അറിയുന്ന ഇവൾ തേച്ചവൾ അല്ല...
**************************
**************************
അവൾക്കു ഒരു പ്രണയമുണ്ടെന്നു എന്നോട് വന്നു പറയുമ്പോൾ എനിക്ക് അത് അത്ഭുതമായി തോന്നി... കാണാൻ ചേലുള്ള അവളെ ഒരുപാട് ആൺകുട്ടികൾക്ക് ഇഷ്ട്ടമായിരുന്നു...
അവൾ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ക്ലാസ്സിലെ പിള്ളേർ അവൾക്കു വേണ്ടി തല്ലുകൂടുന്നത് മറ്റുകുട്ടികൾ എന്നോട് വന്നു പറയുമായിരുന്നു....
എന്റെ കുട്ടിപട്ടാളങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം അവളോടായിരുന്നു....
എപ്പോഴും ഓരോ വിശേഷങ്ങൾ പറഞ്ഞു കളിച്ചും ചിരിച്ചും അവൾ എന്റെ അടുത്തു തന്നെയായിരുന്നു... തൊട്ടപ്പുറത്തെ വീട്ടിൽ നിന്ന് അവളുടെ അമ്മയുടെ വിളി കേൾക്കുന്നത് വരെ അവൾ എന്നെ ചുറ്റി പറ്റി ഉണ്ടാകും...
കുറച്ചു ദിവസമായി അവൾ എന്നിൽ നിന്ന് എന്തൊക്കെയോ ഒളിക്കുന്ന പോലെ എനിക്ക് തോന്നിയിരുന്നു...
അത് ഈ പ്രണയം പറയാൻ ആയിരുന്നോ... ?അതെ ഇതു തന്നെയാകണം...
ചേച്ചി അവനെ എനിക്ക് ഇഷ്ട്ടമാണ്... എന്നവൾ എന്നോട് പറയുമ്പോൾ ആ കണ്ണിലെ തിളക്കം ഞാൻ കണ്ടു.... അപ്പോൾ എന്തു പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു...
പതിനേഴിന്റെ പടിവാതിൽക്കൽ നില്കുന്നവൾക്ക് തെറ്റും ശരിയും മനസ്സിലാക്കാൻ കഴിവുണ്ടെന്ന് എനിക്ക് തോന്നി... പക്ഷെ ക്ലാസ്സിൽ പഠിക്കുന്നവനോടുള്ള ആ പ്രണയം എത്ര നാൾ ഉണ്ടാകുമെന്നു ഞാൻ കരുതി...
അവൾക്കു എല്ലാം ഞാൻ ആയിരുന്നു.. ഞാൻ അത് തിരുത്തി കൊടുത്താലും അവൾക്കു ആദ്യമായി പ്രണയം തോന്നിയത് അവനോടാണെന്നു പറഞ്ഞപ്പോൾ ഞാൻ അത് ഒരു നേരം പോക്ക് മാത്രമാണെന്ന് കരുതി...
പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രണയത്തിനു ഒരു പോറൽ പോലും ഏൽക്കാതെ കൊണ്ട് നടന്നു...
ചെറിയ ചെറിയ പിണക്കങ്ങളിൽ അവൾ ഒരുപാട് സങ്കടപെടുന്നത് ഞാൻ കണ്ടിരുന്നു... അപ്പോഴൊക്കെ ഞാൻ അവളെ സമാധാനിപ്പിച്ചു...
ഒരു മണിക്കൂറിനു മീതെ അവർ സംസാരിക്കാതിരിക്കാറില്ല.....
ഒരു ദിവസം അവൾ എന്റെ അടുത്തു വന്നു പൊട്ടി കരഞ്ഞു... മുഖം നിറയെ അടി കിട്ടിയ പാടുകൾ കണ്ട് ഞാൻ പേടിച്ചു പോയി.....
വിവാഹാലോചന നിരസിച്ചതിന് അവളുടെ അമ്മ കൊടുത്ത സമ്മാനമായിരുന്നു അവളുടെ മുഖം നിറയെ...
അവളുടെ പ്രണയം അവൾ അച്ഛനോടും അമ്മയോടും പറഞ്ഞു....
അന്യ ജാതിക്കാരനെ കല്യണം കഴിപ്പിക്കാൻ അവർക്ക് സമ്മതമല്ല എന്നുള്ള അവരുടെ മറുപടിയും അവൾക്കു കിട്ടി....
പക്ഷെ അവൾ അവനെ മാത്രം കല്യണം കഴിക്കുള്ളു എന്ന വാശിയിൽ ഉറച്ചു നിന്നു...
ഞാൻ ഓടി പോകില്ല ചേച്ചി.... കല്യണം കഴിക്കുന്നുണ്ടെങ്കിൽ അവനെ മാത്രമേ കഴിക്കു... അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ ഞാൻ ആ വീട്ടിൽ തന്നെ നില്കും കല്യാണം കഴിക്കാതെ..... അവനെ ഞാൻ ചതിക്കില്ല...
ആ വാക്കുകൾ എന്നിൽ അവളോട് ഒരു ബഹുമാനം ഉണ്ടാക്കി...
അവളുടെ പിടിവാശിയിൽ ഒടുവിൽ അവർ സമ്മതിച്ചു... ഒരേ ഒരു മോളുടെ സന്തോഷമാണ് വലുതെന്നു അവർ കരുതി....
കല്യാണ ആലോചനയുമായി അവന്റെ വീട്ടുകാരോട് വരാൻ അവളുടെ അച്ഛൻ പറഞ്ഞു...
പക്ഷെ ഇത്ര ചെറുപ്പത്തിലേ മോനെ കെട്ടിക്കാൻ അവർക്ക് താല്പര്യമില്ലന്നുള്ള അവരുടെ മറുപടി അവളെ തളർത്തി... സ്വന്തം ജാതി അല്ലാത്തൊണ്ടും അവർക്ക് താത്പര്യമില്ലെന്ന്.....
അവളുടെ വീട്ടുകാർ സമ്മതിച്ചപ്പോൾ അവന്റെ വീട്ടുകാർ സമ്മതിച്ചില്ല.....
വീട്ടുകാരെ ഉപേക്ഷിച്ചു അവനും വരില്ല എന്ന് പറഞ്ഞപ്പോൾ...
സ്വപ്നങ്ങൾ എല്ലാം വെറും സ്വപ്നങ്ങൾ ആണല്ലേ ചേച്ചി എന്നും പറഞ്ഞു കരയുന്ന അവളെ എന്തു പറഞ്ഞു സമാധാനിപ്പിക്കണമെന്നു എനിക്കറിയില്ലായിരുന്നു....
പിന്നെ അവിടെ നിന്നുള്ള ദിവസങ്ങൾ അവളുടെ ഭംഗിയുള്ള ആ കണ്ണുകൾ നിറഞ്ഞു മാത്രമേ ഞാൻ കണ്ടുള്ളു.... ഫോണിൽ കൂടി അവൻ അവളെ വഴക്കു പറയുന്നതും കുറ്റപ്പെടുത്തുന്നതും അതിനു ശേഷമുള്ള അവളുടെ കരച്ചിലിനും സാക്ഷിയായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു....
അവനെ മറന്നു വേറെ കല്യാണം കഴിച്ചോളാൻ അവൻ പറഞ്ഞപ്പോൾ ജീവിതം അവസാനിപ്പിക്കാൻ നിന്ന അവളെ ഞാനാണ് അതിൽ നിന്നും പിന്തിരിപ്പിച്ചത്....
നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് ഞാൻ അവളോട് പറഞ്ഞു.. ഇത്ര കാലം വളർത്തി വലുതാക്കിയ അമ്മയെയും അച്ഛനെയും മറന്നു ഈ ജീവിതത്തിൽ നിന്ന് ഒളിച്ചോടരുതെന്നു ഞാൻ കേണപേക്ഷിച്ചു പറഞ്ഞു....
കുറെ കാലമെടുത്തു അവളെ പഴയ ജീവിതത്തിലേക്ക് കൊണ്ട് വരാൻ.....
മാസങ്ങൾ കഴിഞ്ഞിട്ടും... ഒരു വിളിയോ ഒന്നും അവന്റെ ഭാഗത്തു നിന്നും ഒരിക്കൽ പോലും ഉണ്ടായില്ല....
അവളുടെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരം അവളുടെ കല്യാണ നിശ്ചയം കഴിഞ്ഞു....
എല്ലാം ആ കല്യാണ ചെക്കനോട് പറയണമെന്ന് വാശി പിടിച്ചു അവൾ...
അവനെ പൂർണമായി നീ മറന്നെങ്കിൽ നിന്നെ കെട്ടാൻ സമ്മതമാണെന്നു അവൻ പറഞ്ഞൂന്നു അവൾ പറയുമ്പോഴും അവളുടെ മുഖത്തു ഒരു തെളിച്ചവും ഞാൻ കണ്ടില്ല....
പക്ഷെ കല്യാണത്തിന് രണ്ടാഴ്ച്ച മുൻപ് വീണ്ടും അവളെ തേടി വന്നു അവളുടെ കാമുകൻ....
അവളെ മറക്കാൻ പറ്റുന്നില്ല.. കല്യാണം കഴിക്കാൻ തയ്യാറാണെന്നും പറഞ്ഞു അവൻ വന്നപ്പോൾ ഞങ്ങൾ എല്ലാവരും പേടിച്ചു....
ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇവൻ എന്തിനുള്ള പുറപ്പാടാണ്....
ഞാൻ അവളെ ദയനീയമായി നോക്കി... അവളുടെ അച്ഛനും അമ്മയും അവളെ നോക്കുന്ന ആ നോട്ടം കണ്ടപ്പോൾ എന്റെ നെഞ്ചും പിടച്ചു....
ഞാൻ അവളെ ദയനീയമായി നോക്കി... അവളുടെ അച്ഛനും അമ്മയും അവളെ നോക്കുന്ന ആ നോട്ടം കണ്ടപ്പോൾ എന്റെ നെഞ്ചും പിടച്ചു....
നിനക്ക് പോകാം.... ഇനി ഈ കല്യാണത്തിൽ നിന്ന് ഞാൻ പിന്മാറില്ല...
അവളുടെ ആ വാക്കുകൾ അവനെ ഞെട്ടിച്ചെങ്കിലും എനിക്കും അവളുടെ മാതാപിതാക്കൾക്കും ആ വാക്കുകൾ ഒരു കുളിർമഴ ആയിരുന്നു.....
പിന്നെ അവിടെ കേട്ടത് അവന്റെ ഭീഷണിയുടെ സ്വരങ്ങൾ മാത്രം.....
അതിനായി അവൻ കരുക്കൾ നീക്കാൻ തുടങ്ങി...
അവന്റെ ലക്ഷ്യം കല്യാണം മുടക്കൽ ആയിരുന്നു....
കഥകൾ തലയിൽ ചുമന്ന് അവൻ കല്യാണ ചെക്കനരുകിൽ എത്തിയെങ്കിലും അവിടെ അതൊന്നും ചിലവാകാതെ അവൻ അതും കൊണ്ട് തിരിച്ചു വന്നതും ഞങ്ങൾ അറിഞ്ഞു....
എന്നെക്കാളും എന്തു യോഗ്യതയാടി അവനു ഉള്ളത് എന്നും ചോദിച്ചു കൊണ്ട് അവൻ പിറ്റേ ദിവസം ചീറി പാഞ്ഞു വന്നു...
അവനെ തടുക്കാൻ തുനിഞ്ഞ അച്ഛനെ തടഞ്ഞു കൊണ്ടവൾ അവന്റെ മുന്നിൽ ചെന്ന് നിന്ന് പറഞ്ഞു...
നിന്നെക്കാളും സൗന്ദര്യം കുറവായിരിക്കാം.. ഒരുപക്ഷെ പണവും.... പക്ഷെ എന്തു വന്നാലും എന്നെ നിന്നെപ്പോലെ കൈ വെടിയില്ല എന്നെനിക്കുറപ്പുണ്ട്.... എന്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ടു നിന്ന എന്റെ അച്ഛനെയും അമ്മയെയും നാണം കെടുത്തി നിന്റെ കൂടെ പോരാൻ എനിക്ക് താല്പര്യവുമില്ല.... ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനമാണിത്..... നിനക്ക് പറഞ്ഞു നടക്കാം ഞാൻ നിന്നെ ചതിച്ചെന്ന്.... വഞ്ചകി എന്ന് സോഷ്യൽ മീഡിയയിൽ കൊടുത്തു ആർമാദിക്കാം... പക്ഷെ എന്നെ അറിയുന്ന സത്യമെന്താന്നെന്നറിയുന്ന മൂന്നാലാളുകൾ എന്റെ കൂടെയുണ്ട്... അതുമതി എനിക്ക്.....
അവളുടെ ആ വാക്കുകൾ എല്ലാം ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചു കേട്ടു... അവളെ ഓടി ചെന്ന് കെട്ടി പിടിച്ചു ഉമ്മ വച്ചു... അവളുടെ അച്ഛൻ കണ്ണുകൾ തുടച്ചു കസേരയിലേക്ക് പതുക്കെ ഇരിക്കുന്നത് ഞാൻ കണ്ടു....നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ അടുക്കളയിലേക്ക് തിടുക്കത്തിൽ പോകുന്ന അവളുടെ അമ്മയോട് എനിക്ക് ഒത്തിരി സ്നേഹം തോന്നി... ഇത്രയും നല്ല മകളെയാണല്ലോ അവർക്ക് കിട്ടിയത്.....
വർഷങ്ങൾക്കു ശേഷം അവളെ ഇന്നലെ കണ്ടപ്പോൾ അവൾ ഒരുപാട് സന്തോഷത്തിലായിരുന്നു... അവളുടെ അഞ്ചു വയസ്സുള്ള മകൾക്കു കൂട്ടായി ഒരു കുഞ്ഞു വാവയും കൂടി അവളുടെ വയറ്റിൽ ഉണ്ടെന്ന് പറയുമ്പോൾ ആ കണ്ണിലെ തിളക്കം എന്നോട് പറയുന്നുണ്ടായിരുന്നു അവൾ ഒരുപാട് സന്തോഷവതിയാണെന്ന്................
രാഗി പ്രമോദ്
****************
****************

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക