Slider

ലെെക്കും കമൻ്റും പിന്നെ സാരിയും

0
ലെെക്കും കമൻ്റും പിന്നെ സാരിയും
************************************
ബന്ധു വീട്ടിലെ സന്ദർശനം കഴിഞ്ഞ് ഇറങ്ങുമ്പോളാണ് കെട്ടിയോൻ്റെ മുഖത്ത് ഉരുണ്ടു കൂടിയ കാർമേഘം ശ്രദ്ധയിൽ പെട്ടത്..
'എന്തു പറ്റിയാവോ? ഞാൻ അവിടെ ഒന്നും ഒപ്പിച്ചില്ലാലോ.. അവിടെയുള്ളവരോട് ഇങ്ങേരെ പറ്റി എന്തെങ്കിലും കുറ്റം പറഞ്ഞു പോയിരുന്നോ?'
ഞാൻ ശരിക്കും ഒന്നു ഓർത്തു നോക്കി ..
ഓർമ്മയിൽ ഒന്നും തെളിഞ്ഞു വന്നില്ല..
'ഇനിയെന്തായാലും വീട്ടിൽ ചെന്നിട്ട് ചോദിച്ചു നോക്കാം'..
എന്നും വിചാരിച്ച് ഞാൻ വണ്ടിയിൽ കയറി ..
വീട്ടിലേക്ക് കയറിയതും ഞാൻ ചോദിച്ചു ..
''എന്തു പറ്റി ഏട്ടാ.. എന്താ മുഖം വല്ലാതെയിരിക്കുന്നത്..''
''എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട..''
കാർമേഘം പെട്ടെന്ന് ഇടിമിന്നലായി മാറിയതു പോലെ തോന്നിപ്പോയി എനിക്ക്..
''എന്താ ഏട്ടാ.. കാര്യം പറ''..
ഞാൻ വീണ്ടും ചോദിച്ചു..
''നീ ആരാന്നാ നിൻ്റെ വിചാരം''..
വീണ്ടും പൊട്ടിത്തെറി..
''ഏട്ടൻ്റെ ഭാര്യ''..
വളരെ നിഷ്കളങ്കമായി ഞാൻ മറുപടി പറഞ്ഞു ..
''ആണല്ലോ.. അല്ലാതെ ഇന്ത്യൻ പ്രസിഡണ്ടൊന്നുമല്ലാലോ''..
ഇങ്ങേര് ഇതെങ്ങോട്ടാ പോകുന്നത്.. ഒരു പിടിയും കിട്ടുന്നില്ല..
''നിങ്ങള് കാര്യം പറ മനുഷ്യാ''..
ഞാൻ ശബ്ദം അല്പം കടുപ്പിച്ചു..
''ലോകത്ത് എല്ലാവർക്കും മൊബെെൽ ഫോൺ ഉണ്ട് .. നിനക്ക് മാത്രം അതിലെന്താ ഫുൾ ടെെം പണി.. ഏതു നേരം നോക്കിയാലും അതിൽ തോണ്ടലു തന്നെ.. എന്താടീ അതിനു മാത്രം അതിലുള്ളത്''..
അങ്ങേര് നിന്നു കിതച്ചു..
'ഓ.. ഇതായിരുന്നോ'..
ഇങ്ങനെയൊരു ചോദ്യം ചെയ്യൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. അതുകൊണ്ട് ഒന്നും മിണ്ടാതെ നിന്നു..
''എന്താടീ നീയൊന്നും മിണ്ടാത്തേ.. നാക്കിറങ്ങിപ്പോയോ?.. എവിടെ പോയാലും മൊബെെൽ കെെയ്യീന്നു താഴെ വെക്കൂല.. ഏതെങ്കിലും വീട്ടിൽ പോയാൽ വീട്ടുകാരോട് സംസാരിച്ചു കൂടേ നിനക്ക് .. അപ്പോഴും മൊബെെലിൽത്തന്നെ കണ്ണ്..''
''സിനിമ കാണാൻ പോയാലും ., ഹോസ്പിറ്റലിൽ പോയാൽ പോലും അഞ്ച് മിനിറ്റ് കൂടുമ്പോൾ നിനക്ക് മൊബെെൽ നോക്കണം.. കുറച്ച് നാളായി ഞാനിത് കാണുന്നു.. ഇപ്പോൾ മറ്റുള്ളവരും കളിയാക്കാൻ തുടങ്ങി.. ഇന്നെനിക്ക് രണ്ടിലൊന്ന് അറിയണം..''
മൂപ്പര് വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞു തുള്ളുകയാണ്..
ഒരു വാള് എടുത്ത് കെെയ്യിൽ കൊടുത്താലോ എന്നു ഞാൻ വിചാരിച്ചു.. എന്നെ വെട്ടിക്കൊല്ലണ്ട എന്നു കരുതി ആ വിചാരം ഉപേക്ഷിച്ചു ..
''എന്താടീ നീയൊന്നും മിണ്ടാത്തേ.. പറയെടീ..''
ഒരു ഗർജ്ജനമായിരുന്നു..
''അതു പിന്നെ .. ഏട്ടനറിയില്ലേ.. ഞാൻ കുറച്ച് എഴുതാറൊക്കെയുണ്ടെന്ന്.. അതൊക്കെ പല എഴുത്ത് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യാറുണ്ടല്ലോ..
ഞാൻ പേടിച്ച് വിറച്ച് വിക്കി വിക്കി പറഞ്ഞു ..
''അതുകൊണ്ട് ?''
അങ്ങേര് ചൂടിൽത്തന്നെ..
''അതിനൊക്കെ എത്ര ലെെക്കും കമൻ്റും കിട്ടി എന്നു നോക്കുന്നതാ ഏട്ടാ .. ''
ഞാൻ സത്യസന്ധമായി പറഞ്ഞു..
''എന്നു കരുതി ഫുൾടെെം അതു തന്നെ നോക്കിയിരിക്കണോ?... എപ്പോഴെങ്കിലും നോക്കിയാ പോരെ..''
മൂപ്പര് ഇത്തിരി അയഞ്ഞു..
''അതല്ല ഏട്ടാ .. ലെെക്ക് കൂടുന്നുണ്ടോയെന്ന് നോക്കുന്നതാ.. പിന്നെ കമൻ്റ്സിനു മറുപടിയും കൊടുക്കണമല്ലോ.. സത്യമായിട്ടും അതുകൊണ്ടാ..''
''അങ്ങനെ ഇപ്പോൾ എത്ര ലെെക്കായി''?
''ഇന്നലെ ഇട്ട കഥയ്ക്ക് മുന്നൂറ് ലെെക്ക് കിട്ടി.. പിന്നെ നൂറിലധികം കമൻ്റും''..
ഞാൻ സന്തോഷത്തോടെ പറഞ്ഞു ..
''ആണോ?.. ഗുഡ്''..
ദെെവമേ അങ്ങേര് തന്നെയാണോ ഈ പറഞ്ഞത്..
വിശ്വാസം വരാതെ ഞാൻ ആ മുഖത്തേക്ക് നോക്കി..
ഭാഗ്യം.. കാർമേഘമൊക്കെ ഒഴിഞ്ഞിട്ടുണ്ട്..
''നിൻ്റെ ഫ്രണ്ടിൻ്റെ കല്യാണത്തിനുടുക്കാൻ പുതിയ സാരി വേണമെന്ന് പറഞ്ഞിരുന്നില്ലേ..''
ചിരിച്ചു കൊണ്ടായിരുന്നു ചോദ്യം..
'ദെെവമേ ഇങ്ങേർക്ക് ഇതെന്തു പറ്റി.. എന്തായാലും എനിക്ക് കോളടിച്ചു..'
എൻ്റെ മനസ്സിൽ ലഡു പൊട്ടി..
''അതേ വേണം ഏട്ടാ .. എപ്പോഴാ വാങ്ങിത്തരുന്നത്.?.''
സന്തോഷം പുറത്ത് കാണിക്കാതെ ചോദിച്ചു..
''നീയൊരു കാര്യം ചെയ്യ്.. '''
''എന്താ ഏട്ടാ ..''
''നിനക്ക് കുറേ ലെെക്കും കമൻ്റുമൊക്കെ കിട്ടിയിട്ടില്ലേ.. അതൊക്കെ തൂക്കി വിറ്റ് നല്ലൊരു സാരി വാങ്ങിക്ക്.. പറ്റുമെങ്കിൽ പിള്ളേർക്കും കൂടി ഡ്രസ്സ് എടുത്തോ...''
പകച്ചു പണ്ടാറടങ്ങിപ്പോയ ഞാൻ വീഴാതിരിക്കാൻ ചുവരിൽ പിടിച്ചു..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo