Slider

കുറ്റബോധം (കഥ)

0

കുറ്റബോധം (കഥ)
**********************
അപര്‍ണ്ണ പേനയും കടലാസും എടുത്ത് എഴുതിത്തുടങ്ങി...
എന്‍റെ ശ്രീയേട്ടന്...,
അങ്ങനെ വിളിക്കാനുള്ള യോഗ്യത എനിക്ക് ഇപ്പോളില്ല.. എങ്കിലും അങ്ങനെത്തന്നെ വിളിക്കട്ടെ..
സന്തോഷം കൊണ്ടു തുള്ളിച്ചാടേണ്ട സമയമാണിപ്പോള്‍.. രണ്ട് വര്‍ഷത്തെ പ്രവാസത്തിനു ശേഷം ശ്രീയേട്ടന്‍ നാട്ടിലെത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി..
പക്ഷേ ശ്രീയേട്ടന്‍റെ വരവില്‍ സന്തോഷിക്കാനുള്ള ഒരു മാനസികാവസ്ഥയിലല്ല ഞാന്‍.്
കുറ്റബോധം കൊണ്ടു മനസ്സു നീറിപ്പുകയുകയാണ്.. ആ പുകച്ചില്‍ ഒരു അഗ്നിയായി ആളിപ്പടര്‍ന്ന് എന്നെ ത്തന്നെ ഇല്ലാതാക്കണം.. അതാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്..
ശ്രീയേട്ടനെ നേരില്‍ കാണാനുള്ള ധെെര്യം ഇനിയെനിക്കില്ല..അതുകൊണ്ടാണ് ഇങ്ങനെയൊരു എഴുത്ത്..
എവിടെയാണ് എനിക്ക് പിഴച്ചത് എന്നറിയില്ല..
എന്‍റെ ജീവിതത്തിലെ ആദ്യത്തെ പുരുഷനായിരുന്നു ശ്രീയേട്ടന്‍.. പഠിക്കുന്ന കാലത്ത് ഒരു തമാശക്ക് പോലും ആരെയും പ്രണയിച്ചിട്ടില്ല. ആരോടും അങ്ങനെ തോന്നിയിരുന്നില്ല..
പഠിത്തം കഴിഞ്ഞയുടനെത്തന്നെ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതായിരുന്നല്ലോ നമ്മുടെ വിവാഹം..എനിക്കും അതില്‍ എതിര്‍പ്പൊന്നും ഇല്ലായിരുന്നു..
എന്‍റെ വീട്ടിലെ ചുറ്റുപാടുകള്‍ വെച്ച് നോക്കൂമ്പോള്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല ബന്ധം തന്നെയായിരുന്നു ശ്രീയേട്ടന്‍റെത്..
ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ്
ശ്രീയേട്ടന്‍റെ പെണ്ണായി ഞാന്‍ വലതുകാല്‍ വെച്ച് കയറിയത്...
പുത്തരിയിലേ കല്ലു കടിച്ച ചില അനുഭവങ്ങള്‍ എനിക്ക് ശ്രീയേട്ടന്‍റെ വീട്ടില്‍ ഉണ്ടായിരുന്നു.. പക്ഷേ ശ്രീയേട്ടന്‍ എനിക്ക് വാരിക്കോരിത്തന്ന സ്നേഹത്തിനു മുന്‍പില്‍ അതൊക്കെ വെറും നീര്‍ക്കുമിളകളായി.. അത്രക്ക് സ്നേഹ സമ്പന്നനായിരുന്നല്ലോ എന്‍റെ ശ്രീയേട്ടന്‍.. പെെസയ്ക്ക് മാത്രം ഇത്തിരി കുറവുണ്ടായിരുന്നു .. പക്ഷേ അതൊരിക്കലും നമ്മുടെ ജീവിതത്തെ ബാധിച്ചിരുന്നില്ലല്ലോ..
പെങ്ങന്‍മാരെ കെട്ടിച്ചു വിട്ടതിന്‍റെ കടം തീര്‍ക്കാന്‍ ശ്രീയേട്ടന്‍ വിദേശത്തേക്ക് ജോലി തേടി പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി.. ശ്രീയേട്ടന്‍റെ സ്നേഹം അനുഭവിച്ച് കൊതി തീര്‍ന്നിട്ടില്ലായിരുന്നു എനിക്ക്..
പലതും പറഞ്ഞു എന്നെ ആശ്വസിപ്പിച്ച് ശ്രീയേട്ടന്‍ ദുബായിലേക്ക് പറന്നു..
പിന്നെ എന്‍റെ മനസ്സില്‍ വെറും ശൂന്യതയായിരുന്നു.. ഞാന്‍ തികച്ചും ഒറ്റപ്പെട്ടതുപോലെയായി..
നമ്മുടെ മുറിവിട്ട് പുറത്തിറങ്ങാന്‍ തന്നെ മടിയായിരുന്നു..
ശ്രീയേട്ടന്‍റെ വിളിക്കായ് കാതോര്‍ത്തുകൊണ്ട് ദിവസങ്ങള്‍ തള്ളി നീക്കി..
ദിവസവും വിളിക്കാനാവില്ലായിരുന്നല്ലോ ശ്രീയേട്ടന് വെള്ളിയാഴ്ചകളില്‍ കിട്ടുന്ന ഇത്തിരി നേരം.. അതും ശ്രീയേട്ടന്‍റെ അമ്മയുടെയും പെങ്ങന്‍മാരുടെയും ഊഴം കഴിഞ്ഞു കിട്ടുന്ന ഔദാര്യം..
ലേബര്‍ ക്യാംപിനുള്ളില്‍ നിന്ന് വിളിക്കുന്നതുകൊണ്ട് എനിക്ക് ഒരു ഉമ്മ പോലും തരാന്‍ ശ്രീയേട്ടനു കഴിഞ്ഞിരുന്നില്ലല്ലോ.. ഒരുപാട് സങ്കടം തോന്നിയിരുന്നു അപ്പോളൊക്കെ.. ഉറങ്ങാന്‍ കഴിയാതെ എത്രയോ രാത്രികളില്‍ കരഞ്ഞു കരഞ്ഞു നേരം വെളുപ്പിച്ചിട്ടുണ്ട്..
വീട്ടില്‍ വെറുതേയിരുന്നാല്‍ സങ്കടം കൂടുകയെയുള്ളൂ, അതിനാല്‍ എന്തെങ്കിലും ഒരു ജോലി നോക്കാന്‍ ശ്രീയേട്ടന്‍ തന്നെയാണല്ലോ നിര്‍ബന്ധിച്ചത്.. അങ്ങനെയാണല്ലോ ശ്രീയേട്ടന്‍റെ സുഹൃത്തിന്‍റെ പരിചയത്തിലുള്ള സ്ഥാപനത്തില്‍ എനിക്ക് ജോലി കിട്ടിയത്..
എനിക്ക് അതൊരു വലിയ ആശ്വാസം തന്നെയായിരുന്നു.. നല്ല അന്തരീക്ഷം.. സ്നേഹമുള്ള സഹപ്രവര്‍ത്തകര്‍..
എന്‍റെ സങ്കടങ്ങളെ മാറ്റി വെച്ച് പതിയെ ഞാന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വരാന്‍ തുടങ്ങി..
അവിടെ വച്ചാണ് ഞാന്‍ അവനെ പരിചയപ്പെടുന്നത്.. എബി.. മാനേജരുടെ സുഹൃത്തായിരുന്നു.. അയാളെ കാണാന്‍ വന്ന എബിയെ മാനേജരാണ് എനിക്ക് പരിചയപ്പെടുത്തിയത്..
കണ്ണുകളില്‍ കുസൃതി ഒളിപ്പിച്ചുവെച്ച, ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍... ഒരു ഫോട്ടോഗ്രാഫറാണ് അവന്‍...
ആദ്യതവണ സംസാരിച്ചപ്പോള്‍ത്തന്നെ ഏതോ മുന്‍ജന്‍മ പരിചയം ഉള്ളതുപോലെ എനിക്ക് അനുഭവപ്പെട്ടു..
പിന്നീട് പല തവണ ഞാന്‍ അവനെ കണ്ടു.. ഓഫീസില്‍ വെച്ചും പുറത്തുവെച്ചും ഒക്കെ.. കാണുമ്പോളൊക്കെ അവന്‍ അടുത്ത് വന്നു സംസാരിക്കുമായിരുന്നു..
''ഇയാളുടെ മുഖം ഫോട്ടോജനിക്കാണ് കേട്ടോ..''
ഒരു ദിവസം അവന്‍ പറഞ്ഞു..
ദിവസങ്ങള്‍ കഴിയുന്തോറും ഞങ്ങള്‍ കൂടുതല്‍ അടുത്തു... പരസ്പരം ഫോണ്‍ നമ്പര്‍ കെെമാറി..
ദിവസവും അവന്‍ എന്നെ വിളിക്കും..മണിക്കൂറുകളോളം സംസാരിക്കും.. അവന്‍റെ സംസാരം കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു..
ശ്രീയേട്ടന്‍റെ ഫോണ്‍ വിളിക്കായി കാതോര്‍ത്തിരുന്ന വെള്ളിയാഴ്ചകളെ ഞാന്‍ മറന്നു തുടങ്ങി.. പക്ഷേ ഒരു ദിവസം പോലും അവനോട് സംസാരിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു.. അവന്‍റെ കോളുകള്‍ വെെകുമ്പോള്‍ ഞാന്‍ അസ്വസ്ഥയാകാന്‍ തുടങ്ങി..
''എനിക്ക് തന്നോട് പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു..''
ഒരു ദിവസം അവന്‍ തുറന്നു പറഞ്ഞു..
ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകളായിരുന്നു അത്.. എന്‍റെ മനസ്സ് ഒരുപാട് സന്തോഷിച്ചു.. ശ്രീയേട്ടന്‍റെ താലി കഴുത്തിലുണ്ടെന്ന കാര്യം ഞാന്‍ ഓര്‍ത്തതേയില്ല..
പിന്നീടങ്ങോട്ട് അനുരാഗത്തിന്‍റെ നാളുകളായിരുന്നു.. പാര്‍ക്കിലും ബീച്ചിലും സിനിമാ തിയേറ്ററിലുമൊക്കെ കമിതാക്കളായി ഞങ്ങള്‍ ചുറ്റിക്കറങ്ങി..
മറ്റാരും ഈ ബന്ധം അറിയാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.. അതുകൊണ്ട് തന്നെ കുറച്ചകലെയുള്ള സ്ഥലങ്ങളാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്..
ഒന്നു ഞാന്‍ ഉറപ്പിച്ചു പറയട്ടെ.. ഒരിക്കലും ശാരീരികസുഖത്തിനു വേണ്ടിയല്ല ഞാന്‍ അവനുമായി അടുത്തത്.. തനിച്ചായിപ്പോയപ്പോള്‍ അവന്‍റെ വാക്കുകള്‍ ഊര്‍ജ്ജം പകര്‍ന്നു. അവന്‍റെ സാമീപ്യം സാന്ത്വനമായി. അങ്ങനെയാണ് അവനുമായി അടുത്തത്..
എല്ലാവരെയും പോലെ പ്രണയത്തിന്‍റെ ഭാഗമായിട്ടുള്ള കാര്യങ്ങള്‍ ഞങ്ങളും ചെയ്തിട്ടുണ്ട്.. ഇപ്പോളവന്‍ എന്‍റെ ആത്മാവിന്‍റെ തന്നെ ഭാഗമാണ്.. ഒരിക്കലും മറക്കാന്‍ പറ്റില്ല.. അവനും അങ്ങനെത്തന്നെയാണെന്ന് ഞാന്‍ കരുതുന്നു.. പക്ഷേ ഒരുമിച്ചുള്ള ജീവിതം അവന്‍റെ സ്വപ്നത്തില്‍ ഇല്ല.. ഞാനും അതാഗ്രഹിക്കുന്നില്ല.. അതുകൊണ്ട് തന്നെ ഒരു ഒളിച്ചോട്ടത്തിന് പ്രസക്തിയില്ല..
ശ്രീയേട്ടന്‍ ലീവ് കഴിഞ്ഞ് തിരിച്ചു പോയതിനുശേഷം വീണ്ടും ബന്ധം തുടരാം എന്നാണ് അവന്‍ പറയുന്നത്.. എനിക്കതിനു കഴിയില്ല.. ശ്രീയേട്ടന്‍റെ മുഖത്തുനോക്കി വഞ്ചിക്കാന്‍ എനിക്കാവില്ല.. എല്ലാം തുറന്നു പറഞ്ഞ് മാപ്പ് ചോദിച്ചാല്‍ ഒരുപക്ഷേ ശ്രീയേട്ടന്‍ ക്ഷമിച്ചേക്കാം.. കാരണം അത്രക്ക് ജീവനാണല്ലോ ശ്രീയേട്ടനു എന്നെ..
അതുവേണ്ട ശ്രീയേട്ടാ.. ഇനിയും ശ്രീയേട്ടന്‍റെ സ്നേഹം ഏറ്റുവാങ്ങാനുള്ള അര്‍ഹത എനിക്കില്ല.. അറിയാതെ പറ്റിയ തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല.. ഏതോ സാഹചര്യത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചു പോയി..അതിനു പരിഹാരവും ഞാന്‍ തന്നെ കണ്ടെത്താം..
ഞാന്‍ പോവുകയാണ്.. ഈ ലോകത്തു നിന്നു തന്നെ.. എന്നെ ശപിക്കരുത്.. ശ്രീയേട്ടന് നല്ലൊരു ജീവിതം കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു..
അവള്‍ പേപ്പര്‍ മടക്കി മേശപ്പുറത്ത് വെച്ച് വാതില്‍ തുറന്നു ഇരുട്ടിലൂടെ റെയില്‍വേ ട്രാക്കിലേക്ക് നടന്നു..
അവളുടെ ശ്രീയേട്ടന്‍ കയറിയ വിമാനം ദുബായ് എയര്‍പോട്ടില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നൂ അപ്പോള്‍..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo