ഒരു സിനിമയിൽ കേട്ട വാക്കുകളാണ്....'അനുഭവിക്കുമ്പോൾ ഒരുപാട് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ പിന്നീടോർക്കുമ്പോൾ വെറുംകഥകളാണ് '...എത്ര സത്യമായ വാക്കുകൾ.......അങ്ങനെയുള്ള ഒരു ചെറിയ കഥ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.....
എടീ ഒന്ന് പെട്ടെന്ന് വാ....ഇന്ന് മുതലാളിയുടെ വായിൽ നിന്നും നല്ല രീതിയിൽ കേൾക്കാം....എന്റെ കൂട്ടുകാരി പിറുപിറുക്കുകയാണ്....നിൽക്കെടീ....ഈ ദോശയൊന്നു കഴിച്ചോട്ടെ....ഞാൻ പറഞ്ഞു..ആഹാ അപ്പൊ നീ ഇപ്പൊ കഴിക്കാൻ പോകുന്നതേയുള്ളോ, ഞാൻ പോകുന്നു....അവൾ പറഞ്ഞു....എനിക്കാണെങ്കിൽ വിശപ്പും ചൂട് ദോശയും ചമ്മന്തിയും കൂട്ടിയുള്ള ആ കഴിപ്പിന്റെ രുചിയും കാരണം കഴിക്കാതിരിക്കാനും വയ്യ, സമയം വൈകിയതുകൊണ്ട് കഴിക്കാതിരിക്കാനും വയ്യ...എന്നാലും ദോശയെ വെറുതെ വിടാൻ ഞാൻ തയ്യാറായില്ല....വായിൽ കുത്തി അടച്ചു...കണ്ണ് രണ്ടും പുറത്തോട്ടു തള്ളിപ്പോയി.... അമ്മ പറഞ്ഞു 'പതുക്കെ കഴിക്കെടീ'...അമ്മക്കറിയാമോ അവിടെ ഞാൻ കേൾക്കാൻ പോകുന്ന ചീത്ത എത്രമാത്രമാണെന്ന്! ഞാൻ ഒന്നും പറയാതെ വേഗം അവളുടെ കൂടെ ഓടിച്ചെന്നു...വീട്ടിൽ നിന്നും അരമണിക്കൂർ നടക്കാനുണ്ട് തുണിക്കടയിലേക്ക്...ഞാനും അവളും ഓടുകയായിരുന്നു.....പ്രതീക്ഷിച്ചതുപോലെതന്നെ കട തുറന്നിരുന്നു....പിൻവാതിലിലൂടെ അറ്റെൻഡൻസ് ബുക്കിൽ ഒപ്പിടാൻ പോയപ്പോൾ ആ വലിയ മുറിക്കകത്തിരുന്നു രണ്ടു കണ്ണുകൾ ഞങ്ങളെത്തന്നെ ശ്രദ്ധിക്കുന്നത് കണ്ടു...ഞങ്ങൾ അത് കണ്ടതേയില്ല എന്ന ഭാവത്തിൽ ഒപ്പിടാൻ തുടങ്ങിയപ്പോൾ മുറിയിൽ നിന്നും മാനേജർ ഒരു അണ്ണാച്ചിയാണ്...അയാൾ വന്നു പറഞ്ഞു...'ഉങ്ക രണ്ടുപേരെയും മുതലാളി വിളിക്കുന്നു' എന്ന്. രണ്ടുപേരും പേടിച്ചു പേടിച്ചു അകത്തോട്ടു ചെന്നു...അകത്തുചെന്നതും മുതലാളി തുടങ്ങി...' ഉനക്കെല്ലാം നാൻ മാസാവസാനം പൈസ എണ്ണിത്തറത് ഉങ്കളുക്ക് തോന്നിയപോലെ വരാനല്ല, നീങ്ക ഇങ്കെ ജോലിക്ക് വറേങ്കളാ ഇല്ലൈ തുണി വാങ്ക വന്തേങ്കളാ...യോ, മാനേജർ...ഇന്ത രണ്ടു.........കളും ഇന്നക്ക് പോകുമ്പോ അരമണിക്കൂർ ലേറ്റാവേ പോകട്ടും..അപ്പൊ താൻ ഇതുങ്കള്ക്ക് ബുദ്ധി വരും'..'ശരി സാർ..നാൻ പാത്തുക്കറേൻ' മാനേജർ പറഞ്ഞു..അയാൾക്ക് രണ്ടു ഇരകളെ കയ്യിൽ കിട്ടിയ സന്തോഷമാണ്...ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ ഞങ്ങളുടെ സെക്ഷനിലേക്ക് നടന്നു...ഞാൻ റെഡിമേഡ് ചുരിദാർ വിഭാഗത്തിലും അവൾ കുട്ടികൾക്കുള്ള സെക്ഷനിലുമാണ്....ഞാൻ സെക്ഷനിലെത്തിയപ്പോൾ എല്ലാത്തിന്റെയും മുഖത്ത് ഒരു ചിരി കണ്ടു....പക്ഷെ എന്റെ കൂടെയുള്ള ലക്ഷ്മി ചേച്ചി മാത്രം ചോദിച്ചു...ഇന്നും കിട്ടി അല്ലെ...എടീ നിനക്ക് നേരത്തെ ഇറങ്ങിക്കൂടെ...' ഞാൻ പറഞ്ഞു..എന്റെ ചേച്ചി ഇവിടന്നു പോകുന്നത് തന്നെ രാത്രി 8.30 മണിക്കാണ്..നടന്നു വീട്ടിൽ ചെല്ലുമ്പോൾ സമയം 9 ആകും..പിന്നെ ആഹാരമൊക്കെ കഴിച്ച് കുറച്ചുനേരം ടിവിയൊക്കെ കണ്ട് കിടക്കുമ്പോൾ മണി പതിനൊന്നാകും...ഇവിടത്തെ പണിയുടെ ക്ഷീണം കൂടിയാകുമ്പോൾ എഴുന്നേൽക്കാൻ ലേറ്റാകുന്നതാ... വേറെ ഒരുഗതിയും ഇല്ലാത്തതുകൊണ്ടല്ലേ ഇങ്ങേരുടെ വായിൽ നിന്നും കേട്ടുകൊണ്ട് ഇവിടെ നിൽക്കേണ്ടിവരുന്നത്...അങ്ങേരു വഴക്ക് പറയുന്നത് പോട്ടെ..പക്ഷെ..പെണ്ണെന്നുകൂടി ഓർക്കാതെയുള്ള ഈ ചീത്തപറച്ചിലാ സഹിക്കാൻ പറ്റാത്തത്. ചിലനേരം തോന്നും കളഞ്ഞീട്ടു പോയാലോ എന്ന്? പക്ഷേ...കളഞ്ഞീട്ടു എന്തുചെയ്യാനാ? ഞാനാണെങ്കിൽ പത്താം ക്ലാസ് പാസായതേയുള്ളൂ...വേറെ ഒന്നും പഠിച്ചിട്ടുകൂടി ഇല്ല....പിന്നെ ഇത്രയും ശമ്പളം ഇവിടെ വേറെ എവിടെക്കിട്ടും..എന്റെ വീട്ടിൽ ഇപ്പോൾ ഇതൊരു വലിയ താങ്ങാണ്. ഞങ്ങൾ മൂന്നു പെൺകുട്ടികളാ അച്ഛന്...അച്ഛനും ഞാനും ചേച്ചിയും സമ്പാദിക്കുന്നത് കൊണ്ട് വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പോകുന്നു...ഞങ്ങൾ സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ഞങ്ങളുടെ സൂപ്പർവൈസർ മുരുകൻ ഒരു കസ്റ്റമറെ കൊണ്ടുവന്നിട്ടു എന്നെ വിളിച്ചു പറഞ്ഞു...ഇവർക്ക് കോട്ടൺ ചുരിദാറാണ് വേണ്ടതെന്ന്..ഞാൻ അവരെ കോട്ടൺ ചുരിദാറിന്റെ സെക്ഷനിലേക്ക് വിളിച്ചുകൊണ്ടുചെന്നു....അവർ നല്ല കസ്റ്റമേഴ്സായിരുന്നു....അധികം ചുരിദാർ എടുത്തിടാൻ സമ്മതിച്ചില്ല....മൂന്നെണ്ണം എടുക്കുകയും ചെയ്തു...ഞാൻ സന്തോഷത്തോടെ അവരെയും കൊണ്ട് ബില്ലടയ്‌ക്കാൻ ഉള്ള സ്ഥലത്തു ചെന്നു...അവരുടെ കയ്യിൽ ബിൽ ഏൽപ്പിച്ചിട്ടു ക്യാഷ് കൗണ്ടർ കാണിച്ചുകൊടുത്തശേഷം ഞാൻ വീണ്ടും വന്നു പഴയസ്ഥലത്ത് തന്നെ നിന്നു...ചില ദിവസങ്ങളിൽ ഇങ്ങനെയായിരുന്നു...നല്ല കസ്റ്റമേഴ്‌സിനെ കിട്ടും...ചിലദിവസം ചിലർ വരും...കാണുന്ന തുണികളൊക്കെ എടുത്തിടാൻ പറയും...എല്ലാം കവറിൽ നിന്നും എടുത്ത് ഉലച്ചിടുകയും ചെയ്യും..അവസാനം. ഒന്നും ഇഷ്ടപ്പെട്ടില്ല എന്നുപറഞ്ഞു ഇറങ്ങിപ്പോകും..അവർ ഇറങ്ങിപോകുന്നത് കാണുമ്പോഴേ എനിക്ക് ഹൃദയമിടിപ്പ് കൂടും..കാരണം ഏറ്റവും താഴത്തെ നിലയിൽ സൂപ്പർവൈസർ അറുമുഖം നിൽപ്പുണ്ട്..അയാളുടെ ഹോബി തന്നെ കൂടെയുള്ളവർക്ക് മുതലാളിയുടെ വായിൽ നിന്നും മാക്സിമം ചീത്ത വാങ്ങിച്ചുകൊടുത്ത് നല്ല പേര് സമ്പാദിക്കുക എന്നത്...എന്താ.ഒന്നും എടുക്കാത്തത്...നിങ്ങൾക്കാവശ്യമുള്ളത് കിട്ടിയില്ലേ എന്നയാൾ കസ്റ്റമറിനോട് ചോദിക്കും..ചിലർ ഞങ്ങൾ വെറുതെ കാണാൻ വന്നതാണെന്ന് പറയും.. ചിലർ ഞങ്ങൾ ഉദ്ദേശിച്ചത് കിട്ടിയില്ല എന്നും...അപ്പോൾത്തന്നെ അയാൾ ഫോൺ ചെയ്ത് ചോദിക്കും ആരുടെ കസ്റ്റമറാ ഇപ്പൊ ഇറങ്ങിപ്പോയതെന്നു... നമ്മൾ ശരിക്കുള്ള കാരണം പറഞ്ഞാലും അയാൾ വിശ്വസിക്കില്ല..അയാൾ തന്നെ ഒരു കാരണം ഉണ്ടാക്കിയെടുക്കും...പിന്നെ....തമിഴിലും മലയാളത്തിലും ഇതുവരെ കേട്ടിട്ടില്ലാത്ത വാക്കുകൾ കേൾക്കാം.. ഞങ്ങൾക്ക് രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ചായയുടെ ടൈം ആണ്..ഉച്ചയ്ക്ക് 1 മണിക്കൂർ ലഞ്ച് ടൈം..ഓരോ സെക്ഷനിൽ നിന്നും ഓരോരുത്തരായി വേണം കഴിക്കാൻ പോകാൻ...ശരിക്കും ആ ചായയുടെ സമയമാകാനും ലഞ്ച് ടൈം ആകാനും ഞങ്ങൾ കാത്തിരിക്കാറുണ്ട്..ഒന്നിരിക്കാൻ വേണ്ടി..കാരണം കൗണ്ടറിന്റെ അകത്ത് നിൽക്കുമ്പോൾ ഒരേ നിൽപ്പ് നിൽക്കണം...വല്ലാതെ കാൽ കഴച്ച് ഏതെങ്കിലും തുണി എടുക്കാനെന്ന രീതിയിൽ കൗണ്ടറിന്റെ താഴെയുള്ള അലമാരയുടെ അടുത്ത് ഇരുന്നാൽ കൃത്യം അഞ്ച് മിനുട്ട് കഴിഞ്ഞതും ഫോൺ വരും..ആരാ...അവിടെയിരിക്കുന്നത്...വന്നു ഫോൺ എടുക്കാൻ പറ എന്ന്...ഫോൺ എടുത്താൽ പിന്നെ പറയേണ്ടല്ലോ കേൾക്കുന്നത് എന്താണെന്ന്....അതുപോലെ തന്നെ ലിഫ്റ്റ് സ്റ്റാഫുകൾ ഉപയോഗിക്കാൻ പാടില്ല...നാല് നിലയുണ്ട്..ഞങ്ങൾക്ക് ആഹാരം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് നാലാമത്തെ നിലയിലാണ്...അതുമുഴുവൻ നടന്നുതന്നെ കേറണം..അതുകൊണ്ടൊക്കെയാണോ എന്തോ ഇപ്പോൾ എനിക്ക് ഒന്ന് ഓടാൻ പോലും പറ്റില്ല, കുറച്ചു നടക്കുമ്പോൾ കാലിനു നല്ല വേദന അനുഭവപ്പെടും...എത്രയെത്ര അനുഭവങ്ങൾ...പാവം..കൂടെ ജോലി ചെയ്യുന്ന തമിഴൻ പയ്യന്മാരുടെ കാര്യം....കേരളമായതു കൊണ്ടാണോ എന്തോ..അവരുടെ കണ്ണിൽ ഞങ്ങൾ സ്ത്രീകൾ ചെയ്യുന്ന തെറ്റുകൾക്ക് മാക്സിമം ശിക്ഷ...പറയുന്ന ചീത്തയിൽ ഒതുങ്ങിയിരുന്നു..പക്ഷെ...ആ പയ്യന്മാരുടെ കാര്യം..പട്ടിയെ തല്ലുന്നപോലെ തല്ലിയിട്ടുണ്ട് ആ പാവങ്ങളെ....അവരുടെ നാട്ടിലെ കഷ്ടാപ്പാട് ഓർത്തിട്ടാകും ആരും പക്ഷെ പ്രതികരിക്കുകയോ അവിടെനിന്നും പോകുകയോ ഇല്ല.. ചിങ്ങമാസത്തിൽ നല്ല കച്ചവടം നടക്കുന്ന സമയമാണ്.....കസ്റ്റമേഴ്‌സൊക്കെ പോയിക്കഴിഞ്ഞ് തുണികൾ ഒരുവിധം മടക്കിവക്കാതെ പോകാൻ പറ്റില്ല...അപ്പോൾ ഞങ്ങൾ വീട്ടിൽ എത്തിയിരുന്നത് രാത്രി 10.30ക്കൊക്കെയാണ്...വീട് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം...നേരെ ചെന്ന് കുഴഞ്ഞു വീഴും കിടക്കയിൽ....എത്ര മടക്കിയാലും തീരാത്തത്ര രീതിയിൽ തുണികൾ കൗണ്ടറിൽ കുന്നുകൂടുമായിരുന്നു ആ സമയങ്ങളിൽ...പിന്നെയുള്ളത്...മറ്റുള്ളവർക്ക് പാര ചെയ്ത് പേരുണ്ടാക്കാൻ വേണ്ടി മാത്രം വരുന്ന ചിലരുണ്ട്....ഒരു ദിവസം ഒരു സംഭവം ഉണ്ടായി..ഞങ്ങളുടെ കൗണ്ടറിൽ ഉള്ള ശിവ എന്ന് പേരുള്ള ഒരു ചേട്ടൻ....എന്നെ സ്വന്തം അനിയത്തിയെ പോലെയാണ് കാണുന്നത്...കുറച്ചു ദിവസമായി കൗണ്ടറിൽ ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് കാണുമ്പോൾ ചിലർക്ക് ഒരു മുറുമുറുപ്പ്...ആ സമയത്ത് സദാചാരക്കാർ എന്നൊരു വാക്ക് ആരും ഉപയോഗിച്ച് തുടങ്ങിയിട്ടില്ല...ഇപ്പോഴായിരുന്നെങ്കിൽ അങ്ങനെ പറയാമായിരുന്നു...ഒരുദിവസം ഒരു കസ്റ്റമർ ഒരു ഡ്രസ്സ് പോലും എടുക്കാതെ ഇറങ്ങിപ്പോയി...അറുമുഖം കാണരുതേ എന്ന് ഞാൻ ഭഗവാനോട് കേണു പ്രാർത്ഥിച്ചു..പക്ഷേ..അയാൾ കസ്റ്റമറെ കണ്ടു...അവർ എന്താ പറഞ്ഞതെന്നറിയില്ല..നിമിഷങ്ങൾക്കകം..ഞങ്ങളുടെ ഫ്ലോറിൽ ഫോൺ വന്നു...എന്നെ മുതലാളിയുടെ മുറിയിൽ വിളിക്കുന്നു എന്ന്...കയ്യും കാലും വിറയ്ക്കാൻ തുടങ്ങി,...എന്നാലും ഞാൻ ചെന്നു...മുറിയിൽ ചെന്നപ്പോൾ ചെറിയ മുതലാളിയാണ് ഉള്ളത്...എന്നെക്കണ്ടതും ചോദിച്ചു..'നീ ഇവിടെ വരുന്നത് ജോലി ചെയ്യാനാണോ അതോ പ്രേമിക്കാനാണോ? നീയും ആ ശിവയും തമ്മിൽ ലവ് ആണല്ലേ....ഇതൊന്നും ഇവിടെ പറ്റില്ല....ഈ സ്ഥാപനത്തിനെക്കുറിച്ച് എന്താ നീ വിചാരിച്ചെ...ആ കസ്റ്റമർ പറഞ്ഞല്ലോ..അവർ ചോദിച്ചതൊന്നും നീ എടുത്തു കാണിച്ചു കൊടുത്തില്ല എന്ന്.. മര്യാദയ്ക്ക് ജോലി ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്..അല്ല അവനോടൊത്ത് അഴിഞ്ഞാടാനാണ് ഉദ്ദേശമെങ്കിൽ ഇപ്പൊ ഇറങ്ങിക്കോണം ഇവിടെനിന്നും' ..ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു..'മുതലാളി കേട്ടതൊന്നും സത്യമല്ല..എനിക്കാരോടും പ്രണയമില്ല...ആ കസ്റ്റമർ പറഞ്ഞത് സത്യമല്ല....മുതാലാളി ക്യാമറ ഞാൻ നിൽക്കുന്ന കൗണ്ടറിലോട്ട് സൂം ചെയ്തു നോക്കൂ...അവിടെയുണ്ട് ഞാൻ അവർക്ക് എടുത്തു കാണിച്ചുകൊടുത്ത തുണികൾ...മുതലാളി സൂം ചെയ്തു നോക്കി..ഒരു കുന്നോളമുണ്ട് ഞാൻ അവർക്കായി എടുത്തിട്ട തുണികൾ..അടുത്ത ചീത്ത അതിനായിരുന്നു...'ഇത്രയൊക്കെ എന്തിനാ ഉലച്ചിടുന്നത്..അതൊക്കെ പോയി മടക്കിവയ്ക്ക്....ആവശ്യമുള്ളത് മാത്രം എടുത്തു കാണിച്ചാൽപോരെ.. അതെങ്ങനാ.. മനസ്സ് ഇവിടെ ഉണ്ടായിട്ടു വേണ്ടേ..' മനസ്സാ വാചാ നമ്മൾ അറിയാത്ത കാര്യങ്ങൾക്ക് പഴി കേൾക്കേണ്ടി വരുമ്പോഴുള്ള വേദന ഞാൻ അന്ന് അറിഞ്ഞു...എനിക്ക് തിരിച്ചുപറയണമെന്നും എന്റെ കഴുത്തിൽ കിടക്കുന്ന ടാഗ് അയാളുടെ മുഖത്ത് വലിച്ചെറിയണമെന്നും ഉണ്ടായിരുന്നു..പക്ഷെ..ഒരു നിവൃത്തിയുമില്ല..ഞാൻ കരഞ്ഞുകൊണ്ട് കൗണ്ടറിൽ വന്നു നിന്നു...എത്ര തന്നെ മരുഭൂമിയായാലും ചെറിയ രീതിയിൽ പച്ചപ്പുണ്ടാകും...അതുപോലെ എനിക്കുമുണ്ടായിരുന്നു ഒരു പച്ചപ്പ്....ആ സ്ഥാപനത്തിന് മൊത്തം മൂന്നുപേരാണ് മുതലാളിമാർ...ചേട്ടൻ അനിയൻ, ചേട്ടന്റെ മകൻ...ഇതിൽ ചേട്ടന്റെ മകനാണ് എന്നെ ചീത്ത പറഞ്ഞത്...അനിയൻ മുതലാളി ഉള്ളതിൽ ഭേദം ആയിരുന്നു..ഞാൻ കൗണ്ടറിൽ കരഞ്ഞുകൊണ്ട് നിൽക്കുന്നത് കണ്ടു എന്നോട് കാര്യം തിരക്കി...ഞാൻ പറഞ്ഞു...'ഗതികേടുകൊണ്ടാ മുതലാളി..ഞാനിവിടെ വരുന്നത്...പാവങ്ങളാണെന്നു വിചാരിച്ച് എന്തും പറയാം എന്ന് കരുതരുത്....ഞാൻ ജോലി മതിയാക്കി പോകാൻ പോവുകയാണ്..' അദ്ദേഹം പറഞ്ഞു...ഞാൻ അന്വേഷിക്കാം...കണ്ണ് തുടക്ക്..ഒരു സ്ഥാപനം ആകുമ്പോൾ ഇതൊക്കെ സർവസാധാരണം..' അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൊടുത്ത് ഞാൻ വീണ്ടു കൗണ്ടറിൽ നിന്നു..അപ്പോഴേക്കും എനിക്ക് ഫോൺ വന്നു..ഞാനെടുത്തപ്പോൾ എന്നെ ചീത്ത പറഞ്ഞ മുതലാളിയാണ്..അയാൾ എന്നോട് പറഞ്ഞു..'നീ ചിറ്റപ്പനോട് പറഞ്ഞു അല്ലെ..ഞാൻ വിശ്വസിച്ചിട്ടൊന്നുമില്ല...നിങ്ങൾ ലവ് ആണെന്ന്..പക്ഷെ.....അതൊക്കെ പാടില്ല എന്നെ ഉദ്ദേശിച്ചുള്ളു... ഇതിന്റെ പേരിൽ നീ പിരിഞ്ഞുപോകുകയൊന്നും വേണ്ട'...എനിക്ക് കുറച്ചെങ്കിലും ആശ്വാസം തോന്നി...ഇന്നലെകഴിഞ്ഞപോലെ തോന്നുന്നു...എല്ലാം...പിന്നീടൊരിക്കൽ...കഴിച്ചിട്ട് ഞങ്ങൾ ഇറങ്ങിവരുമ്പോൾ സ്റ്റെപ്പിന് സൈഡിലുള്ള ലിഫ്റ്റ് ഓപ്പണാകുന്നതും കൂടെ ഒരു നിലവിളിശബ്ദവും കേട്ടു, ഞാൻ നോക്കുമ്പോൾ ഞങ്ങളുടെ കൂടെ ജോലിചെയ്യുന്ന ഇത്തിരി പ്രായമുള്ള ഒരങ്കിളിനെ ആ ഇളയ മുതലാളി ബൂട്ട്സ് ഇട്ടു ചവിട്ടുകയാണ്...ആ അങ്കിൾ കരഞ്ഞുകൊണ്ട് കാലുപിടിക്കുന്നുണ്ട്..ഇനി ചവിട്ടല്ലേ എന്ന്.പക്ഷെ കൂടുതൽ ശക്തിയോടെ ആ ഈ ഇളയ മുതലാളി വീണ്ടും വീണ്ടും അത് തന്നെ ചെയ്യുന്നു... ആ മുതലാളിയുടെ മുറി ഞാൻ നിൽക്കുന്ന കൗണ്ടറിന്റെ അടുത്താണ്. ഞങ്ങൾ പടിയിറങ്ങി കൗണ്ടറിൽ വന്നുനിന്നപ്പോൾ അവിടെയുണ്ടായിരുന്ന സ്റ്റാഫുകൾ പറഞ്ഞു..ഇപ്പൊ വലിച്ചിഴച്ചു അകത്തോട്ടു കൊണ്ടുപോയി എന്ന്. എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു ആ അങ്കിളിന്റെ നിലവിളി...അകത്തുനിന്നും ഉറക്കെ പറയുന്നതും കേൾക്കാമായിരുന്നു കസ്റ്റമറാണെടാ എനിക്ക് വലുത്, നീയൊക്കെ എനിക്ക് പുല്ലാ, എന്ന്...ആ മുതലാളിയുടെ അച്ഛന്റെ പ്രായം കാണും ആ അങ്കിളിന്. വളരെ സങ്കടം തോന്നി..എന്തുചെയ്യാൻ? പാവങ്ങൾക്ക് പ്രതികരണശേഷിയേക്കാളും ആവശ്യം കാശ് ആണല്ലോ. ആരും ഒന്നും മിണ്ടിയില്ല...ആ വൃദ്ധൻ ചോരയൊലിപ്പിച്ചുകൊണ്ടു കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയത് ഇപ്പോഴും മനസ്സിൽ കിടക്കുന്നു...എന്റെ കല്യാണത്തോടെ ആ നരകത്തിൽ നിന്നും എനിക്ക് വിമോചനം ലഭിച്ചു. എന്റെ ചേച്ചി...അവൾ...ജോലിയോടൊപ്പം കറസ്പോണ്ടൻസായി ഡിഗ്രി എടുത്തു...എന്നെയും നിർബന്ധിച്ച് കമ്പ്യൂട്ടർ പഠിപ്പിച്ചു..അന്ന് അവളുടെ നിർബന്ധപ്രകാരം ഞാൻ പഠിച്ചത് കൊണ്ട് എനിക്ക് ഇന്ന് ഒരു നല്ല ജോലിയിൽ തുടരാൻ കഴിയുന്നു...അതുകൊണ്ടുതന്നെ ഇപ്പോൾ ഏതു ടെക്സ്റ്റയിൽ ഷോപ്പിൽ ചെന്നാലും എനിക്ക് അവരോട് ഒരു ചെറിയ ഇഷ്ടം തോന്നും..കാരണം, ഇപ്പോൾ ഇത്രയും കാലം കഴിഞ്ഞിട്ടും ആ വേദനിപ്പിക്കുന്ന ഓർമ്മകൾ എന്നിൽ വളരെ ബലമായി കിടക്കുന്നു..എത്രപേർ കണ്ണീരോടെ ആ പടി ഇറങ്ങിപ്പോയിട്ടുണ്ട്....എത്ര സ്ത്രീകൾ....പച്ചയ്ക്കുള്ള ചീത്തവാക്കുകൾ കേട്ട് അവിടെ നിന്നിട്ടുണ്ട്..ഇടയ്ക്കെപ്പോഴോ കേട്ടു...ആ വൃദ്ധനെ മർദിച്ച മുതലാളി ആത്മഹത്യ ചെയ്തു എന്ന്...അവരുടെ കുടുംബപ്രശ്‌നം കാരണം...ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ഞാൻ പഴയ ചില വാക്കുകൾ ഓർത്തു..താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മ ഫലം താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ.'
By
Uma Rajeev

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക