ഇത്ര പെട്ടെന്ന് നേരം വെളുത്തോ.. ഒരു മുടിഞ്ഞ തലവേദന കാരണം ഇന്നലെ ഉറങ്ങാനും വൈകി. നേരം വൈകിയാലത്തെ കഥ പറയണ്ട. പെട്ടെന്ന് എണിറ്റ് റൂമിന് പുറത്തിറങ്ങി അടുക്കളയിലെത്തി.
ദൈവമേ.. ഈ വാതിൽ ആരാ തുറന്നിട്ടിരിക്കുന്നത്. രാത്രി അടച്ചിട്ടാണല്ലോ കിടന്നിരുന്നത്.. നോക്കുമ്പോൾ ലോക്ക് പൊട്ടിച്ചിരിക്കുന്നു.. പെട്ടെന്ന് മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.. കള്ളൻ കയറിയിരിക്കുന്നു.. എന്തെല്ലാം ആണാവോ നഷ്ടപ്പെട്ടിരിക്കുന്നത്.. നേരെ റൂമിലെത്തി അലമാര തുറന്നു നോക്കി. ഉണ്ട്.. സ്വർണവും പണവും എല്ലാം എണ്ണി തിട്ടപ്പെടുത്തി.. ഇല്ല ഒന്നും നഷ്ടപ്പെട്ടിട്ടില്ല.. ആശ്വാസം..
അടുക്കളയിലെത്തി ചായ ഉണ്ടാക്കാൻ നോക്കുമ്പോഴാണ് നഷ്ടപ്പെട്ട ആ അമൂല്യ വസ്തു വിന്റെ വില മനസ്സിലായത്. രണ്ട് കുടം കുടിവെള്ളം. അഞ്ചാറ് മണിക്കൂറോളം ക്യു നിന്ന് ഇന്നലെ കിട്ടിയത്.ഇനി എന്തു ചെയ്യും.
എത്ര വിഷമിച്ചിട്ടാണ് ഇന്നലെ അത് കിട്ടിയത്. നാട്ടിലെങ്ങും വരൾച്ച.. കിണറുകളും തോടുകളും പുഴകളും എല്ലാം വറ്റിവരണ്ടിരിക്കുന്നു. വറ്റിവരണ്ട പുഴയിൽ കുട്ടികൾ പലവിധ കളികളിൽ ഏർപ്പെടുന്നു.. ഒരു തുള്ളി കുടിവെള്ളത്തിനായി മനുഷ്യർ നെട്ടോട്ടമോടുന്നു. എന്തായാലും പണ്ട് കാലത്തുണ്ടായിരുന്ന തെരുവ് നായ ശല്യത്തിന് അറുതി വന്നിരിക്കുന്നു.. എല്ലാം ചത്തൊടുങ്ങിയിരിക്കുന്നു. നായകൾ മാത്രമല്ല സകല മൃഗങ്ങളും പക്ഷികളും എല്ലാം ദിനംപ്രതി ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്നു. കാട്ടാനകളും മൃഗങ്ങളും എല്ലാം നാട്ടിലേക്കിറങ്ങിയിരിക്കുന്നു .വെള്ളം തേടി..
ഭൂമിയിലെങ്ങും അരാചകത്വം.. അക്രമങ്ങൾ. വീടുകളും മറ്റും കൊള്ളയടിക്കപ്പെടുന്നു.. കുടിവെള്ളത്തിന് വേണ്ടി. രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ.. രാജ്യത്തിനകത്ത് സംസ്ഥാനങ്ങൾ തമ്മിൽ കലഹവും പോരാട്ടങ്ങളും.. അതും വെള്ളത്തിന്റെ പേരിൽ.
.പണ്ട് തമിഴ്നാടും കർണ്ണാടകവും തമ്മിൽ കാവേരി നദീജലം പങ്ക് വെക്കുന്നതിനെ പറ്റിയുള്ള അക്രമസംഭവങ്ങളുണ്ടായപ്പോൾ ഫെയ്സ് ബുക്കി ൽ കണ്ട ഒരു പോസ്റ്റ് ഓർമ്മ വന്നു. ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്. അതിന് ചുവട്ടിൽ ഒരു തുള്ളി വെള്ളം പങ്ക് വെക്കാൻ കഴിയാത്തവരുടെ വെറും വീമ്പ് പറച്ചിൽ. എന്ന പോസ്റ്റ്.. ഇപ്പോൾ സ്ഥിതിഗതികൾ ഒന്നുകൂടി മോശമായിരിക്കുന്നു. ദാഹജലം കിട്ടാത്തതിന്റെ പേരിൽ മനുഷ്യരും ജീവജാലങ്ങളും മരിച്ച് വീണ് മണ്ണോട് ചേരുന്നു...
,, അമ്മേ.. ചായ താ,, ... മോളുടെ വിളിയാണ് ചിന്തയിൽ നിന്നുണർത്തിയത്. എന്തു പറയും അവളോട് ഞാൻ. ഒരു ദിവസത്തെ ഉപയോഗത്തിന് സർക്കാർ വക മണിക്കൂറുകളോളം ക്യൂ നിന്ന് കിട്ടിയ രണ്ട് കുടം വെള്ളം ..അതാണല്ലോ ആ സാമദ്രോഹികൾ എടുത്തോണ്ട് പോയത്.. ഇവർക്ക് വേറെ വല്ല കരിഞ്ചന്തക്കാരുടെ വീട്ടിലും കയറിക്കൂടായി രുന്നോ..
പണ്ടൊക്കെ എന്റെ ചെറുപ്പത്തിൽ കടകളിൽ നിരത്തി വെച്ചിരിക്കുന്ന കുടിവെള്ളത്തിന്റെ ബോട്ടിലുകൾ കാണുമ്പോൾ ആലോചിച്ചിരുന്നു. ആരാ ഈ പച്ചവെള്ളം ഒക്കെ കാശ് കൊടുത്ത് വാങ്ങുന്നത്.. കാലം അതിന്നൊരു ഉത്തരം തന്നു.വെള്ള ബോട്ടിലുകൾ നാട്ടിൽ സർവ്വസാധാരണയായി.പക്ഷെ ഇന്ന് ഒന്നും ഇല്ല... വൻകിട വെള്ള കമ്പനികളെല്ലാം ജനങ്ങളുടെ സമരങ്ങളും പ്രക്ഷോപങ്ങളും കാരണം പൂട്ടിയിരിക്കുന്നു.
പിന്നീട് ചെറുപ്പത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ വാർത്തയായിരുന്നു.ചൈനയിലും ജപ്പാനിലുമൊക്കെ ഓക്സിജൻ കടകളിൽ നിന്ന് വാങ്ങാൻ കിട്ടും എന്ന വാർത്ത.. അന്നൊക്കെ അത് കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വെക്കു മായിരുന്നു. ഇനി വൈകാതെ നമ്മുടെ നാട്ടിലും അതൊക്കെ സംഭവിക്കും. ഇന്നലെയാണ് അറിയിപ്പുണ്ടായത്. അന്തരീക്ഷവായു മലിനമായിരിക്കുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞിരിക്കുന്നു. ശ്വാസതടസം ഉണ്ടാകുമ്പോൾ ഉപയോഗിക്കാൻ ഓരോ വീട്ടിലും ഓക്സിജൻ സിലിണ്ടർ കരുതണം എന്ന വാർത്ത..
ആ.. അത് പറയാൻ മറന്നു.. ഇന്നാണ് അതിന്റെ ബുക്കിംഗ് ആരംഭിച്ചത്. ചേട്ടൻ അതിന് വേണ്ടി രാവിലെ എണീറ്റ് ക്യൂ നിൽക്കാൻ പോയിരിക്കുകയാണ്..
,, അമ്മേ.. ദാ പുറത്ത് രണ്ട് പേര് വിളിക്കുന്നു,, മോളാണ് .. പുറത്തിറങ്ങി നോക്കി.. ഹോ അത് അവരാണ്.ഇന്നലെ ചേട്ടൻ പറഞ്ഞിരുന്നല്ലോ.. പിറകുവശത്തെ മാവ് മുറിക്കാൻ രണ്ട് പേര് വരുമെന്ന്.. ഇനി ഒരു മഴക്കാലം വരികയാണെങ്കിൽ വെള്ളം കിട്ടുകയാണെങ്കിൽ വീടിന്റെ രണ്ടാം നില പണിയാൻ വേണ്ടി കട്ടിലയും ജനലും ഉണ്ടാക്കാൻ.. തൊടുവിലെ അവസാനത്തെ മരം ആണത്..
കഴിഞ്ഞ പരിസ്ഥിതി ദിനത്തിന്റെ അന്നാണല്ലോ ഞാൻ മുറ്റം അടിച്ച് വാരി കുഴങ്ങി ഇനി വയ്യ. എന്ന് പറഞ്ഞു കൊണ്ട് മുറ്റത്തുണ്ടായിരുന്ന പ്ലാവ് മുറിച്ചു മാറ്റിയത്.. അതിന് വേണ്ടി വന്ന പണിക്കാരെ കൊണ്ടു തന്നെയാണ് പറമ്പിലുള്ള മറ്റ് രണ്ടു മൂന്ന് മരങ്ങളും വെട്ടിച്ചത്.. പക്ഷെ അന്നും ചേട്ടൻ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് മനോഹരമായ ഒരു പോസ്റ്റ് ഫെയ്സ് ബുക്കിലിട്ടിരുന്നു.. അതിന് കുറെ ലൈകും കാമന്റും കിട്ടുകയും ചെയ്തു. പോസ്റ്റിന് താഴെ പരിസ്ഥിതി സ്നേഹികളായ കമന്റ് തൊഴിലാളികൾ പ്രകൃതിസംരക്ഷണത്തെ കുറിച്ച് വാചാലരായി. ഫെയ്സ് ബുക്കിൽ പരിസ്ഥിതി സംരക്ഷണ വിപ്ലവം തീർത്തു..
ഇനി ഇപ്പോൾ ആലോചിച്ച് നിന്നിട്ട് കാര്യമില്ല... ഞാൻ പോകട്ടെ .. വെള്ളത്തിനുള്ള 'ക്യൂ ആരംഭിച്ചിട്ടുണ്ടാകും..
......................................................................
......................................................................
സുഹൃത്തുക്കളെ.. കുറച്ച് കാലം കൂടി കഴിഞ്ഞാൽ ചിലപ്പോൾ ഇങ്ങനെയൊക്കെ ആയിരിക്കും. വികസനത്തിന്റെ പേരിൽ ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള നമ്മുടെ മലകളും കുന്നുകളും പുഴകളും എല്ലാം കേവലം അറുപതോ എഴുപതോ വയസ്സിന്റെ ആയുസ്സുള്ള നമ്മൾ കയ്യേറി നശിപ്പിക്കുന്നു.. സത്യത്തിൽ സുസ്ഥിര വികസനം എന്ന് പറഞ്ഞാൽ വരും തലമുറക്ക് കൂടി അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട വിഭവങ്ങൾ ബാക്കിവെച്ച് കൊണ്ടുള്ള ഇന്നത്തെ തലമുറയുടെ ഉപയോഗങ്ങളാണല്ലോ..
അങ്ങനെയാവട്ടെ.... നമ്മുടെ ജീവിതം..
അങ്ങനെയാവട്ടെ.... നമ്മുടെ ജീവിതം..
മടങ്ങാം പ്രകൃതിയിലേക്ക്... ഇനി വരുന്ന തലമുറക്ക് വേണ്ടി.....
By
Mansoor PMNA

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക