ഒരു യാത്രാനുഭവം.
തിരുവനന്തപുരത്തുന്നു ഗുരുവായൂർ പോകാൻ റെയിൽവേസ്റ്റേഷനിൽ എത്തിയതായിരുന്നു ഞാൻ. സമയം വൈകുന്നേരം അഞ്ചു മണികഴിയുന്നു...അച്ഛനും അമ്മയും ഒപ്പം ഉണ്ട്.അഞ്ചരയ്ക്കുള്ള ഇന്റർസിറ്റിയിലാണ് ഞങ്ങൾക്ക് പോകേണ്ടത്. ടിക്കറ്റ് എടുക്കാൻ നിന്നപ്പോൾ അവിടുത്തെ സ്‌ക്രീനിൽ കണ്ടു വണ്ടി നാലാമത്തെ പ്ലാറ്റഫോമിൽ ആണ് വരുന്നതെന്ന്. അങ്ങനെ നേരെ വച്ച് പിടിച്ചു അങ്ങോട്ട്.. നേരത്തെ കയറിപ്പറ്റിയാൽ സീറ്റ് കിട്ടുമല്ലോ എന്ന കരുതി. പ്ലാറ്റഫോമിൽ ചെന്നിറങ്ങിയ എന്റെ കണ്ണ് തള്ളിപ്പോയി...മുടിഞ്ഞ തിരക്ക്. അങ്ങനെ വണ്ടിയും കാത്തി നിക്കുമ്പോഴാണ് ആദ്യമായി അന്ന് ഞാൻ അവളെ കാണുന്നത്, അങ്ങനെ കണ്ടു എന്നൊന്നും പറയാൻ പറ്റില്ല...കാരണം അവളുടെ രണ്ടു കണ്ണുകൾ മാത്രമേ പുറമെ കാണാവൂ, മുഖം ഒരു ഷാൾ കൊണ്ട് മറച്ചിരിക്കുന്നു. ആ തിരക്കിനടിയിലും അവളുടെ ആ മനോഹരമായ കണ്ണുകൾ എന്റെ കണ്ണുകളിലുടക്കി. അവളും അതെ വണ്ടിയിൽ കയറാനാണ് വന്നതെന്ന് തോന്നുന്നു... എന്തായാലും അധിക നേരം അവളെ ശ്രദ്ധിച്ചില്ല, കാരണം ആ തിരക്കിൽ വേറെയും ഒരുപാട് കാഴ്ചകൾ കാണാൻ എന്റെ കണ്ണുകൾ പരക്കം പായുകയയായിരുന്നു.അങ്ങനെ കാഴ്‌ചകൾ പലതും കണ്ടു നിൽക്കെ ഞങ്ങൾക്ക് പോകാനുള്ള വണ്ടി വന്നു. പിന്നെ ആകെ ഒരു വെപ്രാളം ആയിരുന്നു, ചാടിക്കയറി എങ്ങനേലും മൂന്നു സീറ്റ് ഒപ്പിക്കാൻ. എന്നാൽ എന്നെ അതിശയിപ്പിച്ചു കൊണ്ട് അച്ഛൻ വേഗം തന്നെ ഞങ്ങൾക്കുള്ള സീറ്റ് കയ്യടക്കിയിരുന്നു. ചെയർകാറിൽ ആയിരുന്നു ഞങ്ങൾ കയറിയത്.. അതുകൊണ്ടു തന്നെ ചുറ്റുമുള്ള എല്ലാപേരെയും ഒരുവിധം കാണാമായിരുന്നു. അച്ഛൻ വിന്ഡോ സീറ്റിലും ഞാൻ ഇങ്ങേ അറ്റത്തുമായിരുന്നു ഇരുന്നത്, 'അമ്മ ഞങ്ങൾക്കിടയിലും. അങ്ങനെ ഞാൻ അവിടെയിരുന്നു വീണ്ടും കണ്ണുകളോടിച്ചു തുടങ്ങി ചുറ്റിലും.. സീറ്റ് കിട്ടിയവരുടെ മുഖത്തെ സമാധാനവും, കിട്ടാത്തവരുടെ നിരാശയും ഒക്കെ കണ്ടുകൊണ്ടങ്ങനെ... അപ്പോഴാണ് എന്റെ അടുത്ത നിന്ന ഒരു ചേട്ടൻ പതിയെ എന്നോട് ചോദിച്ചത്, "എവിടെയാ ഇറങ്ങുന്നേ??'' ഞാൻ പുഞ്ചിരിയോടെ മറുപടി കൊടുത്തു'' ഗുരുവായൂർ '', ആ ചേട്ടന്റെ മുഖത്തു പിന്നെയും നിരാശ നിഴലിച്ചു. അധികം വൈകാതെ വണ്ടി നീങ്ങിത്തുടങ്ങി. തൊട്ടടുത്തു അച്ഛനും അമ്മയും ഉണ്ടായിരുന്നിട്ടും പതിയെ ഞാൻ ഹെഡ്സെറ്റും മൊബൈലുമായി എന്റെ മാത്രം ലോകത്തിലേക്ക് കടന്നു, കേൾക്കാനിഷ്ടമുള്ള ഗാനങ്ങളുമായി. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു കാണും, ഞാൻ മൊബൈൽ ഒക്കെ മാറ്റിവച്ചു വീണ്ടും എനിക്ക് ചുറ്റുമുള്ളവരെ ശ്രദ്ധിക്കാൻ തുടങ്ങി. തിരക്ക് കുറഞ്ഞു വരുന്നു.. ചിലർ ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ അവരവരുടെ ലോകത്തിൽ മുഴുകിയിരിക്കുന്നു. മറ്റുചിലർ (സ്ഥിരം യാത്രക്കാർ ആണെന്ന് തോന്നുന്നു) കൊച്ചുവർത്തമാനങ്ങളും തമാശയുമായി ഇരിക്കുന്നു. അപ്പോൾ മാത്രമാണ് ഞാൻ എന്റെ തൊട്ടു മുന്നിൽ ഇടതു വശത്തെ സീറ്റിൽ ഇരിക്കുന്ന അവളെ വീണ്ടും കാണുന്നത്, നേരത്തെ പ്ലാറ്റഫോമിൽ വച്ച് കണ്ട ആ സുന്ദരമായ കണ്ണുകളുടെ ഉടമയെ. പിന്നെ അങ്ങോട്ടായി എന്റെ ശ്രദ്ധ മുഴുവൻ. അവളുടെ കൂടെ രണ്ടു പേർ ഉണ്ടായിരുന്നു.അച്ഛനും അമ്മയും ആണെന്ന് ഞാൻ ഊഹിച്ചു.ഇനി അവളെക്കുറിച്ചു പറയാം, പതിനേഴിനോട് അടുത്ത പ്രായം, മുഖം വ്യക്തമല്ല.. ഷാൾ കൊണ്ട് തലയും മുഖവും മറച്ചിരിക്കുന്നു, അതിനാൽ കണ്ണുകൾ മാത്രമേ പുറത്തു കാണുന്നുള്ളൂ.കുറച്ചു കൂടെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ഞാൻ കണ്ടു, അവൾ ഒരു മാസ്ക് ധരിച്ചിട്ടുണ്ട്, കൂടാതെ തലയിൽ മുടി കുറവാണ്.. അതു മറയ്ക്കാനാണ് ഷാൾ. അവരുടെ അരികിലായി രണ്ടു വലിയ ബാഗും ഇരിപ്പുണ്ടായിരുന്നു. ഇത്രയൊക്കെ വച്ച് ഞാൻ ഒരു കാര്യം മനസിലാക്കി,എന്റെ മനസ്സിൽ തോന്നിയ നേരിയ സംശയം ശെരിയായിരുന്നു എന്ന്.അവൾ ആർ സി സി യിൽ നിന്നും പോകുന്നതാണ്. മനസ്സിൽ വല്ലാത്ത വിഷമം തോന്നി.. സഹതാപം എന്ന് വേണമെങ്കിൽ പറയാം. പക്ഷെ അങ്ങനെ ഒരു നോട്ടം പോലും അവൾ ആഗ്രഹിക്കുന്നില്ല എനിക്ക് അവളുടെ പ്രവർത്തികൾ കണ്ടപ്പോൾ മനസ്സിലായി. കാരണം വളരെ ഉല്ലാസവതിയായിരുന്നു അവൾ, അച്ഛനോടും അമ്മയോടും തമാശകൾ പറഞ്ഞും പൊട്ടിചിരിച്ചും അവൾ അവളുടെ ലോകത്തായിരുന്നു യാത്ര. ചുറ്റിലും ഉള്ള ആരെയും അവൾ ശ്രദ്ധിക്കുന്നില്ല,ആരുടേയും സാമീപ്യം അവളുടെ പെരുമാറ്റത്തെ ബാധിക്കുന്നുമില്ല. ഞാൻ ഒരുനിമിഷം മനസ്സിൽ ചിന്തിച്ചു ഇവൾക്കിതെങ്ങനെ സാധിക്കുന്നു... അങ്ങനെ ഒരു സാഹചര്യത്തിൽ എനിക്കൊരിക്കലും ഇത്രയും സ്വാതന്ത്ര്യമായി പെരുമാറാൻ സാധിക്കില്ല. ചുറ്റുമുള്ളവർ എന്തു കരുതും എന്ന ചിന്തയിൽ എന്റെ പ്രവർത്തികൾക്കു ഒരു കൂച്ചുവിലങ്ങിടാൻ ഞാൻ ശ്രമിക്കും.. എന്തോ അതൊരു ശീലമായിപ്പോയി.. ഒട്ടുമിക്കപേരും അങ്ങനെയാണെന്ന് ഞാൻ കരുതിക്കോട്ടെ. സമൂഹത്തിനു മുന്നിൽ നാം എന്തിനോ നമ്മുടെ സ്വാതന്ത്ര്യത്തിനു നിയന്ത്രണം ഏർപ്പെടുത്തും. എന്നാൽ അവൾ എനിക്കൊരു അത്ഭുതമായി മാറുകയായിരുന്നു.. ഇടയ്ക്ക് അവൾ അച്ഛന്റെ മടിയിൽ ചാടിക്കയറി... പിന്നെ അവിടിയിരുന്നു ഓരോ കുസൃതികൾ.. അതെ അവർ മൂന്ന് പേരും അവരുടേതായ സന്തോഷങ്ങൾ പ്രകടിപ്പിക്കുന്നു.. സന്തുഷ്ടമായ കുടുംബം. കുറെ നേരം ഇരുന്നു മടുത്തിട്ടാവണം അവൾ എഴുന്നേറ്റു നിന്ന് ചുറ്റും കണ്ണോടിച്ചു. അപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ അവളിലായിരുന്നു, തികച്ചും മോഡേൺ ആയ വേഷം, അവളുടെ ചെരുപ്പുകളിൽ പോലും ഉണ്ട് ഒരു ഭംഗി. ആ ഇളം റോസ് നിറത്തിലുള്ള ഷാൾ അവൾക്കു നന്നായി ഇണങ്ങുന്നുണ്ട്. അതിനിടയിൽ മനോഹരമായ ആ രണ്ടു കണ്ണുകൾ.. വല്ലാത്ത ഒരാകർഷണം ആ കണ്ണുകളിൽ ഞാൻ കണ്ടു.ഒരു രോഗാവസ്ഥയുടെ യാതൊരു ലക്ഷണവും ആ കണ്ണുകളിൽ പ്രതിഭലിക്കുന്നുണ്ടായിരുന്നില്ല. ഇതിനടിയ്ക്ക് അവളുടെ കണ്ണുകൾ എന്നിൽ പതിച്ചു..ഞാൻ പെട്ടന്ന് മുഖം തിരിച്ചു. മോശമല്ലേ ഒരാളെ ഇങ്ങനെ നോക്കുന്നത്.. അതുകൊണ്ടു മാത്രം. അവൾ തിരികെ സീറ്റിൽ പോയി ഇരുന്നു, എന്റെ ശ്രദ്ധ വീണ്ടും അങ്ങോട്ടായി. എന്നെ പോലെ തന്നെ പലരും അപ്പോൾ അവളെ ശ്രദ്ധിക്കുന്നതായി ഞാൻ കണ്ടു.അവരുടെ മനസ്സിൽ എന്താകും അവളെ കുറിച്ചുണ്ടായ വികാരങ്ങൾ.. സഹതാപമോ അതോ ഇവളെന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്നുള്ള സൊസൈറ്റി ചിന്തയോ? അറിയില്ല..കണ്ണുകൾ കൊണ്ട് മാത്രം എന്നെ ഇത്രെയും ആകർഷിച്ച അവൾക്കു ഒരു പൂർണരൂപം എന്റെ മനസ്സിൽ മെനഞ്ഞെടുക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു. അതിൽ അവൾക്കു ഇടതൂർന്ന നീണ്ട മുടിയിഴകൾ ഉണ്ടായിരുന്നു, മുത്തുപൊഴിക്കുംപോലെയുള്ള ചിരിയും.... അതിസുന്ദരിയായിരുന്നു അവൾ എന്റെ കണ്ണുകളിൽ.അവരുടെ നാട് എവിടെയാകും എന്നായി എന്റെ അടുത്ത ചിന്ത..അങ്ങനെ ഞങ്ങൾ യാത്ര തുടർന്നു. എന്റെ ചിന്തകൾക്കു വിരാമമിട്ടുകൊണ്ട് ട്രെയിൻ ത്രിശൂർ സ്റ്റേഷൻ എത്താറായപ്പോൾ അവർ എഴുന്നേറ്റു, അപ്പോൾ ത്രിശൂർ ആണ് സ്ഥലം... ഞാൻ എന്നോട് തന്നെ പറഞ്ഞു. സമയം രാത്രി പതിനൊന്നു കഴിഞ്ഞു,ആളൊഴിഞ്ഞ ആ പ്ലാറ്റഫോമിൽ ഇറങ്ങി നടന്നു നീങ്ങുന്ന അവളെ എന്റെ കണ്ണുകൾ പിൻതുടർന്നു. ചൂളം വിളിയോടെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.. ഇടയ്ക്കെപ്പോഴോ അവളുടെ കണ്ണുകൾ എന്നിൽ വന്നു പതിച്ചുവോ.. അതോ എന്റെ തോന്നലാണോ.. അറിയില്ല.. എന്തായാലും അവൾ എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇങ്ങനെയൊരു രോഗാവസ്ഥയിലും ഇത്ര സന്തോഷമായി പെരുമാറാൻ കഴിയുന്നതെങ്ങനെ.. അതെ അവൾ എനിക്ക് മുന്നിൽ ഒരത്ഭുതം തന്നെയായിരുന്നു.വളരെ ചെറിയ പരാജയങ്ങളിൽ പോലും നിരാശരാകുന്ന നമുക്ക് മുന്നിൽ അവൾ ഒരു തുറന്ന പുസ്തകമായി തോന്നി എനിക്ക്.. പഠിക്കുവാനുണ്ട് അവളിൽ നിന്ന് ഒരുപാട്. നമുക്ക് ഭൂമിയിൽ അനുവദിച്ചു തന്നിട്ടുള്ള ഓരോ നിമിഷത്തിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കണം, നമുക്ക് ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയണം. അവളിൽ നിന്ന് ഞാൻ മനസിലാക്കിയത് അതാണു്. ഇപ്പോഴും അവളുടെ കണ്ണുകൾ എന്റെ മനസ്സിൽ മായാതെ കിടക്കുന്നു.. ഒരു നൊമ്പരമായി..
By
Akhil P Sasidharan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക