Slider

ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ...

0

ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ...
--------------------------------------
" നീയത് കഴിക്ക് " മുന്നിൽ നിറച്ചു വെച്ചിരുന്ന ഗ്ലാസ്സിലേക്ക് വിരൽ ചൂണ്ടി കൊണ്ട് സനോജ് സാംസനോട് പറഞ്ഞു...
സാംസൺ മദ്യ ഗ്ലാസ്സ് കയ്യിലെടുത്തു കൊണ്ട് സനോജിനെ ഒന്ന് നോക്കി എന്നിട്ട് ചോദിച്ചു " അല്ലെടാ നിനക്ക് എന്നോട് ദേഷ്യമൊന്നുമില്ലല്ലോ...??
" ഇല്ല... ദേഷ്യപ്പെട്ടിട്ടു എന്ത് കാര്യം.. എല്ലാം എന്റെ തെറ്റല്ലേ.. ഞാനല്ലേ ശ്രദ്ധിക്കേണ്ടിയിരുന്നത്... നീയത് കഴിക്ക് എന്നിട്ട് ഒരു രണ്ടെണ്ണം കൂടി കഴിക്ക്... എന്റെ സന്തോഷത്തിന് .... നീയെന്റെ ഉറ്റ ചങ്ങാതി അല്ലേ... നിന്നോട് ഞാൻ പിണങ്ങിയില്ലേ.. ആ പിണക്കം ഇതിൽ മാറണം.." സനോജ് പറഞ്ഞു .
" അപ്പൊ എന്റെ ആ ആഗ്രഹം നടത്തിതരാൻ നീ തയ്യാറാണ് അല്ലേ.. "
സാംസൺ സനോജിന്റെ മുഖത്ത് ഉറ്റു നോക്കി കൊണ്ട് ചോദിച്ചു...
ഒരു നിമിഷം നിശ്ശബ്ദനായ സനോജ് സാംസണെ മുഖമുയർത്തി നോക്കാതെ അതെ എന്ന അർത്ഥത്തിൽ പതുക്കെ തലയാട്ടി...
സാംസൺ സന്തോഷത്തോടെ ഗ്ലാസിൽ ഉണ്ടായിരുന്ന മദ്യം ഒറ്റ വലിക്ക് അകത്താക്കി എന്നിട്ട് സനോജിന് നേരെ ഗ്ലാസ്സ് നീട്ടിക്കൊണ്ടു പറഞ്ഞു
" ഒഴിക്കളിയാ ഒരെണ്ണം കൂടി... എനിക്കിന്ന് സന്തോഷത്തിന്റെ ദിവസമാണ്... ഇന്നെനിക്ക് കുടിച്ചു മരിക്കണം..."
സനോജിന്റെ മുഖത്തും ചെറിയ പുഞ്ചിരി വിരിഞ്ഞു... ഗ്ലാസ്സിൽ അടുത്ത പെഗ്ഗ് ഒഴിച്ച് സനോജ് സാംസണ് നേരെ നീട്ടി... അത് വാങ്ങി സാംസൺ ചോദിച്ചു
" അല്ല നീ കഴിക്കുന്നില്ലേ ..? "
" ഞാൻ കഴിക്കാം... നീ കഴിക്ക് എനിക്ക് നല്ല കുറ്റബോധം ഉണ്ട് നിന്നെ ഞാൻ തല്ലിയില്ലേ... അതിന്റെ വിഷമം... നീ മതി മറന്നു കുടിച്ചിട്ടെ ഞാനിനി കുടിക്കൂ.." സനോജ് മറുപടി പറഞ്ഞു.
സാംസൺ അതും പെട്ടെന്ന് തന്നെ കുടിച്ചു തീർത്തു ഗ്ലാസ്സ് ടീപ്പോയിയുടെ പുറത്തു വെച്ചു..
ഗ്ലാസ്സുകൾ വീണ്ടും രണ്ടു മൂന്ന് തവണ നിറയുകയും ഒഴിയുകയും ചെയ്തു
" അല്ലെടാ ... എന്നാലും എന്തിനാ നീയിത് അവളോട് പറയാൻ പോയത് .... ഞാനത് ഒരിക്കലും പ്രതീക്ഷിച്ചില്ല..." സനോജ് സാംസണെ നോക്കി ചോദിച്ചു..
കയറി വന്ന ഏമ്പക്കം വായിലൂടെ പുറത്തു വിട്ടു സാംസൺ പൊട്ടിച്ചിരിച്ചു ....എന്നിട്ട് പറഞ്ഞു..
" ഹ ഹ ഹ ഹ അതുകൊണ്ടല്ലേ നീയിപ്പോൾ സമ്മതിച്ചത് ...അല്ലെങ്കിൽ നീ സമ്മതിക്കുമായിരുന്നോ..? ഞാൻ സാംസനാണ്... എങ്ങിനെ കരുക്കൾ നീക്കണം എന്നെനിക്കറിയാം.. എനിക്കറിയാം അവൾ നിന്നോട് സമ്മതിക്കുവാൻ പറഞ്ഞിട്ടുണ്ടാകും വേറെ രക്ഷയില്ലല്ലോ..."
പറഞ്ഞു തീർത്തതും സാംസൺ ശക്തിയായി ഒന്ന് ചുമച്ചു.... തൊണ്ട തിരുമ്മികൊണ്ട് സാംസൺ തുടർന്നു...
" കാര്യം ഞാൻ ചെയ്യുന്നത് ശുദ്ധ പോക്രിത്തരം ആണെന്ന് എനിക്കറിയാം.... പക്ഷേ ഒരു മോഹം അതങ്ങു തോന്നിയാൽ പിന്നെ സാംസൺ അതിന് വേണ്ടി എന്തും ചെയ്യും.... അങ്ങിനെ തോന്നിയ ഒരു മോഹം പോലും ഉപേക്ഷിച്ചു ഞാൻ പോന്നിട്ടില്ല പൂർത്തീകരിച്ചേ ഞാൻ അടങ്ങിയിട്ടുള്ളൂ... അവിടെ ..." വീണ്ടും ചുമ തടസ്സപ്പെടുത്തി.... " അവിടെ സുഹൃത്തോ കുടുംബമോ ഒന്നും ഒരു വിഷയമല്ല.." സാംസൺ ചുമക്കുന്നതിന്റെ ഇടയിൽ പറഞ്ഞു നിറുത്തി...
സനോജ് സാംസണെ നോക്കി ചിരിച്ചു.. സാംസൺ അമ്പരപ്പോടെ സനോജിനെ നോക്കി കടവായിലൂടെ ഒലിച്ചു വന്ന തുപ്പലം കൈ കൊണ്ട് തുടച്ചു വീണ്ടും ചുമച്ചു ... എഴുന്നേറ്റ് സമീപത്തുള്ള വാഷ് ബെയ്‌സിനിലേക്ക് തുപ്പി...... കഫത്തിന് പകരം കട്ടച്ചോര.....
സനോജിന്റെ ചിരി ഉച്ചത്തിലായി.... കഴുത്തിൽ കുത്തി പിടിച്ചു ചുമച്ചു കൊണ്ടിരിക്കുന്ന സാംസന്റെ അരികിലേക്ക് സനോജ് മെല്ലെ നടന്നെത്തി... ചുമച്ചു ചോര തുപ്പി കുഴഞ്ഞു നിലത്തേക്ക് വീണ സാംസന്റെ അരികിലായി ഒരു മുട്ട് നിലത്ത് കുത്തി മറ്റേ കാൽ മടക്കി അതിന്റെ മേൽ കൈവെച്ചു സാംസന്റെ കണ്ണിലേക്കി നോക്കി പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു...
" നായിന്റെ മോനേ... നീയെന്ത് കരുതി ഞാൻ നിന്നോട് ക്ഷമിച്ചെന്നോ... നിന്റെ ഈ ആഗ്രഹം ഞാൻ നടത്തി തരുമെണൊ.. നീയെന്റെ ചങ്ങാതിയാണ്.. ഉറ്റ ചങ്ങാതി... അതുകൊണ്ടു തന്നെയാണ് വീഡിയോ ക്ലിപ്പുകൾ കൈമാറ്റം ഉണ്ടായതും..... പക്ഷേ അതിൽ അബദ്ധത്തിൽ എന്റെ ഭാര്യ ഞാൻ മാത്രം കാണാനായി എനിക്കയച്ചു തന്ന അവളുടെ ശരീരം കൂടി പെട്ടുപോയി..... ഈ പ്രവാസ ജീവിതത്തിലെ എന്റെ സന്തോഷത്തിനായി അവൾ എനിക്ക് അയച്ചു തന്നത്.... നിന്നോട് ഞാൻ കാല് പിടിച്ചു പറഞ്ഞതാണ് അത് ഡിലീറ്റ് ചെയ്തു കളയാൻ... നീ കേട്ടില്ല.... പകരം നീയത് വെച്ചു വില പേശി... എന്റെ ഭാര്യയെ നിനക്ക് വേണം അല്ലേ.... " സനോജ് ഒരു നിമിഷം നിർത്തി... സാംസൺ എന്തോ പറയാൻ ശ്രമിച്ചു പക്ഷേ കുത്തി കുത്തിയുള്ള ചുമ കാരണം ഒന്നും പറയാനാകാതെ ചോര തുപ്പി സാംസൺ നിലത്ത് കിടന്നു പുളഞ്ഞു...
സാംസന്റെ അന്ത്യ നിമിഷങ്ങൾ കണ്ടു കൊണ്ട് പകയുടെ ക്രൂരമായ ചിരിയോടെ സനോജ് തുടർന്നു.... " നിന്നോട് ഞാൻ കെഞ്ചി... എന്റെ കുടുംബം തകർക്കരുതെന്നു കേണപേക്ഷിച്ചു... പക്ഷേ നിനക്ക് അടങ്ങാത്ത കൊതി... സമ്മതിച്ചില്ലെങ്കിൽ ഇന്റർനെറ്റിൽ ഇടും എന്ന് വരെ നീ ഭീഷണിപ്പെടുത്തി.... നിനക്കറിയുമോടാ ഞാൻ അനുഭവിച്ച നൊമ്പരം.... അതാണ് നിന്നെ ഞാൻ തല്ലിയത്.... പക്ഷേ അവിടെയും നീ അതിബുദ്ധി കാണിച്ചു.... എന്റെ ഭാര്യക്ക് അയച്ചു കൊടുത്തു അവളെയും ഭീഷണിപ്പെടുത്തി.... ഇതുപോലൊരു ശരീരം നീ കണ്ടിട്ടില്ല അല്ലേ.... നീയിനി ഒന്നും കാണില്ലെടാ.... ഒന്നും...... നിന്റെ മുമ്പിൽ തോറ്റു എന്ന് അഹങ്കരിച്ചു നീ കുടിച്ച മദ്യത്തിൽ വിഷം കലർത്തിയത് അതിനാണ് .... ചത്തു പോടാ നായേ നീ..... ചത്ത് പോ....."
സനോജ് കിതച്ചു......
അപ്പോഴേക്കും ഇട്ടിരുന്ന വസ്ത്രത്തിലും കാർപ്പറ്റിലും രക്തം ഛർദ്ധിച്ചു സാംസന്റെ ശരീരം അവസാന പിടച്ചിലുകളിലേക്ക് എത്തിയിരുന്നു.... സാംസന്റെ അവസാന പിടച്ചിലും നോക്കി മരണം ഉറപ്പു വരുത്തിയതിന് ശേഷം സനോജ് മെല്ലെ എഴുന്നേറ്റ് ടീപ്പോയിയുടെ അടുത്തുണ്ടായിരുന്ന കസേരയിൽ വന്നിരുന്നു......
ഓഫ് ചെയ്തിരുന്ന ഫോൺ ഓൺ ചെയ്തു നാട്ടിൽ നിന്ന് വന്നിരുന്ന മിസ്ഡ് കോളുകളുടെ നോട്ടിഫിക്കേഷന്റെ ഇടയിലൂടെ സ്‌ക്രീനിൽ സുന്ദരിയായ ഒരു യുവതിയുടെ മുഖം തെളിഞ്ഞു.... തന്റെ സോഫിയ..... ഇപ്പോഴും അവൾ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു.. സനോജ് പോക്കറ്റിൽ ഇട്ടിരുന്ന വിഷകുപ്പിയിൽ അവശേഷിച്ചിരുന്ന വിഷം കൂടി മദ്യകുപ്പിയിലേക്ക് ഒഴിച്ചു.... അതിന് ശേഷം ഗ്ലാസ്സിലേക്ക് പകർന്ന് അത് കയ്യിലെടുത്ത് ഫോണിലേക്ക് നോക്കി പറഞ്ഞു
" സോഫിയാ.... മാപ്പ്... മാപ്പ്..... നിന്റെ ഇച്ചായനായി കൊതി തീരും വരെ ജീവിക്കാൻ എനിക്കായില്ല... എല്ലാം എന്റെ തെറ്റാണ്... എന്നോട് ക്ഷമിക്കൂ നീ......"
നാട്ടിൽ നിന്നും അപ്പോഴും കോൾ വരുന്നുണ്ടായിരുന്നു...... വൈകിട്ട് അളിയൻ വിളിച്ചു സോഫിയ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞപ്പോൾ തന്നെ സനോജ് ഫോൺ കട്ട് ചെയ്ത് ഓഫ് ചെയ്തതാണ്.....
സോഫിയയുടെ വെള്ള പുതച്ച ശരീരം കാണാൻ സനോജിന് ആഗ്രഹമുണ്ടായിരുന്നില്ല.... സനോജിന്റെ സോഫിയ ചിരിക്കാനും സ്നേഹിക്കാനും മാത്രമറിയുന്നവൾ ആണല്ലോ....
ആ ഫോട്ടോയിൽ തന്നെ നോക്കി സനോജ് കയ്യിലുള്ള മദ്യം അല്പാല്പമായി കുടിച്ചു കൊണ്ടിരുന്നു......
അപ്പോഴും സോഫിയ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു......
ഒരുപക്ഷേ ആകാശത്തിന്റെ ഏതെങ്കിലും ഒരു കോണിൽ തന്റെ പ്രിയപ്പെട്ട ഇച്ചായന് വേണ്ടി അവൾ കാത്തിരിക്കുന്നുണ്ടാവാം..... മായാത്ത പുഞ്ചിരിയോടെ......
വാൽകഷ്ണം:- ഷെയറിങ്ങുകൾ നല്ലതായിരിക്കാം.. അല്ലായിരിക്കാം.....പക്ഷേ ഒരു നിമിഷത്തെ അശ്രദ്ധ അത് ചിലപ്പോൾ പ്രിയപ്പെട്ടവരുടെയും നമ്മളുടെയും ജീവിതം വരെ ഇല്ലാതാക്കും.
ജയ്‌സൺ ജോർജ്ജ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo