ടോണി ലൂക്കോസ് -ഉണങ്ങിയ പൂക്കളുടെ കഥ
*************************************************************************
*************************************************************************
അയാളുടെ പേര് ടോണി ലൂക്കോസ് എന്നാണ്.പ്രായം നാല്‍പ്പത്.ആറടിയില്‍ അധികം ഉയരം.വെളുത്തു സുമുഖനായ മനുഷ്യന്‍.മഞ്ഞും തണുപ്പും പുരണ്ടു കിടക്കുന്ന ,പച്ച തേയിലകുന്നുകള്ക്കിടയിലെ ആ ചെറുപട്ടണത്തിനു സമീപമായാണ് അയാള്‍ താമസിച്ചു കൊണ്ടിരുന്നത്.ആ സ്ഥലം പോലെ സുന്ദരമായ പേരായിരുന്നു അയാളുടെ എസ്റ്റേറ്റിന്റെയും പേര്....ബ്ലൂ ഹില്‍ എസ്റ്റ്റെയിറ്റ്.
അയാളുടെ അമ്മയും അച്ഛനും ഡോക്ടര്മാരായിരുന്നു.അവര്ക്ക് ആ പട്ടണത്തില്‍ ഒരു ആശുപത്രിയുണ്ട്.പേര് നിങ്ങള്ക്ക് ഊഹിക്കാം.ബ്ലൂ ഹില്‍ ഹോസ്പിറ്റല്‍.അയാളുടെ അപൂപ്പന്‍ വയലില്‍ തൊമ്മന്‍ എന്ന പ്ലാന്റര്‍ ആയിരുന്നു ആ ഹോസ്പിറ്റല്‍ തുടങ്ങിയത്.തന്റെ തോട്ടത്തിലെ പണിക്കാര്‍ക്കും ,ആ ദേശത്തിലെ നിവാസികള്ക്കും വേണ്ടിയാണ് മുതലാളി മകന്‍ ലൂക്കോസിനെ ഡോക്ടര്‍ ആക്കിയത്.
ടോണി ലൂക്കോസ് പക്ഷെ ഡോക്ടര്‍ ആയില്ല.അയാളുടെ പിതാവ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് മരിച്ചു.അമ്മക്ക് പ്രായമായി വീട്ടില്‍ കിടപ്പാണ്.ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി ദൂരെ നഗരത്തില്‍ നിന്നും വരുന്ന ഡോക്ടര്‍മാരെ നല്ല ശമ്പളം കൊടുത്തു ടോണി നിര്‍ത്തി യിരിക്കുകയാണ്.
ടോണി ലൂക്കോസ് വിവാഹം കഴിച്ചില്ല.അയാള്‍ ഡോക്ടറുമായില്ല.അയാള്‍ ഡോക്ടര്‍ ആകാത്തതിന്റെ സങ്കടത്തിലാണ് പിതാവ് ലൂകോസ് മരിച്ചു പോയത്.എന്നാല്‍ അയാള്‍ വിവാഹം കഴിച്ചു കുടുംബം ആകാത്തത്തിന്റെ വൃഥയിലാണ് ടോണിയുടെ മാതാവ് ജീവിക്കുന്നത്.ഇപ്പോള്‍ ആ സങ്കടംഅവര്‍ക്കു ണ്ടോ എന്ന് ടോണിക്ക് സംശയമുണ്ട്.
കാരണം ഒന്ന് രണ്ടു വര്‍ഷം മുന്പ് തന്നെ ടോണിയുടെ മാതാവ് ഏലിക്കുട്ടി ഡോക്ടര്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന എലിസബത്ത് ലൂക്കോസിനു ഓര്‍മ്മ നഷ്ടമായിത്തുടങ്ങിയിരുന്നു.എങ്കിലും ചില രാത്രികളില്‍ അമ്മയുടെ മുറിയില്‍ നിന്ന് വിതുമ്പലുകള്‍ ടോണി കേള്ക്കാറുണ്ട്.അത് ,താന്‍ ഒന്നുമാവാവാത്തതില്‍ ഉള്ള സങ്കടമാണോ അതോ പണ്ടെങ്ങോ മല കയറി വന്ന ബസ് മറിഞ്ഞു ആശുപത്രിയില്‍ കൊണ്ട് വന്ന ഏതോ സ്കൂള്‍ കുട്ടികളെ രക്ഷപെടുത്താന്‍ കഴിയാഞ്ഞതില്‍ ഉള്ള ദു:ഖമാണോ എന്ന് അയാള്ക്ക് ഉറപ്പില്ല.
ടോണി ലൂക്കോസ് തനിച്ചു പകലുകള്‍ ചിലവഴിച്ചു.അവിവാഹിതന്‍ ആയതു കൊണ്ട് അയാള്‍ അസന്തുഷ്ടന്‍ ആയിരുന്നു എന്ന് പറയാന്‍ കഴിയില്ല.അമ്മയുടെ ദു:ഖം അയാളെ വേദനിപ്പിക്കുന്നു എന്നുള്ളതും ശരിയാണ്.അമ്മ പോയാല്‍ ,വര്‍ഷങ്ങള്‍ തനിച്ചു ,വെളുത്ത പെയിന്റ് അടിച്ച ബംഗ്ലാവില്‍ കഴിയണം എന്നുള്ള കാര്യം അയാളെ അലട്ടിയിരുന്നില്ല.
അമ്മയെയും അയാളെയും കൂടാതെ മറിയമ്മ എന്ന വൃദ്ധയും ആ ബംഗ്ലാവില്‍ ഉണ്ടായിരുന്നു.അവര്‍ ടോണിയുടെ മാതാവിനെ പരിചരിക്കുകയും ഭക്ഷണം പാകം ചെയ്യുകയും ബംഗ്ലാവ് വൃത്തിയാക്കുകയും ചെയ്തു കൊണ്ട് അവിടെ കഴിഞ്ഞു കൂടി.
ടോണി ലൂക്കോസ് എല്ലാ ദിവസവും ഉച്ചയാകുന്നത് വരെ കിടന്നുറങ്ങും.ഉച്ചയാകുമ്പോള്‍ അയാള്‍ ഉണര്‍ന്നു വന്നു ഒരു കാപ്പി കുടിച്ചു ബംഗ്ലാവിന്റെ മുകള്‍ നിലയിലെ അയാളുടെ മുറിയുടെ വാതിലില്‍ വന്നു നില്ക്കും വെയില് വീണു കിടക്കുന്ന തേയില തോട്ടങ്ങളിലെക്ക് ഉറക്കം ബാക്കി നില്ക്കുന്ന കണ്ണുകള്‍ കൊണ്ട് അയാള്‍ നോക്കും.പിന്നെ അയാള്‍ അമ്മയുടെ മുറിയില്‍ പോകും.അമ്മയുടെ കട്ടിലിനരികില്‍ പോയി കുറച്ചു നേരം ഇരിക്കും. ആ മുറിയില്‍ തന്നെ ഇരുന്നു അയാള്‍ ഭക്ഷണം കഴിക്കും.അപ്പോഴേക്കും ഹോസ്പിറ്റല്‍ മാനേജര്‍ വരും.അയാളോടൊപ്പം കണക്കുകള്‍ പരിശോധിക്കുകയും ,രേഖകളില്‍ ഒപ്പിടുകയും ചെയ്തിട്ട്,അയാള്‍ മാനേജരോടൊപ്പം ആശുപത്രിയിലേക്ക് പുറപ്പെടും.ഏകദേശം ഒരു മണിക്കൂര്‍ അവിടെ ചിലവഴിച്ച ശേഷം തിരികെ വരും.അല്പം വിശ്രമിച്ച ശേഷം ഒരു സൈക്കിളില്‍ അയാള്‍ തോട്ടത്തിലേക്ക് പുറപ്പെടും.ഉണങ്ങി വീണു കിടക്കുന്ന പുഷ്പങ്ങളും,ഇലകളും ശേഖരിക്കാന്‍.
.വളരെ അപൂര്‍വ്വമായ ഒരു ഹോബിയാണ് ടോണിയുടേത്.ഏക്കറുകള്‍ പരന്നു കിടക്കുന്ന വിജനമായ തോട്ടത്തില്‍,നിശബ്ദമായ ഉച്ച നേരത്തില്‍ ,അയാള്‍ ഉണങ്ങിയ പൂക്കളും,പൊഴിഞ്ഞ് വീണു കിടക്കുന്ന ഭംഗിയുള്ള ഇലകളും തിരയുന്നു.സ്വന്തം ആത്മാവിന്റെ ഒരു അംശം കണ്ടു പിടിക്കുന്നത് പോലെയാണ് അയാള്ക്ക് അപ്പോള്‍ തോന്നുക.ആ കൂട്ടത്തില്‍ പക്ഷികളുടെ പൊഴിഞ്ഞ് പോയ തൂവലുകളും ,അവ ഉപേക്ഷിച്ചു പോയ കൂടുകളും ചിലപ്പോള്‍ അയാള്‍ ശേഖരിക്കും ശോകകവിതകള്‍ പോലെ നിശബ്ദമായി മണ്ണിനടിയില്‍ മറഞ്ഞ മറിഞ്ഞു വീണ മരത്തിന്റെ വേരുകളും വീണ്ടെടുക്കും. .ഒരു ബാഗില്‍ അയാള്‍ ഇലകളും,പൊഴിഞ്ഞ് വീഴുന്ന ഉണങ്ങിയ പൂക്കളും ശേഖരിക്കും.മരത്തിന്റെ കുറ്റികള്‍ തോട്ടത്തില്‍ പണിയെടുക്കുന്ന ആളുകളെ കൊണ്ട് ബംഗ്ലാവില്‍ എത്തിക്കും.
രാത്രി അയാള്‍ അമ്മയുടെ മുറിയില്‍ ഇരുന്നു അത്താഴം കഴിക്കും.അന്ന് തോട്ടത്തില്‍ പോയപ്പോള്‍ കണ്ട കാഴ്ചകള്‍ ചിലപ്പോള്‍ അമ്മയോട് പറയും.അത് അവര്‍ക്ക് മനസ്സിലാകുമോ എന്ന് അറിയില്ല.ആ സമയം എലിസബത്ത് ഒന്നുകില്‍ ഉറക്കത്തില്‍ ഏതെങ്കിലും ആശുപത്രി സ്വപ്നത്തിലോ ,അല്ലെങ്കില്‍ ഏതെങ്കിലും ചിന്തകളിലോ ആയിരിക്കും.
രാത്രി ,തന്‍റെ സ്റ്റുഡിയോയില്‍ അയാള്‍ ആ ശേഖരിച്ചു കൊണ്ട് വന്ന പൂക്കളും ഇലകളും കൊണ്ട് ബോക്കെകള്‍ ഉണ്ടാക്കും.ചില നല്ല ഭംഗിയുള്ള ചെറിയ ഇലകളും,സസ്യങ്ങളും അയാളുടെ ഡയറിയില്‍ ഒട്ടിച്ചു വയ്ക്കും.അയാളുടെ ഉണങ്ങിയ പുഷ്പങ്ങള്‍ കൊണ്ടുള്ള അലങ്കാരങ്ങള്ക്ക് ദൂരെ നഗരത്തില്‍ നല്ല ഡിമാന്റ് ഉണ്ട്.സമ്പന്നന്‍ ആണെങ്കിലും അയാള്‍ അവ ഇന്റര്‍നെറ്റ് ഉപയോഗിച്ച് വില്ക്കുന്നു.അയാളുടെ പുഷ്പാലങ്കാരങ്ങള്‍ വലിയ ഹോട്ടലുകളിലും,കമ്പനികളിലും ,സ്വീകരണ മുറിയില്‍ വയ്ക്ക്കുന്നു.അതിന്റെ ഫോട്ടോകളും അയാളുടെ ശേഖരത്തിലുണ്ട്.ആ ബൊക്കെകള്‍ ഉണ്ടാക്കാന്‍ അയാള്‍ക്ക് ഏറെ രാത്രികള്‍ ആവശ്യമാണ്.പുലര്‍ച്ചെ വരെ നീളുന്ന സൂക്ഷമായ, നിശബ്ദമായ,എന്നാല്‍ രസകരമായ പ്രവര്‍ത്തി.
അയാളുടെ ബംഗ്ലാവ് നിറയെ പുസ്തകങ്ങളാണ്.ഭിത്തികളില്‍ റാക്കുകള്‍ പണിതു അവയില്‍ പുസ്തകങ്ങള്‍ നിറച്ചിരിക്കുന്നു.ഗോവണിപ്പടിയുടെ അരികില്‍ വരെ പുസ്തകങ്ങള്‍ അടുക്കി വച്ചിരിക്കുന്നു.രാത്രിയുടെ ഇടവേളകളില്‍,മടുക്കുബോള്‍ ഏതെങ്കിലും കവിതകളുടെ പുസ്തകം തുറന്നു ബാല്ക്കണിയിലെക്ക് പോകുന്നു.കുറച്ചു നേരം ,നെരൂദയുടെ പ്രണയകവിതകള്‍ വായിച്ചു കഴിയുമ്പോള്‍ ,താന്‍ വീണ്ടും ചെറുപ്പം ആവുന്നത് പോലെ അയാള്ക്ക് തോന്നും.അപ്പോള്‍ അയാള്‍ ഉണങ്ങിയ പൂക്കളുടെ സ്റ്റുഡിയോയിലേക്ക് തിരികെ പോയി പണിയില്‍ മുഴുകും.
ഒരു ദിവസം രാവിലെ പതിവില്ലാതെ ,അയാളുടെ വാതിലില്‍ ആരോ മുട്ടി.അയാള്‍ ഉച്ച വരെ ഉറങ്ങും എന്ന് മറിയമ്മക്ക് അറിയാവുന്നതാണ്.ഉറക്കച്ഛടവോടെ അയാള്‍ വാതില്‍ തുറന്നു.
ഒരു ദിവസം രാവിലെ പതിവില്ലാതെ ,അയാളുടെ വാതിലില്‍ ആരോ മുട്ടി.അയാള്‍ ഉച്ച വരെ ഉറങ്ങും എന്ന് മറിയമ്മക്ക് അറിയാവുന്നതാണ്.ഉറക്കച്ഛടവോടെ അയാള്‍ വാതില്‍ തുറന്നു.
"ടോണീ,അമ്മ മരിച്ചു." മറിയമ്മ പറഞ്ഞു
.
അയാള്‍ അമ്മയുടെ അരികില്‍ എത്തി.പുലര്‍ച്ചെ പൊഴിഞ്ഞു വീണു മഞ്ഞ നിറമുള്ള പുളിയില പോലെ ഡോക്ടര്‍ എലിസബത്ത് എന്ന അയാളുടെ അമ്മ ഉറങ്ങിക്കിടന്നു.
.
അയാള്‍ അമ്മയുടെ അരികില്‍ എത്തി.പുലര്‍ച്ചെ പൊഴിഞ്ഞു വീണു മഞ്ഞ നിറമുള്ള പുളിയില പോലെ ഡോക്ടര്‍ എലിസബത്ത് എന്ന അയാളുടെ അമ്മ ഉറങ്ങിക്കിടന്നു.
അമ്മയുടെ മരണത്തിനു ശേഷം കുറച്ചു ദിവസം അയാള്‍ പൂക്കള്‍ ശേഖരിക്കാന്‍ പോയില്ല.ആ വലിയ വീട്ടില്‍ നിശബ്ധതയുടെ കനം കൂടിയത് പോലെ അയാള്ക്ക് തോന്നി.
ഒടുവില്‍ ഒരു ദിവസം അയാള്‍ സൈക്കിളില്‍ തോട്ടത്തിലേക്ക് പോയി.കുറച്ചു ദിവസം കഴിഞ്ഞു പോയത് കൊണ്ട് ഏറെ പൂക്കളും ,ഇലകളും ശേഖരിക്കാന്‍ ഉണ്ടായിരുന്നു.അപ്പോള്‍ അയാള്‍ ഓര്‍ത്ത് കൊണ്ടിരുനത് അമ്മയെ കുറിച്ചാണ്.
ചെറുപ്പത്തില്‍ അമ്മയുടെ കൂടെ തോട്ടത്തില്‍ വരുമായിരുന്നത് അയാള്‍ ഓര്‍മ്മിച്ചു.ഒരിക്കലും പ്രായം ആകാതിരിന്നുവെങ്കില്‍ ,അമ്മയുടെ കൂടെ തോട്ടത്തില്‍ അലഞ്ഞു നടന്ന ആ ദിവസത്തിലേക്ക് തിരികെ പോകുവാന്‍ കഴിഞ്ഞെങ്കില്‍..... അയാള്‍ വെറുതെ കൊതിച്ചു.ഒരു ശബ്ദം കേട്ട് അയാള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു.
അത് ഒരു പെണ്കുട്ടിയായിരുന്നു.അവള്‍ വിജനമായ തോട്ടത്തിലെ നാരകമരത്തില്‍ ഒരു ചുവന്ന ചുരിദാര്‍ ഷാള്‍ കൊണ്ട് കുടുക്കിട്ട് തൂങ്ങി മരിക്കാന്‍ തുടങ്ങുകയായിരുന്നു.ടോണി അവളുടെ അരികിലേക്ക് കുതിച്ചു.പൂക്കള്‍ ചെടികളില്‍ നിന്ന് വേര്‍പെടുത്തുന്ന കത്രിക കൊണ്ട് അയാള്‍ ആ ഷാള്‍ മുറിച്ചു.
അവള്‍ അയാളുടെ കയ്യിലേക്ക് ബോധരഹിതയായി വീണു.
.ആ പെണ്കുട്ടിയുടെ പേര് റോസ് എന്നായിരുന്നു.ടോണി ലൂക്കൊസ്സിന്റെ തോട്ടത്തിനു സമീപമുള്ള തിരുഹൃദയമഠത്തില്‍ നിന്ന് ഒളിച്ചോടി പോന്നതായിരുന്നു അവള്‍.
"നിങ്ങള്‍ എന്തിനു എന്നെ രക്ഷപെടുത്തി?"അവള്‍ ടോണിയോട് ചോദിച്ചു.
"എന്റെ വീട്ടുകാര്‍ എന്നെ ഉപേക്ഷിച്ചതാണ്.അമ്മയെ ബോംബെയിലെ ഒരു വേശ്യാലയത്തില്‍ ജീവിക്കവേ അപ്പനെ കണ്ടു മുട്ടിയാണ് ഞാന്‍ ജനിക്കുന്നത്.അപ്പന്‍ മരിച്ചതിനു ശേഷം അമ്മ വീണ്ടും പഴയ മാര്‍ഗത്തിലേക്ക് തിരിഞ്ഞു..അവിടെ നിന്ന് രക്ഷപെടാനാണ് ഈ മഠത്തില്‍ ചേര്‍ന്നത്.പക്ഷെ ആറു മാസം കഴിഞ്ഞു എന്‍റെ ആരോഗ്യസ്ഥിതി പരിശോധിച്ചപ്പോള്‍ അവര്‍ എനിക്ക് കന്യാസ്ത്രീ ആകാന്‍ കഴിയില്ലയെന്നു പറഞ്ഞു തിരിച്ചു പോകാന്‍ പറഞ്ഞു.പോകാന്‍ മറ്റൊരിടവും ഇല്ലാത്തതു കൊണ്ട് ഞാന്‍...."
റോസിന് വെളുത്ത നിറമായിരുന്നു..അവളുടെ ചുണ്ടുകള്‍ തോട്ടത്തിലെ നീലകടമ്പ് മരത്തിന്‍റെ തൊലിയില്‍ മഴക്കാലത്ത് വളരുന്ന ചെറിയ വെളുത്ത കൂണുകള്‍ പോലെ നേര്‍ത്തു ചുവന്നതും സുന്ദരവുമായിരുന്നു.
ഒരേ രീതിയില്‍ പോകുന്ന ദിവസങ്ങള്ക്കു ഒരു മാറ്റവും ഇല്ലെന്നു കരുതിയ ജീവിതം അതോടെ മാറി.അയാള്‍ അവളെ തന്‍റെ ബംഗ്ലാവിലേക്ക് കൂട്ടി പോയി.തന്റെ പൂക്കളുടെ സ്റ്റുഡിയോയും,പുസ്തകശേഖരവും കാണിച്ചു കൊടുത്തു.അവള്‍ അയാളുടെ ഒപ്പം കൊഴിഞ്ഞ പൂക്കള്‍ ശേഖരിക്കുവാനും ,രാത്രിയില്‍ ബൊക്കെ ഉണ്ടാക്കുവാനും കൂടി.
ഒരു ദിവസം രാവിലെ അയാളുടെ വാതിലില്‍ ആരോ മുട്ടി.അത് മറിയമ്മയായിരുന്നു.
"ഞാന്‍ നാട്ടിലേക്ക് പോകുന്നു.ഇവിടെ ഇനി എന്റെ ആവശ്യമില്ല." വൃദ്ധ പറഞ്ഞു.
റോസിനെ വീട്ടില്‍ കൊണ്ട് വന്നതില്‍ മറിയമ്മക്ക് താല്പര്യമില്ലായിരുന്നു എന്ന് അയാള്ക്ക് തോന്നിയിരുന്നു.അയാള്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വൃദ്ധ സമ്മതിച്ചില്ല.ആവര്‍ അവിടെ നിന്നും പോയി.
മറിയമ്മ പോയെങ്കിലും റോസ് അയാളെ പൂര്‍വാധികം സ്നേഹിച്ചു.അവള്‍ നന്നായി പാചകം ചെയ്തു.അവര്‍ ഒരുമിച്ചു ദൂരെയുള്ള നഗരത്തിലേക്ക് വാരാന്ത്യങ്ങളില്‍ പോയി.തിരകള്‍ പതഞ്ഞ് പൊന്തുന്ന തീരങ്ങളില്‍ സായന്തനങ്ങള്‍ ചെലവഴിച്ചു.അത്ര കാലം താന്‍ എകാകിയായിരുന്നുവെന്ന് ടോണിലൂക്കോസ് മറന്നു.
എങ്കിലും ടോണിക്ക് രണ്ടു കാര്യങ്ങളില്‍ റോസിന്റെ സ്വഭാവത്തോട് യോജിക്കാന്‍ കഴിഞ്ഞില്ല.
.ഒന്ന് അവളുടെ വെള്ള വസ്ത്രങ്ങളോട് ഉള്ള അമിതമായ ഭ്രമം..ഭ്രമം എന്നതിനേക്കാള്‍ ഭ്രാന്ത് എന്ന് പറയുന്നതാവും ശരി.വീട് മുഴുവന്‍ വെളുത്ത വസ്ത്രങ്ങള്‍ കൊണ്ട് നിറഞ്ഞു.വെളുത്ത സാരികള്‍ ,വെളുത്ത ചുരിദാറുകള്‍,വെളുത്ത ഷാളുകള്‍....അലമാരകള്‍ നിറഞ്ഞു കവിഞ്ഞു.ആവശ്യമില്ലെങ്കിലും അവള്‍ അവ വാങ്ങിക്കൂട്ടി.
രണ്ടാമത് അവര്‍ തമ്മില്‍ ഉള്ള ബന്ധത്തിലെ അജ്ഞാതമായ അകലം.അവള്‍ അയാളെ ദേഹത്തു തൊടാന്‍ സമ്മതിച്ചില്ല.രാത്രി അവര്‍ രണ്ടു മുറികളിലാണ് ഉറങ്ങിയത്.ഒരു പക്ഷെ തങ്ങള്‍ തമ്മില്‍ ഉള്ള പ്രായ വ്യത്യാസം കൊണ്ടാണോ?
ഈ രണ്ടു കാര്യങ്ങളും ഒഴിച്ച് ബാക്കിയെല്ലാം നല്ലതായിരുന്നു.അവളുടെ സ്വരത്തിന് തോട്ടത്തിലെ കിളികളുടെ സ്വരമായിരുന്നു.അവള്‍ ഒരു ജീവനുള്ള ബൊക്കെ പോലെ മനോഹരിയാണ്.
ഒരു ദിവസം രാത്രി ബംഗ്ലാവില്‍ പ്രിയപ്പെട്ട കവിതകളുടെ പുസ്തകം തിരയുമ്പോഴാണ് അയാള്‍ അത് കണ്ടത്.ഇടം പോരാഞ്ഞത് കൊണ്ട് മുറിയിലെ ഭിത്തികളില്‍ നിന്ന് പുസ്തകങ്ങള്‍ മാറ്റി അവിടെ വെളുത്ത വസ്ത്രങ്ങള്‍ അടുക്കി വച്ചിരിക്കുന്നു.
പിറ്റേന്ന് അയാള്‍ അവളെയും കൂട്ടി കൊണ്ട് പോയി നഗരത്തിലേക്ക് പോയി.ഒരു കഫെയില്‍ കാപ്പി കുടിക്കാന്‍ കയറി.ഉറക്കം തൂങ്ങി നില്ക്കുന്ന ഒരു ചെറു മേഘം അല്ലാതെ ആകാശം ശൂന്യമായ ഒരു പകലായിരുന്നു അത്.തന്റെ മനസ്സിനെ മദിക്കുന്ന രണ്ടു കാര്യങ്ങളും ടോണി റോസിനോട് പറഞ്ഞു.കുറെ നേരം നിശബ്ദയായി ഇരുന്നതിനു ശേഷം അവള്‍ പറഞ്ഞു.
"മഠത്തില്‍ ആരോഗ്യസ്ഥിതി പരിശോധിച്ചപ്പോള്‍ എനിക്ക് എയിഡ്സ് ഉണ്ടെന്ന് തെളിഞ്ഞു.അത് കൊണ്ടാണ് അവര്‍ എന്നെ പുറത്താക്കിയത്.ഞാന്‍ അതിന്റെ കാരിയര്‍ ആണ്.വര്‍ഷങ്ങങ്ങളോളം പുറമേ എനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതെ കഴിയാമെങ്കിലും എപ്പോഴാണ് വഷളാവുന്നത് എന്ന് അറിയില്ല.എന്തോ അതിനു ശേഷമാണ് വെളുപ്പിനോട് വല്ലാതെ കൊതി തോന്നിയത്.അതിന്റെ കാരണം അറിയില്ല.നിങ്ങള്ക്ക് ഇനി എന്നെ ഉപേക്ഷിക്കാം.തുറന്നു പറഞ്ഞപ്പോള്‍ ആശ്വാസം തോന്നുന്നു."
"ഒരിക്കലും ഞാന്‍ നിന്നെ ഉപേക്ഷിക്കില്ല റോസ്.നിനക്ക് ഇത് നേരത്തെ പറയാമായിരുന്നു.ഇനി ഞാന്‍ നിന്നെ കൂടുതല്‍ സ്നേഹിക്കും." ടോണി പറഞ്ഞു.
അയാള്‍ അവളുടെ കയ്യില്‍ വിരലുകള്‍ ചേര്‍ത്തു പറഞ്ഞു.
"എങ്കില്‍ ഞാന്‍ ഒരു വെള്ള തൂവാല വാങ്ങിച്ചു കൊണ്ട് വരട്ടെ..ഈ ദിവസം ഓര്‍മ്മിക്കാന്‍...ഇനി എന്‍റെ വെളുപ്പിനോടുള്ള കൊതി ഞാന്‍ നിയന്ത്രിക്കാം..."റോസ് പറഞ്ഞു.
കഫെയുടെ അരികില്‍ റോഡിനു അക്കരെ ഒരു തുണിക്കട ഉണ്ടായിരുന്നു.അവള്‍ ആ കടയിലേക്ക് പോയി.അയാള്‍ കഫെയില്‍ അവള്ക്കായി കാത്തിരുന്നു.അല്പം കഴിഞ്ഞു അവള്‍ ആ കടയില്‍ നിന്ന് പുറത്തു വന്നു.ഒരു വെള്ളതൂവാല അവള്‍ അയാളെ ചിരിച്ചു കൊണ്ട് വീശി കാണിച്ചു.
അവള്‍ തുവാലയുമായി റോഡ് ക്രോസ് ചെയ്യുന്നതിനിടയില്‍ നിയന്ത്രണം വിട്ടു വന്ന ഒരു ചുവന്ന കാര്‍ അവളെ ഇടിച്ചു തെറിപ്പിക്കുന്നത് കഫെയുടെ വെളുത്ത ചില്ലിലൂടെ ടോണി കണ്ടു.
അയാള്‍ റോഡിലേക്ക് ഓടി ചെന്നു.അവളുടെ ശിരസ്സിലൂടെ വണ്ടി കയറിയിറങ്ങിയിരുന്നു.വെളുത്ത തൂവാല ചോര കൊണ്ട് നനഞ്ഞു കുതിര്‍ന്നിരുന്നു.
.
റോസിന്റെ ശവസംസ്ക്കാരം കഴിഞ്ഞതിനു ശേഷം ടോണി ലൂക്കോസ് തിരികെ ബംഗ്ലാവില്‍ എത്തി.അയാള്‍ മുറികള്ക്കിാടയിലൂടെ വെറുതെ കയറിയിറങ്ങി നടന്നു.പരിപൂര്ണ്ണ നിശബ്ധതയായിരുന്നു ബംഗ്ലാവില്‍.
.
റോസിന്റെ ശവസംസ്ക്കാരം കഴിഞ്ഞതിനു ശേഷം ടോണി ലൂക്കോസ് തിരികെ ബംഗ്ലാവില്‍ എത്തി.അയാള്‍ മുറികള്ക്കിാടയിലൂടെ വെറുതെ കയറിയിറങ്ങി നടന്നു.പരിപൂര്ണ്ണ നിശബ്ധതയായിരുന്നു ബംഗ്ലാവില്‍.
അമ്മ പോയി.മറിയമ്മ പോയി.ഇപ്പോള്‍ റോസും.
മുറികളിലെ വെളുത്ത വസ്ത്രങ്ങള്‍ അയാള്‍ മണത്തു നോക്കി.അവയ്ക്ക് അവളുടെ മണം ഉണ്ട് എന്ന് അയാള്‍ക്ക് തോന്നി..കടമ്പ് മരത്തിലെ നീല പൂക്കളുടെ മണം.അനന്തമായ വെളുപ്പ് തന്നെ പുല്കുന്നത് പോലെ അയാള്ക്ക് തോന്നി.
അയാള്‍ കൊഴിഞ്ഞു വീണ വേനല്‍പൂക്കളുടെ ഇടയിലേക്ക് തളര്‍ന്നു വീണു.അയാള്‍ ഉണ്ടാക്കിയ പൂക്കളുടെ ബൊക്കെകള്‍ അയാളുടെ മുകളിലേക്ക് മറിഞ്ഞു വീണു.
വെളുത്ത വസ്ത്രങ്ങളും കൊഴിഞ്ഞു പോയ പൂക്കളും നിറഞ്ഞ മുറിയില്‍ നിന്ന് അല്പം കഴിഞ്ഞപ്പോള്‍ ഒരു ശലഭം പുറത്തു വന്നു.അതിനു വെളുത്ത നിറമായിരുന്നു.ഏകാന്തതയുടെ വെളുത്ത നിറം പുരണ്ട ചിറകുകള്‍ വീശി അത് ബംഗ്ലാവില്‍ നിന്ന് ടോണി ലൂക്കോസ് സൈക്കിള്‍ ചവിട്ടി പോകുന്ന പാതയിലൂടെ ബ്ലൂ ഹില്‍ എസ്റ്റെയിറ്റിലേക്ക് പറന്നു പോയി.വേനലില്‍ കൊഴിഞ്ഞു വീഴുന്ന പൂക്കളും ഇലകളും തേടി.
(അവസാനിച്ചു)
By
Anish Francis

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക