Slider

ഗന്ധര്‍വ്വനെ പ്രണയിച്ച യക്ഷി

2

ഇത്തവണ ഒരു യക്ഷിക്കഥയാണേ.. ആരും എന്നെ തല്ലരുതേ.. ഒന്നു ഉപദേശിച്ചു വിട്ടാ മതി.. നന്നായിക്കോളാം..
ഗന്ധര്‍വ്വനെ പ്രണയിച്ച യക്ഷി
----------------------------------------------------
കരിമ്പനയുടെ മുകളില്‍ അസ്വസ്ഥമായ മനസ്സോടെ ഇരിക്കുകയായിരുന്നു യക്ഷി..
ഇന്നലെ തുടങ്ങിയതാണ് ഈ അസ്വസ്ഥത.. ഒന്നിലും ശ്രദ്ധചെലുത്താനാവുന്നില്ല...
ആദ്യമായി ഒരാളോട് പ്രണയം തോന്നിയിരിക്കുന്നു..
പലരേയും പ്രണയം നടിച്ച് വശത്താക്കിയിട്ടുണ്ട്.. അവര്‍ എല്ലാവരും യമപുരി പൂകിയിട്ടുമുണ്ട്..
അത് തന്‍റെ നിയോഗം..
പക്ഷേ തനിക്കുമില്ലേ ഒരു മനസ്സ്..
പ്രണയിക്കാനും പ്രണയിക്കപ്പെടാനും വെമ്പല്‍ കൊള്ളുന്ന മനസ്സ്..
ഇന്നലെ രാത്രി അമ്പലത്തിനടുത്തുള്ള പാലമരത്തിന്‍റെ അരികിലൂടെ വെറുതേ ഉലാത്തുകയായിരുന്നു.. അപ്പോളാണ് അത് കണ്ടത്.. പാലമരത്തിന്‍റെ മുകളിലിരുന്ന് വീണമീട്ടി പാട്ടുപാടുന്ന അതി സുന്ദരനായ ഒരു ഗന്ധര്‍വ്വന്‍.. ആ സ്വരമാധുരിയില്‍ സ്വയം അലിഞ്ഞില്ലാതാവുന്നതു പോലെ തോന്നി.. അത്രക്ക് ഹൃദ്യമായിരുന്നു ആ ഗാനം. പാട്ടിനേക്കാളുപരി അദ്ദേഹത്തിന്‍റെ രൂപവും മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചു.. പ്രണയപരവശയായി പോയി.. ഇതിനു മുന്‍പ് ഒരിക്കലും തോന്നാത്ത ഒരു അനുഭൂതി.. ഇത്തരം മൃദുലവികാരങ്ങള്‍ തന്‍റെ മനസ്സിനെ കീഴടക്കുമെന്ന് ഒരിക്കലും കരുതിയില്ല..
പ്രണയം..അത് തനിക്ക് വെറുമൊരു അഭിനയം മാത്രമായിരുന്നു.. പ്രണയം നടിച്ച് മനുഷ്യരില്‍ പലരേയും തന്‍റെ താവളത്തില്‍ എത്തിച്ചിട്ടുണ്ട്.. ഇവിടെയെത്തി തന്‍റെ വിശ്വരൂപം കാട്ടിക്കൊടുക്കുമ്പോഴേക്കും പേടികൊണ്ട് അവരുടെ പ്രാണന്‍ പോയിട്ടുണ്ടാകും.. തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വരാറില്ല..
പക്ഷേ മനുഷ്യര്‍ക്ക് തന്നെ പറ്റി പല തെറ്റിദ്ധാരണകളുമുണ്ട്..
പാതിരാത്രിയില്‍ തനിച്ച് യാത്രചെയ്യേണ്ടി വരുന്ന ഊര്‍ജ്വസ്വലരായ ചെറുപ്പക്കാരെ വശീകരിച്ച് അവരെ പ്രാപിച്ച ശേഷം ചോര വലിച്ചൂറ്റിക്കുടിച്ച് കൊലപ്പെടുത്തുന്ന ഉഗ്രരൂപിണി..
അതാണ് തനിക്കും തന്‍റെ വര്‍ഗ്ഗത്തിനും കാലങ്ങളായി ചാര്‍ത്തിക്കിട്ടിയിട്ടുള്ള ബഹുമതി..
തനിച്ചു യാത്രചെയ്യുന്ന എല്ലാവരെയും അങ്ങനെ വശീകരിക്കാറില്ല.. അതൊക്കെ ഒാരോരുത്തരുടെ കര്‍മ്മഫലമാണ്.. മുന്‍ജന്‍മങ്ങളില്‍ അവര്‍ ചെയ്ത ദുഷ്ക്കര്‍മ്മങ്ങളുടെ ഫലം. താനും തന്‍റെ വര്‍ഗ്ഗത്തില്‍ പെട്ടവരും അതിനു ഒരു നിമിത്തമാകുന്നുവെന്നേയുള്ളു..
ഇതുവരെ ഒരാണിനെയും പ്രാപിച്ചിട്ടില്ല.
കന്വകാത്വം മരണം വരെ കാത്തു സൂക്ഷിക്കുന്നവരാണ് യക്ഷികള്‍.. ആര്‍ക്കും അത് അറിയില്ലെന്നു മാത്രം..
ലക്ഷ്യം നിറവേറിക്കഴിഞ്ഞാല്‍ പിന്നെ തങ്ങളുടെ ലോകത്തേക്ക് തിരികെ വിളിക്കും.. അത്രയേ ഉണ്ടാകാറുള്ളു എപ്പോളും.. അതിനു ചില മനുഷ്യ മന്ത്രവാദികള്‍ കാരണമാകാറുണ്ട്..
അവരുടെ ധാരണ അവരാണ് യക്ഷികളെ ഭൂമിയില്‍നിന്ന് പറഞ്ഞയക്കുന്നത് എന്നാണ്..
തന്‍റെയും നിയോഗം ഏകദേശം കഴിയാറായിരിക്കുന്നു.. ഏതു നിമിഷവും തിരിച്ചു പോകേണ്ടി വരും..
അതിനിടയിലാണ് ഇങ്ങനെയൊരു പ്രണയത്തില്‍ മനസ്സുടക്കിയത്..
ആ ഗന്ധര്‍വ്വന്‍റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.. എങ്ങനെയെങ്കിലും തന്‍റെ പ്രണയം അദ്ദേഹത്തെ അറിയിക്കണം..
അദ്ദേഹം അത് അംഗീകരിക്കുമോ..
അറിയില്ല.. ഇതുവരെ ഒരു യക്ഷിക്കും ഗന്ധര്‍വ്വനോട് പ്രണയം തോന്നിയതായി കേട്ടിട്ടില്ല..
എന്തായാലും അറിയിക്കുക തന്നെ.. അതിന്‍റെ പ്രത്യാഘാതങ്ങള്‍ പിന്നീട് നോക്കാം..
അവള്‍ അമ്പലത്തിനു പിന്നിലുള്ള പാലമരച്ചുവട്ടിലേക്ക് ചെന്നു..
തന്‍റെ വീണയും കെെയിലേന്തി എങ്ങോട്ടോ പുറപ്പെടാനൊരുങ്ങുകയായിരുന്നൂ ഗന്ധര്‍വ്വനപ്പോള്‍..
അവളെ കണ്ട് ചോദ്യഭാവത്തില്‍ നോക്കി..
'' ഞാന്‍ അപ്പുറത്തുള്ള യക്ഷിയാണ്''..
ദൂരെ കാണുന്ന കരിമ്പന ചൂണ്ടിക്കാട്ടി അവള്‍ പറഞ്ഞു..
''അറിയാം.., ഞാന്‍ കണ്ടിട്ടുണ്ട്... എന്താ വന്നത്''?
''എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു.''.
''പറയൂ''..
''എനിക്ക് അങ്ങയോട് പ്രണയം തോന്നുന്നു..കടുത്ത പ്രണയം''..
യക്ഷിയുടെ വാക്കുകള്‍ കേട്ട് ഗന്ധര്‍വ്വന്‍ ഞെട്ടിത്തരിച്ചു പോയി..
''എന്താ പറഞ്ഞത്.. പ്രണയം തോന്നാനോ?.. അങ്ങനെയൊരു കാര്യം സംഭവ്യമാണോ''?
''അതൊന്നും എനിക്കറിയില്ല.. എനിക്ക് അങ്ങനെ തോന്നി.. പറയാതെ വയ്യ എന്നായപ്പോഴാണ് ഇവിടെ വന്നത്.. അങ്ങ് എന്‍റെ പ്രണയം സ്വീകരിക്കണം..''
യക്ഷി ഗന്ധര്‍വ്വനെ നോക്കി കെെ കൂപ്പി..
അവന്‍ അവളെ നോക്കി.. അതീവ സുന്ദരി തന്നെ.. സ്വര്‍ണ്ണ നിറം..
പനങ്കുല പോലെയുള്ള മുടി.. കരിങ്കൂവള മിഴികള്‍.. ആരു കണ്ടാലും മോഹിക്കും..
''ഞാനിവിടെ വന്നത് ചില കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്.. അതു കഴിഞ്ഞാല്‍ എനിക്ക് ഗന്ധര്‍വ ലോകത്തേക്ക് മടങ്ങണം.. നിന്‍റെ കാര്യവും അങ്ങനെത്തന്നയല്ലേ... നിനക്കും തിരിച്ചു പോകണ്ടേ.. പിന്നെ എങ്ങനെ നമ്മുടെ പ്രണയം സാധ്യമാകും..''?
ഗന്ധര്‍വ്വന്‍ അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു..
പക്ഷേ പ്രണയം കൊണ്ടു ബധിരയായിപ്പോയ അവള്‍ അതൊന്നും കേട്ടില്ല..
''അങ്ങ് എന്നെ ഉപേക്ഷിച്ചാല്‍ ഞാന്‍ ഇവിടെത്തന്നെ പ്രാണന്‍ വെടിയും''..
ഗന്ധര്‍വ്വന്‍ ആകെ ധര്‍മ്മസങ്കടത്തിലായി.. അവസാനം എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ അവന്‍ പറഞ്ഞു..
''ശരി , നിന്‍റെ പ്രണയം ഞാന്‍ സ്വീകരിക്കുന്നു.. ഇതിന്‍റെ ഭവിഷ്യത്ത് നമുക്ക് ഒരുമിച്ച് അനുഭവിക്കാം''..
യക്ഷിക്ക് സന്തോഷമായി.. അവള്‍ അവന്‍റെ ചുമലിലേക്ക് തല ചായ്ച്ചു..
അവന്‍ തന്‍റെ വീണയില്‍ ഒരു പ്രണയരാഗം മീട്ടി.. അവളതില്‍ അലിഞ്ഞു ചേര്‍ന്നു..
അവര്‍ രണ്ടു പേരും അവരുടെ കടമകള്‍ മറന്നു.. ലക്ഷ്യങ്ങള്‍ മറന്നു.. രാവും പകലുമില്ലാതെ അവര്‍ പ്രണയിച്ചു കൊണ്ടേയിരുന്നു..
അവരുടെ പ്രണയം അറിയേണ്ടവര്‍ അറിഞ്ഞു.. അവരെ ഭൂമിയിലേക്കു വിട്ടവര്‍...
അവരുടെ മുന്‍പില്‍ കുറ്റവിചാരണ ഏറ്റുവാങ്ങുകയാണ് രണ്ടു പേരുമിപ്പോള്‍..
''എത്ര വലിയ അപരാധമാണ് നിങ്ങള്‍ ചെയ്തത് എന്ന് നിശ്ചയമുണ്ടോ''?
''അറിയാം .. പക്ഷേ പറ്റിപ്പോയി.. ഇനി ഞങ്ങളെ പിരിക്കരുതേ..''
രണ്ടു പേരും ഒരുമിച്ച് കേണപേക്ഷിച്ചു...
''എന്തായാലും യക്ഷിയും ഗന്ധര്‍വ്വനുമായിട്ട് ഇനി നിങ്ങള്‍ക്ക് ജീവിതം തുടരാനാവില്ല.. ഞങ്ങള്‍ നിങ്ങളെ മനുഷ്യരാക്കാം.. അപ്പോള്‍ നിങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാം.. പക്ഷേ ഒരു മാന്ത്രികശക്തിയും നിങ്ങള്‍ക്ക് ഇനിയുണ്ടാവില്ല.. ഈ ഭൂമിയിലെ സാധാരണ മനുഷ്യരെപ്പോലെ ജോലി ചെയ്തു ജീവിക്കണം..എന്താ സമ്മതമാണോ..?''
''നൂറു വട്ടം സമ്മതം.. ''
രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു..
''എങ്കില്‍ അങ്ങനെയാവട്ടെ... നിങ്ങള്‍ക്ക് താമസിക്കാന്‍ ആ വീട് ഉപയോഗിക്കാം.. ബാക്കിയൊക്കെ നിങ്ങള്‍ സ്വയം കണ്ടെത്തണം''.
അകലെയൊരു വീട് ചൂണ്ടിക്കാട്ടിക്കൊണ്ട് അവരുടെ യജമാനന്‍മാര്‍ പറഞ്ഞു..
രണ്ടു പേരും സന്തോഷത്തോടെ കെെകള്‍ കോര്‍ത്തുപിടിച്ചുകൊണ്ട് ആ വീട്ടിലേക്ക് നടന്നു.. അന്നു രാത്രി അവര്‍ സുഖമായി ഉറങ്ങി..
പിറ്റേന്ന് രാവിലെ ആയപ്പോള്‍ വിശപ്പ് അവരെ വല്ലാതെ അലട്ടാന്‍ തുടങ്ങി..
ഇപ്പോള്‍ യക്ഷിയും ഗന്ധര്‍വ്വനുമല്ലല്ലോ മനുഷ്യരല്ലേ..
എന്തെങ്കിലും ജോലി ചെയ്തു പണമുണ്ടാക്കിയാലേ വിശപ്പ് മാറ്റാനാവൂ എന്ന് അവര്‍ക്ക് മനസ്സിലായി..
അങ്ങനെ ഗന്ധര്‍വ്വന്‍ ഗംഗാധരനായി.. യക്ഷി യാമിനിയുമായി.. ഇപ്പോള്‍ അവരുടെയുള്ളില്‍ പ്രണയമില്ല.. ഉള്ളത് പ്രാരാബ്ധം മാത്രം ..
അജിന സന്തോഷ്
2
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo