Slider

രണ്ടാനമ്മായി

0

വൈകുന്നേരം മെസ്സിന്ന് ചായയും സുണ്ടലും ഒക്കെ കഴിച്ചു ഒട്ടും മോശമല്ലാത്ത വെയിലുമൊക്കെ കൊണ്ട് ഹോസ്റ്റലിൽ തിരികെയെത്തി. ഈറോഡാണെ സ്ഥലം..അതാ കടല സുണ്ടലായത്..കുളിച്ചൊന്നുഷാറായി കണ്ണൂർ കാരി റൂം മേറ്റിനോട് സൊറ പറഞ്ഞുകൊണ്ടിരുന്നതാ..കല്യാണം ആയിരുന്നു വിഷയം.
"എനക്ക് ഡോക്ടറെ കെട്ടിയാ മതി"...അപ്പന്റെ ബാങ്ക് ബാലൻസ് ഇമ്മിണി കാണും ..ഡോക്ടറേ.."ഞാൻ മനസ്സിൽ പിറുപിറുത്തു....."ദാ അടുത്ത പോയിന്റ്..20_25 പവനൊക്കെ കൊടുത്താ മതി..ഡോക്ടറെ കിട്ടും..
"കൊള്ളാലോ സംഗതി..ലാഭ ക്കച്ചവടമാണല്ലോ..എന്നാ പിന്നെ വടക്കൂന്നെങ്ങാനും ചെക്കനെ നോക്കാൻ വീട്ടിൽ പറയാം..അപ്പൊ ദേ അടുത്ത അടി.."അത് നടക്കലില്ല മോളെ.. തെക്കനും മൂർഖനും കൂടി വരണത് കണ്ടാൽ ആദ്യം തെക്കനെ തല്ലിക്കൊല്ലണമെന്നാത്രെ...അത്രയ്ക്കുണ്ടെന്നു കയ്യിലിരിപ്പ്..."ഏതൊക്കെയോ മഹാപാപികളുടെ പ്രവൃത്തി ദോഷം..ബാക്കിയുള്ളവർക്ക് കൂടിയാണല്ലോ ദൈവമേ പണി കിട്ടുന്നത്..
'എന്നെക്കൊണ്ട് നിനക്കെന്താ ദോഷം...മൂർഖൻ പാമ്പ് പോലും"..നാടിനെ തൊട്ടുകളിച്ചപ്പോൾ എനിക്കിത്തിരി അരിശം വന്നു.."നീയങ്ങനെയാണെന്നല്ല. അവിടൊക്കെ അങ്ങനെയാ പറയാറ്. "
"പ്രീതെ ,നീയിവിടെ കിന്നാരം പറഞ്ഞു കൊണ്ടിരിക്കുവാണോ..ഒന്ന് മുകളിലേക്ക് വരാൻ എത്ര നേരമായി മെസ്സേജ് അയയ്ക്കുന്നു.."നിമിഷയാണ് .അടുത്ത കൂട്ടുകാരി..ക്ലാസ്സിൽ നിന്ന് വന്നിട്ട് ഫോൺ സൈലന്റ് മോഡ് മാറ്റാൻ മറന്നതാ..
സ്വന്തം നാട്ടുകാരി.. ചെറിയ ക്ലാസ് മുതൽ ഒരുമിച്ചാണ്...ഞങ്ങളോടൊപ്പം ഒരാളുകൂടിയുണ്ടായിരുന്നു.. ദീപ..ഡിഗ്രി കഴിഞ്ഞപ്പോഴേ..കക്ഷിയുടെ കഴുത്തിൽ കുരുക്ക് വീണു..താലിക്കുരുക്ക്..കല്യാണം കഴിഞ്ഞധികമാകുന്നതിനു മുന്നേ ഡിവോഴ്‌സ് നെ കുറിച്ചു ചിന്തിച്ചു തുടങ്ങേണ്ടി വന്ന പാവം പെണ്ണ്..അതാ കുരുക്ക് എന്നുദ്ദേശിച്ചത്..
നിമിഷ വന്നത് ദീപയുടെ കാര്യം പറയാനാവും എന്ന് എനിക്ക് തോന്നി.അവളുടെ മുഖത്ത് വല്ലാത്ത ദേഷ്യവും സങ്കടവുമൊക്കെയുണ്ടായിരുന്നു.
"അവളിപ്പോഴും വിളിച്ചു..കരയുവാ..പാവം."ദീപ തന്നെയാണ് വിഷയം..ഞങ്ങൾക്കൊപ്പം പിജി ചെയ്യാൻ അവൾ ഒരുപാഗ്രഹിച്ചതാ..രണ്ടു പെൺകുട്ടികളുണ്ടായിരുന്ന വീട്ടിൽ..ഒരാളെ ഇറക്കി വിട്ടിട്ടു വേണം അടുത്തിനു വേണ്ടി ഒന്നേന്നു ഓരോന്ന് സൊരുക്കൂട്ടുവാൻ..അതാ അവളുടെ കാര്യത്തിലും സംഭവിച്ചത്..
എവിടെയോ തടവിലാക്കപ്പെട്ടപോലെയാണ് ഇപ്പോൾ അവളുടെ ജീവിതം..സങ്കടമിറക്കിവച്ചു കരയാൻ ഇടയ്ക്ക് ഞങ്ങളെ വിളിക്കും...മിസ്സ്ഡ്കോൾ ആവും..ഞങ്ങൾ തിരികെ വിളിക്കും..ഫോൺ ചെയ്യണമെങ്കിൽ പോലും അമ്മായിയമ്മ കനിയണം.. വീട്ടിലേക്ക് വിളിച്ചു പറയാറില്ല ഒന്നും..
ഡിഗ്രി അവസാന വർഷ ക്ലാസ് നടക്കുമ്പോൾ ഇടയ്ക്കൊക്കെ അവളുടെ അച്ഛൻ ഓട്ടോയും കൊണ്ട് വരും..പെണ്ണുകാണാൻ ആളുവരും എന്ന് പറഞ്ഞു കൂട്ടികൊണ്ട് പോകാൻ..കല്യാണത്തിനു മുന്നേ ഒരു ജോലി എന്നത് സ്വപ്നം കണ്ടു നടന്ന പെണ്ണ്.
സുന്ദരിയായ അവളെ നോട്ടമിട്ടിരുന്ന കള്ളക്കാമുകന്മാർക്ക് ദീപയുടെ അച്ഛനെ കാണുന്നതെ കലിയാ..
"കാർന്നോരു വരുന്നുണ്ട്..ഇന്നാരാ ദീപേ..ചായയ്ക്ക്.." അവളെയൊന്ന് കളിയാക്കി ചൊടിപ്പിച്ചിട്ടെ വിടാറുണ്ടായിരുന്നുള്ളൂ..അവളുടെ അച്ഛനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല..ഒന്നിനെ കെട്ടിച്ചു വിടുമ്പോൾ തന്നെ ആരായുസ്സ് മുഴുവൻ ചെലവു ചുരുക്കിയും..ചിലപ്പോൾ പട്ടിണി കിടന്നും ഒക്കെ സമ്പാദിച്ചതങ് തീരും.. പിന്നെയാ വീടുകളിൽ മൊത്തത്തിൽ ഒരു ശൂന്യതയാണ്..രണ്ടും മൂന്നും പെണ്മക്കൾ ഉള്ളവരുടെ കാര്യം പിന്നെ പറയണോ...പിന്നെയും ഒന്നെന്നു തുടങ്ങണ്ടേ..ഉളുപ്പില്ലാതെ കൈ നീട്ടിവാങ്ങിക്കൊണ്ടു പോകാൻ കുറെ മണവാളന്മാരും..
റൂമിലെ വടക്കത്തി പറഞ്ഞത് പോലെ പൊന്നും പണവും തൂക്കി നോക്കി പെണ്ണിന് മാറ്റ് പറയുന്ന മൂർഖൻമാര് കുറെയുള്ള നാടാണ്..ചുമ്മാതാണോ ലോകത്തുള്ള ജ്വല്ലറി മുതലാളിമാരെല്ലാം അവിടെത്തന്നെ കൊണ്ട് വന്നു ഷോറൂമുകൾ കെട്ടിപ്പൊക്കിയത്..കച്ചവടം പൊടിപൂരമാകുമെന്നു അറിയാവുന്നത് കൊണ്ട് തന്നെയാ...കല്യാണ പ്രായമായ പെൺകുട്ടികളുടെ വിലാസം തപ്പിയെടുത്ത് കച്ചവടം തരപ്പെടുത്തിയെടുക്കാൻ ജ്വല്ലറി റെപ്രസെന്റടിവ്സ് കയറിയിറങ്ങുന്ന നാട്..
സ്ത്രീധനം വാങ്ങിക്കൊടുക്കുന്നതിനനുസരിച്ചാണ് മൂന്നാന്റെ കമ്മീഷൻ..
അങ്ങനെയുള്ളൊരു നാട്ടിൽ..വലിയ തൂക്കത്തിലൊന്നും ചോദിക്കാതെ തൊട്ടടുത്ത ജില്ലക്കാരനായ ഒരു ഗൾഫ് കാരന്റെ ആലോചന വന്നപ്പോൾ വീട്ടുക്കാരങ്ങുറപ്പിച്ചു..സൽസ്വഭാവിയായ ചെറുപ്പക്കാരൻ അരുൺ..കല്യാണം ഞങ്ങളങ് ആഘോഷിച്ചു..
പിന്നല്ലേ പൂരം.. അമ്മായിയമ്മ..അതും രണ്ടനമ്മായിയമ്മ..
അരുണിന്റെ അച്ഛൻ രണ്ടാമത് വിവാഹം ചെയ്ത ഒരു വികല ചിന്താ ഗതിക്കാരിയായ ഒരു സ്ത്രീ..സത്യത്തിൽ ഈ കാര്യമൊന്നും അവൾക്കും വീട്ടുകാർക്കും നേരുത്തേ അറിയില്ലായിരുന്നു..അല്ലെങ്കിലും അത് അത്ര പ്രാധാന്യമുള്ള കാര്യം അല്ലല്ലോ.പിന്നെങ്ങനയോ അവൾ അറിഞ്ഞ കാര്യമാണ് അത്.രണ്ടാനമ്മ എന്ന് പറഞ്ഞാൽ തന്നെ അത് കുറച്ചു പേർക്കെങ്കിലും പേടിസ്വപ്നമാണ്..രണ്ടാനമ്മായി ആയാലോ.. അതൊക്കെയെ അവിടെയും നടന്നുള്ളൂ..
ഭാര്യയുടെ മരണ ശേഷം ആ സ്ത്രീയെ അരുണിന്റെ അച്ഛൻ കല്യാണം കഴിക്കുമ്പോൾ അവർക്കും ഒരു മോളുണ്ടായിരുന്നു..അങ്ങനെ അരുണിന് അമ്മയും ചേച്ചിയുമായി.
എല്ലായിടത്തേയും പോലെ രണ്ടാനമ്മയുടെ കുതന്ത്രങ്ങളും കുബുദ്ധികളും അവിടെയും നിറഞ്ഞാടി..
അരുൺ 'അമ്മയായിത്തന്നെ അവരെ സ്നേഹിച്ചു..പറയുന്നതെല്ലാം അതേപടി വിശ്വസിച്ചു അനുസരിക്കുന്നു..കെട്ടിയ പെണ്ണിന്റെ മനസ്സ് കാണാൻ മാത്രം അയാൾക്ക് കഴിയുന്നില്ല.
അരുണിന്റെ അച്ഛന് ടൗണിൽ ഒരു കടയുണ്ട്.. പുള്ളിക്കാരൻ ഭാര്യയുടെ ആത്മാർത്ഥതയും സ്നേഹവും കണ്ട് വീട്ടിൽ വരാതെയായി..അരുൺ ഉള്ളപ്പോൾ മാത്രം അവിടെ വന്നു താമസിക്കും..ചിലപ്പോഴൊക്കെ ദീപയെ കാണാൻ വന്നു പോകാറുണ്ട്..
ആ സ്ത്രീ അവരുടെ മകളുടെ വിവാഹം നന്നായി നടത്തി....ഒരു പുതിയ വീടുമൊക്കെ വച്ചുകൊടുത്തു..പഠിക്കാൻ മിടുക്കില്ലാഞ്ഞത് കൊണ്ട് ആ വഴിക്ക് നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ലാന്നു മാത്രം..എന്നിട്ടിപ്പോൾ BA സൈക്കോളജി ചെയുന്നുണ്ടത്രെ.. തമിഴ്‌നാട്ടിലെ ഏതോ ഒരു സർവകലാശാലയുടെ ഗൈഡ് നോക്കി പരീക്ഷ എഴുതുന്ന ബിരുദം... മനുഷ്യന്റെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്തവരുടെ മനഃശാസ്ത്ര പഠനം...കേട്ടപ്പോൾ പുച്ഛമല്ലാതൊന്നും തോന്നിയില്ല..
വിവാഹ ശേഷം ദീപയ്‌ക്കൊരു ബുക്ക് പോലും കൈകൊണ്ട് തൊടാൻ കഴിഞ്ഞിട്ടില്ല...അവരുടെ ചെയ്തികളെ കുറിച്ചു കേട്ട് ഞങ്ങളുടെ മനസ്സിൽ അവരോടുള്ള വെറുപ്പ് ആഴത്തിൽ വേരൂന്നി.
അരുണിന് വിവാഹം ആലോചിച്ചു തുടങ്ങാൻ അരുണിന്റെ അച്ഛൻ തുടങ്ങിയപ്പോൾ തൊട്ട് അവർക്കിടയിൽ പതിയിരുന്ന സ്വാർത്ഥതയുടെ ഭാവങ്ങൾ അവർ പ്രകടിപ്പിക്കാൻ തുടങ്ങിയതാണ്..അങ്ങനെയാണ് ആ മനുഷ്യൻ വീട്ടിൽ കയറാതെയായത്.
ആത്മാർത്ഥതയുടെ തരിമ്പ് പോലുമില്ലാതിരുന്ന ആ സ്ത്രീ പുഞ്ചിരിയിൽ പൊതിഞ്ഞ വാക്കുകളാൽ അരുണിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അയാളുടെ വരുമാനമെല്ലാം സ്വന്തം മകൾക്കായി സൊരുക്കൂട്ടിക്കൊണ്ടിരുന്നു. ...ഇന്നും ദീപയുടെ ആവശ്യങ്ങൾക്കും അവർക്കയച്ചുകൊടുക്കുന്നതിൽ നിന്നും എന്തെങ്കിലും കനിഞ്ഞാലായി..സ്വന്തമായി വരുമാനം ഇല്ലാതെ..എല്ലാറ്റിനും അവരുടെ മുന്നിൽ കൈനീട്ടി യാചിക്കേണ്ട അവസ്ഥ പലപ്പോഴും അവൾ പറഞ്ഞിട്ടുണ്ട്..അവർ പറയുന്നതൊന്നും അപ്പാടെ വിശ്വസിക്കാതെ സ്വന്തം കാര്യങ്ങൾ കൂടി നോക്കണമെന്ന് അരുണിന്റെ അച്ഛൻ പലപ്പോഴും അയാൾക്ക്‌ മുന്നറിയിപ്പുകൊടുത്തതാ...അയാളുടെ മുന്നിൽ അവർ സ്നേഹമയിയായ അമ്മയായി തകർത്തഭിനയിച്ചുകൊണ്ടിരുന്നത് കൊണ്ട്.. അരുൺ അതൊന്നും ചെവിക്കൊണ്ടില്ല..
"നിങ്ങളിതൊന്നും സൂക്ഷിക്കില്ല..ആഭരണങ്ങളൊക്കെ അമ്മ വെച്ചോ്ളാം"..കേട്ട താമസം വിവാഹ ദിവസം തന്നെ അരുൺ എല്ലാം അവരെ ഏല്പിച്ചു..ദീപ ഇന്ന് വരെ അതൊക്കെ എവിടെയെന്നുപോലും കണ്ടിട്ടില്ല..ഇടയ്ക്കൊക്കെ അവരുടെ കഴുത്തിലും കയ്യിലുമൊക്കെ കാണാം.
വിവാഹം കഴിഞ്ഞു അരുണും ദീപയും കൂടി ഒരു മൂന്നാർ യാത്ര പ്ലാൻ ചെയ്തത് മുടക്കിയത് മുതൽ തുടങ്ങിയതാ അവരുടെ ക്രൂര വിനോദങ്ങൾ..ദീപയേം കൂട്ടി അയല്പക്കതെന്തോ വിശേഷത്തിനു പോയപ്പോൾ അവിടെ കൂടി നിന്ന് സംസാരിച്ച സ്ത്രീകളോട് പറഞ്ഞത്രേ'"ഇവരു നാളെ മൂന്നാർ പോന്നുണ്ട്.. ചെറുപ്പക്കാരല്ലേ പോയി സന്തോഷിച്ചു വരട്ടെ""..കേട്ടുനില്കുന്നവർക്ക് അവർ നല്ല അമ്മായി അമ്മയായി...വീട്ടിലെത്തി എന്തോ പറഞ്ഞുകൊടുത്ത് അതും കുളമാക്കിയത്രേ..അങ്ങനെ എത്രയെത്ര സംഭവങ്ങൾ അവൾ ഞങ്ങളോട് പറഞ്ഞിരിക്കുന്നു..
വിവാഹം കഴിഞ്ഞു 15 ദിവസം കഴിഞ്ഞു അരുൺ തിരികെ പോയത് അധികം വൈകാതെ ദീപയെകൂടി കൂടെ കൂട്ടണം എന്ന തീരുമാനത്തിലായിരുന്നു..
ഒറ്റയ്ക്കായിപോകുമെന്നു പറഞ്ഞു തടയാൻ നോക്കാതിരിക്കാൻ കൂടെ വന്നു താമസിക്കാം എന്ന സാഹസത്തിനു അരുണിന്റെ അച്ഛൻ മുതിർന്നതാ..നാടും വീടുമൊക്കെ കുറച്ചൊന്നു പരിചയമാകട്ടെന്നു പറഞ്ഞു അന്നു തടഞ്ഞതാ..ഇപ്പോൾ വർഷം രണ്ട് കഴിഞ്ഞു..അവൾക്കിതുവരെ അയാൾക്കൊപ്പം പോകാൻ കഴിഞ്ഞില്ല..ഇടയ്ക്കെപ്പോഴോ ഒരു തവണ അരുൺ നാട്ടിൽ വന്നുപോയി..
ഫോൺ ചെയുന്നത് ആരാണെന്നു അവരോട് പറഞ്ഞിട്ടെ സംസാരിക്കാൻ പാടുള്ളൂ..ഞങ്ങളും പലതവണ ഫോൺ ചെയ്തപ്പോൾ കേട്ടതാണ്..ഇടയ്ക്ക് സൈക്കോളജി പഠിക്കുന്ന മോളും കൂടി വന്നാണ് ഒരു പാവം പെണ്ണിനെ ആക്രമിക്കുന്നത്..ഒരാണിന്റെ അസാന്നിധ്യം എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കുമെന്ന് അവൾ ഓരോ ദിവസവും അറിഞ്ഞുകൊണ്ടിരുന്നു..ചില ദിവസങ്ങളിൽ പട്ടിണി കിടക്കേണ്ടിയും വന്നിട്ടുണ്ടത്രെ..
ദീപ എങ്ങനെങ്കിലും ജീവിതം മതിയാക്കി തിരികെ പോകണം.. അരുണിനെ സ്വാതന്ത്രമായി കിട്ടണം..അതായിരുന്നു അവരുടെ ലക്‌ഷ്യം...
അരുൺ ലാൻഡ് ഫോണിലേക്കാവുംവിളിക്കുക..മൊബൈൽ അധികം ഉപയോഗിക്കുന്നത് നന്നല്ല എന്ന അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഉപദേശം..അതുകൊണ്ട് ദീപയുടെ മൊബൈലേക്ക് അരുൺ വിളിക്കാറില്ല..
അരുൺ വിളിക്കുമ്പോൾ "മോളേ ദീപേ.. ഇതാ ഫോൺ...അവർ നീട്ടി വിളിക്കും...അരുണിനു വയർ നിറയാൻ അത് മതി..ഫോൺ ദീപയ്ക്ക് കൊടുത്തിട്ട് അവിടൊക്കെ തന്നെ ചുറ്റി പ്പറ്റി നിൽക്കും..അവളൊന്നും പറയരുതല്ലോ...
ആയമ്മയ്ക്കിട്ടൊരു പണി കൊടുക്കണമെന്ന് ഞങ്ങൾ ചിന്തിച്ചിട്ട് കുറെകാലമായി.
"നമുക്കൊരു കാര്യം ചെയ്താലോ.".നിമിഷയുടെ ബുദ്ധിയിൽ എന്തോ ഒന്ന് മിന്നി.."ഒരു മാസം കൂടി കഴിഞ്ഞാൽ നമുക്ക്‌ പ്രൊജക്റ്റ് വർക്ക് തുടങ്ങുവല്ലേ",അതങ്ങ് തിരുവനന്തപുരത്താക്കിയലോ..ദീപയുടെ വീടിനടുത്തൊക്കെ പേയിങ് ഗസ്റ്റ് ആയി ആൾക്കാരെ താമസിപ്പിക്കുന്നുണ്ട്.നമ്മുടെ കഥാപാത്രത്തിനും അങ്ങനൊരു ചിന്തയുണ്ടെന്നു ഒരിക്കൽ ദീപ സൂചിപ്പിച്ചിരുന്നു .അവർക്ക് സമ്മതമാണെൽ നമുക്ക് അവിടെത്തന്നെ കൂടാം.
അങ്ങനെ ദീപയ്ക്ക് യാതൊരു പരിചയവുമില്ലാത്ത രണ്ടാളുകളായി ഞങ്ങൾ അവിടെക്കയറിക്കൂടി...,
"ഈയമ്മേനെ ഒരു പാഠം പഠിപ്പിച്ചിട്ടേ ഞങ്ങൾ ഇവിടുന്നു പോകൂ.."
"അയ്യോ വേണ്ട..എനിക്ക് കുറച്ചു ദിവസം നിങ്ങളേം കണ്ട് സന്തോഷത്തോട് കൂടി കഴിയണമെന്നേയുള്ളൂ..".
"ഞാനാ പിന്നെയും ഇവിടെ ജീവിക്കേണ്ടത്.."
അവരുടെ മുന്നിൽ ഞങ്ങളുടെ സൗഹൃദത്തിന്റെ അടുപ്പം ഞങ്ങൾ പുറത്തു കാട്ടിയില്ല..അവർക്കൊപ്പം ഞങ്ങളും കുറച്ചൊക്കെ അഭിനയിച്ചു.അങ്ങനെ ഞങ്ങളുടെ മുന്നിൽ വച്ചും അവളോട് മോശമായി പെരുമാറാൻ തുടങ്ങി..
ഒരു ദിവസം ദീപയെക്കുറിച്ചെന്തോ മോശമായി ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അയൽ പക്കത്തുള്ള ഒരു സ്ത്രീ എന്തോ ആവശ്യത്തിന് അവിടേക്ക് വന്നു..
"ഇതിവിടെ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന കുട്ടികളാ,..ഞാൻ ദീപയോടും പറയും വെറുതെ നിൽക്കാതെ എന്തെങ്കിലും പഠിക്കാൻ പൊയ്ക്കൂടെന്നു.."..
"ഓ..ഇപ്പൊ കല്യാണം ഒക്കെ കഴിഞ്ഞാൽ പെൺകുട്ടികളുടെ പഠിത്തമൊക്കെ കണക്കാ..ചേച്ചി‌യെങ്കിലും ഇങ്ങനൊക്കെ ചിന്തിക്കുന്നുണ്ടല്ലോ.." അത് കേട്ട ഞങ്ങൾ എന്ത് പറയണം എന്നറിയാതെ നുരഞ്ഞു പൊങ്ങിയ ദേഷ്യത്തെ അവളെയോർത്ത് അടക്കിനിർത്തി..കാരണം അവൾ ഇടയ്ക്ക് വച്ച് അരുണിനോട് പറഞ്ഞു psc കോച്ചിങ് നുപോയി ചേർന്നതാ..അന്ന് ഈ അഭിനേത്രീടെ പാരവയ്‌പും സംശയരോഗവും കാരണം പഠിത്തം നിർത്തേണ്ടി വന്ന കാര്യം ദീപ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്..
ദീപയുടെ വീട്ടിൽ നിന്ന് ആരെങ്കിലും കാണാൻ വന്നാൽ "മോളേ " എന്നല്ലാതെ അവർ വിളിക്കില്ല..പോയി കഴിയുമ്പോൾ കേൾക്കാം..മോളുടെ കുശലം അന്വേഷിക്കാൻ വന്നിരിക്കുന്നു...ഇട്ടുമൂടാനുള്ള വകയുംകൊണ്ടല്ലേ വന്നേക്കുന്നത്.."
ഞങ്ങളുടെ കൂടെ പാറിപ്പറന്നു നടക്കാനാഗ്രഹിച്ചവൾ...അവിടെക്കിടന്നു തീരാനാണ് അവളുടെ വിധിയെന്ന് ഞങ്ങൾക്ക് മനസ്സിലായി..അവർക്കും ഒരു മോളുള്ളതല്ലേ...എന്നിട്ടും ഒരു പെണ്ണിനോട് ഇത്തരത്തിലൊക്കെ പെരുമാറാൻ പറ്റുന്നുണ്ടല്ലോ...
ഒരു ദിവസം ഞങ്ങൾ ടൗണിൽ പോയപ്പോൾ അരുണിന്റെ അച്ഛന്റെ കടയിൽ കയറി അദ്ദേഹത്തെ പരിചയപ്പെട്ടു..കുറെ സംസാരിച്ചു..
"നിങ്ങൾ കുറെ ദിവസം അവിടെക്കാണുമല്ലോ അല്ലെ,, ദീപമോൾക്ക് ഒരു കൂട്ടായല്ലോ..,അതാ എന്റെ സന്തോഷം,,"
അവരുടെ സ്വഭാവം നന്നായി അറിയാവുന്ന ഒരു പാവം മനുഷ്യൻ..
ഒരു ദിവസം ദീപ കുളിക്കാനോ മറ്റോ പോയ സമയത്ത് അവർ മോൾക്ക് ഫോൺ ചെയ്യുന്നത് ഞങ്ങൾ കേട്ടു..
"ടീ മോളേ അവനെക്കൊണ്ടു നിനക്കൊരു കാറും കൂടി വാങ്ങിപ്പിച്ചു തരാൻ അമ്മ വിചാരിച്ചിരുന്നതാ...അപ്പോഴാ അങ്ങേര്ക്ക് മോനെ പെണ്ണുകെട്ടിക്കണമെന്നു തോന്നിയത്..നീ നോക്കിക്കോ ഞാൻ അവളെ ഇവിടുന്നു പുകച്ചു പുറത്ത് ചാടിക്കും.."
അങ്ങനെയെന്തൊക്കെയോ അവരുടെ സ്വഭാവം വെളിവാക്കുന്ന സംഭാഷണങ്ങൾ..
"എനിക്കിവിടിരുന്നു പഠിക്കാനെങ്കിലും കഴിഞ്ഞിരുന്നേൽ ..ടെസ്റ്റ് ഒക്കെയെഴുതി ഒരു ജോലി സ്വന്തമാക്കുകയെങ്കിലും ചെയ്യാമായിരുന്നു..." ,കുറച്ചു ദിവസം കൂടി കഴിയുമ്പോൾ നിങ്ങളും അങ്ങ് പോകും. എനിക്ക് മടുത്തു.." അവൾ ഞങ്ങളുടെ അടുത്തിരുന്നു കരഞ്ഞു..ഞങ്ങളുടെ ആശ്വാസ വാക്കുകളൊന്നും പോരായിരുന്നു ആ മനസ്സ് തണുപ്പിക്കാൻ..
അരുണിന് ലീവ് ശരിയായിന്ന് വിളിച്ചു പറഞ്ഞ സന്തോഷത്തിലായിരുന്നു അവളൊരു ദിവസം.ഞങ്ങളുടെ പ്രൊജക്റ്റ് വർക്ക് ഒക്കെ ഏകദേശം കഴിയാറായിരുന്നു..
ദീപയ്ക്ക് സന്തോഷത്തോട് കൂടിയ ഒരു ജീവിതം.. ഞങ്ങൾ മനസ്സിലുദ്ദേശിച്ച രണ്ടാമത്തെ പ്രോജക്ട്.. അതിനും എന്തെങ്കിലും ചെയ്യണം..
അരുൺ വരുന്ന ദിവസം തന്നെ വെക്കേറ്റ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു...അരുണിന്റെ അച്ഛനും അന്ന് അവിടെ വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
അങ്ങനെ ആ ദിവസം വന്നെത്തി..അരുൺ രാവിലെയെത്തി..ഏതോ ഒരു ചങ്ങാതി എയർപോർട്ടിൽ പോയി കൂട്ടിയിട്ട് വന്നു...അവൾ മനസ്സറിഞ്ഞു ഒന്ന് ചിരിച്ചുകണ്ടത് അന്നാണ്.. നമ്മുടെ അഭിനേത്രി മോനെ കണ്ടതിന്റെ സന്തോഷം തകർത്തഭിനയിച്ചു..പായസം സഹിതം നല്ലൊരു സദ്യയും ഒരുക്കി..അരുണിനെ വീഴ്ത്താൻ ഇതൊക്കെ ത്തന്നെ ധാരാളം..
ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ഒരു ടാക്‌സി വിളിച്ചിരുന്നു..സദ്യ ഒക്കെ കഴിഞ്ഞു ടാക്സി വന്നപ്പോൾ ഞങ്ങൾ ബാഗൊക്കെ എടുത്ത് ഇറങ്ങാൻ തുടങ്ങി..
"ഇപ്പോൾ മനസ്സിലായില്ലേ,,ആരുവിചാരിച്ചാലും എന്റെ വിധി മാറ്റിയെഴുതാനാകില്ലെന്നു... ഇപ്പോഴത്തെ സന്തോഷം അരുണെട്ടൻ പോകുന്നതോടെ തീരും.."
നിസ്സഹായത നിഴലിച്ച അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
"നീ നോക്കിക്കോ മോളേ,..ഇത്തവണ പോകുമ്പോൾ അരുൺ നിന്നെയും കൂട്ടും",,
"അവളൊന്നുമറിഞ്ഞതല്ല കേട്ടോ"..അരുണിനോട് ഇതു മാത്രം പറഞ്ഞിട്ട് ഞങ്ങൾ അവിടെ നിന്നിറങ്ങി..ഞങ്ങൾ പറഞ്ഞതിന് ഒരു വിശദീകരണം ചോദിയ്ക്കാൻ അരുൺ തുടങ്ങും മുൻപേ ഞങ്ങൾ ടാക്സിയിൽ കയറിയിരുന്നു..
ഞങ്ങളെ യാത്രയാക്കി എല്ലാവരും ഹാളിലെത്തി ഇരുന്നതും..എവിടെ നിന്നില്ലാതെ ഒരു ശബ്ദം..
"ഡീ മോളെ..,അവനെക്കൊണ്ടു നിനക്കൊരു കാർ കൂടി വാങ്ങിപ്പിച്ചു തരാൻ 'അമ്മ വിചാരിച്ചിരുന്നതാ..അപ്പോഴാ അങ്ങേര്ക്ക് മോനെ പെണ്ണ് കെട്ടിക്കണമെന്നു തോന്നിയെ............................
.................................................."
അല്ല പിന്നെ...ഞാനെന്റെ ഫോണങ്ങു വേണ്ടാന്നു വച്ചു.. റെക്കോർഡ് ചെയ്തു വച്ചത് അവിടെ ഓൺ ആക്കി വച്ചിട്ടാ ഞങ്ങൾ അവിടുന്നിറങ്ങിയത്.
ഞങ്ങൾ റെയിവേ സ്റ്റേഷനിൽ എത്തും മുൻപേ ദീപയുടെ മെസ്സേജ് വന്നു..
"Thanks..ഇതുവരെ അഭിനയിച്ചതിനുള്ള നാഷണൽ അവാർഡും ഓസ്കറും എല്ലാം അച്ഛൻ ഒരുമിച്ചങ്ങു കൊടുത്തു.. ചുവന്നു തുടുത്ത കവിളുകളുമായി ഇവിടിരിപ്പുണ്ട്..ഇനി നന്നായിക്കൊള്ളും.."
അധികം വൈകാതെ അരുണും ദീപയും ദുബായിലേക്ക് ചേക്കേറി..നിമിഷയ്ക്ക് പിജി ഒന്ന് പോരാഞ്ഞിട്ട് പിന്നെയും എന്തോ പഠിക്കാൻ പോയി..
"മൊബൈൽ ഫോൺ കൊണ്ട് ഇങ്ങനെയും ചില ഉപകാരങ്ങളുണ്ടെന്നു മനസ്സിലായില്ലേ..എങ്ങനുണ്ട്"..
."എന്റെ പ്രീതെ ഞാൻ നമിച്ചു, നിന്നെ വീട്ടിൽ നിർത്താതെ ഇങ്ങു കൊണ്ടുവന്നത് നന്നായി.."
കഥ കേട്ടിട്ട് , കെട്ടിയോന്റെ കമന്റ്...
പൊന്നും പണവും തൂക്കി നോക്കാതെ എന്നെ ജീവിതത്തിലേക്ക് കൂട്ടിയ ഒരു തെക്കൻ..
(ആരതി പ്രമോദ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo