Slider

കഥ: അമൃതം തേടി..

0

ചില നിഴലുകൾ പതിഞ്ഞിരിക്കുന്നത് ഓർമ്മകളുടെ കൂടാരത്തിനു
മുകളിലാണ്..
ഭൂതകാലസ്മരണികയിലെ നിഴൽചിത്രങ്ങളുടെ വർണ്ണങ്ങൾ കടമെടുത്താണ് പലപ്പോഴും നാം ഭാവി ജീവിതം കരുപിടിപ്പിക്കുന്നത്..
അമ്മയെന്ന വലിയൊരു പുണ്ണ്യവും തെളിമ വറ്റാത്തൊരു നിഴൽ ചിത്രമായി മുന്നിൽ തെളിയുകയാണ്.
അതെ നിഴലുകൾ തെളിയുകയാണ്..
പോളക്കുളത്തിൽ കുതിരാനിട്ട
ഓലക്കെട്ടും തലയിലേന്തി വരുന്ന അമ്മയുടെ രൂപമാണ് ഇപ്പോൾ മനസ്സിൽ നിറയെ.
തനിക്ക് IAS എന്ന സ്വപ്ന പദവി നേടി തരാൻ രാത്രിയും ഉറക്കമൊഴിഞ്ഞിരുന്ന് ഓലമെടയുന്ന അമ്മയുടെ രൂപം..
കോരിച്ചൊരിയുന്ന മഴയിലും, കത്തിക്കാളുന്ന വേനൽ ചൂടിലും പാടത്തും, കൊപ്രക്കളത്തിലും പണിക്ക് പോയി വരുന്ന അമ്മ,
ജീവിതത്തിൽ അച്ചന്റെ മരണത്തിന് ശേഷം നൊമ്പരങ്ങൾ മാത്രം തുണയായ പാവം തന്റെ അമ്മ.
കണ്ണിൽ നിറഞ്ഞ് കൂടി നിന്ന നീർമണികൾ താഴേക്ക് ഉതിർന്ന് വീണു.
സീറ്റിലേക്ക് തല ചായ്ച്ച് കണ്ണടച്ചു കിടന്നു..
ഹായ് ... ഹായ്...
അച്ചാ അച്ചാ അതാ അത് നോക്കു...
അച്ചാ വേഗം നോക്കുന്നേ..
മാളൂട്ടിയുടെ കൊഞ്ചൽ മൊഴികൾ കേട്ടാണ് മയക്കത്തിൽ നിന്നുണർന്നത്.
അതാ അച്ചാ സൂര്യനെ കാണാൻ എന്ത് രസാ അല്ലെ..?
ഗിരീഷിന്റെ മടിയിലേക്ക് ചാടി കയറി അവൾ പറഞ്ഞു.
സിഗ്നൽ കിട്ടാത്തതിനാൽ ട്രെയിൻ നിർത്തിയിട്ടിരിക്കയായിരുന്നു..
ചോളവും, കരിമ്പും, കോളിഫ്ലവറും, കപ്പലണ്ടിയുമൊക്കെ വിളഞ്ഞ് നിൽക്കുന്ന കൃഷിസ്ഥലങ്ങൾ. ദൂരെ മലഞ്ചരിവുകൾക്കിടയിൽ ചെങ്കതിരുകൾ വിതറി പ്രണയിനിയോടെന്ന പോലെ പകലിനോട് യാത്ര പറയാൻ മടിച്ചു നിൽക്കുന്ന അരുണാദിത്യൻ..
ഏതോരു ചിത്രക്കാരനേയും ചായക്കൂട്ടിലേക്കാവാഹിക്കുന്ന മായിക ലോകം പോലെ ചക്രവാളം..
പ്രകൃതിയുടെ വിസ്മയത്തിൽ കുട്ടികളുടെ ആനന്ദത്തിനും അതിരുകളില്ലായിരുന്നു..
9 വയസ്സുകാരി അനാമികയും, 7 വയസ്സുകാരി മാളവികയും..
എന്നും നാട്ടിലേക്കുള്ള യാത്രയിൽ പതിവുള്ളതാണിത്..
ജനലിനടുത്തുള്ള സീറ്റിൽ ആദ്യമേ സ്ഥാനം പിടിക്കും
എന്നിട്ട് പുറത്തേ കാഴ്ച്ചകളും കണ്ട് രസിച്ചിരിക്കും.
ഓരോന്ന് കാണുമ്പോളും സംശയങ്ങൾ തീർക്കാൻ മാളൂട്ടിക്ക് ഗൈഡ് അനുചേച്ചിയാണ്..
ഒത്തിരി പറഞ്ഞ് മനസ്സിലാക്കിയാലെ ആ കുഞ്ഞു മിഴികളിലെ ജിജ്ഞാസ അടങ്ങുകയുള്ളു..
അനു പറഞ്ഞ്ട്ട് തൃപ്തിയായില്ലെങ്കിൽ അച്ചന്റടുത്ത് ഓടി വന്ന് കൊഞ്ചി കൊഞ്ചി ചോദിക്കും.
പറഞ്ഞാലും പറഞ്ഞാലും വീണ്ടും ഓരോന്ന് ചോദിച്ചോണ്ടിരിക്കുമ്പോൾ കൃഷ്ണപ്രിയക്ക് ദേഷ്യം വരും അച്ചന്റെ കൊഞ്ചിപ്പിള്ളയല്ലെ അച്ചനോട് തന്നെ പോയി ചോദിക്ക് എന്നും പറഞ്ഞ് അവൾ കൈയൊഴിയും
അതിനാൽ മാളുട്ടിക്ക് അമ്മയേക്കാൾ പ്രിയം അച്ചനോടാണ്..
മാളൂ... മാളൂ.. ഓടി വാ.. ഓടി വാ...
ഏതോ വിദൂര കാഴ്ച്ചയിൽ ആകൃഷ്ടയായി അനാമിക വിളിച്ചപ്പോൾ അവൾ ഗിരിയുടെ മടിയിൽ നിന്നിറങ്ങി ചേച്ചിയുടെ അടുത്തേക്ക് പോയി.
സിഗ്നൽ ആയപ്പോൾ ട്രെയിൻ വീണ്ടും യാത്ര തുടങ്ങിയിരുന്നു..
സീസണല്ലാത്തതിനാൽ തിരക്ക് വളരെ കുറവാണ്. പാതി മയക്കത്തിലാരുന്ന പ്രിയയും കുട്ടികളുടെ കലപില ശബ്ദം കേട്ടാണ് ഉണർന്നത്..
ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള യാത്ര അതെന്നും ഒരു നവ്യാനുഭൂതി തന്നെയാണ്..
യമുനയിലെ ഓളങ്ങൾ പ്രണയസല്ലാപം നടത്തുന്ന ഉണ്ണിക്കണ്ണന്റെ ജൻമനാട് മഥുരയും, ഭാരതത്തിന്റെ പെൺസിംഹം റാണി ലക്ഷ്മി ഭായുടെ ഝാൻസിയും,
പ്രണയത്തിന്റെ അനശ്വര സങ്കേതമായി നിലകൊള്ളുന്ന താജ്മഹല്ലുള്ള ആഗ്രയും,
സംഗീത ചക്രവർത്തിയായിരുന്ന മിയാൻ താൻസന്റെ ഗ്വോളിയോറും... അങ്ങിനെ
എല്ലാമെല്ലാം മനസ്സിൽ ആത്മഹർഷത്തിന്റെ വേലിയേറ്റമുണ്ടാക്കുന്നു.
ഓരോ ഹൃദയതുടിപ്പുകളിലും നൂറായിരം ചരിത്രകഥകൾ പറയുന്ന ഇന്ദ്രപ്രസ്ഥം എന്നുമൊരു സ്വപ്നമായിരുന്നു..
റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന
വഴിത്താരകളും,
ബ്രിട്ടീഷ് -ഇൻഡ്യൻ -മുഗൾ വാസ്തുക്കലകളെ സമന്വയിപ്പിച്ച രാജ്ഭവനും, പാർലമെന്റും, ചെങ്കോട്ടയും, കുത്തബ്മീനാറും, ജന്തർമന്തിറും..
ഇൻഡ്യാ മഹാരാജ്യത്തിന്റെ ഡെൽഹിയെന്ന ഭരണ സിരാകേന്ദ്രം.
IAS ന്റെ ഭാഗമായാണ് ആദ്യം ഈ സ്വപ്ന നഗരത്തിലെത്തുന്നത്.
സ്കൂൾ കാലഘട്ടത്തിൽ മനസ്സിൽ പൂവിട്ട സ്വപ്നം പൊൻക്കതിരണിയുന്നത് അപ്പോളാണ്..
ഒടുവിൽ കഴിഞ്ഞ 11 വർഷത്തെ ഡെൽഹിയിലെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് കൊണ്ട് സെൻസസ് ഡയറക്ടറേറ്റിൽ അഡീഷണൽ സെക്രട്ടറിയായി പിറന്ന മണ്ണിലേക്കുള്ള മടക്കയാത്ര.
പലവട്ടം ആലോചിച്ചതാണ് ഈ തിരിച്ചു പോക്കിനെ പറ്റി.. പക്ഷെ അപ്പോളെല്ലാം അമ്മയാണ് തടസ്സം നിന്നത്..
ഈ നഗരത്തോടും ഏറ്റെടുത്ത ജോലിയോടുമുള്ള ഇഷ്ടം അമ്മക്കറിയാമായിരുന്നു.
കൊച്ചു മക്കളെയൊന്ന് കൺകുളിർക്കെ കാണാനും, താലോലിക്കാനും കഴിയാത്തതിൽ മാത്രേ അമ്മക്ക് പരാതിയുണ്ടായിരുന്നുള്ളു..
എന്നും എല്ലാ വിധ സ്വാതന്ത്ര്യവും നൽകിയാണ് തന്നെ വളർത്തിയത്..
കൂടുതൽ ഇഷ്ടമുള്ളടത്ത് ജോലി കണ്ടെത്തിയപ്പോളും, തന്റെ കളിക്കൂട്ടുക്കാരിയെ തന്നെ ജീവിത സഖിയാക്കിയപ്പോളും എല്ലാം
നിറഞ്ഞ സ്നേഹത്തോടെ കൂടെ നിന്നിട്ടേ ഉള്ളു അമ്മ..
സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്ന പ്രായത്തിൽ മണ്ണെണ്ണ വിളക്കിന്റെ ചുവട്ടിലെ ഇത്തിരി വെട്ടത്തിൽ നിന്ന് കരുപിടിപ്പിച്ചെടുത്തതാണ് തന്റെയീ ജീവിതം.
ഒത്തിരി കഷ്ടതകൾ നിറഞ്ഞ ബാല്യ കൗമാരത്തിലെ ഏക ആശ്രയം അമ്മയായിരുന്നു..
പിന്നെ കോളേജ് പoനത്തിനും IAS ട്രെയിനിങ്ങിനുമെല്ലാം ഒരു സഹായമായി നിന്ന ദിവാകരൻ മാഷും..
എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കി കൊടുത്തിരുന്നെങ്കിലും തന്നോടും കൊച്ചു മക്കളോടുമൊപ്പമുള്ള ജീവിതമാണ് അമ്മയിനി ആഗ്രഹിക്കുന്നത് എന്ന് പലപ്പോഴും ഓർക്കാറുണ്ട്..
തനിക്കും അമ്മയുടെ സാമീപ്യം തന്നെയാണ് ഏറ്റവും അനന്ദവും...
ഒരിക്കലെ വന്നുള്ളു ഡെൽഹിക്ക്..
പക്ഷെ തന്റെ ഗ്രാമവും, ഭഗവതിക്കാവും, വയൽവഴികളും മറന്ന് മഹാനഗരത്തിലേക്കുള്ള ഒരു പറിച്ചുനടൽ ആ നാട്ടിൻപുറത്തുക്കാരിയെ ഒത്തിരി വേദനിപ്പിച്ചിരുന്നു..
അത് കൊണ്ട് തന്നെയാണ് അമ്മയെ ഡെൽഹിക്ക് വീണ്ടും കൂട്ടാതിരുന്നത്..
പിന്നീട് ഓരോ അവധിക്ക് വേണ്ടിയും കാത്തിരിക്കും..
നാട്ടിലേക്ക് ഓടിയെത്താൻ ...
ഒടുവിൽ ഡെൽഹിയെന്ന സ്വപ്നനഗരത്തെ മറക്കാൻ തന്നെ തീരുമാനിച്ചു..
എന്നും തന്റെ മനസ്സറിഞ്ഞ് കൂടെ നിൽക്കുന്നവളാണ് പ്രിയ. കുറച്ച് നേരത്തേ ആലോചിക്കാമാരുന്നു എന്നേ അവൾക്കും അഭിപ്രായമുണ്ടായിരുന്നുള്ളു....
നാട്ടിലേക്കുള്ള ട്രാൻസ്ഫർ റെഡിയാക്കിയെടുത്തു..
മഹാനഗരത്തോടും, പ്രിയ സുഹൃത്തുക്കളോടും തൽക്കാലത്തേക്കെങ്കിലും യാത്ര ചൊല്ലിയിറങ്ങി..
ഓർമ്മ താളുകളിലെ മിഴിവേറിയ നിഴൽ ചിത്രമായ് പൂഞ്ചിരി തൂകുന്ന അമ്മയുടെ അരികിലേക്ക് ,
തന്റെ പ്രിയ ഗ്രാമത്തിലേക്ക്...
അതെ ഇനിയുള്ള ജീവിതം മുഴുവൻ അമ്മയോടൊത്താണ് വേണ്ടത്.
ആ ഗ്രാമത്തിന്റെ വിശുദ്ധിയും, സ്വഛതയും, മുത്തശ്ശിയുടെ സാമീപ്യവും അറിഞ്ഞു വേണം തന്റെ മക്കൾ വളരാൻ..
മണ്ണിന്റെ മണമറിഞ്ഞ്, പ്രകൃതിയെ തൊട്ടറിഞ്ഞ്..
അച്ചാ നമ്മളെപ്പോഴാ മുത്തശ്ശിയുടെ അടുത്തെത്താ..
മാളുവാണ്.. അവൾക്ക് തിടുക്കമായി അച്ചമ്മയെ കാണാൻ..
രാജകുമാരൻമാരുടെ കഥകളും ,കുഞ്ഞുണ്ണി മാഷിന്റെ കുട്ടിക്കവിതകളും എല്ലാം കേട്ടിരിക്കാനും.. പൂവാലി പയ്യിന്റെ പിന്നാലെ ഓടാനും..
ദൂരെ വയൽ വരമ്പിലൂടെ ഒരു കൈക്കോട്ടും പിടിച്ച് ഒരു സ്ത്രീ നടന്ന് പോകുന്നു.
കൂടെയൊരു ആൺകുട്ടിയുമുണ്ട് അമ്മയായിരിക്കും..
നേരം ഇരുട്ടി തുടങ്ങിയപ്പോൾ കൂട്ടു വന്നതാകാം അവൻ..
അവർ കണ്ണിൽ നിന്ന് മറയുവോളം നോക്കിയിരുന്നു.
താൻ തന്നെയല്ലെ ആ കുട്ടി.. കൂടെയുള്ളത് തന്റെ അമ്മയും
നിഴലുകൾ കൂടുതൽ തെളിയുകയാണ്..
ഓർമ്മ ചിത്രങ്ങൾ കൂടുതൽ മിഴിവേറുന്നു..
മനസ്സിപ്പോൾ ശാന്തമാണ്..
ഇനി ഏതാനും നാഴികകൾ മാത്രം.
അമൃതം തേടിയുള്ള ഈ യാത്രക്ക് അവസാനമടുക്കുകയാണ്..
അങ്ങ് ദൂരെ പുഴയോരത്തുള്ള വീട്ടിൽ തുളസിത്തറയിൽ തിരിവച്ച് സന്ധ്യാനാമവും ചൊല്ലി അമ്മ കാത്തിരിക്കുന്നുണ്ട്..
ഹൃദയം നിറയെ സ്നേഹവുമായ്...

By
അനിൽ ആദിത്യൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo