ചെപ്പ് തുറന്നൊരു കത്ത്
***************************
***************************
പ്രിയപ്പെട്ട കാവേരി,
കാലങ്ങള്‍ ഒരുപാട് കഴിഞ്ഞിരിക്കുന്നു . ഇപ്പോള്‍ ഇങ്ങനൊരു കത്ത് എന്തിനാണെന്നറിയില്ല.എഴുതെണമെന്നു തോന്നി.തിരിച്ചു പിടിക്കാന്‍ കഴിയാത്ത അന്തരങ്ങളിലേക്ക് നാം അകന്നിരിക്കുന്നു . ഓര്‍മ്മകള്‍പോലും അന്യമായി തുടങ്ങുന്നു .നിനക്കേറെ ഇഷ്ടപ്പെട്ട എന്റെ കൈപ്പടയില്‍ എഴുതാത്തതില്‍ പരിഭവം ഉണ്ടാകുമായിരിക്കാം. ഞാന്‍ ഒരു ആശ്രമത്തിലാണ് താമസിക്കുന്നത് . ഒരുപാട് അകലെ ആരുമറിയാത്ത നാട്ടില്‍ ഒരു കൊട്ടാരം കെട്ടണം എന്ന് നീ പറയുമായിരുന്നില്ലെ അങ്ങനെ ഞാന്‍ കെട്ടിയ കൊട്ടാരമാണിത് .സ്നേഹ കൊട്ടാരം . ഞാന്‍ മാത്രമല്ലിവിടുള്ളത്. മുപ്പതോളം സുന്ദരിയും സന്ദരനുമായ കൂട്ടുകാരികളും കൂട്ടുകാരന്‍മാരുമുണ്ട്.മീനാക്ഷി,കിങ്ങിണി,മഹിമ,ശ്രീനി,ആദിത്യന്‍,അര്‍ജുന്‍,എന്നിങ്ങനെ ഓരോ പേരിലാ ഞാന്‍ അവരെ വിളിക്കുന്നെ.നീ ഇപ്പോള്‍ ആശ്ചര്യപ്പെടുന്നുണ്ടാവും അല്ലെ.അതെ അന്ന് നമ്മള്‍ കാത്തുവെച്ച പേരുകള്‍ തന്നെ .പക്ഷെ എല്ലാവര്‍ക്കും തികഞ്ഞില്ല കേട്ടൊ .പിന്നെ ഞാന്‍ തന്നെ പേരിട്ടു.നല്ല അച്ചടക്കവും വിനയവും ഉള്ള കുട്ടികളാണ്. തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങും മലകള്‍കേറി ഇവിടെ വന്ന ദിവസം എനിക്ക് ഓര്‍മ്മയില്ല. മരിച്ചു മരിച്ചില്ല എന്നുറപ്പിക്കാനാവാതെ അവസാന പ്രതീക്കഷയെന്ന വണ്ണം മലമുകളിലെ വൈദ്യനെ ഏല്‍പ്പിച്ച് മടങ്ങുകയാരിരുന്നു ഒരുകൂട്ടം നാടോടികള്‍ . വൈദ്യര്‍ അല്ല വൈദ്യരച്ഛന്‍ അങ്ങനാണ് എല്ലാവരും വിളിക്കുന്നത്. വൈദ്യരച്ഛന്‍ ദാനം തന്നതാണ് ഈ ഇീവിതം.രണ്ട് വര്‍ഷത്തെ കഠിന പ്രയത്നം;വൈദ്യരച്ഛന്‍ നിര്‍ദേഷിച്ച ചികിത്സാ വിധികള്‍,ക്രമം തെറ്റിക്കാതെയുള്ള പത്ഥ്യം സ്നേഹം കൊണ്ട് പൊതിയുന്ന പരിചാരകര്‍ .ശരീരവും മനസ്സും വീണ്ടെടുത്തപ്പോള്‍ നീയെന്ന ഓര്‍മ്മകള്‍ എനിക്ക് നഷ്ടമായി കഴിഞ്ഞിരുന്നു.ഒരുപക്ഷെ നല്ലൊരു കുടുംബവുമായ് കഴിയുന്ന നിന്റെ മുന്നില്‍ വരാനുള്ള അപകര്‍ഷതാ ബോധമാണൊ അതൊ കുടുംബമായ് കഴിയുന്ന നിന്നെ കാണാന്‍ ഉള്ള ശക്തി ഇല്ലാത്തത് കൊണ്ടാണൊ എന്നറിയില്ല .എന്നെ ബലഹീനനായ് മാറ്റികൊണ്ടിരുന്ന നിന്റെ ഓര്‍മ്മകളെ മഞ്ഞില്‍ അലിയിച്ച് എല്ലാം മറക്കുവാന്‍ ശ്രമിക്കുകയായിരുന്നു. എങ്കിലും ചില നിമിഷങ്ങള്‍ ഓര്‍മ്മകളുടെ മുന്നിലിട്ട് വല്ലാതെ ചിത്രവധപ്പെടുത്തും പിന്നെ ഒന്ന് കാണാന്‍ മനസ്സ് വല്ലാതെ വെമ്പും കുറച്ച് കഴിയുമ്പോള്‍ സ്വയം നിയന്ത്രിക്കും.ജീവിതം അര്‍ത്ഥമില്ലാതെ കടന്നു പൊയ്ക്കോണ്ടിരുന്നപ്പോളാണ് ഞാന്‍ കിങ്ങിണിയെ കാണുന്നത് .വെറുതെ നടക്കാന്‍ ഇറങ്ങിയ എനിക്കുമുന്‍പില്‍ ഒരു പെണ്‍കുട്ടി ഒാടി വന്ന് രക്ഷിക്കണേന്ന് കൈകള്‍കൂപ്പി നില്‍ക്കുന്നു .ഏഴ് ഏട്ട് വയസ്സ് തോന്നിക്കും പിഞ്ചിയ വസ്ത്രം,കരഞ്ഞു കലങ്ങിയ കണ്ണുകള്‍.കൈയ്യിലും കാലിലും ചെറിയ മുറിവുകള്‍ .ഒാടി വന്ന കൂട്ടത്തില്‍ എവിടെയൊ തട്ടിയതാവാം ‘’.എന്നെ രക്ഷിക്കണം സര്‍ ,അയാള്‍ എന്നെ കൊല്ലും ,എന്റെ അമ്മയേയും അയാള്‍ കൊല്ലുവാ.’’ആരെയാ മോള് ഭയക്കുന്നെ എന്നതിനു മറുപടി കനല്‍ വാരിയിടുംപോലെ പൊള്ളുന്നതായിരുന്നു. അവളുടെ അച്ഛന്‍.എന്ത് ചെയ്യണം എന്നറിയാതെ അവസാനം അവളെ കൂട്ടി ആശ്രമത്തിലേക്ക് പോയി വൈദ്യരച്ഛനോട് നടന്നത് വിസ്തരിച്ചു.’’നിന്റെ മുന്നില്‍ അഭയം ചോദിച്ച് എത്തിയവനെ സംരക്ഷിക്കാന്‍ നീ ബാധ്യസ്ഥനാണ് ‘’ .വൈദ്യരച്ഛന്റെ വാക്കുകള്‍ കല്ലില്‍ കൊത്തിയപൊലെ എന്റെ ഉള്ളില്‍ പതിഞ്ഞു .പിന്നെ ചെറിയ ജോലികള്‍ ചെയ്ത് ഞാനും അവളും ആശ്രമത്തില്‍ കൂടി. വൈദ്യരച്ഛന്‍ പിന്നീട് ഒരുപാട് നാള്‍ ജീവിച്ചിരുന്നില്ല.മരണശേഷം ബന്ധുക്കള്‍ കൈയ്യേറി ആ സ്ഥലം റിസോര്‍ട്ടാക്കി. അവിടെ നിന്ന് ഇറങ്ങിയ ഞങ്ങള്‍ കടത്തിണ്ണയിലും അമ്പലമുറ്റങ്ങളിലും ഒക്കെയായി രാത്രി കഴിച്ചുകൂട്ടും. പകല്‍ അവളെ ഒരു നഴ്സറിയില്‍ വിട്ട് ഞാന്‍ ജോലിക്ക് പോകും .ചെയ്യാവുന്നതൊക്കെ ചെയ്യും.അതില്‍ നിന്ന് കിട്ടുന്നതിന്റെ ചെറിയൊരു ഭാഗം മാത്രമെടുക്കും ബാക്കി സൂക്ഷിച്ചു വെക്കും.ഒരു അച്ഛന്റെ കരുതല്‍.അങ്ങനിരിക്കെ അപ്രതീക്ഷിതമായ് കടന്നുവരുകയായിരുന്നു പ്രീതം . ഒരു പഞ്ചാബി പയ്യന്‍ രണ്ടാനമ്മയുടെ പീടനം സഹിക്കാതെ വീട്ടീന്ന് ഒാടി പോന്നതാ .ഭാഷ ഒരു പ്രശ്നമായിരുന്നെങ്കിലും വൈദ്യരച്ഛന്റെ മരിക്കാത്ത വാക്കുകള്‍ കിങ്ങിണിക്ക് ഒരു സഹോദരനെ കൊടുത്തു . കുടുബം ആകാന്‍ തുടങ്ങിയ മൂന്നംഗ സംഘത്തിലേക്ക് അഥിതികളുടെ എണ്ണം കുടിയപ്പോള്‍ ഒരു വീട് സ്വപ്നമായി. ആദ്യം വാടകവീടുകളില്‍ താമസിച്ചു പിന്നെ കിട്ടുന്ന പണികള്‍ എല്ലാം ചെയ്തു കാശ് സ്വരുക്കൂട്ടാന്‍ തുടങ്ങി .സര്‍ട്ടിഫിക്കറ്റുകളും കഴിവും ഉണ്ടായിട്ടും ജോലിയൊന്നും കിട്ടാത്ത ജനതക്ക് മുന്നില്‍ ഇതൊന്നുമില്ലാത്ത എനിക്ക് ഓഫീസ്സ് ജോലികള്‍ ഭഗീരതപ്രയത്നമായിരുന്നു.പിന്നുളളത് കൂലിപ്പണിയാ .പിന്നെ പാചകം ചെയ്യാനും മാലകെട്ടാനും ഒക്കെ പോകും. സ്കൂള്‍ ഇല്ലാത്ത ഒഴിവ് ദിവസങ്ങളില്‍ മാലകെട്ടാനും കറിക്കരിയാന്‍ ഒക്കെ കുട്ടികളും കൂടും.നീണ്ടവര്‍ഷങ്ങളുടെ കഷ്ടപ്പാടിനൊടുവില്‍ ഒരു കുഞ്ഞു കൊട്ടാരം ഞങ്ങള്‍ സ്വന്തമാക്കി.ശേഷം അതൊരു ആശ്രമം ആക്കി ഞങ്ങള്‍ .ജീവിതം ചോദ്യചിഹ്നമായ് മാറിയ പലരും ഒപ്പം ചേര്‍ന്നു.എല്ലാവരും വലിയ കുട്ടികളായി.എറ്റവും ഇളയത് ഒരു കാശ്മീരി കുട്ടിയ;ജുമ്ക്കി തട്ടികൊണ്ടു പോയവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട് വന്ന ഒരു മിടുക്കി.അവള്‍ ഇൗ വര്‍ഷം ഏട്ടാം ക്ളാസിലായി. കിങ്ങിണിയാ എനിക്ക് കത്തെഴുതി തരുന്നെ. കഷ്ടപ്പാടിന്റെ അളവ് കൂടിയപ്പൊ വാര്‍ദ്ധക്യം ക്ഷണിക്കാതെ നേരത്തേ കടന്നു വന്നു. കൈകാലുകളുടെ സ്വാധീനം ഒക്കെ കുറഞ്ഞു. എഴുതാനൊന്നും വയ്യ.അന്ന് നമ്മുടെ ഇഷ്ടം നിന്റെ വീട്ടില്‍ അറിയിക്കാന്‍ പുറപ്പെട്ട എനിക്ക് കാത്തുവെച്ചതിനെ ഒാര്‍ക്കുമ്പോള്‍ ഇപ്പോളും ഒരു ആളലാ മനസ്സില്‍.സ്വത്ത് മോഹിയായ സ്വന്തം ജേഷ്ഠന്‍ കൊന്നുകളയാന്‍ പറഞ്ഞയച്ച ഗുണ്ടകള്‍ മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിക്കുകയായിരുന്നു.ആയുസ്സിന്റെ ദൈര്‍ക്യം കൊണ്ട് ഇന്ന് ഇൗ കത്ത് എഴുതാന്‍ ജീവിച്ചിരിക്കുന്നു.പറ്റിച്ച് കടന്നുകളഞ്ഞവന്റെ ചിത്രമാവും അല്ലെ നിന്റെ മനസ്സില്‍ .എന്തോ മരണമടുക്കുന്നു എന്നൊരുതോന്നല്‍ .ഇവിടെ നിന്ന് വിടപറയും മുന്‍പ് നീ അറിയാത്തതായ് ഒന്നും എന്റെ ജീവിതത്തില്‍ ഉണ്ടാവരുതെന്ന് തോന്നി.
എന്ന് സ്നേഹപൂര്‍വം
നിന്റെ അനില്‍
നിന്റെ അനില്‍
****അഞ്ജലി പിള്ള ****

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക