Slider

നടയിരുത്തല്‍

0

മീനമാസത്തിലെ ചൂടിനു ഇത്രയും ചൂടുണ്ടെന്നു ഇന്നാണ് അറിയുന്നത്, റെയില്‍വേ സ്റ്റേഷനില്‍ നിന്നു ബസ്സ്‌ സ്റ്റോപ്പിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളൂ എങ്കിലും ചൂടിന്‍റെ കാഠിന്യം കൊണ്ട് ആകെ തളര്‍ന്നിരുന്നു. റോഡാകെ കുത്തി പൊളിച്ചിട്ടിരിക്കുകയാണ്, വരാനുള്ള ഇലക്ഷന്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള മിനുക്ക്‌ പണികളാണ്.
നല്ല ദാഹം!!. എന്തെങ്കിലും കുടിച്ചാലോ എന്നൊരു തോന്നല്‍. പേഴ്സ് എടുത്തു നോക്കി. രണ്ടായിരത്തിന്‍റെ ഒറ്റ നോട്ടാണ്, കൂടെ പത്ത് രൂപയുടെ ഒരു നോട്ടും. ഈ വെയിലത്ത് ഇനി ചില്ലറ ചോദിച്ച് നടക്കാന്‍ വയ്യ!.
ബസ്സില്‍ കയറി ചില്ലറ കൊടുത്തില്ലേല്‍ കണ്ടക്ടരുറെ തെറി വേറെ കേള്‍ക്കണം, തത്ക്കാലം ദാഹം മറക്കാം.
എപ്പോഴും തിരക്കുള്ള മുക്കവലയാണിത്, ബസ്സുകള്‍ കൃത്യമായ ഇടവേളകളില്‍ എത്തേണ്ടതാണ്. റോഡ്‌ പൊളിച്ച സമയം നോക്കി മിക്കതും പണിയാന്‍ കയറ്റിക്കാണും.
ബസ്സ്‌ കാത്ത് കുറെയേറെ പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അക്ഷമരായ്, ചൂടിന്റെ കാഠിന്യം എല്ലാ മുഖങ്ങളിലും ദൃശ്യമാണ്. നഗരം വികസിക്കുകയാണ് ടെക്സ്റ്റയില്‍ ഷോപ്പുകള്‍ ജ്വല്ല്യറികള്‍, ബേക്കറികള്‍, ഫ്രൂട്ട് സ്റ്റാളുകള്‍ അങ്ങനെ ഒരു നഗരത്തിനു വേണ്ടതെല്ലാം ഇവിടെ ഉണ്ട്. പക്ഷേ ബസ്സ്‌ കാത്തു നില്‍ക്കാന്‍ ഒരില തണല്‍ പോലുമില്ല. ആളുകള്‍ തണല്‍ തേടി പലേയിടത്തുമായി ചിതറി നില്‍ക്കുകയാണ്. കടകളുടെ വരാന്തകളില്‍, തൂണുകളുടെ മറവില്‍, കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ തൂക്കിയിട്ടിരിക്കുന്ന സാധനങ്ങളുടെ മറവില്‍.
തത്ക്കാലം അങ്ങോട്ട്‌ പോകേണ്ടാന്നു കരുതി. വലതു വശത്ത് ഒരു ബാങ്ക് ഉണ്ട് അതിന്‍റെ വരാന്തയിലേക്ക്‌ കയറി നില്‍ക്കാം എന്നു തീരുമാനിച്ചു.
 കാത്തു നിന്ന്‍ മുഷിഞ്ഞപ്പോള്‍ മൊബൈല്‍ എടുത്ത് നാട്ടിലുള്ള സുഹൃത്തുകളെ വിളിച്ചു നോക്കി. ആരും ഫോണ്‍ എടുക്കുന്നില്ല, എല്ലാരും തിരക്കില്ലാണ്, ഒന്നിന് പുറകെ മറ്റൊന്നായി വിളിച്ചു കൊണ്ടിരുന്നു.
“മോനെ “ ഒരു ശബ്ദം കേട്ടാണ് മുഖമുയര്‍ത്തിയത്.
മുന്നില്‍ ഒരു വൃദ്ധന്‍. ഷര്‍ട്ടും മുണ്ടുമാണ് വേഷം. ചിതറിക്കിടക്കുന്ന നരച്ച മുടി. നരച്ച കുറ്റി താടി, ഒട്ടിയ കവിള്‍, വരകള്‍ വീണ നെറ്റിയില്‍ ഒഴുകി ഇറങ്ങുന്ന വിയര്‍പ്പ് തുള്ളികള്‍, തിമിരം വന്നു വെളുത്തു തുടങ്ങിയ കണ്ണുകള്‍. നല്ല ഉയരമുണ്ടെങ്കിലും വളഞ്ഞാണ് നില്‍പ്പ്.
“ചായ കുടിക്കാന്‍ എന്തെങ്കിലും ? “ അയാള്‍ ചോദിച്ചു.
ചുട്ടു പൊള്ളുന്ന ഈ ചൂടത്തോ ? നട്ടുച്ചയ്ക്കോ ? സംശയത്തോടെ ഞാനയാളെ നോക്കി.വര വീണ നെറ്റിയില്‍ നിന്ന്‍ ഒഴുകിയിറങ്ങുന്ന വിയര്‍പ്പ് തുള്ളികള്‍ അയാള്‍ ക്ഷീണിതനാനെന്നു വിളിച്ചു പറയുന്നതായി തോന്നി.
ഒരു നിമിഷം അയാളെ കാണിക്കുവാനെന്ന പോലെ ഞാനാകെ ഒന്നു പരതി. ഇല്ല, ചില്ലറ ഇല്ല, ആകെ ഉള്ള പത്ത് രൂപ കൊടുത്താല്‍ ഞാന്‍ തെണ്ടേണ്ടി വരും.
“ഇല്ല !! ഒന്നുമില്ല “ ഞാന്‍ പറഞ്ഞു.
പെട്ടന്നാണ് ഫോണ്‍ റിംഗ് ചെയ്തത് ഭാഗ്യം ഒരു സുഹൃത്ത് മിസ്ഡ് കോള്‍ കണ്ട് തിരിച്ചു വിളിക്കുന്നു. ഞാനെന്‍റെ അവസ്ഥ വിവരിച്ചു “റോഡ്‌ പണിയാണ് ബസ്സില്ല, നീ വേഗം ബൈക്ക് എടുത്ത് വാ “
അവന്‍ വരാമെന്നേറ്റു.
മനസ്സ് ഒന്ന് തണുത്ത പോലെ തോന്നി. പത്ത് മിനിറ്റ് കൊണ്ട് സുഹൃത്ത് വരും അത് വരെ കാത്തു നിന്നാല്‍ മതിയല്ലോ എന്ന ആശ്വാസം.
ഇനിയെനിക്ക് ബസ്സിന് ടിക്കറ്റെടുക്കാന്‍ ചില്ലറയുടെ ആവിശ്യം ഇല്ലല്ലോ!. ഇതയാള്‍ക്കു നല്‍കിയേക്കാം, പക്ഷേ അയാള്‍ എവിടെ ?
അയാള്‍ പോയിരുന്നു.
വിയര്‍ത്തൊഴുകുന്ന അയാളുടെ മുഖ൦ ഒരു ഉള്‍പ്രേരണ ഉണ്ടാക്കി. എന്‍റെ കണ്ണുകള്‍ അയാളെ തേടി നടന്നു, സുഹൃത്തെത്താന്‍ ഇനിയും സമയമുണ്ട് ഒന്ന്‍ നടന്നു നോക്കാന്‍ തന്നെ തീരുമാനിച്ചു. ഏത് ദിക്കിലേക്കാണ് അയാള്‍ പോയത് എന്നറിയില്ല. എങ്കിലും ഇടത്തേക്ക് നീളുന്ന തെരുവിലൂടെ അയാളെ തിരഞ്ഞു ഞാന്‍ നടന്നു.
എന്തൊരു തിരക്കാണിവിടെ!! ഹോട്ടലുകള്‍, തുണിക്കടകള്‍, സ്വര്‍ണ്ണകടകള്‍ വഴിയോര കച്ചവടക്കാര്‍ അങ്ങനെ നീളുന്ന തെരുവ്. റോഡിനു ഇടതു വശം ചേര്‍ന്ന്‍ തലയുയര്‍ത്തി നില്‍ക്കുന്ന സിവില്‍ സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍ തൊട്ടടുത്ത് കോടതി സമുച്ചയം. ഒരു മതിലിനപ്പുറം ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ എതിര്‍ വശത്ത് കടകള്‍ സിനിമ തീയറ്റര്‍, തെരുവില്‍ നിറയുന്ന വഴി യാത്രക്കാര്‍, കൂട്ടം കൂടി നടന്നു പോകുന്ന പെണ്‍കുട്ടികള്‍, കേസും കാര്യവും നുണകളുമായി വക്കീലും ഗുമസ്ഥന്മാരും, തിരക്കിട്ടോടുന്ന ഓട്ടോറിക്ഷകള്‍, വഴിമുടക്കി പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കുകളും കാറുകളും, സൈക്കിളില്‍ പായുന്ന വിദ്യാര്‍ത്ഥികള്‍, ആകെ ഒരു പൂര കാഴ്ച. വഴിയിലെങ്ങും ഞാന്‍ തേടുന്ന മുഖ൦ മാത്രം കണ്ടില്ല.
കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ ഞാനയാളെ പറ്റി ചിന്തിച്ചു. ഭിക്ഷാടനം തൊഴിലാക്കിയവരുടെ കൂട്ടത്തില്‍ പെടുന്ന ആളല്ല. പിന്നെ എപ്പോഴോ വിശപ്പിന്‍റെ പിടി വിട്ടു പോയപ്പോള്‍ ചോദിച്ചതാവാം
ഒച്ച കൂട്ടി ഒരു കൂട്ടം കുട്ടികള്‍ എന്നെ കടന്നു പോയി,
അയാള്‍ക്കും ഉണ്ടാവില്ലേ കുട്ടികള്‍ ?
ഉണ്ടാകുമായിരിയ്ക്കും, ജീവിതത്തില്‍ ആരോഗ്യമുള്ള കാലമത്രയും ജോലി ചെയ്തു വളര്‍ത്തിയ മക്കള്‍, അവരില്‍ ആരായിരിക്കും അയാളെ ആദ്യമായ് വേണ്ടായെന്നു പറഞ്ഞിട്ടുണ്ടാവുക. മകനോ അതോ മകളോ ?
സന്ധ്യകളില്‍ മിട്ടായി പൊതിയുമായി അയാള്‍ വരുന്നതും കാത്തിരുന്ന കണ്ണുകളില്‍ എപ്പോഴാണ് സ്നേഹം വറ്റി പോയത് ? ഇനി പ്രതീക്ഷകള്‍ നഷ്ടമായപ്പോള്‍ സ്വയം ഇറങ്ങി പോന്നതോ ? അറിയില്ല, എല്ലാം തോന്നലുകളാകാം. ഇനി അയാളൊരു കള്ളനാണെങ്കിലോ ?
മുന്നില്‍ വഴി മൂന്നായി പിരിയുന്നു. നേരെ നടക്കാന്നാണ് തോന്നിയത്, ക്ഷേത്രത്തിലേക്ക് നീളുന്ന വഴി. കടകളുടെ ഭാവങ്ങളില്‍ മാറ്റം വന്നിരിക്കുന്നു. ചന്ദനമാലയും പൂജ സാധനങ്ങളും വില്‍ക്കുന്ന കടകള്‍ തുടങ്ങിയിരിക്കുന്നു. ഔഷധ ശാലകളും ആയുര്‍വേദ മരുന്ന് കടകളും കണ്ടു.
ഇടത് വശത്ത് കാട് പിടിച്ചു കിടക്കുന്ന പറമ്പില്‍ ടൌണ്‍ ഹാള്‍ പൊളിഞ്ഞു കിടക്കുന്നു.
എന്‍റെ നാടിന്‍റെ സംസ്കാരമായി നിലകൊണ്ട ടൌണ്‍ ഹാള്‍, അച്ചന്‍റെ വിരലില്‍ തൂങ്ങി എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു. നാടകങ്ങള്‍, കഥാപ്രസംഗങ്ങള്‍, സംസ്കാരിക സമ്മേളനങ്ങള്‍, എല്ലാം പോയി മറഞ്ഞിരിക്കുന്നു. അതെല്ലാം ഒരു കാലഘട്ടത്തിന്റെ മാത്രം സ്വത്താകുന്നു. ഇളകിയ കല്ലുകളില്‍ കിളിര്‍ത്തു പൊങ്ങിയ മരം വന്‍ ചില്ലകള്‍ തീര്‍ത്തു വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. അത് വളര്‍ന്ന്‍ നില്‍ക്കുന്നത് പൊട്ടി തകര്‍ന്ന നില്‍ക്കുന്ന കെട്ടിടത്തിലല്ല, ജീര്‍ണ്ണിച്ചു തുടങ്ങിയ സംസ്കാരങ്ങളിലാണെന്നു തോന്നി.
ഇന്നു പ്രസംഗങ്ങളും സംവാദങ്ങളും ചെറിയ മുറിയ്ക്കുള്ളില്‍ ക്യാമറ നോക്കി ചെയ്യാനുള്ള കൂത്തായി മാറിയിരിയ്ക്കുന്നു. അവര്‍ സംസാരിക്കും, വാ തോരാതെ. സ്ത്രീ പീഡനങ്ങളെ പറ്റി, ശിശു മരണത്തെ പറ്റി, ജാതീയ ധ്രുവീകരണത്തെ പറ്റി, ആഗോള താപനത്തെ പറ്റി. കാഴ്ച്ചക്കാരെല്ലാം ഉത്കണ്ഡാകുലരാകും, അവരും ചേരി തിരിയും. ജാതിയും മതവും കൊടിയുടെ നിറവും നോക്കി ചേരി തിരിഞ്ഞ് വാക്വാദത്തില്‍ ഏര്‍പ്പെടും. മനസ്സില്‍ വിദ്വേഷത്തിന്റെ വിത്തുകളുമായ് ഉറങ്ങാന്‍ പോകും. സ്വസ്ഥമായി ഉറങ്ങുക ഇന്ന്‍ പീഡിപ്പിക്കപ്പെട്ടവരാരും നിങ്ങളുടെ ബന്ധുക്കള്‍ അല്ല!. ഭാര്യയോ മകളോ അല്ല.
ഞാനെന്തിനാണീ വെയിലത്ത് നടക്കുന്നത്. ഒരു പക്ഷേ ഇനിയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത മുഖത്തെ തേടി. അറിയില്ല പക്ഷേ നില്‍ക്കാന്‍ തോന്നുന്നില്ല.
വഴി കാഴ്ചകള്‍ കണ്ട് ദൂരം കുറെ നടന്നിരുന്നു. ഹരിയുടെ രഥമുരുണ്ട നാട്ടിലെ മഹാ ക്ഷേത്രം മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നു. മുന്നില്‍ ഉയരത്തില്‍ പണിത മതിലുകള്‍ക്ക് മുകളിലൂടെ കൊടി മരം കാണാം. മുന്നിലേക്ക് പണിതിറക്കിയ ആനക്കൊട്ടില്‍. ആനക്കൊട്ടില്‍ ചുറ്റി വലത്തോട്ട് നടന്നാല്‍ പെരുങ്കുളം കാണാം. കുളത്തിലേക്ക് നീളുന്ന പടവുകള്‍, പടവുകളില്‍ നീളത്തില്‍ കെട്ടിയ മറപ്പുര.
കല്‍പ്പടവുകള്‍ തുടങ്ങുന്നിടത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആല്‍മരം. ചുറ്റും തറ കെട്ടി പൊക്കിയ സുന്ദരമാക്കിയ ഒരാല്‍ മരം, ആല്‍മരത്തോട് ചേര്‍ന്നൊരു കല്‍ മണ്ഡപം ഉണ്ട്. ഞാന്‍ അവിടേക്ക് നടന്നു. പെരുംകുളത്തില്‍ മുങ്ങി ഒഴുകിയെത്തിയ വടക്കന്‍ കാറ്റെന്നെ തണുപ്പിച്ചു.
ഒരു നിമിഷം !!
ഞാനയാളെ കണ്ടു, ഞാന്‍ തേടി നടന്ന മുഖ൦.
ആലിനോടു ചേര്‍ന്നുള്ള കല്‍ മണ്ഡപത്തില്‍ അയാള്‍ വിശ്രമിക്കുന്നു. അവിടെ അയാള്‍ തനിച്ചായിരുന്നില്ല. കൂട്ടിനു സന്ധ്യ മയങ്ങി തുടങ്ങിയ കുറെ ജീവനുകള്‍. ജീവിതത്തിന്‍റെ പുറം കാഴ്ചകളില്‍ ബാക്കിയായപ്പോള്‍ നടതള്ളപ്പെട്ടവര്‍. ഇന്നവര്‍ക്ക് ബന്ധുത്വമില്ല, പേരും വിലാസവുമില്ല. പ്രാര്‍ത്ഥന മാത്രം പടച്ചോര്‍ മുടങ്ങാതെ കിട്ടണമേ എന്ന പ്രാര്‍ത്ഥന മാത്രം. അനുകമ്പ എന്ന സ്വകാര്യ അഹങ്കാരത്തിന്‍റെ പുറത്ത് വീണു കിട്ടുന്ന നാണയ തുട്ടുകള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന. ആ വൃദ്ധന്‍റെ മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി, അയാളുടെ നെറ്റിയിലെ വിയര്‍പ്പ് വറ്റിയിരുന്നു. ഈ വടക്കന്‍ കാറ്റ് അയാള്‍ക്ക് വേണ്ടി മാത്രമാണെന്ന്‍ തോന്നി.
ഇത് വരെ വിശ്വസിച്ചിരുന്ന സൈദ്ധാന്തിക തത്വങ്ങളും നിരീശ്വര വാദവും മറന്നു. കൈയ്യിലിരുന്ന പത്ത് രൂപ മുന്നില്‍ കണ്ട ഭണ്ടാരത്തിലേക്ക് തിരുകി. കണ്ണടച്ചു. പിന്നെ തിരികെ നടന്നു.
:-കിഷോര്‍ ഹരിപ്പാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo