Slider

ഇക്ക

0

ഇക്ക
=-=-=
ധം ബിരിയാണിയുടെ മണം റൂമിലാകെ
നിറഞ്ഞു .വായിൽവെള്ളമൂറാൻ തുടങ്ങി .
ഷൈനും നസീറുംപെട്ടി കെട്ടുന്ന തിരക്കിലാണ്‌.
സ്മിത്ത്‌ പുറത്തുപോയിരിക്കുവാണ്‌. ഇക്കയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങുവാൻ......
ഇക്ക കിച്ചണിൽ ബിരിയാണി തയ്യാറാക്കുന്ന തിരക്കിലും.ബിരിയാണി ചെമ്പിറക്കി വെച്ച് അവസാനം എന്തോ സൂത്രപണിയുണ്ട്.
അതിലാണ് ബിരിയാണിയുടെ രുചി
എന്നാണ് ഇക്ക പറയുന്നത്.
ഇക്കയുടെ ഓരോ നമ്പര്........
"ഇക്ക ബിരിയാണിയുടെ മണം പൊളിച്ചുട്ടോ.വായിൽ വെള്ളമൂറുന്നു."
എന്റെ പുകഴ്ത്തല് കേട്ട് ശടാന്ന് തന്നെ ഇക്കയുടെ മറുപടിയും വന്നു.......
"ഇന്നും കൂടിയെ ഉള്ളു .....
ബിരിയാണിയുടെ മണംവന്നാലേ നിങ്ങളൊക്കെ എന്നെ ഓർക്കുള്ളൂ.. എനിക്കറിയാം.കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല.ഞാൻ പോകുമ്പോൾ അറിയും".......
"ഇക്ക അങ്ങനെ ഒന്നും പറയരുതെ,
ഇക്ക നമ്മുടെ മുത്തല്ലേ."
വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് തിരശീല.മണലാരണ്യ ജീവിതം അവസാനിപ്പിച്ചു ഇക്ക നാട്ടിലേയ്ക്ക് തിരിക്കുകയാണ്........
വയനാട് കാരനായ ഒരു സാധുമനുഷ്യൻ.
ഭാര്യയും രണ്ടു മക്കളും.
സുൽഭീക്കറും,സോഫിയയും..
രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു.
സോഫിയയുടെ നിക്കാഹ്
രണ്ടു വർഷം മുന്നെയാണ് കഴിഞ്ഞത്. ഒരുകുട്ടിയുമുണ്ട്.അവരുടെ ബർത്ഡേ തീയതി പോലും നമുക്ക് കൃത്യമായിട്ടും അറിയാം.ആ ദിവസങ്ങളിൽ എല്ലാം
റൂമിൽ ബിരിയാണി ചെമ്പ്
പൊട്ടുന്നതല്ലേ.......
നമ്മൾ നാല് ചെറുപ്പക്കാരോടൊപ്പം
നമ്മുടെ സ്വന്തം ഇക്കയും.പൊന്നു പോലെ നോക്കി.നമ്മൾ ഇക്കയെ അല്ല.ഇക്ക നമ്മളെയാണ് എന്നുവേണം പറയുവാൻ.
ഇക്കയെ ഓർത്താൽ തീർച്ചയായും ധം ബിരിയാണി ഓർത്തു പോകും.ഇക്കയുടെ ധം ബിരിയാണി കമ്പനിയിൽ തന്നെ ഫേമസ്സാണ്.
ആ രുചിയും സ്നേഹവും ഇന്നത്തെ
ദിവസം കൊണ്ട് കഴിഞ്ഞു.
നാളെ രാവിലെത്തെ ഫ്ലൈറ്റിന് ഇക്ക
നാട്ടിലേയ്ക്ക് തിരിക്കുകയാണ്.......
പുറപ്പെടുവാനായി ഇക്ക പുറത്തേയ്ക്കിറങ്ങി. ഗിഫ്റ്റ് ഇക്കക്ക് കൈമാറി.....
"ഇതൊന്നും വേണ്ടായിരുന്നു മക്കളെ."..ഇക്കയുടെ കണ്ണുകൾ നിറഞ്ഞു....
"ഇക്ക ദാ സെന്റി ആകുകയാണല്ലോ."
എപ്പോഴും കളിയാക്കാൻ ഇക്കമാത്രമേയുള്ളൂ.അത് ഇക്കയും ആസ്വദിക്കുകയും ചെയ്യും.പ്രായം ഒന്നും സൗഹൃദത്തിന് വിലങ്ങു തടിയേ അല്ല.അമ്പത് കാരനും ഇരുപത്തിയഞ്ചു വയസ്സായവരോട് ചേർന്നാൽ അവർ ചെറുപ്പമാകും.....
"ഒന്നു പോടാ കളിയാക്കാതെ.".....
"എന്തെങ്കിലും അറിഞ്ഞോ അറിയാതെയോ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ഇക്ക നമ്മളോട് ക്ഷമിക്കണം."...സ്മിത്തിന്റെ സെന്റി ഡയലോഗ് ഇക്കയെ കരയിപ്പിക്കാനുള്ള പരിപാടിയാ.....
"എന്നെ നിങ്ങൾ കരയിപ്പിച്ചിട്ടേ വിടുള്ളൂ അല്ലെ.ദുഷ്ടൻ മാരെ."എല്ലാവരും ചേർന്നു ഇക്കയെ മുറുകെ കെട്ടിപ്പിടിച്ചു .കുറച്ചു നേരം അങ്ങനെ ചേർന്നു നിന്നു.....
തല തെറിച്ച നമ്മുടെ ജീവിതത്തിൽ വഴികാട്ടിയായിരുന്നു ഇക്ക.ആർക്കും എന്ത് സഹായത്തിനും ആരുടെയും കൂടെ നില്‌ക്കും.
ഇന്ത്യക്കാരനാണോ ബംഗാളി എന്നോ നോക്കാതെ .ഭൂമിയിൽ ചില മനുഷ്യർ
മാത്രമേ ഇക്കയെപോലെയുള്ളൂ.
ഇക്കയിൽ നിന്നും നമ്മുടെ ജീവിതത്തിലേയ്ക്ക് ഒരുപാട്
കാര്യങ്ങൾപകർത്താൻ കഴിഞ്ഞിട്ടുണ്ട്.......
ഇക്കയെ ഒന്ന് ദേഷ്യപ്പെടുത്തുവാൻ
എന്തല്ലാം വേലത്തരങ്ങൾ നമ്മൾ കാട്ടി
കൂട്ടി.ആ ചുണ്ടിൽ നിന്നും പുഞ്ചിരിമായാതെ
നില്ക്കും. എന്നും ആ പുഞ്ചിരി നിലനില്‌ക്കട്ടെ.......
മരിച്ചുപോയ എന്റെ അച്ഛന്റെ സ്ഥാനമായിരുന്നു.കുടുംബത്തിലെ ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ട
വന്ന സാഹചര്യങ്ങളിലും ഇക്കയുടെ അഭിപ്രായമാണ് ഞാൻ കേട്ടിരുന്നതും പ്രവർത്തിച്ചതും.എന്നോട് അല്പം
വാത്സല്യം കൂടുതൽ ഉണ്ടായിരിന്നു എന്നു വേണം പറയുവാൻ.ആ ഇക്ക ഇന്ന് പടിയിറങ്ങുകയാണ്.എല്ലാവരുടെയും കണ്ണുകളിലും ഇക്കയോടുള്ള സ്നേഹത്തിന്റെ ആഴങ്ങൾ അറിയാം....
കാലങ്ങൾ കടന്നുപോയി.റൂമിൽ ധം ബിരിയാണിയുടെ മണമില്ല.ആദ്യ കുറച്ചു നാളുകളിൽ ഇക്കയുമായി കോൺടാക്ട് ഉണ്ടായിരിന്നു.അവസാനമായി ഇക്കപറഞ്ഞത് ഓർക്കുന്നു ഞാൻ കുറച്ചുനാൾ യാത്രയിലാകും.
അതിന് ശേഷം ഇക്കയുടെ ഫോൺ ഓഫായിരുന്നു......
ഇക്കയെമറന്നുതുടങ്ങിയിരുന്നു.
പ്രവാസചൂടിലെ പ്രാരാബ്ധങ്ങള്‍
പലരെയും പലതും മറക്കുവാൻ പ്രേരിപ്പിക്കും എന്നതാണ് സത്യം.
ഓർക്കുവാനുള്ള സാഹചര്യം വരുമ്പോൾ തീർച്ചയായും ഓർക്കും......
നാട്ടിൽ പോകുവാൻ ലീവ് ആയി.
വിവാഹമുണ്ടാകും.ഇക്കയെ കോൺടാക്റ്റ് ചെയ്യുവാൻ‌ ശ്രമിച്ചിട്ട് ഒരുരക്ഷയുമില്ല,
നമ്പർ ഓഫാണ്,നാട്ടിലെത്തി ഇക്കയെ കാണാൻ തന്നെ തീരുമാനിച്ചു.........
ഇക്കയുടെ അഡ്രസ് ഡയറിയിൽ നിന്നും തപ്പിയെടുത്തു.തിരുവനന്തപുരത്തു നിന്നും വയനാടുവരെ ഒരു യാത്ര.
വയനാട്ടിലേയ്ക്കുള്ള യാത്ര പണ്ടേ ആഗ്രഹിച്ചിരുന്നതാണ്‌.കൂടെ സുഹൃത്തുക്കളും.ബാച്ചിലർ പാർട്ടിയായി ഒരു വിനോദയാത്ര.അതാണ് പ്ലാൻ.......
വയനാട് ചെന്ന് ഇക്കയെയുംകൂട്ടി നാട് ചുറ്റണം.പിന്നെ നമ്മുടെ ഇക്കയുടെ ധം ബിരിയാണിയും.കൂട്ടുകാരുടെ ഇടയിലും ഇക്കയുടെ ബിരിയാണി ഫേമസായി .എന്റെ നാവല്ലേ.അങ്ങനെ ആട്ടവും പാട്ടുമായി ഞങ്ങൾ യാത്ര തിരിച്ചു.പ്രകൃതിയുടെ വശ്യ മനോഹാരിതയാർന്ന നാട്ടിലേയ്ക്ക്........
ഇക്ക തന്ന അഡ്രസ്സിൽ അന്വേഷിച്ചു.
അതു തന്നെയായിരുന്നു വീട്.പക്ഷെ ഇക്ക അവിടെയുണ്ടായിരുന്നില്ല.വാടകക്ക് കൊടുത്തിരിക്കുകയാണ് .
അവിടെ നിന്നും അഡ്രസ്സ് കിട്ടി.
വയനാടിന്റെ മറുസൈഡിലേയ്‌ക്കായി
പിന്നത്തെ യാത്ര.........
തട്ടു തട്ടായി കിടക്കുന്ന മലനിരകൾ.എങ്ങും പച്ചപ്പ്.‌പാതകൾ ശാന്തം.ഇടയ്ക്കു മാത്രം എതിർ ദിശയിൽ നിന്നും വരുന്ന വാഹനം മുന്നിലേയ്ക്ക് ചെല്ലുന്തോറും പല കാഴ്ചകൾ.ആ യാത്ര മലയുടെ
മുകളിൽ അവസാനിക്കുകയാണ് .....
ലിപികളിൽ തണൽ വീട് എന്ന്
എഴുതിയ കവാടത്തിനകത്തൂടെ
വാഹനം കയറി ചെന്നു.വീടിന് മുന്നിൽ മനോഹരമായ പൂന്തോട്ടം കാണാം.
നട്ടും നനച്ചും കുറച്ചു വൃദ്ധർ.
അതിനിടയിൽ മുഖത്തു പുഞ്ചിരി
തൂകിയ ആ മുഖം ഞാൻ കണ്ടു..
നമ്മുടെ ഇക്കയെ......
കുടുംബം ഉപേക്ഷിച്ച അനാഥരുടെ
കൂട്ടത്തിൽ എന്റെ ഇക്കയും.
കണ്ണുകൾക്ക് വിശ്വസിക്കാൻ
കഴിയുന്നില്ല.കുടുംബത്തെ അത്രത്തോളം നെഞ്ചോട് ചേർത്തുവെച്ചിരുന്നു.
കുടുംബത്തെ സ്നേഹിക്കുന്ന എല്ലാ പ്രവാസിയുടെയും അവസ്ഥ ഇക്കയെപോലെ തന്നെയാകും അവസാനിക്കുക.കണ്ണിലെ നനവ് തുടച്ചു വാഹനത്തിന് പുറത്തേക്കിറങ്ങി...........
എന്നെ ഇക്കയിവിടെ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല..........
വർഷങ്ങൾക്കു ശേഷം അപ്രതീക്ഷമായ
കൂടിച്ചേരൽ...എല്ലാ വൃദ്ധരുടെയും കണ്ണുകളിൽ വാഹനത്തിനുള്ളിൽ ആരെന്നറിയാനുള്ള ആകാംക്ഷ
നിറഞ്ഞു നിന്നു...മക്കളെയോ കൊച്ചു മക്കളായോ പ്രതീക്ഷിച്ചിരിക്കുകയാകും
ആ മുഖങ്ങൾ.........
പക്ഷെ ഇക്ക മാത്രം നോക്കിയിരുന്നില്ല...
ആരെയും പ്രതീക്ഷിക്കുന്നുണ്ടാകില്ല....
"ഇക്കാ......" എന്റെ ശബ്ദം ഇക്ക ഒരിക്കലും ഇവിടെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
മണ്ണ് ചവിട്ടി മെതിച്ചു വെപ്രാളപ്പെട്ടു എന്റെ
മുന്നിലേക്ക് തെറിച്ചു വരുന്ന ഇക്ക.ഒരുകാല് നിലത്തു ഉറക്കുന്നുണ്ടായിരുന്നില്ല.മുറുകെ കെട്ടിപിടിച്ചു.ആ മുഖത്തെ പുഞ്ചിരിമാഞ്ഞു.
വികാരഭരിതമായ നിമിഷങ്ങൾ........
എന്റെ ചിന്ത തെറ്റായിരുന്നു.
ഇക്കയുടെ തൊണ്ടയിടറി കടന്നുപോയ ദിനങ്ങൾ പറയുമ്പോൾ.രണ്ടു വർഷം മുന്നെ
നടന്ന ആക്സിഡന്റ്.കുടുംബത്തെ മുഴുവൻ കൊണ്ടുപോയി.ഇക്കയെ മാത്രം ദൈവം വിളിച്ചില്ല.ആക്‌സിഡന്റിൽ ഇക്കയുടെ ഒരുകാല് നഷ്ടമായി.എന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുന്ന ഇക്ക.എങ്ങനെ സമാധാനപ്പിക്കും അറിയില്ല.കരയട്ടെ ആ നെഞ്ചിലെ വേദന അല്പമെങ്കിലും കുറയട്ടെ..........
ഞാൻ ഒരിക്കലിവിടെ വരുമെന്ന് ഇക്ക പ്രതീക്ഷിച്ചിരുന്നു.അവിടെ എല്ലാവർക്കും എന്നെ പരിചയപ്പെടുത്തുകയാ.
"എന്റെ മോനാണ്‌"എന്റ്റെ കണ്ണുകൾ നിറയുന്നുണ്ട്...
"കൊതിയനാ, എന്നെകാണാൻ വന്നതല്ല.
എന്റെ ബിരിയാണി കഴിക്കാൻ വന്നതാ."ഉള്ളിലെ ഭാരം എല്ലാം ഇറക്കിവെച്ചു ഇക്ക എന്റെ മുന്നിൽ ചിരിക്കുവാൻ ശ്രമിക്കുകയാണ്.
ചില ജീവിതങ്ങളെ വിധി അമ്മാനമാടിക്കൊണ്ടിരിക്കും,
ഇവിടെയുള്ള ഓരോജീവിതങ്ങൾക്കും ഒരുപാട് സങ്കട കഥകളുണ്ട് പറയുവാൻ..
എന്റെ സാന്നിദ്ധ്യം ഇക്കക്ക് ഒരുപാട് സമാധാനം നൽകുന്നുണ്ട്‌.ഇവിടെയുള്ള ഓരോ മുഖങ്ങളിലും സന്തോഷം നിറഞ്ഞു നില്ക്കുന്നത് കാണാം.ദുഃഖങ്ങൾ എല്ലാം മാറ്റിവച്ചു.ആട്ടവും പാട്ടുമായി
എല്ലാവരും ഇക്കയുടെ ധം ബിരിയാണി പാചകത്തിലേക്കു ചേർന്നു......
എന്റെ കൈകൊണ്ട് എല്ലാവർക്കും ബിരിയാണി വിളമ്പി.ഇക്കയുടെ അരികിലായി ഞാനും.ആ ബിരിയാണി ചോറിൽ പഴയ രുചിയില്ല.കണ്ണുനീരിന്റെ ഉപ്പുരസം മാത്രം.എനിക്ക് ഇപ്പോൾ മനസ്സിലാകുന്നു ഇക്ക ബിരിയാണി ചെമ്പിലിടുന്ന സൂത്രം എന്താണെന്ന്.
സന്തോഷവും സമാധാനവും സ്നേഹവുമായിരിന്നു.മനസ്സ്
നഷ്ടമായിരിക്കുന്നു.ഒരു കൈകൊണ്ട് ഇക്കയുടെ കൈയിൽ അമർത്തിപ്പിടിച്ചു.
മുന്നിലോട്ടുള്ള ജീവിത പ്രതീക്ഷ അതിലുണ്ടായിരുന്നു........
വാഹനം ചുരമിറങ്ങുമ്പോൾ നനവൂറും കണ്ണുകൾ നമ്മളെ തന്നെ നോക്കി നില്പ്പുണ്ടായിരുന്നു.
അവരെയും ആരെങ്കിലും
കൂട്ടികൊണ്ടുപോകുവാൻ വരുമെന്ന പ്രതീക്ഷയിൽ.ഞാനും സുഹൃത്തുക്കളും രണ്ടുകൈകളിലായി ഇക്കയെ മുറുകെപ്പിടിച്ചു.........
നമ്മുടെ റൂമിൽ ഇന്ന് ധം
ബിരിയാണിയുടെ മണമുണ്ട്....
ഇക്ക പഴയ കമ്പനിയിൽ തന്നെ
ഓഫീസിൽ ജോലിക്കു കയറി.......
നിങ്ങൾ കണ്ടോ കുട്ടികളെപ്പോലെ
ചുണ്ടിൽ പുഞ്ചിരിയും വിതറി എന്നെ
തല്ലാൻ ഓട്ടിക്കുന്നത്‌.....
"ഇക്കയെ ഇനിയൊരു കല്ല്യാണം
കഴിപ്പിക്കണം". എന്നു പറഞ്ഞതിതിന്റെ
കട്ട കലിപ്പിലാണ് എന്നെ ഓട്ടിക്കുന്നത്....
അപ്പോൾ പിന്നെ നമ്മൾ അങ്ങോട്ടേയ്ക്ക് ..... 😊
.....നന്ദി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo