Slider

അവൾ ഒരു പോക്ക് കേസാടാ

0
Image may contain: 1 person, closeup
അവൾ ഒരു പോക്ക് കേസാടാ നിനക്ക് വേറെ പണിയൊന്നുമില്ല .
"ഹേയ് എനിക്ക് തോന്നണില്ല അവൾ നല്ല കുട്ടിയല്ലേ"
നല്ല കുട്ടി നീ നോക്ക് ഏതുസമയം നോക്കിയാലും ആണുങ്ങളുടെ കൂടെയാ നടപ്പും ചിരിയും നിനക്ക് വട്ടുണ്ടോ അവള് പോക്കാടാ.
പിന്നിയിട്ട മുടികളിൽ റോസാപുഷ്പത്തിന്റെ ഇതളുകൾ തിരുകി വിടർന്ന കണ്ണുകളിൽ മനോഹരമായി കണ്മഷി എഴുതി എപ്പോഴും കലപില സംസാരിച്ച് കൊണ്ടിരിക്കുന്ന ഒരു പാവാടക്കാരി എന്റെ അമ്മൂട്ടി, ക്ലാസ്സിൽ എല്ലാവരുമായും അവൾ നല്ല ചങ്ങാത്തത്തിലാ എല്ലായിടത്തും അവളുണ്ടാകും ഒരു വായാടി. പത്താം തരത്തിലെ ഡിവിഷൻ ചെയ്ഞ്ചുവന്നപ്പോഴാ അവളെ ശരിക്കും കാണുന്നത് തന്നെ, ഇപ്പോ എന്തോ അവളോട് വല്ലാത്ത ഇഷ്ടം പക്ഷേ ജെറിൻ അങ്ങനെ പറഞ്ഞപ്പോ മനസ്സിൽ എന്തോ ഒരു.....
ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി, ശരിയാ എപ്പോഴും ആണുങ്ങളുമായാണ് കൂട്ട്, പെണ്ണുങ്ങളുമായി ഒരു കമ്പനിയുമില്ല.. പക്ഷേ എന്നും ടാറ്റ സുമോയിൽ വന്നിറങ്ങുന്ന ജിൻസിയെ പോലെ മറ്റുള്ളവരോട് പൊങ്ങച്ചം പറഞ്ഞവൾ നടക്കുന്നത് ഞാൻ കണ്ടിട്ടില്ല എന്നിട്ടും എല്ലാരും പറഞ്ഞു അവൾ പോക്കാണ്, ഷാളെടുത്ത് കഴുത്തിൽ ചുറ്റി ആൺപിള്ളാരുടെ മുന്നിലൂടെ ഞെളിഞ്ഞു നടക്കുന്ന ഗീതുവിനെപ്പോലെയും അവൾ നടന്നിട്ടില്ല എന്നിട്ടും എല്ലാരും പറഞ്ഞു അവൾ പോക്കാണ്, പിന്നിലെ കാലൊടിഞ്ഞ ഡെസ്കിൽ പ്രണയവും കൂടെ മറ്റ് പലതും പങ്ക് വെക്കുന്ന ആശ മോളെയും കാർത്തിക്കിനെയും പോലെയും അവൾ നടന്നിട്ടില്ല എന്നിട്ടും എല്ലാരും പറഞ്ഞു അവൾ പോക്കാണ്...
തനിക്ക് കിട്ടിയ മിട്ടായികൾ മറ്റുളവർക്കായി പങ്കു വെച്ച് കഴിക്കുന്നവൾ, അവരുടെ കൈയ്യിൽ നിന്ന് തട്ടിപ്പറിച്ച് ഓടി അവരെ വട്ടം ചുറ്റിക്കുന്നവൾ ടീച്ചർമാരോട് നല്ലത് പോലെ പെരുമാറുന്നവൾ ഒരുപാട് ആൺസുഹൃത്തുക്കൾ ഉണ്ടായിട്ടും വഴിവിട്ട് പെരുമാറാത്തവൾ, ആരോടും പ്രണയം ഉള്ളതായും പറഞ്ഞുകേട്ടിട്ടില്ല എന്നിട്ടും എല്ലാവരും പറഞ്ഞു അവൾ പോക്ക് കേസാ
"നല്ല പെൺകുട്ടികൾ ഇങ്ങനെയല്ല അടങ്ങിയൊതുങ്ങി ഇരിക്കും ഇവള് ചുമ്മാ ആണുങ്ങടെ വാലേൽ തൂങ്ങി കലപില കലപില നിനക്ക് വേറെ പണിയില്ലേ " വീണ്ടും അവന്റെ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു...
ഉച്ചയ്ക്ക് "കരടിശരത്തിന്റെ" യൂണിഫോമിൽ കുത്തിപ്പിടിച്ച് നിക്കുന്ന അമ്മൂനെ കണ്ടാണ് ഞാൻ ചെന്നത് ശരത്ത് അവളുടെ കൈയ്യിൽ ഇറുകെ പിടിച്ചിരിക്കുന്നു.
"ടാ അവളെ വിടടാ " ഞാൻ കൈകൊണ്ട് അവനെ തള്ളി ബഞ്ചിന് താഴേക്ക് ഇട്ടു. അവൾ ഇറങ്ങി പുറത്തേക്കോടി..
അമ്മൂ അമ്മൂ നിക്ക്
8 B യിലേക്ക് തണൽവിടർത്തുന്ന ബദാമിന്റെ ചോട്ടിൽ അവളിരുന്നു. എന്ത് പറ്റി ? എന്താ ഉണ്ടായേ
അവൾ ഒന്നും മിണ്ടാതെ മുഖം കറുപ്പിച്ചിരുന്നു.
"ദേ കൈയ്യിൽ നിന്ന് ചോരപൊടിയുന്നല്ലോ വളപ്പൊട്ട് കൊണ്ടതാ" കൈയ്യിലിരുന്ന തൂവാല കൊണ്ട് അവളുടെ കൈയ്യിലെ ചോരത്തുള്ളികൾ തുടച്ച് മാറ്റിയപ്പോൾ അവളുടെ കണ്ണിൽ നിന്ന് ആദ്യമായി കണ്ണീര് പൊടിയുന്നത് ഞാൻ കണ്ടു.
നീയാരാ എന്നോട് മിണ്ടാൻ ??
ഒരാളും വേണ്ട കൂട്ടിന്
അമ്മൂ വേണ്ട എന്നോട് കൂട്ട് കൂടണ്ട കാര്യം എന്താന്ന് പറ
"അവൻ എന്നോട് വേണ്ടാത്തത് പറഞ്ഞു, ഞാനവന്റെ ഷർട്ട് വലിച്ച് കീറി"
ഇയാക്കറിയ്യോ ഞാൻ അവനോട് എത്ര കൂട്ടാരുന്നൂന്ന് എന്നിട്ടാ എന്നോടിങ്ങനെ
ഹ കരയാതെ ഇയാളെന്തിനാ ആങ്കുട്യോൾടെ കൂടെ എപ്പഴും ഇങ്ങനെ കൂട്ടുകൂടണെ അതോണ്ടല്ലേ ഇങ്ങനെയൊക്കെ പറയണേ
"ഞാനിനി ആരോടും മിണ്ടണില്യ യാള് പോയെ "
അതല്ലെടോ ഞാൻ പറഞ്ഞ് വന്നത്.....
മനസിലായി തനിക്കറിയ്യോ ആരോടും മിണ്ടാതെ ആരോടും കൂട്ടുകൂടാതെ നടന്ന ഒരു അമ്മു ഉണ്ടായിരുന്നു..
യാൾക്ക് ചേട്ടനുണ്ടോ ??
ഇല്ല അമ്മ്വേ ന്താ ?
മ്മ് നിക്കുണ്ടാരുന്നു പാടത്തും തൊടിയിലും എന്നോടൊപ്പം ഓടിക്കളിച്ചിരുന്ന ചേട്ടൻ എന്റെ തല്ലുകൊള്ളിത്തരത്തിന് കൂട്ടുനിക്കുന്ന ചേട്ടൻ പനി പിടിച്ചിരിക്കിമ്പോ എനിക്ക് കൂട്ടിരിക്കാറുള്ള ചേട്ടൻ, ചേട്ടന്റെ കൈ പിടിച്ചേ ഞാൻ സ്കൂളിൽ പോകുള്ളായിരുന്നു, വർഷങ്ങൾക്ക് മുൻപുണ്ടായ ഒരപകടത്തിൽ അമ്മൂനെ ഒറ്റയ്ക്കാക്കിട്ട് ചേട്ടൻ പോയി, ഒരു പത്ത് വയസ്സ്കാരിക്ക് താങ്ങാൻ പറ്റുന്നതല്ലായിരുന്നു അത്. ആരോടും മിണ്ടാതെ ഒന്നിനോടും പ്രതികരിക്കാതെ എപ്പോഴും മൂകയായ പെൺകുട്ടി ആയിരുന്നു അമ്മു. പിന്നെ ട്രീറ്റ്മെന്റും എല്ലാരുടേം പ്രാർത്ഥനയും കൊണ്ടാ ഇന്നീ കാണുന്ന വായാടി അമ്മു ആയത്..
സ്കൂളിൽ വന്നേപ്പിന്നെ എനിക്ക് ആങ്കുട്യോൾടെ കൂടെയായിരുന്നു കൂട്ട്, എന്റെ ചേട്ടൻ ഇല്ലാത്തതിന്റെ വിഷമം അവരോടാ ഞാൻ പങ്ക് വെച്ചത് ഞാൻ ശരിക്കും ഒരുപാട് മാറി, ജീവിതത്തിലേക്ക് തിരിച്ച് വന്നു, ആങ്കുട്യോൾടെ കൂടെ കൂട്ട്കൂടുമ്പോഴും ഞാനൊരിക്കലും വേണ്ടാത്ത കാര്യത്തിന് പോയിട്ടില്ല ന്നിട്ടും ല്ലാരും ന്നേ കളിയാക്കി നിക്ക് വിഷമം ഒന്നൂല്യ
അത് പറയുമ്പോൾ അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു.. പിന്നീടവൾ ആരോടും വലുതായി കൂട്ടുകൂടാതെയായി എന്നേ കാണുമ്പോൾ ഒരു ചിരി അത്രമാത്രം...
ഒരിക്കൽ പ്രൊജക്റ്റ് എഴുതാൻ പറ്റാതെ സ്റ്റാഫ്‌റൂമിൽ പോയി ടീച്ചറുടെ മുന്നിൽ നിന്നപ്പോൾ
"നീ എഴുതിയിട്ടുണ്ടല്ലോ ദേ..
അമ്മു എഴുതിയിട്ടില്ലല്ലൊ അവളെ ഞാൻ തിരക്കുന്നു എന്ന് പറ, അന്ന് ടീച്ചറുടെ കൈയ്യിൽ നിന്ന് തല്ല് വാങ്ങി അവൾ ക്ലാസിലേക്ക് വന്നു
നീയെന്തിനാ അമ്മുവേ എന്റെ പേരെഴുതി പ്രൊജക്റ്റ് വെച്ചേ
യാള് എഴുതീല എന്നനിക്കറിയാരുന്നു, താനൊരു പാവാ വെറുതെ തല്ല് കൊള്ളിക്കണ്ട എന്ന് കരുതി ഞാൻ വേറെ എഴുതിക്കോളാം..
അവിടെ നിന്ന് ഞങ്ങൾ അടുക്കുകയായിരുന്നു എന്നിട്ടും അവൾ പലപ്പോഴും എന്നേ അകറ്റി വെറുതെ എന്നോട് മിണ്ടി താനൂടെ കളിയാക്കൽ കേക്കണ്ട.. ഒരു ദിവസം ഞാനെന്റെ ഇഷ്ടം അവളോട് തുറന്ന് പറഞ്ഞു ഒരു ചിരിയായിരുന്നു മറുപടി...
എടൊ ബുദൂസ്സേ നിക്ക് പ്രണയിച്ച് നടക്കാനൊന്നും വയ്യ, നല്ല പോലെ പഠിക്കണം ജോലി ജീവിത ലക്ഷ്യം അതൊക്കെ വാതോരാതെ പറയുമ്പോൾ ഒരു പതിനഞ്ചുവയസുകാരിയെക്കാൾ പക്വത ഉണ്ടായിരുന്നു ആ വാക്കുകൾക്ക്. ഇവളെയാണോ എല്ലാരും പറഞ്ഞത് പോക്കാണെന്ന്..
അങ്ങനെയല്ല അമ്മുവേ എനിക്കും ഒരു പത്താം ക്ലാസ്സുകാരന് ചെയ്യാനും ചിന്തിക്കാനും പറ്റുന്നതല്ല ഇവയൊന്നും എനിക്കും പഠിക്കണം നീ പറയുന്ന പോലെ ലക്ഷ്യങ്ങളിലേക്ക് എത്തണം...
8 B യുടെ തണലിലേക്ക് പഴുത്ത് വീണ ബദാങ്കകളുടെ മണം ഞങ്ങളുടെ ലക്ഷ്യങ്ങൾക്ക് മിഴിവേകികൊണ്ടേയിരുന്നു ലോകത്തെ കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടുകൾ കണ്ട് ശരിക്കും ഞാൻ അന്തിച്ച് നിന്നിട്ടുണ്ട്. ജീവിതത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചും അടുക്കും ചിട്ടയായ ജീവിതത്തെ കുറിച്ചും ഞാനവളിൽ നിന്ന് പഠിക്കുകയായിരുന്നു.
കാവിലെ ഉത്സവത്തിന്റെ കൊടിയേറ്റ് ദിവസം അവൾ വന്നു നെറ്റിയിൽ ചന്ദന കുറി ചാർത്തി നീലപ്പാട്ടുപാവാട ഇട്ടു കരിനീല കണ്ണുകളിൽ നീട്ടി എഴുതിയ അഞ്ജനവുമായി മുത്തശിയുടെ കൈ പിടിച്ചവൾ...
അതേ അമ്മുവേ
ന്താ എന്ന മട്ടിൽ മുത്തശ്ശി കാണാതെ അവൾ കൈവിടർത്തി
നിറഞ്ഞു നിന്ന ബലൂണുകൾക്കിടയിൽ നിന്ന് കൈയ്യാട്ടി ഞാൻ വിളിച്ചു, വന്നേ ഒരൂട്ടം പറയട്ടെ
"വേണ്ട മുത്തശ്ശി " അവൾ നിഷേധഭാവത്തിൽ കണ്ണുകൾ ചെറുതാക്കി മുഖം കൊണ്ട് മറുപടി പറഞ്ഞു തിരിഞ്ഞു നിന്നു..
ആരോടോ കാര്യം പറഞ്ഞ് നിന്ന മുത്തശിയുടെ കൂടെ നിന്ന അവളുടെ കണ്ണുകൾ വീണ്ടും ആൾക്കാരുടെ ഇടയിൽ എന്നേ തിരഞ്ഞുകൊണ്ടേയിരുന്നു. പെട്ടന്ന് എന്നേ മുന്നിൽ കണ്ട അവൾ ഞെട്ടിത്തിരിഞ്ഞു നിന്നു, അരികിലൂടെ നടന്ന് പോയി അവളുടെ കൈയിലേക്ക് ഒരു ചെറിയപൊതി കൊടുത്തിട്ട് ഞാൻ പഴയബലൂൺ ചുവട്ടിലേക്ക് മാറി നിന്നു.
കുട്ടിശ്ശങ്കരൻ ആർത്തൊന്ന് ചിന്നം വിളിച്ചു, ശംഖുനാദം മുഴങ്ങി പതിഞ്ഞ ശബ്ദത്തിൽ ഇലത്താളവും ചെണ്ടയും കൊട്ടിക്കേറി കിഴക്കേനട കൽവിളക്കുകൾ കൊണ്ട് ദീപമയമായി കർപ്പൂരമണം എങ്ങും നിറഞ്ഞു നിന്നു...
കുത്തരി നിരത്തിയ തട്ടത്തിൽ തുളസിയും അരളിപ്പൂക്കളും കമുകിൻ പൂക്കുലയും നടുവിൽ തെളിയിച്ച മൺചിരാതിൽ നിറഞ്ഞു കത്തുന്ന തിരിനാളവുമായി അവൾ അമ്മു... ഞാൻ കൈയിൽ വെച്ച് കൊടുത്ത ചുവന്ന കുപ്പിവളകൾ തിരിനാളത്തിന്റെ ശോഭയിൽ തിളങ്ങി നിൽക്കുന്നത് ദൂരെ മാറി നിന്ന് മതിയാവോളം കണ്ടു .
അകക്കണ്ണിൽ നാണവുമായി പുഞ്ചിരിയൊളിപ്പിച്ച മുഖത്തോടെ അവൾ ഒന്നാം വലം വെച്ചു..
ചിതറി വീണ തിളച്ച എണ്ണത്തുള്ളികളിലൂടെ ഒട്ടും പരിഭ്രമിക്കാതെ അവൾ രണ്ടാം വലം വെച്ചു
ലക്ഷ്യങ്ങളെ സാധൂകരിച്ച് ഉറച്ച കാൽവെപ്പിലൂടെയവൾ മൂന്നാംവലവും പൂർത്തിയാക്കി
ശംഖുനാദം മുഴങ്ങി ഇലത്താളം അവസാന വട്ടത്തിലേക്ക് കൊട്ടിക്കേറി,കണ്ണുകൾ പരസ്പരമുടക്കി ഇനി "ദീപാരാധന" കെട്ടു പോകാത്ത മൺചിരാതിൽ അപ്പോഴും അവളുടെ മുഖം തെളിഞ്ഞുകൊണ്ടേയിരുന്നു...
വർഷങ്ങൾ ഒരുപാട് പോയി നെല്ല് മൂടിയിരുന്ന ഏലയിൽ മണ്ണിട്ട് മൂടി കെട്ടിടങ്ങൾ വന്നു ഇടവഴി മാറി വലിയ റോഡുകളായി രാമേട്ടന്റെ പഴയപീടിക നിന്നിടത്ത് മൊബൈൽ ഷോപ്പായി, മീനത്തിലെ കാർത്തിക ഇന്നാണ് പാലോട്ട് കാവിലെ കൊടിയേറ്റ്
പോകണം തിരക്ക് പിടിച്ച നഗരജീവിതത്തിൽ നിന്ന് മാറി പഴയ നാട്ട് മണ്ണിലേക്ക് മടങ്ങി പോകണം.ഇലത്താളം മുറുകുമ്പോൾ അവളെ ഇടംകണ്ണിട്ട് വീണ്ടും നോക്കണം.. ഞൊറിയുടുത്ത സാരിയുടുത്ത് നെറ്റിയിൽ ചന്ദനവുമായി നീണ്ടമിഴികളിൽ അഞ്ജനം ചാർത്തി മുത്തശിയുടെ കൈ പിടിച്ച് നടന്നു വരുന്ന അവളെ കാണണം. നിറഞ്ഞു കത്തുന്ന ദീപ പ്രഭയിൽ അവളുടെ സീമന്ത രേഖയിൽ ചാർത്തിയിരിക്കുന്ന കുംങ്കുമ വർണ്ണം മാറി നിന്നെനിക്ക് കാണണം...
മോനെയും തോളിലെടുത്ത് ബലൂണുകൾക്കിടയിലൂടെ അവളെ ചൂണ്ടി കാണിച്ച് പറയണം നോക്ക് മോനേ അമ്മ എത്ര സുന്ദരിയാ അല്ലേ അത് കേട്ടിട്ടെന്നവണ്ണം ചുവന്ന കുപ്പിവളകൾ കിലുക്കി അവൾ കണ്ണുകൾ ഇറുക്കി അടയ്ക്കണം. ആരാ പറഞ്ഞത് അവൾ പോക്കാണെന്ന്, ഇവളാണ് യഥാർത്ഥ പെണ്ണ് ജീവിത ലക്ഷ്യങ്ങൾ പക്വതയോടെ നേടിയെടുത്ത് ഇന്ന് അധ്യാപികയുടെ വേഷം അലങ്കരിക്കുന്നവൾ എന്നേ ജീവിക്കാൻ പഠിപ്പിച്ചവൾ എന്നെയും മോനെയും പൊന്നുപോലെ നോക്കുന്നവൾ അമ്മയുടെയും മുത്തശിയുടേം മുന്നിൽ ചിണുങ്ങി നിക്കുന്ന പഴയ പാവാടക്കാരിയായ അമ്മുക്കുട്ടി അതേ ഇവളാണ് ഇവളാണ് പെണ്ണ്...
(NB:- ഇത് മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായി ഇപ്പോഴും ബന്ധമുണ്ട്, ഓരോ ക്‌ളാസ്സുകളിലും ഇപ്പോഴും തുടരുന്ന സമ്പ്രദായം. ആൺകുട്ടികളോട് കൂട്ട്കൂടി എന്നതിന്റെ പേരിൽ പോക്കാണ് എന്ന് പറഞ്ഞ് അടച്ചാക്ഷേപിച്ച് മാറ്റി നിർത്തപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി സമർപ്പിക്കുന്നു... )
By :- Vimal Vava
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo