അന്നകുട്ടിയുടെ പ്രഘോഷണം !!!
വലിയ പെരുന്നാളിനോട് അനുബന്ധിച്ചു ഇടവകയിൽ മൂന്ന് ദിവസത്തെ വചന പ്രഘോഷണം നടക്കുന്നു എന്ന് കേട്ടപ്പോൾ അന്നകുട്ടിക്കു അതിയായ സന്തോഷം .
ഇടവകയിൽ നാലാമത്തെ ആണ്ടിലെ പ്രഘോഷണം ആണ് . കഴിഞ്ഞാണ്ടിൽ ഇളയ മകളുടെ പേറും പൊറുതിയും കാരണം മുടങ്ങി .അതിനു മുന്നേ ആണ്ടില് അന്നകുട്ടിയുടെ പൊന്നും കുടംപോലുള്ള അതിയാനെ കർത്താവു വിളിച്ചു . അതിനു മുന്നേ ആണ്ടില് ദുബായിലുള്ള മൂത്ത മകന്റെ മൂത്തവളുടെ കെങ്കേമമായ ആദ്യ കുര്ബാന കൈകൊള്ളല് ..
ഈ ആണ്ടില് കർത്താവിന്റെ കൃപ കൊണ്ട് ഒരു തിക്കു മുട്ടലും ഇല്ല .അല്ലേൽ തന്നെ നല്ലൊരു സത്യ ക്രിസ്ത്യാനിയായ താൻ സ്വർഗത്തിൽ തന്നെ പോവും എന്നാണ് അന്നകുട്ടിയുടെ ഉറച്ച വിശ്വാസം .പത്തു കല്പനകൾ പാലിച്ചു കൊണ്ടാണ് ഓര്മയുള്ള കാലം മുതലേ ജീവിതം . എന്നാലും ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രഘോഷണം കേട്ടില്ലേൽ കർത്താവിന്റെ വലതു ഭാഗത്തു ഇടം കിട്ടിയില്ലെങ്കിലോ ?
വെള്ളിയാഴ്ച നാലു മണിയോടെ അലമാരയിൽ നിന്നും മുണ്ടും ചട്ടയും നേരിയതും എടുത്തു അണിഞ്ഞു . ദുബായീന്ന് മൂത്തവൻ കൊടുത്ത സെന്റും പൗഡറും പൂശി ,പള്ളിയിൽ പോവുമ്പോൾ മാത്രമണിയുന്ന സ്വർണ കൊന്തയും കണ്ണടയും വെച്ച് അന്നക്കുട്ടി യാത്രയായി. അതിയാന്റെ ഓര്മക്കായുള്ള കാലൻ കുടയും കൈയിലെടുത്തു . മഴ വരൂല.എന്നാലും വല്ല പട്ടിയോ പൂച്ചയോ വഴീല് വന്നാലോ ? മടക്കം ഇച്ചിരി ഇരുട്ടിയാവും .. അച്ചന്മാരല്ലേ ?നാല് ആളുകളെ കിട്ടിയാൽ പ്രഘോഷിച്ചു കൊണ്ടേ ഇരിക്കും .
അന്നക്കുട്ടി പള്ളിയിൽ ചെന്ന് മുൻ നിരയിൽ തന്നെ ഇരിപ്പുറപ്പിച്ചു . പള്ളി ഇപ്പോൾ പഴയ പോലെ ഒന്നുമല്ല- നിറയെ കസേരയും ബെഞ്ചും . കസേരയിൽ ഞെളിഞ്ഞിരിക്കുന്ന പത്തു പതിനെട്ടു വയസുള്ള പെങ്കൊച്ചുങ്ങളെ കണ്ടപ്പോൾ അന്നകുട്ടിക്കു ചൊറിഞ്ഞു വന്നു .ഇവറ്റങ്ങൾക്കു താഴെ ഇരൂന്നൂടെ ? അല്ലേൽ തന്നെ ഇറുകി പിടിച്ചിട്ട പാന്റും ബനിയനും ഇട്ടു എങ്ങിനെ താഴെ ഇരിക്കാൻ? ഈ ജാതി രണ്ടു മൂന്നെണ്ണം വീട്ടിലും ഉണ്ട് ...പറഞ്ഞ കേൾക്കാത്ത വകകൾ !! പള്ളിയിൽ പോലും മാനം മര്യാദക്ക് വരില്ല . ചുമ്മാ അല്ല ഒന്ന് പെറ്റു കഴിയുമ്പോൾ നിലത്തു ഇരിക്കാൻ മേലാതാവുന്നെ ..മേൽ അനങ്ങി എന്തേലും ചെയ്യണ്ടേ? ആ ഭാഗത്തേക്കുള്ള നോട്ടം മാറ്റി അന്നക്കുട്ടി കൊന്ത ഉരുട്ടാൻ തുടങ്ങി.
പാലായിൽ നിന്ന് വന്ന അച്ചനാണ് പ്രഘോഷിക്കുന്നത്.പത്തു കല്പന ചുരുക്കി കർത്താവു പറഞ്ഞ രണ്ടു കല്പനയിൽ പിടിച്ചാണ് അച്ചന്റെ പ്രഘോഷണം - “തന്നെ പോലെ തന്നെ അയൽക്കാരനെയും സ്നേഹിക്കണം” . അത് കേട്ടപ്പോൾ അന്നകുട്ടിക്കു എന്നാതാണ്ടും ഒക്കെ തോന്നി .
നാലേക്കർ പുരയിടത്തിനടുത്തു ഒരു മേനവൻ മാത്രമേ അന്നക്കു അയൽവാസി ആയുള്ളൂ .അയാളുടെ മകളും അന്നയുടെ ഇളയ പുന്നാര മകനും ബാംഗളൂരിൽ ഒന്നിച്ചാണ് എഞ്ചിനീയറിംഗ് പഠിച്ചത് .പഠിപ്പു കഴിഞ്ഞു രണ്ടു ജാതിയിൽ പെട്ട രണ്ടും കൂടി കെട്ടു കഴിച്ചു പൊറുതി തുടങ്ങി. അന്ന കുട്ടി ആ ഭാഗത്തേക്ക് നോക്കാതെ ആയിട്ട് വര്ഷം നാലായി .അവറ്റങ്ങളെ ആണ് “തന്നെ പോലെ തന്നെ സ്നേഹിക്കണം “എന്ന് പാലാക്കാരൻ അച്ചൻ പറയുന്നത് ..നടന്നത് തന്നെ !!
പെണ്ണും പിടക്കോഴീം ഇല്ലാത്ത അച്ചന്മാർക്കു എന്തും പറയാലോ ?ചുമ്മാ അല്ല ..ചില സഭക്കാർ അച്ചന്മാരെ പെണ്ണ് കെട്ടിക്കുന്നതു .. ആറ്റു നോറ്റുണ്ടാവുന്ന മക്കൾ തല തിരഞ്ഞു പോവുമ്പോൾ ഉണ്ടാവുന്ന വെപ്രാളം അവറ്റങ്ങളും അറിയണം.
പെണ്ണും പിടക്കോഴീം ഇല്ലാത്ത അച്ചന്മാർക്കു എന്തും പറയാലോ ?ചുമ്മാ അല്ല ..ചില സഭക്കാർ അച്ചന്മാരെ പെണ്ണ് കെട്ടിക്കുന്നതു .. ആറ്റു നോറ്റുണ്ടാവുന്ന മക്കൾ തല തിരഞ്ഞു പോവുമ്പോൾ ഉണ്ടാവുന്ന വെപ്രാളം അവറ്റങ്ങളും അറിയണം.
പിറ്റേന്ന് വൈകുന്നേരം നേരിയതിൽ കുറച്ചൂടെ സെന്റ് പൂശി അന്നക്കുട്ടി പള്ളിയിലേക്ക് യാത്രയായി .ഇന്ന് ലേശം മാറിയിരിക്കാം . ഒന്ന് കണ്ണടഞ്ഞു പോയാൽ ആ വികാരിയച്ചൻ കാണുകേം ഇല്ല. കണ്ടാൽ അടുത്ത ഞായറാഴ്ച പള്ളിയിൽ വിളിച്ചു കൂവും .”ഉറങ്ങാനാണ് കുറെ എണ്ണം പള്ളിയിലോട്ടു കെട്ടി എഴുന്നള്ളി വരുന്നെന്നു “.
രണ്ടാം ദിവസം ചങ്ങനാശേരിലെ അച്ചൻ “ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാവരുത്” എന്ന വചനം പ്രഘോഷിച്ചു .അത് തെറ്റിക്കാത്തവളാണ് അന്നക്കുട്ടി .അത് കൊണ്ട് തന്നെ ഒന്ന് മയങ്ങി . “അമ്മച്ചി പ്രഘോഷണം കഴിഞ്ഞു .വീട്ടില് പോണില്ലേ?” എന്ന് അപ്പുറത്തിരുന്ന പെങ്കൊച്ചു ചോദിച്ചപ്പോൾ അന്നക്കുട്ടി ചാടി എഴുനേറ്റു കുടയും എടുത്തു ഇറങ്ങി ..
മൂന്നാം ദിവസം അതേ ചട്ടയും മുണ്ടും നേരിയതും ഒന്ന് തേച്ചു മിനുക്കി കുറച്ചൂടെ സെന്റും പൂശി അന്നക്കുട്ടി പള്ളിയിലേക്ക് വലതു കാൽ വെച്ച് കയറിയപ്പോൾ ധാണ്ടിരിക്കുന്നു കളിക്കൂട്ടുകാരി ശോശാമ്മ .അവളുടെ വീട് ആണ് ആ കുരുത്തം കെട്ട മേനവൻ വാങ്ങിയത്.
ശോശാമ്മകുറച്ചു ദൂരെയാണ് താമസം .ഇടവക പള്ളിയിൽ വല്ലപ്പോഴുമേ വരൂ.
ശോശാമ്മകുറച്ചു ദൂരെയാണ് താമസം .ഇടവക പള്ളിയിൽ വല്ലപ്പോഴുമേ വരൂ.
അന്നക്കുട്ടി നേരെ അവളുടെ അടുത്ത് ചെന്നിരുന്നു കെട്ടിപിടിച്ചു വിശേഷം തിരക്കി . ശോശാമ്മയെ അവസാന ദിവസത്തെ പ്രഘോഷണം കേൾക്കാൻ മകൻ കാറിൽ കൊണ്ട് വിട്ടതാണ്. അന്നകുട്ടിയുടെ വീട്ടിലും ഉണ്ട് കാർ രണ്ടെണ്ണം. തള്ളയെ വല്ലപ്പോഴും കാറില് പള്ളിയിൽ കൊണ്ട് പോവാൻ പറ്റാത്ത വകകളും . അന്നകുട്ടിക്കു മേലാസകലം പൂത്തു വന്നു.
എറണാകുളത്തു നിന്ന് വന്ന അച്ചൻ പള്ളിയിലേക്ക് കൊടുക്കേണ്ട ദശാംശത്തെ കുറിച്ച് പ്രഘോഷിക്കുന്നു . ഈ കാശെല്ലാം കൂടി പള്ളിക്കാരു എന്ന ചെയ്യുന്നേ ? സ്വന്തക്കാര്ക്കും ബന്ധുക്കാർക്ക്കും കൊടുക്കുകയാന്നെന്നും വിലകൂടിയ കാറിൽ ആണ് അച്ചന്മാരുടെ നടപ്പെന്നും ഒറ്റ സിനിമയും ഇവറ്റങ്ങൾ വിടില്ലെന്നും അന്നക്കുട്ടിയും ശോശാമ്മയും പരസ്പരം ആരും കേൾക്കാതെ പ്രഘോഷിച്ചു.
ആഴ്ചയിൽ ഒരിക്കൽ പത്തു രൂപ കുർബാനക്കിടയിൽ കൊടുക്കുന്നതല്ലാതെ നയാ പൈസ പള്ളിക്കു കൊടുക്കില്ലെന്ന് അന്ന കുട്ടി കട്ടായം പറഞ്ഞു .
ആഴ്ചയിൽ ഒരിക്കൽ പത്തു രൂപ കുർബാനക്കിടയിൽ കൊടുക്കുന്നതല്ലാതെ നയാ പൈസ പള്ളിക്കു കൊടുക്കില്ലെന്ന് അന്ന കുട്ടി കട്ടായം പറഞ്ഞു .
അടുത്തിരുന്ന ചുവന്ന സാരിക്കാരിയുടെ മുഖത്തെ മെയ്‌ക്ക് അപ്പ് കണ്ടു ഇവളൊക്കെ സിനിമയിൽ അഭിനയിക്കാനോ പള്ളിയിൽ വരുന്നേ എന്ന് കുശു കുശുത്തു .നല്ല പ്രായത്തിൽ മുഖത്തിത്തിരി പൗഡറിടാൻ കൊതിച്ച നാളുകൾ ഓർത്തു .കുർബാന കൈക്കൊള്ളാൻ ഒരു മധുര പതിനേഴുകാരി പാദസ്വരം കിലുക്കി പോണത് കണ്ടപ്പോൾ രണ്ടു പേർക്കും ഉള്ളം കാല് മുതലേ പെരുപ്പ് വന്നു.അവളുടെ മണികിലുക്കം കേട്ട് അപ്പുറത്തെ ഇരിക്കുന്ന ആണുങ്ങള് വരെ തിരഞ്ഞു നോക്കുന്നു .”കർത്താവെ ..പ്രലോഭനത്തിനു ഇനി എന്നാ വേണ്ടത്?” .. അന്ന കുട്ടി കുരിശു വരച്ചു ..
അങ്ങിനെ മൂന്ന് ദിവസത്തെ വചന പ്രഘോഷണത്തിനു ശേഷം നാലാം ദിവസം കാപ്പി കുടി നേരത്തു രണ്ടാമത്തെ മകൻ അന്നകുട്ടിയോടു “വചന പ്രഘോഷണം എങ്ങിനെ അമ്മച്ചി?” എന്ന് കുശലാന്വേഷണം നടത്തി.
“ഓ എന്നാ പറയാനാ എന്റെ ടോണി കുട്ടാ . അച്ചന്മാർക്കു പറയാൻ പുതിയ കാര്യങ്ങൾ വല്ലോം ഉണ്ടോ?തന്നേം പിന്നേം മറിച്ചും തിരിച്ചും പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കുവല്ലേ ? ചുമ്മാ പള്ളിലെ ആളെ കൂട്ടാൻ ..എന്നിട്ടു ഒടുക്കം ഒരു സംഖ്യാ പിരിവും .ഈ കാശൊക്കെ ഇവറ്റങ്ങൾ എന്നാ ചെയ്യുന്നേ ? വല്ല കണക്കും കൈയും ഉണ്ടാ...പിന്നെ കുറെ എണ്ണം കയറി വരും..ഓ .. കർത്താവെ സിനിമ നടികള് തോറ്റുപോവുന്ന മട്ടില്ല ഒരു ക്കോം നടപ്പും .......................”
മകൻ എണീറ്റ് പോയത് അറിയാതെ അന്നക്കുട്ടി പ്രഘോഷണം തുടർന്ന് കൊണ്ടിരുന്നു…..
സാനി ജോൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക