Slider

സീരിയലുകൾക്കിടയിൽ :

0

സീരിയലുകൾക്കിടയിൽ :
"""""""""""""""""""""""""""""""""""
ഞാൻ അകാലത്തിൽ
അരയ്ക്കു താഴെ തളർന്നു പോയ
ഒരൻപത്തഞ്ചുകാരൻ.
ഈ ശരീരം
രോഗങ്ങളുടെ പത്തായം,
അവിടെ ഷുഗറുണ്ട് പ്രഷറുണ്ട്
കൊളസ്ട്രോളുണ്ട്......
പിന്നെ പലതുമുണ്ട്.
ദിവസം വ്യാഴം.
ഇന്നത്തെ സീരിയലുകൾ
സ്നേഹലത, ചാരുലത,
ചന്ദനമഴ, പ്രണയമഴ,
പത്താമുദയം, കൂരിരുട്ട് .
പിന്നെ മണ്ണാങ്കട്ട, തേങ്ങാക്കുല.
തുടങ്ങി, സ്നേഹലത
സമയം രാത്രി ഏഴ് മുപ്പതിന്.
എനിക്കിതാ നെഞ്ച് വേദനയും.
അവൾ ഭാര്യ ടി.വി.യ്ക്ക് മുന്നിലാണ്.
വീട്ടിൽ വേലക്കാരിയുണ്ട് അവളും.
മകളൊരുത്തി മകനൊരുത്തൻ
രണ്ടും ദൂരെ ഹോസ്റ്റലിൽ.
വിളിച്ചു ഞാൻ ഭാര്യയെ,
മൂന്നാല് വട്ടം.
പരസ്യത്തിനിടയിലെപ്പൊഴോ
ഓടിയെത്തി വേലക്കാരി.
എന്റെ തുറന്ന വായയിൽ
വേദനക്കുള്ളൊരു
ഗുളിക വെച്ചു തന്നു.
ഒരു കവിൾ ചൂടുവെള്ളവുമൊഴിച്ചു.
ഗുളികയും വെള്ളവും
ഇറങ്ങുന്നതിനു മുമ്പവൾ ഓടിപ്പോയി.
എനിക്കൊരു ചുമ
തികട്ടി വന്നു.
ഗുളികയും വെള്ളവും
നെഞ്ചിലും പുതപ്പിലും...
പിന്നെയും ഭാര്യയെ വിളിച്ചു.
അവൾ കേട്ടില്ല.
കേൾക്കില്ല ഇനി സമയം പതിനൊന്നാവാതെ.
വേലക്കാരിയെ പറഞ്ഞു വിടില്ല
പത്തേമുപ്പതാവാതെ.
പറഞ്ഞു വിട്ടാ വേലക്കാരി
നാളെ കെട്ടുകെട്ടും.
പത്തേമുപ്പതിന്
'കൂരിരുട്ട് ' തുടങ്ങും.
അത് വേലക്കാരി കാണില്ല.
അതിൽ പ്രേതമുണ്ട്,
പേടിയാണത്രെ.
ഭാര്യ അതും കാണും
പേടിയില്ലവൾക്ക്
പ്രേതത്തെയെന്നല്ല ഒന്നിനെയും.
ഹാ... ദൈവമേ....
വേദന കൂടുന്നു,
നെഞ്ചിൽ സ്വയം തടവി.
വേദന കുറയുന്നില്ല, കൂടുന്നു.. കൂടുന്നു....
കിടക്കയിൽ പുളയുന്ന ഞാൻ
വീണ്ടും ഭാര്യയെ വിളിക്കാൻ ശ്രമിച്ചു.
ഇല്ല ശബ്ദം പൊങ്ങുന്നില്ല.
ദാഹം.. ദാഹം... വല്ലാത്ത ദാഹം.
കണ്ണുകൾ ഇറുകെ അടച്ച് വാ തുറന്നു.
*******************************
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo