Slider

വില്പനയുടെ രസതന്ത്രങ്ങൾ

0

"ഇവിടെയൊന്നുമില്ല .. തൃശൂർന്നു വാങ്ങാം." നാട്ടിലെ തുണിക്കടയിൽ നിന്ന് പുറത്തിറങ്ങവെ ഉണ്ണി പറഞ്ഞു .
ഇപ്പോൾ തന്നെ സമയം മൂന്നായിരിക്കുന്നു . ഇനി തൃശൂർ പോയി വാങ്ങി കസിന്റെ വീട്ടിൽ എപ്പോ പോവാനാ? നേരം വൈകി വീട്ടിലെത്തിയാൽ അമ്മ അപ്പോൾ തുടങ്ങും .കാലത്ത് തൊട്ട് പറഞ്ഞു തുടങ്ങീട്ട് രണ്ടിനും ഇറങ്ങാൻ തോന്നിയ സമയം മൂന്ന് .. ചേച്ചിയും അനിയനും ഒരേ പോലെ തന്നെ ..!!
പിന്നെ അമ്മയെ ശാന്തമാക്കാൻ കുറെ നേരം ടി വിയുടെ റിമോട്ട് അമ്മയ്ക്ക് സ്വന്തമായി വിട്ടുക്കൊടുക്കണം . എല്ലാ സീരിയലുകളും അമ്മയുടെ അടുത്തിരുന്നു സഹിച്ച് പരസ്യം വരുമ്പോൾ സോറി സോറിയെന്നാവർത്തിക്കണം .
എല്ലാം ഓർത്തപ്പോൾ ഞാനവനോട് പറഞ്ഞു ..
"വേണോ .. ഇവ്ടെന്ന് എവിടെ നിന്നെങ്കിലും "
" ഇവിടെ എന്തുണ്ടായിട്ടാ ...??? ഒരാൾക്ക് ഗിഫ്റ്റ് വാങ്ങുമ്പോൾ നമുക്കിഷ്ട്ടപെട്ട് തന്നെ വാങ്ങണ്ടേ ...??"
അതൊരു പതിവാണ് . അമ്മമാരായി തുടങ്ങി വെച്ചയൊരു ശീലം . പത്ത് തൊട്ട് മേലോട്ടുള്ള ക്ലാസുകളിൽ റിസൾട്ട്‌ വന്നാൽ ഗിഫ്റ്റ് കൊടുക്കൽ . ആദ്യം നല്ല മാർക്ക്‌ കിട്ടിയാൽ എന്നൊരു കണ്ടിഷൻ ഉണ്ടായിരുന്നു .നല്ല മാർക്കും കുറഞ്ഞ മാർക്കും ആരും അതിർത്തി കെട്ടി തിരിക്കാത്തത് കൊണ്ട് ഏതു റിസൾട്ട്‌ വന്നാലും എന്നാക്കി.
ഇതിപ്പോൾ പൂജയ്ക്ക് നല്ലൊരുഗ്രൻ റിസൾട്ട്‌ തന്നെയാണ് . എം ബി ബി എസ് ഫൈനലിൽ ഡിസ്ടിൻഷൻ..!! നല്ലൊരു ഗിഫ്റ്റ് തന്നെ വാങ്ങണം .
-------------------------------------------------------------------------
തൃശ്ശൂരിലെ ഒരു വലിയ തുണിക്കടയുടെയരികിലായി കാർ നിർത്തി ഞാനും ഉണ്ണിയും ഇറങ്ങി .
റോഡ്‌ സൈഡിൽ വരി വരിയായി ഇരിക്കുന്ന നാലഞ്ചു ആളുകൾ ..വല്ലതും തരണേയെന്നു റോഡിലൂടെ പോകുന്നവരോട് അവർ കരഞ്ഞു പറയുന്നു .. ബാഗിൽ കയ്യിട്ട് ഞാൻ നടത്തം സ്ലോ ആക്കിയപ്പോൾ ഒരുപാടു ലോകങ്ങൾ കണ്ട മനുഷ്യനെ പോലെ അനിയന്റെ ഡയലോഗ് ..
"നിനക്ക് വട്ടുണ്ടോ ... നല്ല ആരോഗ്യമുള്ള ആൾക്കാര് പണിയൊന്നും ചെയ്യാതെ ഇങ്ങനെ റോഡ്‌ സൈഡിൽ ഇരിക്കണത് നിന്നെപോലെയുള്ളവർ കാരണാണ്.. അല്ലെങ്കിലേ നേരം വൈകി ..!! "

ഞാനവനെ നോക്കി .. ഒരു ജ്ഞാനിയെ പോലുണ്ട് ആ നില്പ് .. കൂടുതൽ തർക്കിക്കാൻ നില്ക്കാതെ ഞാൻ നടത്തത്തിന്റെ വേഗം കൂട്ടി .
അപ്പോഴതാ പിന്നിൽ നിന്നും ഒരു കൊച്ചു കുട്ടിയുടെ കരച്ചിൽ ..വിശന്നുത്തളർന്നുള്ള ആ കരച്ചിൽ കേട്ടു അവനും നിന്നു . അമ്മയുടെ മടിയിലിരുന്ന് ഏകദേശം രണ്ടു വയസ്സ് പ്രായം വരുന്ന ആ കുട്ടി ഉറക്കെയുറക്കെ കരയുന്നു.
"എന്തെങ്കിലും തന്നു സഹായിക്ക് മക്കളെ ..." അവരുടെ ശബ്ദത്തിൽ നിസഹായത നിഴലിച്ചിരുന്നു . ഞാനൊന്നും പറയാതെ തന്നെ ഉണ്ണി പോക്കറ്റിൽ നിന്നു കാശെടുത്ത് അവർക്ക് കൊടുത്തു .
"കുട്ടിക്ക് ഭക്ഷണം വാങ്ങി കൊടുക്കു .." അവൻ ആ രണ്ടു വയസ്സുകാരനെ നോക്കി കണ്ണു ചിമ്മി കാണിച്ചു.കുട്ടി കണ്ണുകളമർത്തിത്തുടച്ച് കരയുക തന്നെയാണ് . അവനു കാശു കിട്ടിയാൽ ഭക്ഷണം കിട്ടുമെന്നു മനസിലാക്കാനുള്ള വിവേകം ആയിട്ടില്ലാലോ ..!!
ജോലിക്ക് പോകുന്ന ദിവസങ്ങളിൽ ബിസ്കറ്റ് പാക്കറ്റ് സ്ഥിരമായി കൊണ്ടു നടക്കുന്നൊരു സ്വഭാവമുള്ളത് കൊണ്ട് ഞാൻ ബാഗിനുള്ളിൽ തിരഞ്ഞു .
ഒരു "ഒറിയോ ബിസ്കറ്റ് പാക്കറ്റ് "..! ഉച്ചക്ക് തിരക്കു കാരണം ഭക്ഷണം കഴിക്കാനായില്ലെങ്കിലോ എന്നോർത്ത് എപ്പോഴും കയ്യിൽ കരുതുമെങ്കിലും ഇത്രയും നല്ലൊരു കാര്യം അതിനു ചെയ്യാനാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല .
ഞാനത് അവരുടെ നേരെ നീട്ടി .
" മോന് ഇത് കൊടുത്തോളു ...എന്നിട്ട് എത്രയും വേഗം അടുത്തു എവിടെ നിന്നെങ്കിലും ഭക്ഷണം വാങ്ങി നിങ്ങൾ രണ്ടു പേരും കഴിക്കു .. ."
അവിടെ നിന്നു നടക്കുമ്പോൾ ആ ബിസ്കറ്റ് പാക്കറ്റിലേക്കു കണ്ണുകൾ വിടർത്തുന്ന ആ രണ്ടു വയസ്സുകാരനായിരുന്നു മനസ് മുഴുവൻ !!
-----------------------------------------------------------------------------
ഉണ്ണിയുടെ കൂടെ ഒരു കടയിൽ കയറി എന്തെങ്കിലും വാങ്ങാൻ 10 മിനിറ്റ് നേരത്തെ ആവശ്യമേയുള്ളൂ .. ഒരുപാടൊന്നും തിരയാൻ നില്ക്കാതെ മനസിനിഷ്ടപ്പെട്ട ആദ്യത്തേത് വാങ്ങണം . അതിനേക്കാൾ നല്ലതുണ്ടോയെന്നോന്നും അന്വേഷിക്കാൻ നില്ക്കരുത് .അതാണവന്റെ പോളിസി . സെലക്ട്‌ ചെയ്ത് ബില്ലാക്കിയിറങ്ങാൻ അര മണിക്കൂർ നേരം മാത്രമേയെടുത്തുള്ളൂ .
വണ്ടിയുടെയടുത്തേക്ക് തിരിച്ച് നടക്കുമ്പോൾ നേരെത്തെ കേട്ട അതേ കുട്ടിയുടെ കരച്ചിൽ . ആ അമ്മയും കുട്ടിയും റോഡ്‌ സൈഡിൽ തന്നെയിരുപ്പുണ്ട് . കുട്ടിയാണെങ്കിൽ നിർത്താതെയുള്ള കരച്ചിലും ..
" നിങ്ങൾ കുട്ടിക്ക് ഇതു വരെ ഭക്ഷണം കൊടുത്തില്ലേ ..??" ഉണ്ണി സംശയത്തോടെ അവരെ നോക്കി . അവരാ ചോദ്യവും ഞങ്ങളെയും പ്രതീക്ഷിക്കാത്ത പോലെ ചെറിയൊരു ഞെട്ടലോടെ തലയുയർത്തി നോക്കി .
"ബിസ്കറ്റ് കൊടുത്തതാ ... കരച്ചിൽ നിക്കണില്ല .. " അവർ വിക്കി വിക്കി മുഴുമിപ്പിച്ചു .
അവരുടെ തുണിസഞ്ചിയുടെ പിന്നിലായി ബിസ്കറ്റ് പാക്കെറ്റ് തുറക്കാതെ കിടക്കുന്നത് ചൂണ്ടിക്കാണിച്ച് ഉണ്ണി വീണ്ടും ചോദിച്ചു
" എന്തിനാണ് ഇങ്ങനെ നുണ പറയുന്നത് ?? നിങ്ങളുമായി ഒരു പരിചയവുമില്ലാത്ത ഞങ്ങൾക്ക് പോലും ഈ കരച്ചിൽ കേട്ടു നില്ക്കാനാവുന്നില്ല . നിങ്ങളിവന്റെ സ്വന്തം അമ്മ തന്നെയല്ലേ .. ??"
ആ രണ്ടുവയസ്സുകാരൻ ഉണ്ണിയുടെ ശബ്ദത്തിനേക്കാൾ ഉറക്കെക്കരയുന്നുണ്ടായിരുന്നു .
ഉണ്ണിയവരുടെയുത്തരം കേൾക്കാതെ വേഗത്തിൽ നടന്നു . ഞാനാ രണ്ടു വയസ്സുകാരന്റെ കരഞ്ഞുത്തളർന്ന കണ്ണുകളിലേക്ക് നോക്കി .
ആ മുഖത്തെ നിസഹായതയെ അഭിമുഖീകരിക്കാനാവാതെ ഞാനും നടത്തത്തിന്റെ വേഗത കൂട്ടി .
"ആരോഗ്യമുണ്ടായിട്ടും ജോലിയൊന്നും ചെയ്യാതെ വഴിയരികിൽ ആ കുട്ടിയുടെ കരച്ചിലാണ് അവർ വില്ക്കുന്നത് . ഇത്രയും പേരവിടെയിരുന്നിട്ടും നമ്മൾ അവർക്ക് മുന്നിൽ മാത്രമല്ലേ നിന്നത്. അതു തന്നെയാണവർ മുതലെടുക്കുന്നത് . " വണ്ടിയിൽ കയറി ഒന്നും മിണ്ടാതെയിരിക്കുന്ന എന്നെ നോക്കിക്കൊണ്ട് ഉണ്ണി പറഞ്ഞു .
അതെ ..!! അതെത്ര ശരിയാണ് ..!!
എന്തൊക്കെത്തന്നെ പറഞ്ഞാലും ഒരു കുട്ടിയുടെ കരച്ചിൽ നമ്മളെ ഒരു നിമിഷനേരത്തെക്ക് ആകെയൊന്നുലയ്ക്കും .നമ്മളറിയാതെ നമ്മുടെ കണ്ണുകളും നനയും
Harsha Gopalakrishnan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo