Slider

മധുരക്കള്ള്

0

( ചെറുകഥ)
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം..ഞങ്ങള്‍ പുതുതായി താമസം മാറി വന്ന വീട്ടില്‍ കിണര്‍ ഇല്ലായിരുന്നു.വെള്ളത്തിന്‌ നന്നേ ബുദ്ധിമുട്ടുള്ള സ്ഥലവും.അങ്ങനെ ഞങ്ങളുടെ പറമ്പില്‍ ഒരു കിണര്‍ കുഴിക്കാന്‍ അച്ഛന്‍ തീരുമാനിച്ചു.
കിണറിനു സ്ഥാനം നോക്കുന്ന ആള്‍ വന്നു.ഒരു തേങ്ങയും വെറ്റിലയും വച്ച് ഭൂമിയുടെ അടിയിലെ നീരൊഴുക്കുകള്‍ നോക്കുന്നത് ഞാനും അനിയനും കൌതുകത്തോടെ നോക്കിനിന്നു.ഇതൊക്കെ ഉള്ളതാണോ എന്നൊരു ഡൌട്ട് എന്‍റെ മനസില്‍ ഇല്ലതിലാതില്ല..എന്തായാലും വീടിനു കുറച്ചു താഴെ ആയി പറമ്പിന്‍റെ മൂലയ്ക്ക് കിണറിനു സ്ഥാനം കണ്ടു കുറ്റിഉറപ്പിച്ചു.കുറ്റിയുടെ ചുവട്ടില്‍ ആ തേങ്ങയും വച്ചു.അച്ഛന്റെ കൈയ്യില്‍ തോണ്ടി അതെന്തിനാ അവിടെ വച്ചേക്കുന്നത് ന്നു ചോദിച്ചപ്പോ കിണറുകുഴിച്ചു വെള്ളം കിട്ടുമ്പോ പായസം വയ്ക്കാന്‍ ആണെന്ന് പറഞ്ഞു.ബള്‍ബ് കത്തിയ പോലെ ആയി എന്‍റെ മുഖം. പണ്ടേ മധുരം മ്മടെ ഒരു വീക്നെസ് ആണേ..പോരാത്തതിനു പായസം.കിണറ്റില് വെള്ളം കിട്ടണത്തിനുമുന്‍പേ ന്‍റെ വായില് കപ്പലോടിക്കാന്‍ വെള്ളായി.. കിണറ്റില് ബെക്കം വെള്ളം കിട്ടണേന്ന് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു..
അങ്ങനെ കിണറുകുഴിക്കല്‍ ഉഷാറായി നടന്നുവന്നു.സ്കൂളില്‍ പോകുമ്പോഴും കിണറില്‍ വെള്ളം വന്നു കാണുമോ എന്നായിരുന്നു എന്‍റെ ചിന്ത.രണ്ടു ദിവസം കഴിഞ്ഞിട്ടും ഒന്നുമയില്ലാ..എന്‍റെ ക്ഷമ നശിച്ചു തുടങ്ങി(ഒരു പായസം കുടിക്കാന്‍ കത്തിരിക്കണതിന് ഒരു പരിധിയില്ലേ).മൂന്നാം ദിവസം രാവിലെ ഏകദേശം ഒന്നരയാള്‍ താഴ്ച്ചയെത്തിയ കിണറില്‍ പോയി എത്തി നോക്കി..എബടെ ..ഒരു രക്ഷേം ഇല്ല..തേങ്ങ അങ്ങനെ ഇരിക്കാണ്..എന്നെ നോക്കി കളിയാക്കി ചിരിക്കണ്‌ണ്ടോ ന്നൊരു സംശയം..വെള്ളം വരട്ടെ നിന്നെ കാണിച്ച്‌ തരാം ന്ന് മനസില്‍ പറഞ്ഞു ഞാന്‍ സ്കൂളില്‍ പോയി.വൈകിട്ട് ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് വരുന്ന വഴിക്ക് അയലത്തെ ചേച്ചി പറഞ്ഞു ങ്ങടെ കിണറ്റില് വെള്ളം കണ്ടല്ലോ മോളെ..ഒറ്റ ഓട്ടമായിരുന്നു പിന്നെ.ബാഗൊക്കെ ഏതോ കയ്യാലപ്പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട്‌ കിണറിന്റെ അടുത്തെത്തി..കാക്ക നോക്കണ മാതിരി ചാഞ്ഞും ചരിഞ്ഞും നോക്കി..തേങ്ങയില്ലാ!
അമ്മ പായസത്തിന്‍റെ പണിപ്പുരയിലാണ്..ചെറിയ ഒരു നീരുറവ കണ്ടതെ ഒള്ളു.പാറ പൊട്ടിച്ചു മാറ്റിയാല്‍ മാത്രമേ ശരിക്കും വെള്ളം കിട്ടൂ.കിണറിനുള്ളില്‍ പണിക്കാരന്‍ ഒരാളുണ്ട് പിന്നെ എന്‍റെ അമ്മാവനും സഹായത്തിനു ഉണ്ട്.അച്ഛനും ബാക്കിയെല്ലാവരും കിണറിന്റെ കരയില്‍ ആണ്.
കിണറ്റില്‍ വെള്ളം കിട്ടിയ സന്തോഷത്തില്‍ മധുരക്കള്ള് വാങ്ങിയിരുന്നു.കിണറിനുള്ളില്‍ വച്ചു അമ്മാവനും പണിക്കാരന്‍ ചേട്ടനും "അത് "കുടിക്കുന്നുണ്ടായിരുന്നു.എന്‍റെ നോട്ടവും നില്‍പ്പും ഒക്കെ കണ്ടപ്പോള്‍ അമ്മാവന്‍ ചോദിച്ചു" നിനക്ക് കിണറ്റില്‍ ഇറങ്ങണോ? ആ കൊട്ടേല് ഇങ്ങുഇറങ്ങി വാ.."(കിണറിലെ കല്ലും മണ്ണും ഒക്കെ പുറത്തെടുക്കാന്‍ ഒരു കുട്ട കയറില്‍ കെട്ടി കപ്പിയില്‍ കൊരുത്ത് ഇട്ടിരുന്നു)കേട്ട പാതികേള്‍ക്കാത്ത പാതി മ്മള് ചാടി കൊട്ടേല് കേറി.. ( മ്മള് പണ്ടേ ഒരു "സാഹസി"ആയിരുന്നു ന്ന് ഇപ്പ മനസിലായില്ലേ)എന്നേം കൊണ്ട് കുട്ട കിണറ്റില് ഇറങ്ങി.മതിവരുവോളം കിണറൊക്കെ കണ്ടു..അമ്മാവനോട്
പറഞ്ഞു "മതി ഇനിയെന്നെ തിരിച്ചു കയറ്റി വിട്.."അമ്മാവന്‍ ഒരു ഗ്ലാസ്‌ ല് കള്ള് ഒഴിച്ച് എനിക്ക് തന്നിട്ട് പറഞ്ഞു ഇത് കുടിച്ചാല് കയറ്റി വിടാം ന്ന്...."മം ..അതിന്‍റെ മണം അടിച്ചപ്പോള്‍ തന്നെ എനിക്ക് ചര്‍ദ്ടിക്കാന്‍ വന്നു നിക്കെങ്ങും വേണ്ട " ഞാന്‍ പറഞ്ഞു..അപ്പൊ ദാ അമ്മാവന്‍റെ ഡയലോഗ് "ന്നാലെ നിന്നെ കയറ്റിവിടൂല
രാത്രില് കിണറു നിറച്ചു വെള്ളം വരും അപ്പോഴോ..?"അത്രേം പറഞ്ഞു തീരും മുന്‍പേ ഗ്ലാസ്‌ കാലി!!
ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലാത്ത എന്‍റെ അച്ഛന്റെ കണ്ണ് രണ്ടും തള്ളി..മൂപ്പര് വായും പോളിച്ചങ്ങനെ നില്‍പ്പാണ്..ഇതെന്താണ് സാധനം എന്ന മട്ടില്‍..ന്തായാലും കൊട്ടേല് കയറി ഞാന്‍ മുകളിലെത്തി.പിന്നെ റോക്കറ്റ് വിട്ട മാതിരി ഒറ്റ പോക്കായിരുന്നു.. പടച്ചോനെ ഇങ്ങള് കത്തോളീ.. ന്ന് പറഞ്ഞ്.....ബെര്‍തെഅല്ല..ആ പറമ്പിന്‍റെ മൊത്തം നീളോം വീതീം അളന്നു കുറിച്ച്‌...തെങ്ങിനേം കവുങ്ങിനേം എല്ലാം പോയി കെട്ടിപ്പിടിച്ചു. വട്ടം തിരിഞ്ഞ്‌...പാവം അച്ഛന്‍ എന്‍റെ പുറകെ..
അവിടെ നിന്നോരെല്ലാം മൂക്കത്ത് വിരല് വച്ചു..ഒരു വിധത്തില് വീട്ടിലെത്തി..കയറിചെല്ലുമ്പോള്‍ റേഡിയോയില്‍ ജോര്‍ജ് ബുഷ്‌ നെ പറ്റി എന്തോ പറയുന്നുണ്ടായിരുന്നു. ഞങ്ങളുടെ വീടിനു കുറച്ചു മാറിയുള്ള വീട്ടിലെ കുട്ടപ്പന്‍ ചേട്ടന്‍അക്കാലത്ത് എന്നും വൈകുന്നേരങ്ങളില്‍ മദ്യപിച്ചു വീടിനു മുന്നിലൂടെ പോകാറുണ്ട്..പോകുമ്പോള്‍ നല്ലതല്ലാത്ത പദങ്ങള്‍ അനര്‍ഗളനിര്‍ഗളം പ്രയോഗിക്കാറുമുണ്ട്.ഇതൊന്നും കേള്‍ക്കാന്‍ പാടില്ല പറയാന്‍ പാടില്ല എന്ന് അമ്മ പറഞ്ഞിട്ടുണ്ട്..എന്ത് ചെയ്യാം കേട്ട് പോയില്ലേ..പറയാതിരുന്നാല്‍ മതിയല്ലോ..
ന്തായാലും കള്ള് കുടിച്ചപ്പോള്‍ അറിയാണ്ട് മനസിന്നു വന്നതാണോ അതോ കള്ള് കുടിച്ചവര്‍ ആണ് ഇത് പറയുന്നത് എന്ന ബോധമാണോ എന്നറിയില്ല ജോര്‍ജ് ബുഷിനെ ഞാന്‍ ചപ്ര ചിപ്ര പറഞ്ഞു...അങ്ങോര് അന്നവിടെ വന്നിരുന്നേല്‍ ഇതെല്ലം കേട്ട് സ്വയം വെടിവച്ചു മരിച്ചേനെ എന്നാണ് ഞാന്‍ പിന്നീട് കേട്ടറിഞ്ഞത്.അമ്മയും അച്ഛനും കൂടി നാട്ടാര് ഓടിക്കൂടണ മുന്‍പേ എന്‍റെ തലേല്‍ വെള്ളംകോരി ഒഴിച്ചു..
ഒന്ന് സുഖമായിട്ടു ഉറങ്ങി ഉണര്‍ന്നപ്പോള്‍ പിറ്റേന്ന് ആയിരുന്നു..എന്നിട്ടോ ഒരു മാതിരി കിളി പോയ ഫീല്‍..ഏറ്റവും സങ്കടം അതല്ല പായസം തീര്‍ന്നിട്ട് പാത്രം കഴുകി വച്ചേക്കുന്നത് കണ്ടപ്പോള്‍ ന്‍റെ ചങ്ക് തകര്‍ന്നു പോയി..അമ്മാവന്‍ പറ്റിച്ച പണിയേ...
NB:നിയമപ്രകാരമുള്ള മുന്നറിയിപ്പ് മദ്യപാനം പായസക്കൊതിക്ക് ഹാനികരം

By
Remya Rathish
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo