Slider

ദ്രൗപതി..... (കഥ )

0
Image may contain: 1 person, closeup


==============
ജയകൃഷ്ണനെ ക്ലാര സ്നേഹിക്കുന്നത് പോലെ നിനക്കെന്നെ സ്നേഹിക്കാൻ കഴിയുമോ?
എന്റെ മടിയിൽ തലചായ്ച്ചു കിടന്ന് കൊണ്ട് പൊടുന്നനെ അയാൾ ചോദിച്ചപ്പോൾ ചിരിക്കാനാണ് തോന്നിയത്. ചിരിച്ചില്ല.... ഞാനയാളുടെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ടിരുന്നു നിമിഷങ്ങളോളം.....
"ഈ തെരുവിൽ നിങ്ങൾക്കാ മഴ പെയ്യിക്കാൻ സാധിക്കുമെങ്കിൽ..... "
ഞാനിങ്ങനെ മറുപടി പറഞ്ഞപ്പോൾ അയാൾ അസ്വസ്ഥനായി. എന്തിനാണെന്നറിയാതെ ആ മിഴികൾ തുളുമ്പി. ഞാനാ മുടിയിഴകളിലൂടെ പതിയെ വിരലോടിച്ച് കൊണ്ടിരുന്നു....
തെരുവുകളുണർന്ന് തുടങ്ങിയിട്ടുണ്ടാവും അയാളിറങ്ങിപ്പോവുമ്പോൾ....
തെരുവ് വിളക്കുകൾ കത്തിത്തുടങ്ങി. ഇവിടുത്തെ തെരുവുകളുണരുന്നത് തന്നെ രാത്രിയിലാണല്ലോ....
പകൽ സമയങ്ങളിൽ എന്നേ തേടിവരുന്ന ഒരേയൊരു പുരുഷൻ അയാളാണ്.
ഞാനാ ജനലഴികളിൽ പിടിച്ച് നോക്കി നിന്നു.
താഴെ നിരത്തിലൂടെ നടന്ന് മറയുന്ന അയാളെനിക്കാരാണ്?
എനിക്ക് പ്രണയമുണ്ട്....
അയാളുടെ ഭ്രാന്തൻ കവിതകളോട്....
കടിഞ്ഞാണില്ലാത്ത അയാളുടെ ചിന്തകളോട്....
പുകയിലക്കറ പിടിച്ച അയാളുടെ പല്ലുകളോടും,
സിഗരറ്റ് പുകയുടെ മണമുള്ള അയാളുടെ വിയർപ്പിനോടും എനിക്ക് പ്രണയമുണ്ട്.
ഇതാണോ ജീവിതത്തിലെ ആദ്യത്തെ പ്രണയം?? അപ്പോൾ മുൻപുണ്ടായിരുന്നതൊക്കെയോ?
പത്താംക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ ചാപല്യം.
അന്നാദ്യമായി അവന്റെ പൊടിമീശയെന്റെ കവിളുകളിൽ ഉരഞ്ഞപ്പോൾ കരുതി സ്നേഹമാണെന്ന്. അത്കൊണ്ടാണ് അങ്ങനെ തൊടാൻ നിന്ന് കൊടുത്തത്. തൊട്ട് തൊട്ട് മതിയായപ്പോഴാവണം അവൻ അകന്നകന്ന് പോയത്. നഷ്ടങ്ങളുടെ വില തിരിച്ചറിയുന്ന പ്രായമെത്തുന്നതിന് മുൻപ് തന്നെ വിലപ്പെട്ടതെല്ലാം നഷ്ടമായിരുന്നു.
വളരുന്തോറും കടുത്ത അപകർഷതാബോധവും, അരക്ഷിതത്വവും,മറ്റാരുമറിയാത്ത ഏതോ ഒരോർമ്മയുണർത്തുന്ന ഭയവും അന്തർമുഖത്വത്തിന്റെ കാണാച്ചങ്ങല കൊണ്ടെന്നെ വരിഞ്ഞ മുറുക്കി.
അച്ഛന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്ന് കൊണ്ട് ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത അമ്മയുടെ മുഖം മനസ്സിൽ വരച്ച് ചേർക്കാൻ ശ്രമിച്ചു. അച്ഛന്റെ നെഞ്ചിലെപ്പോഴുമുണ്ടായിരുന്ന ആ ചൂട് അമ്മയില്ലാത്ത ഒര് മകളേ കുറിച്ചുള്ള ആധിയാണെന്ന് തിരിച്ചറിയാൻ പിന്നേയും വർഷങ്ങൾ കുറേ വേണ്ടി വന്നു.
കോളേജിൽ കഴിവതും എന്നിലേക്ക്‌ ഒതുങ്ങിക്കൂടി നടന്നു.
എന്നിട്ടും അയാൾ വിടാതെ പിന്തുടർന്നു. അയാൾക്കൊരു അദ്ധ്യാപകന്റെ മുഖമായിരുന്നു.
അയാളെന്റെ അന്തർമുഖത്വത്തിന്റെ പുറന്തോട് പൊട്ടിച്ചു. പുറത്ത് വർണശഭളമായൊരു ലോകമുണ്ടെന്ന് കാട്ടിത്തന്നു.
അതെനിക്ക് കൂടിയുള്ളതാണെന്നും....
ഒരു കുമ്പസാരത്തിലൂടെയായിരുന്നു തുടക്കം. ഏതൊരു പെണ്ണിലും അവളുടെ പുരുഷൻ ആഗ്രഹിക്കുന്നതെന്താണോ അതെനിക്കെന്നോ നഷ്ടമായിരിക്കുന്നുവെന്ന് ആദ്യമേ അറിയിച്ചു.
എന്നിട്ടും അയാൾ പറഞ്ഞു സ്നേഹമാണെന്ന്.....
എന്റെ കുറവുകളെല്ലാമറിഞ്ഞുകൊണ്ടുതന്നെ.
ഉപാധികളില്ലാത്ത പ്രണയത്തെ കുറിച്ച് അയാൾ കൂടെ കൂടെ പറയുമായിരുന്നു.പലപ്പോഴും ഉപാധികളില്ലാത്ത പ്രണയം കൊണ്ട് അയാളുദ്ദേശിക്കുന്നതെന്താണെന്ന് എനിക്ക് മനസിലായില്ല . എങ്കിലും അയാൾക്ക്‌ വേണ്ടി ഞാൻ എല്ലാം മനസിലാവുന്നവളായി നടിച്ചു. പിന്നീടതെനിക്ക് ശരിക്കും മനസിലാവുന്നത് ആ വീഡിയോ നെറ്റിൽ വന്നതിന് ശേഷമാണ്.
ഉത്തരത്തിൽ തൂങ്ങി നിന്ന അച്ഛനെ കയററുത്ത് താഴേ കിടത്തിയപ്പോൾ തൊട്ട് നോക്കി. അച്ഛന്റെ നെഞ്ചിലെ തീയണഞ്ഞിരിക്കുന്നു. അച്ഛന്റെ നെഞ്ചിന് നല്ല തണുപ്പായിരുന്നു അപ്പോൾ.....
പകച്ച് നിന്ന എനിക്ക് മുന്നിൽ ആ ചേച്ചി പ്രത്യക്ഷപ്പെട്ടു.
തനിച്ചാക്കപ്പെടുന്ന അനേകം പെൺകുട്ടികൾക്ക് മുന്നിൽ ചിരിയോടെ പ്രത്യക്ഷപ്പെടുന്ന അതേ ചേച്ചി. ഞാനവരിൽ നിന്ന് ഓടിയകന്നു. അവരെന്നെ വിടാതെ പിന്തുടർന്നു.
കുപ്രസിദ്ധി നേടിയ പെൺകുട്ടിക്ക് സമൂഹത്തിൽ അഭയമില്ല. ജോലിയില്ല. ഭക്ഷണമില്ല.
പട്ടിണി കിടന്ന് ചാവുമെന്നായപ്പോൾ ഞാനവരോടൊപ്പം പുറപ്പെട്ടു. എന്തിലേക്കാണെന്റെ യാത്രയെന്ന് അറിഞ്ഞുകൊണ്ട് തന്നെ....
ആ യാത്രയെന്നെ എന്റെ ഇരുപതാമത്തെ വയസിൽ ഇവിടെ കൊണ്ടെത്തിച്ചു.
സീതയക്ക എനിക്ക് ഭക്ഷണം നൽകി.....
നല്ല വസ്ത്രം നൽകി......
അസുഖങ്ങൾക്ക് ചികിൽസിച്ചു. അതിൽ കൂടുതലായി ഞാനവരോടൊന്നുമാവശ്യപ്പെട്ടതുമില്ല.
അവിടുന്നങ്ങോട്ട് ഞാൻ പലരുടേയും രാത്രിയുടെ കാവൽക്കാരിയായി....
ചിലരെന്നേ അവരുടെ രാത്രികളുടെ രാജകുമാരിയാക്കി.....
എന്നാലയാൾ മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു.
അയാളൊരു ഭ്രാന്തനായിരുന്നു. അയാളുടെ ഭ്രാന്തുകളോടായിരുന്നുവെനിക്ക് ഭ്രാന്ത്.
ഇന്നും ഓർമയുണ്ട്. മാലയാളിപ്പെൺകുട്ടിയെ അന്വേഷിച്ചുകൊണ്ടാണ് അയാളാദ്യമായി ഇവിടെ വന്നത്.....
അല്ലെങ്കിലും മലയാളിപ്പെൺകുട്ടികൾക്ക് ഡിമാൻഡ് കൂടുതലാണല്ലോ....
സീതയക്കയുടെ നറുക്ക് വീണത് എനിക്കായിരുന്നു. അയാളെന്റെമുന്നിലേക്കാനയിക്കപ്പെട്ടു.
അയാളുടെ ഭ്രാന്തൻ കവിതകൾക്ക് ഒരാസ്വാദകയെയായിരുന്നു അയാൾക്കാവശ്യം. ശരിയാണ്. മലയാളം കവിതയാസ്വദിക്കാൻ ഹിന്ദി പെണ്ണിനെ കിട്ടിയിട്ട് കാര്യമില്ലല്ലോ.....
ഭ്രാന്തൻ തന്നെ.......
ചിലപ്പോഴയാൾക്കെന്റെ മടിയിൽ വെറുതേ തലചായ്ച്ചുറങ്ങണം. അപ്പോൾ ഞാനയാളുടെ ഉറക്കത്തിന് കാവൽ നിൽക്കുന്ന മാലാഖയാവണം.
മറ്റ്ചിലപ്പോഴയാളെ കെട്ടിപ്പിടിച്ച് കിടക്കാൻ പറഞ്ഞു. അങ്ങനെ ചെയ്തു. അപ്പോഴെല്ലാം അയാളൊരു പൈതലിനെ പോലെ എന്നിലേക്ക് കൂടുതൽ കൂടുതൽ ചുരുണ്ട് കൂടി.
പിന്നീട് അഞ്ചോ ആറോ തവണ വന്നിട്ടുണ്ടാവണം. ഒരിക്കലയാളെന്നോട് ചോദിച്ചു.
"നിനക്കെന്നെയൊന്ന് സ്നേഹിക്കാമോ? "
"ഞാൻ നിങ്ങളെ സ്നേഹിക്കുന്നുണ്ടല്ലോ....
എന്റെ ശരീരത്തെ ആവശ്യപ്പെടാത്ത ഒരേയൊരു പുരുഷൻ നിങ്ങളാണ്.
അത്കൊണ്ട് ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. "
അയാളൊന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
എനിക്ക് ചിലതെല്ലാം മനസിലാവുന്നുണ്ടായിരുന്നു.
പക്ഷെ അയാൾക്ക്‌ നൽകുവാനിനിയെന്നിലൊന്നും അവശേഷിക്കുന്നില്ലെന്ന് തോന്നി.....
അതെന്നെ മുറിപ്പെടുത്തി.
ഞാനയാളിൽനിന്നൊഴിഞ്ഞ് മാറി.
"നിങ്ങൾക്കൊരു സ്ത്രീശരീരമാണാവശ്യമെങ്കിൽ ഇവിടെ വേറെയും സ്ത്രീകളുണ്ട്. ദയവ് ചെയ്തങ്ങോട്ട് പോവൂ..... "
അയാളുടെ കണ്ണുകളിൽ നോക്കാൻ ധൈര്യമില്ലാതെ ഞാൻ പുലമ്പി.
മറ്റൊരു സ്ത്രീയെയും അയാൾ തേടിപ്പോവുകയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ.......
എന്നിട്ടും അയാളിലെ പ്രണയമെന്നെ ഭ്രാന്ത് പിടിപ്പിച്ചു. പ്രണയത്തിന് അതിന്റെ പൂർണത അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു.
എനിക്കയാളിലെ പുരുഷനെ ഒരിക്കലെങ്കിലും അറിയാതിരിക്കുവാനാവുമായിരുന്നില്ല...
അവസാന പിടിവള്ളിയുമെന്നിൽനിന്ന് നഷ്ടമായിരുന്നു.
അന്ന് ഞാനെന്നെയയാൾക്ക് സമർപ്പിച്ചു.ഒരിക്കൽ മാത്രം.
ഞാനയാളോടാവശ്യപ്പെട്ടത് പോലെ അന്നീതെരുവ് മഴയിൽ കുതിർന്നു.
പിന്നീടൊരിക്കലും അയാളെന്നോടൊന്നും ആവശ്യപ്പെട്ടില്ല.
അയാളെന്നെ ദ്രൗപതിയെന്ന് വിളിച്ചു.
അതെ..... മറ്റെന്താണയാൾക്കെന്നെ വിളിക്കാനാവുക?
പഞ്ചപാണ്ഡവന്മാരോടഞ്ചുപേരോടൊത്തും ശയിക്കേണ്ടി വന്നപ്പോഴും ഉള്ളിൽ അർജുനനെ മാത്രം പ്രണയിച്ച ദ്രൗപതി.....
ഞാൻ ദ്രൗപതിയെങ്കിൽ അയാൾ അർജുനനോ? അതോ ഭീമനോ?
ചില വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാവും എന്റെ രക്തത്തിൽ മരുന്നില്ലാത്ത അസുഖത്തിന്റ സാന്നിധ്യം തിരിച്ചറിഞ്ഞപ്പോൾ. അറിഞ്ഞുകൊണ്ടിതാർക്കും കൊടുക്കാൻ തോന്നിയില്ല. തേടിവരുന്നവരോടെല്ലാം പറഞ്ഞു. പിന്നെ പിന്നെ ആരും വരാതായി.
ഒടുവിൽ സീതയക്കയ്ക്ക് കാര്യങ്ങൾ മനസിലായപ്പോൾ അവരെന്നെ തെരുവിലേക്ക് തള്ളി.
ഇരുളിന്റെ മറവിൽ ആദ്യം പിച്ചിച്ചീന്തിയതൊരു വൃദ്ധ യാചകനായിരുന്നു. അയാൾക്കസാമാന്യ കരുത്തായിരുന്നു. പിന്നീട് തെരുവിൽ അലഞ്ഞു തിരിയുന്ന മറ്റുപലരും. സീതയ്ക്കയ്ക്ക് മുന്നിൽ കാണിക്ക വെക്കാനില്ലാത്ത സകലരും എന്റെ മേൽ.....
ഓർമയുണരുമ്പോൾ ഞാനൊരു ഹോസ്പിറ്റലിലായിരുന്നു.ദൈവത്തിന്റെ കൈകളിലായിരുന്നു. എനിക്ക് വിശ്വസിക്കാനായില്ല. എന്റെയരികിലെ കസേരയിലിരിക്കുന്ന ദൈവത്തിന് അയാളുടെ മുഖമായിരുന്നു....
പരിക്കുകൾ മാറുന്നത് വരെ കൂടെയിരുന്ന് പരിചരിച്ചു. ഹോസ്പിറ്റലിൽനിന്നിറങ്ങുമ്പോൾ കൂടെ ചെല്ലാൻ ആജ്ഞാപിച്ചു.
" ഇനി... നിങ്ങൾക്കെന്നേക്കൊണ്ടെന്താണ്
പ്രയോജനം? "
ചോദിക്കാതിരിക്കാനായില്ല.
"അത് നീയാന്വേഷിക്കേണ്ട ആവശ്യമില്ല.
കൂടെവരിക...... "
അയാളെനിക്ക് മുൻപേ നടന്നു......
ഇപ്പോൾ ഞാനുറപ്പിച്ച് പറയുന്നു അയാൾ ഒരിക്കലും അർജുനനായിരിക്കാൻ തരമില്ല.......
(ആമി......)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo