Slider

അഭിരാമി

0


ചില പേരുകൾ.. രൂപങ്ങൾ, ജീവിതത്തിൽ ശരിക്കും ഉണ്ടായിരുന്നോ.. അതോ, അടച്ചു പൂട്ടിയ ഇരുട്ട് മുറിക്കുള്ളിൽ നിന്നും ഉയരുന്ന നിലവിളിയുടെ അലകളെ ഭേദിക്കാൻ ഒറ്റപ്പെട്ട ചിന്തകളുടെ ഉലയിൽ ഞാൻ നീറ്റി എടുത്ത കാഴ്ചകൾ, സങ്കൽപ്പങ്ങൾ മാത്രമായിരുന്നോ അതെല്ലാം...
ഭൂതകാലത്തിന്റെ തെളിവെടുപ്പിൽ, ഭ്രാന്തിന്റെ ഉന്മാദത്തിന്റെ കാണാക്കയങ്ങളിലേക്കു വലിച്ചെറിയപ്പെട്ട ഞാൻ....
"കുട്ടേട്ടാ ...............
ആരാ ഈ ... അഭി ..അഭിരാമി ................. ??
വളരെ സാവകാശമാണ് ചോദ്യമെങ്കിലും ഉള്ളിലേക്ക് ഇറങ്ങുന്ന മുനയുള്ള വാക്കുകൾ . പുറത്തു ഇടവപ്പാതി തിമിർത്തു പെയ്യുകയാണ് . വെട്ടി വീഴുന്ന ഇടിമിന്നലുകൾ മുറിയിൽ വെള്ളി വെളിച്ചം വരയ്ക്കുകയും മായ്ക്കുകയും ചെയ്യുന്നു . ശബ്ദമില്ലാതെയുള്ള മിന്നലുകളാണ്. ഇത്തരം മിന്നലുകളാണത്രെ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത്. അസമയത്തെ ചില ചോദ്യങ്ങൾ പോലെ . ആഞ്ഞു വീശുന്ന കാറ്റിൽ തുറന്നടയുന്ന ജനൽ പാളികൾ ഇടയ്ക്കിടയ്ക്ക് ഭയപ്പെടുത്തുന്നുണ്ട് . അടച്ചു പിടിച്ചിട്ടും കൺപോളകൾ ചിമ്മി അടയുന്നതും ഞെട്ടുന്നതും വ്യക്തമായി അറിയാൻ പറ്റും.
" കുട്ടേട്ടാ ....ഞാൻ ചോദിച്ചത് കേട്ടില്ലേ ..... "
ലക്ഷ്മിയുടെ ശബ്ദത്തിനു കനം കൂടുന്നു . ചെവിയിലൂടെ ഉറുമ്പുകൾ അരിച്ചിറങ്ങുന്ന പോലെ . ചിലപ്പോൾ നല്ല സുഖമാണ് . ശരീരം മുഴുവൻ വല്ലാതെ ഒന്ന് കോച്ചി വലിക്കും അപ്പോൾ ചിലപ്പോൾ വല്ലാത്ത ദേഷ്യവും.ഞാൻ നല്ല ഉറക്കത്തിലാണ് . ഈ ചോദ്യം എന്റെ സ്വപ്നങ്ങളിൽ നിന്നുമാണ് . ഉത്തരം പറയേണ്ട ആവശ്യകത എന്റെ മനസ്സിന്റെ മാത്രമാണ് .ലക്ഷ്മി ഇവിടെ ഒരു ചോദ്യകർത്താവ് മാത്രവും ..
"ഉത്തരം കിട്ടാത്ത ഒരു ചോദ്യം എങ്കിലും ബാക്കിയുണ്ടാകും ഓരോ മനുഷ്യ ജന്മത്തിനും.. !!"
മനസ്സിനോടാണ് പറഞ്ഞത്. മനസ്സെങ്കിലും ഉറങ്ങട്ടെ ശാന്തമായി ....
" കുട്ടേട്ടാ ........"
ലക്ഷ്മി കുലുക്കി വിളിച്ചപ്പോഴാണ് , താൻ കേട്ട ചോദ്യം ഉറക്കത്തിൽ നിന്നും അല്ലാന്നും . തേനീച്ച കുത്തിയ പോലത്തെ മുഖവുമായി തന്റെ മുന്നിൽ തന്നെ പ്രീയ പത്നി ലക്ഷ്മി ഇരിക്കുന്നെണ്ടെന്നും കുട്ടന് മനസ്സിലായത് . ഒന്നും മനസ്സിലാകാതെ മിഴിച്ചു നോക്കുന്ന കുട്ടന് മുന്നിലേക്ക് വീണ്ടും ലക്ഷ്മി ആ ചോദ്യം എടുത്തിട്ടു ...
" എനിക്കറിയണം ..ആരാ ഈ അഭിരാമി .... "
കലങ്ങിയ കണ്ണുകളിൽ , വായിക്കാനാവാത്ത വികാരങ്ങളുടെ വേലിയേറ്റം ..
" കുറെയുണ്ടല്ലോ , അവളെ പറ്റി ... അഞ്ചു ഡയറി നിറയെ ... നിങ്ങടെ ജീവിതത്തിലെ എട്ടു വർഷങ്ങൾ ..... "
ഏകാന്തവും നിശബ്ദവുമായ ഒരു രാത്രിയിൽ മിന്നി തിളങ്ങി നൃത്തം വെക്കുന്ന നക്ഷത്ര കൂട്ടങ്ങളുടെ ഇടയിൽ നിന്നും വേരിളകി സ്ഥാനഭ്രംശനായി എല്ലാ വെളിച്ചവും സന്തോഷവും നഷ്ടപ്പെട്ടു താഴേക്കു വീഴുന്ന ഒരു നക്ഷത്ര കുഞ്ഞിനെ പോലെ അയാൾ ലക്ഷ്മിയുടെ കണ്ണിലേക്കു നോക്കി .....
" നിനക്കെവിടെന്നാ ...ഇപ്പോൾ ..ഈ പേര് .... ?? "
"ഇപ്പോൾ അതാണോ വല്യ കാര്യം .. മച്ചിന്റെ മേലെ അമ്മയ്‌ക്കൊപ്പം കേറിയതാ ഇന്ന് ..അപ്പോളാ കുട്ടേട്ടന്റെ ഭാണ്ഡം കിട്ടിയേ ..അതില് നിധി പോലെ ചുവന്ന പട്ടിൽ കെട്ടി വെച്ചിരിയ്ക്കുന്നു....ഇതുവരെ എന്നോട് പറയാത്ത ഈ പുതിയ അവതാരം ആരെന്നു എനിക്കിപ്പോൾ അറിയണം ..എല്ലാരും ഒന്ന് ഉറങ്ങിക്കിട്ടാൻ കാത്തിരിയ്കുവായിരുന്നു "
ചിലപ്പോളൊക്കെ പിടിക്കപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും ചില നുണകൾ പറയാൻ നമ്മളൊക്കെ ശ്രമിക്കും ..വെറുതെ ഒരു ശ്രമം .. അത്തരം ഒരു ശ്രമത്തിലേക്കു ഞാനും .....
" എനിക്കറിയില്ല ലക്ഷ്മി ...അത് ആരാണെന്നു ....."
തല വെട്ടിച്ചു , അവളുടെ മുഖത്തേക്ക് നോക്കിയതും ..ഒരു മിന്നൽ ഭൂമിയെ വെട്ടി കീറിയതും ഒരുമിച്ചു . ഒന്ന് വിറച്ചു ഞാൻ ..ലക്ഷ്മി പക്ഷെ അനങ്ങിയില്ല . പതിവിലും ചുവന്ന കവിളുകളും നിറഞ്ഞ മിഴികളും എന്റെ തോൽവിക്ക് കോപ്പു കൂട്ടുന്ന പോലെ ..
" എന്നെ പൊട്ടിയാക്കുവാ കുട്ടേട്ടൻ ... ഇങ്ങടെ എട്ടു വർഷത്തെ പ്രണയ കഥ മുഴുവൻ വായിച്ചിട്ടിരിക്കുവാ ഞാൻ ..ആ എന്നോടാ ഈ പറയുന്നേ .."
ഇല്ല . ലക്ഷ്മി ഇത് വിടില്ല . അവളെ സംബന്ധിച്ചിടത്തോളം ഇത് നിലനിൽപ്പിന്റെ പ്രശ്നമാണ് .. ... കള്ളൻ എന്ന് ആരോപിച്ച് ക്ലാസ്സ് മുറിയിൽ എല്ലാവരുടെയും മുന്നിൽ വെച്ച് പണ്ട് ഗംഗാധരൻ മാഷ് കൈവെള്ളയിൽ ചൂരനാൽ ചുവന്ന പാടുകൾ വരച്ചപ്പോഴും , കരഞ്ഞത് കൈ വേദനിച്ചിട്ടല്ല . തന്റെ നിരപരാധിത്വം തെളിയിക്കാൻ ആവാഞ്ഞിട്ടാണ് . തന്നെ ആരും വിശ്വസിക്കുന്നില്ലല്ലോ എന്ന വേദന .അപമാനം .. അതെ ഇത്തവണ എങ്കിലും എനിക്ക് തെളിയിക്കണം . ഞാൻ നിരപരാധിയാണെന്ന് . ഗംഗാധരൻ മാഷിനെ പിന്നിൽ നിന്നും കല്ലിനു എറിഞ്ഞത് അപമാനം സഹിക്കാഞ്ഞിട്ടു മാത്രമല്ല . സ്വന്തം മകന്റെ തെറ്റ് മറച്ചു വെക്കാൻ എന്നെ കരുവാക്കിയതിനും കൂടിയാണ് .
" ലക്ഷ്മി .. അഭിരാമിയെ എനിക്കറിയില്ല , എന്ന് ഞാൻ പറഞ്ഞത് സത്യമാണ് . അത് പോലെ തന്നെ ആ ഡയറിയും നീ വായിച്ച പ്രണയ കഥയും സത്യമാണ് ... "
പുറത്തു മഴയ്ക്ക് ശക്തികൂടുന്നു .
" പ്രീഡിഗ്രിക്ക് എന്റെ ക്ലാസ്സിൽ പഠിച്ച അഭിരാമി ..ഓരോ ദിവസവും ഓരോ നിറത്തിലുള്ള പട്ടു പാവാടയും ദാവണിയും ഇടുന്ന അഭിരാമി . നന്നായി പാട്ടു പാടുന്ന , നൃത്തം ചെയ്യുന്ന അഭിരാമി . ഈ ലോകത്തെ എല്ലാത്തിനെയും സ്നേഹിച്ച , എല്ലാ മനുഷ്യരോടും സ്നേഹവും പരിഗണനയും കാണിച്ച അഭിരാമി . നെറ്റിയിൽ വരച്ച ചന്ദന കുറിയും ഭസ്മവും , മുടിയിഴയിൽ തിരുകിയ തുളസിക്കതിരും ..ഭൂമിയെ വേദനിപ്പിക്കാതെ പതിയെ ഉള്ള നടത്തവും ... ഒരു ചിരിയിൽ ഏതു കറുത്തവാവും പൗർണ്ണമിയാക്കാൻ മാത്രം സുന്ദരിയായ അഭിരാമി . പിന്നെ പേരിനു .. വല്ലപ്പോഴും മാത്രം രണ്ടു വരി കവിതയെഴുതുന്ന ഞാൻ . ഞങ്ങളുടെ പ്രണയം . ഉദാത്തമായ പരിശുദ്ധമായ ആഴമേറിയ പ്രണയം . എട്ടു വർഷക്കാലം പ്രണയിച്ചിട്ടു ഒരുനാൾ ഒന്നും പറയാതെ എങ്ങോ മറഞ്ഞു പോയ അഭിരാമി . അതിനു ശേഷം കള്ളു കുടിച്ചു , കഞ്ചാവ് വലിച്ചു നടന്ന ഞാൻ ..സ്വയം നഷ്ടപ്പെട്ടു , തെരുവിലും ഓടയിലും കിടന്നുറങ്ങിയ ഞാൻ .. പിന്നെ ഒരുനാൾ അമ്മയുടെ കണ്ണുനീരിൽ അലിഞ്ഞു ജീവിതത്തിലേക്ക് ..
ഇതല്ലേ നീ വായിച്ചറിഞ്ഞതൊക്കെ ....."
ഇതിലെല്ലാം സത്യമാണ് .. ഒന്നൊഴികെ ....അഭിരാമി ..എന്നതൊഴികെ .. "
നിന്റെ ഭർത്താവ് ഒരു മുഴു ഭ്രാന്തനായി കാണാൻ നിനക്കാവില്ല എങ്കിൽ .. ഇനി എന്നോട് ഒന്നും ചോദിക്കരുത് ലക്ഷ്മി ... "
ലക്ഷ്മിക്ക് മുന്നിൽ കൂപ്പി പിടിച്ച കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു . കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . കട്ടിലിലേക്ക് വെട്ടി ഇട്ടതു പോലെ വീണ കുട്ടനോട് പിന്നെ അവൾ ഒന്നും ചോദിച്ചില്ല .
മഴ തുള്ളിയെടുത്തു . ചാറ്റലിന്റെ നനഞ്ഞ താളത്തിനൊപ്പം ലക്ഷ്മി കണ്ണുകൾ അടച്ചു ...ഉറങ്ങാനാവില്ല എന്ന ഉറപ്പിലും ...
**********************
അഭിരാമിയെ തിരയണം . എവിടെ ആണെങ്കിലും കണ്ടെത്തണം . അവർ തമ്മിൽ പിരിയാനുള്ള കാരണം അറിയണം . പക്ഷെ കുട്ടേട്ടനോട് ചോദിക്കാൻ വയ്യ . ആ മനസ്സ് നോവുന്നുണ്ട് .വല്ലാതെ പതറുന്നുണ്ട് .. ഇനിയും വയ്യ ആ മുഖം അങ്ങനെ കാണാൻ . ഒന്നുറപ്പാണ് , കല്യാണം ആലോചിച്ച അന്ന് മുതൽ , ആ നിമിഷം മുതൽ ആ മനസ്സിൽ ഞാൻ മാത്രമേ ഉള്ളൂ .. പക്ഷെ എങ്കിലും ..അത്രമേൽ അത്രയ്ക്ക് സ്നേഹിച്ചിട്ടും .. എന്താകും .. പറ്റില്ല ..കണ്ടു പിടിച്ചേ മതിയാകൂ ...
കുട്ടേട്ടന്റെ ഫോണിൽ നിന്നും കോളേജ് ഫ്രെണ്ട്സിനെ നമ്പറുകൾ തിരഞ്ഞെടുക്കാൻ വളരെ വേഗം കഴിഞ്ഞു . ആദ്യമായാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളെ കുറിച്ച് ഇത്ര അധികം അഭിമാനം തോന്നിയത് .. രണ്ടു പെൺകുട്ടികളെയാണ് വിളിച്ചു നോക്കിയത് .സ്വയം അഭിരാമി ചമഞ്ഞാണ് വിളിച്ചത് ..പക്ഷെ രണ്ടു പേരും അഭിരാമി എന്നൊരാളെ അറിയില്ല എന്ന് പറഞ്ഞു ഫോൺ വെച്ചു .
അഭിരാമിയെ തിരഞ്ഞുള്ള ഓരോ ശ്രമങ്ങളും പാഴാവുകയായിരുന്നു . കുട്ടേട്ടന്റെ കൂടെ പഠിച്ച ആർക്കും അറിയില്ല അഭിരാമി എന്ന സഹപാഠിയെ . പേര് മാറ്റിയതാണോ എന്നറിയാൻ പേര് പറയാതെ ..ദാവണിയും പട്ടു പാവാടയും അടയാളമായി പറഞ്ഞു നോക്കി .അങ്ങനെ ഒരാളെ ആരും അറിയില്ല . തുടർന്നുള്ള ഓരോ രാത്രിയിലും കുട്ടന്റെ ചൂടുള്ള നെഞ്ചിൽ ചേർന്ന് കിടക്കുമ്പോഴും , ഉറക്കം തഴുകാൻ മടിക്കുന്ന ലക്ഷ്മിയുടെ കണ്ണുകളിൽ , വരയിട്ട , ഡയറിതാളിലെ കറുത്ത മഷിയിൽ വിരിഞ്ഞ അക്ഷരങ്ങൾ മുൻപിൽ വരച്ചിട്ട അഭിരാമിയുടെ മുഖമായിരുന്നു ..ചെവിയിൽ മുഴങ്ങിയത് കുട്ടന്റെ വാക്കുകളും ....
" എല്ലാം സത്യമാണ് .. ഒന്നൊഴികെ ....അഭിരാമി ..എന്നതൊഴികെ .."
കുട്ടന്റെ പ്രീഡിഗ്രി ക്ലാസ്സിൽ ആകെ ഇരുപത്തു രണ്ടു പേർ അതിൽ പകുതിയിലധികം പേരെയും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബന്ധപ്പെട്ടു കഴിഞ്ഞു . ഇനി ആ ഗ്രൂപ്പിൽ ഉള്ള ഒരേ ഒരാളാണ് ബാക്കി ഉള്ളത് . ബാല മുരളി .. ആള് പ്രസിദ്ധനായ മനഃശാസ്ത്രജ്ഞനാണ് . പക്ഷെ വാട്സ് ആപ്പ് നമ്പറിൽ വിളിച്ചിട്ടു കിട്ടുന്നില്ല . ആൾ സ്ഥലത്തില്ല .വരട്ടെ ..അയാൾക്കെങ്കിലും എന്തെങ്കിലും അറിയാമായിരിക്കും . കാത്തിരിയ്ക്കായാതെ വേറെ വഴിയില്ലല്ലോ ..
ലക്ഷ്മിയിൽ വന്ന മാറ്റങ്ങൾ ഒന്നും കുട്ടൻ അറിയുന്നേ ഉണ്ടായിരുന്നില്ല . ഒരുപക്ഷെ ലക്ഷ്മി , അത്രമേൽ നന്നായി അഭിനയിച്ചു എന്ന് പറയേണ്ടി വരും . അല്ലെങ്കിലും സ്ത്രീകൾ ഒരു കാര്യം മറച്ചു വെക്കണം എന്ന് തീരുമാനിച്ചു കഴിഞ്ഞാൽ , ദൈവത്തിനു പോലും ആകില്ലല്ലോ അത് അവരെ കൊണ്ട് പറയിക്കാൻ .
മഴയുള്ള ഒരു പകൽ , ഉച്ചകഴിഞ്ഞു ഒന്ന് മയങ്ങാനായാണ് മുറിയിലേക്ക് പോയത് . ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചതാണ് ഈ ഉച്ചയുറക്കം . കുട്ടേട്ടന്റെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോഴും ഇടയിൽ അഭിരാമി ഉറക്കം കളയുന്നു . തുറന്നിട്ട ജനാലയിലൂടെ , മഴപ്പാട്ടിനൊപ്പം നൃത്തം വെക്കുന്ന , കൊടിത്തുമ്പുകൾ . ഇലകൾ , സ്വയം വളരാൻ മാത്രം കഴിയും ഒന്ന് ചലിക്കണമെങ്കിൽ , മഴയോ കാറ്റോ ..അങ്ങനെ ആരെങ്കിലും വേണം ..ചില മനുഷ്യരെ പോലെ ..സ്വയം ഒന്നിനും ആകാത്തവർ , മറ്റാരുടെയോ സഹായത്തിനായി കാത്തിരിയ്ക്കുന്നവർ ..
ഫോണിന്റെ ശബ്ദമാണ് മെല്ലെ ഉറക്കത്തിലേക്കു തെന്നി വീണു കൊണ്ടിരുന്ന ലക്ഷ്മിയെ വിളിച്ചുണർത്തിയത് .പരിചയം ഇല്ലാത്ത നമ്പർ ആണ് . കോൾ എടുത്തു ചെവിയോട് ചേർത്തു ..
"ഹലോ ..ലക്ഷ്മി ....ഞാനാണ് , ബാല മുരളി .. നിന്റെ കുട്ടേട്ടന്റെ ബാലൻ . "
തൊണ്ടയിലെ വെള്ളം പറ്റുന്നത് ലക്ഷ്മി അറിഞ്ഞു ..
" അതെ ഇനി അഭിരാമി ചമഞ്ഞു ..ആരെയും വിളിച്ചു സമയം കളയണ്ടാട്ടോ . നാളെ എന്റെ ക്ലിനിക് വരെ ഒന്ന് വരൂ ..ലക്ഷ്മിയുടെ എല്ലാ ചോദ്യങ്ങൾക്കു ഞാൻ ഉത്തരം നൽകാം ....
"ബാലേട്ടാ ...ഞാൻ ....." ലക്ഷ്മിയുടെ ശബ്ദം വിറച്ചു ..
"പേടിക്കണ്ടാ ലക്ഷ്മിയെ ...ധൈര്യമായി .വന്നോളൂ ..ഉറങ്ങിയിട്ട് കുറെ നാൾ ആയില്ലേ ..നാളെ മുതൽ നന്നായി ഉറങ്ങണ്ടേ .. പോന്നോളൂ ട്ടോ .."
അപ്പുറത്തു കോൾ കട്ടായത് ലക്ഷ്മി അറിഞ്ഞു ........
*************************************
മഴയിൽ നനഞ്ഞു കുതിർന്ന സാരീ ഒതുക്കി പിടിച്ചു കോലായിലേക്കു കയറിയപ്പോൾ ലക്ഷ്മിയുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു . പൂർണ ചന്ദ്ര ശോഭയുള്ള ഒരു ചിരി . കുറെനാളിനു ശേഷം മനസ്സറിഞ്ഞു മുഖത്ത് വിടർന്ന പുഞ്ചിരി . രാത്രിയാകാൻ വല്ലാതെ മനസ്സ് തുടിക്കുന്നത് ലക്ഷ്മി അറിഞ്ഞു . കുട്ടേട്ടൻ വന്നപ്പോൾ , അറിയാതെ അവളും പുറകെ നടന്നു മുറിയിൽ കയറി ഷർട് മാറുമ്പോൾ , ആ നെഞ്ചിൽ കെട്ടിപ്പിടിച്ചു കവിളത്തു ചേർത്തു ചുംബിക്കുമ്പോൾ , കുട്ടൻ ശരിക്കും ഞെട്ടി ..
" പതിവില്ലാതെ എന്താ ലക്ഷ്മിയെ ഇത് .... "
ഒരു ചെറു കടിയും കൊടുത്തു ഉറക്കെ ചിരിച്ചു കൊണ്ട് , പിന്തിരിയുമ്പോൾ അവൾ , കണ്ണടച്ച് കൊണ്ട് പറഞ്ഞു ...
" ഇഷ്ടം കൊണ്ട് .."
അവൾ പോയിട്ടും , കുട്ടൻ ആ നിൽപ്പ് തന്നെ നിന്നു കുറെ നേരം .
*********************************
"ലക്ഷ്മി , ഒരു വ്യക്തി ജീവിതത്തിൽ ഏറ്റവും കൂടുതൽ യുദ്ധം ചെയ്യേണ്ടി വരിക, അയാളോട് തന്നെയാണ്.. തന്റെ കോംപ്ലെക്‌സുകളോടും സാഹചര്യങ്ങളിൽ പൊരുത്തപ്പെടാത്ത മനസ്സിനോടും....
ആ യുദ്ധമാണ് കുട്ടനെ അഭിരാമിയിൽ എത്തിച്ചത് . ഒരുപാട് കോമ്പ്ലെക്സുകളുടെ ഒരു കൂടായിരുന്നു കുട്ടൻ . ഒരുപാട് ചെറുപ്പത്തിലേ കൂട്ട് കൂടാൻ ചെന്ന ഒരു പെൺകുട്ടി കറുമ്പനെന്നും വിക്കനെന്നും പറഞ്ഞു അധിക്ഷേപിച്ചത് ആ മനസ്സിൽ മായാതെ കിടന്നു . പിന്നെ അധികം ആരോടും മിണ്ടാതെ , സൗഹ്രദങ്ങൾ ഇല്ലാതെ ഒരുപാട് കാലം . എനിക്ക് കുട്ടനെ ഒരുപാട് ഇഷ്ടമായിരുന്നു . അയാളുടെ കവിതകൾ ...വളരെ പെട്ടെന്നാണ് അധികം സംസാരിക്കാത്ത കുട്ടൻ വാചാലനായി തുടങ്ങിയത് . ഞങ്ങൾ എല്ലാം ഒരുപാട് സന്തോഷിക്കുകയും ചെയ്തു കുട്ടന്റെ മാറ്റത്തിൽ ...പഠനത്തിന് ശേഷം എനിക്ക് അധികം ആരുമായി ബന്ധവും ഇല്ലായിരുന്നു പഠിച്ചതൊക്കെ പുറത്താണ് .ഒരു രണ്ടു വര്ഷങ്ങള്ക്കു മുൻപ് .. കുട്ടൻ എന്നെ തിരഞ്ഞു വന്നു ..
ഇന്ന് ലക്ഷ്മിയെ പോലെ അന്ന് തന്റെ കുട്ടേട്ടനും ചോദിച്ചത് .അഭിരാമിയെയാണ് ..ഞങ്ങളുടെ കൂടെ പഠിച്ച അഭിരാമിയെ ..
അറിയില്ല എന്ന് പറഞ്ഞു ഒഴിയാൻ എനിക്ക് സാധിക്കില്ലായിരുന്നു . കുട്ടന്റെ കണ്ണുകളിൽ അയാൾക്ക് എന്നെ ആവശ്യം ഉണ്ടെന്നു എനിക്ക് തോന്നിച്ചു . ഒരുപാട് നിർബന്ധിച്ചിട്ടാണ് അയാൾ അഭിരാമിയും അയാളും തമ്മിലുള്ള പ്രണയത്തിന്റെ കഥകൾ എന്നോട് പറഞ്ഞത് ..പിന്നെ പിന്നെ ഓരോ വരവിലും അയാളുടെ കൂടെ താൻ പറഞ്ഞ ഡയറിയും ഉണ്ടാകും . അഭിരാമിയുടെ തിരോധാനം അയാളുടെ മാനസിക നില തെറ്റിക്കുന്നു എന്ന് ...
പക്ഷെ ..ലക്ഷ്മി ..അയാൾ അറിഞ്ഞില്ല ..എന്റെ മുന്നിൽ വരുന്നതിനു എത്രയോ മുൻപ് തന്നെ അയാളുടെ മാനസിക നില ആകെ തകിടം മറിഞ്ഞു എന്ന് ... "
ലക്ഷ്മി ഒന്നു ഞെട്ടി ..
"കാരണം , ക്ലാസ്സിൽ അഭിരാമി എന്നൊരു പെൺകുട്ടി ഞങ്ങളുടെ ക്ലാസ്സിൽ ഇല്ലായിരുന്നു . അഭിരാമി അവന്റെ മനസ്സിൽ മാത്രമായിരുന്നു .ഒറ്റപ്പെടലുകൾക്കു താങ്ങായി അയാൾ കണ്ടെത്തിയ ഒരു മുഖം . അവൾക്കു അയാൾ പാർവതിയുടെ മറ്റൊരു പേരായ അഭിരാമി എന്ന പേര് നൽകി .ഞങ്ങൾക്കൊപ്പം അയാൾ അഭിരാമിയെയും കണ്ടു ."
കല്യാണ ആലോചനകൾ വന്നു തുടങ്ങിയപ്പോഴാണ് കുട്ടന് അഭിരാമിയെ നഷ്ടമായത് .. അബോധ മനസ്സും ബോധ മനസ്സും തമ്മിലുള്ള ഒരു വടം വലി . അവസാനം അയാളുടെ മനസ്സിലെ സാങ്കൽപ്പിക രൂപമായ അഭിരാമിയിൽ നിന്നും രക്ഷപ്പെടാൻ മറ്റൊരു തന്ത്രം ..അതാണ് ആ ബ്രേക്ക് അപ്പ് .."
തന്നെ മിഴിച്ചു നോക്കി ഇരിക്കുന്ന ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി . ഡോക്ടർ : ബാലമുരളി ചിരിച്ചു ..
" താൻ പേടിക്കണ്ടെടോ ..അയാൾക്ക് ഭ്രാന്തൊന്നും ഇല്ല .. അയാളുടെ പ്രശ്നങ്ങൾക്ക് അയാൾ കണ്ടെത്തിയ ഒരു മരുന്നായിരുന്നു ..ഈ അഭിരാമി . എല്ലാ പ്രശ്നങ്ങളുടെയും അവസാനമായി താൻ വന്നപ്പോൾ , അയാൾ തന്നെ അതങ്ങു നിർത്തി .അത്ര തന്നെ .. "
"പിന്നെ കുട്ടന്റെ ബോധ മനസ്സിന് ഈ അഭിരാമിയെ വല്യ കാര്യമായി ഒന്നും അറിയില്ല . താൻ ഇനി ചോദിക്കുകയും വേണ്ടാ . അയാൾ കണ്ട ഒരു സ്വപ്നം മാത്രമായേ അയാൾക്ക് അഭിരാമിയെ അറിയൂ .. ആറു മാസത്തെ കൗൺസിലിങ് ..നൗ ഹി ഈസ് പെര്ഫെക്റ്റ്ലി ആൾറൈറ് ..അയാളുടെ മനസ്സിൽ താൻ മാത്രമേ ഉള്ളൂടോ ... "
"തനിക്ക് അത്ഭുതം തോന്നുന്നുണ്ടോ.. ഇതു പോലെ ഒരുപാട് ഒളിച്ചു കളികളുടെ ആകത്തുകയാണെടോ നമ്മുടെയൊക്കെ മനസ്സ് "
ഡോകട്ർ ബാലമുരളിക്ക്‌ കണ്ണീരിൽ കുതിർന്ന ഒരു ചിരിയും സമ്മാനിച്ചു ലക്ഷ്മി പുറത്തേക്കിറങ്ങി . വരുമ്പോൾ മൂടി നിന്ന ആകാശം ഇപ്പോൾ തുള്ളിക്ക് ഒരു കുടമായി പെയ്യുന്നുണ്ട് ..കറുത്തിരുണ്ട ആകാശത്തിൽ വെള്ള മേഘങ്ങൾ കുട നിവർത്തുന്നു . ലക്ഷ്മി മഴയിലേക്കിറങ്ങി ...........
**************************************
ഒരുപാട് നാളുകൾക്കു ശേഷമാണ് , ലക്ഷ്മി ഇത്രമേൽ ശക്തിയായ തന്നിൽ ആഴ്ന്നിറങ്ങുന്നതു . കോരി ചൊരിയുന്ന മഴയത്തും അവൾ വിയർത്തിരുന്നു . നഖങ്ങൾ കൊണ്ട് ശരീരം എവിടെയൊക്കെയോ നീറുന്നുണ്ട് . ലക്ഷ്മിക്ക് നേരെ മുഖം തിരിച്ചു ആ മുഖത്തേയ്ക്കു നോക്കി കിടക്കുമ്പോൾ , ഈ ജന്മം മുഴുവൻ ഇങ്ങനെ കിടക്കാനാണ് കുട്ടന് തോന്നിയത് .നനഞ്ഞ പനിനീർപ്പൂ പോലത്തെ ആ ചുണ്ടിൽ ചെറുതായി ഒന്ന് ചുംബിച്ചു . നനവ് ..ചുണ്ടിനും , മനസ്സിനും ..
കൈ നീട്ടി ,അയാൾ തന്റെ മൊബൈൽ എടുത്തു . ബാലന്റെ നമ്പറിലേക്ക് " താങ്ക്സ് ബാലാ " എന്ന് മെസ്സേജ് അയച്ചു .അപ്പോൾ തന്നെ അത് ഡിലീറ്റും ചെയ്തു .അവൻ റിപ്ലൈ അയക്കില്ല കുട്ടന് നന്നായി അറിയാം .
ലക്ഷ്മിയുടെ അരികിലേക്ക് ചേർന്ന് കിടന്നു ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു . നെറുകയിൽ ഒരുമ്മ . മുറ്റത്തു മഴയുടെ ചുംബനം കൊണ്ടൊരു പനിനീർപ്പൂവ് മെല്ലെ ചിരിച്ചു .
ആരോ ചങ്ങലക്കിട്ട ഇരുട്ടിന്റെ ആഴങ്ങളിൽ എവിടെയോ ഇരുന്നു ഒരു ആത്മാവ് ശബ്ദമില്ലാതെ അപ്പോഴും അഭിരാമിയെ തിരയുന്നുണ്ടായിരുന്നു ...........!!!
എബിൻ മാത്യു .
ആശയം കടപ്പാട് : എന്റെ നല്ല പാതിയ്ക്ക് ..!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo