ടോക്കൺ നമ്പർ 36... ഞങ്ങൾ ഡോക്ടറിന്റെ മുറിയിലേക്ക് ചെന്നു. എന്റെ മുഖത്ത് പുഞ്ചിരിയുണ്ട് പക്ഷേ ഒരു പേടിയും. എന്നാൽ ഭർത്താവിന്റെ മുഖത്ത് ദേഷ്യം പുച്ഛം ഭയം എല്ലാം കൂടിയുള്ള പുഞ്ചിരി. ഡോക്ടർ സുരേഷ് ഞങ്ങളുടെ സുഹൃത്ത് കൂടിയാണ്. പക്ഷേ അന്ന് ഒരു ശത്രുവിനെപോലെയാണ് എനിക്ക് തോന്നിയത്. റിപ്പോർട്ട് എടുത്തു അദ്ദേഹം.
"ഭക്ഷണത്തിനു മുമ്പ് ഷുഗര്‍
150 നു മേലും ഭക്ഷണശേഷം 250 നു മേലും...... വളരെ കുറവാണല്ലോ? പുച്ഛത്തോടെ പറഞ്ഞു കഴിഞ്ഞ തവണ ഞാൻ പറഞ്ഞതല്ലേ ഫുഡ് കൺട്രോൾ ചെയ്യണമെന്നും ചെറിയ വ്യായാമങ്ങൾ ചെയ്യണമെന്നും? അതാ ഞാൻ മരുന്നൊന്നും തരാത്തത്. ഇപ്രാവശ്യം എനിക്ക് മറ്റൊരു മാർഗ്ഗവുമില്ല സ്ട്രിക്ട് ആയിട്ട് ഡയറ്റ് നോക്കിയാലേ പറ്റൂ. കൂട്ടത്തിൽ വ്യായാമവും മരുന്നും." സുരേഷ് കമ്പ്യൂട്ടറിൽ നോക്കി. പിന്നെയും ഹസ്ബന്റിനെ നോക്കി പറഞ്ഞു"നന്നയിട്ടു ശ്രദ്ധിച്ചോള്ളൂ ചോറ് വേണ്ട മുഴുവനായിട്ടു നിർത്തിക്കോ അല്ലെങ്കിൽ പ്രശനം ഗുരുതരമാകും." ഞാൻ ജീവശവമായതു പോലെ തോന്നി...ചോറ് കഴിക്കരുതെന്നോ?
മതിയല്ലോ ഇതു കൂടി കേൾക്കേണ്ട താമസം അതിയാൻ തുടങ്ങി...
"സുരേഷേ കുട്ടികളാണേൽ അടികൊടുക്കാം ഈ പോത്തിനോട് എന്താ പറയുക? രാവിലെ പഴം ചോറു വേണം അല്ലെങ്കിൽ കൈവിറയ്ക്കുമെന്ന പറയുന്നേ. പിന്നെ ഇടയ്ക്കു ഇടയ്ക്കു നമ്മൾ ചിപ്സ് ഒക്കെ കഴിക്കുന്നത് പോലെ ചോറ് കഴിക്കും. രാത്രി എവിടെ പോയി കഴിച്ചാലും വീട്ടിൽ വന്നിട്ട് ചോറു കഴിക്കും. അതും പച്ച ചോറ്. സുരേഷ് ഒരു ഹെല്പ് കൂടി ചെയ്യണം ഒരു സൈക്കാട്രിസ്റ്റിനെ കൂടി റെഫർ ചെയ്യണം. ഇവൾക്ക് വട്ട ചോറിനോടുള്ള ആർത്തി മൂത്ത വട്ടു.
സുരേഷ് കുറെ മരുന്നുകളും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളുടെ ലിസ്റ്റും എക്സിർസിസ് എത്ര മണിക്കൂർ ചെയ്യണമെന്നും ഒക്കെ പറഞ്ഞു. പിന്നെ മലയാളികളുടെ staple food ആയ ചോറിനെ കുറെ കുറ്റം പറഞ്ഞു. ഒക്കെ കഴിഞ്ഞു കാറിൽ കയറിയപ്പോൾ മുതൽ തുടങ്ങിയതാ അതിയാന്റെ ചാട്ടം.
"ഇനി നീ ചോറു തൊട്ടുപോകരുത്. മതി നിന്റെ ചോറ് കഴിക്കൽ. ഒരു വർഷം കൊണ്ട് പറയുന്നത ഷുഗർ എത്രയെന്നറിയാല്ലോ. ഇനി വീട്ടിൽ അരി വാങ്ങണ്ട
" ആദ്യമൊക്കെ ഞാൻ ശ്രദ്ധയുള്ള കുട്ടിയെ പോലെ കേട്ടു. പിന്നെ ക്ലാസ്സിൽ ടീച്ചർമാർ എന്തോ പറയുന്നു നമ്മൾ എവിടെയോ പോകുന്നത് പോലെ ഞാനും പോയി.....ഞാൻ എന്താ ചെയ്ക ചോറ് എന്റെ ചോറ് ഇനി കഴിക്കാൻ പാടില്ലെന്നോ?
പാവം ചോറ്... എന്നാണ് എന്റെ ചോറിനോടുള്ള പ്രണയം തുടങ്ങിയത് എന്നറിയില്ല. എനിക്ക് തോന്നുന്നത് ആറാം മാസം ചോറൂണ് ചടങ്ങു മുതൽ തുടങ്ങി എന്നാണ്. പിന്നെ മെല്ലെ മെല്ലെ ഞാൻ എപ്പോഴു അറിയാതെ ചോറുമായി വല്ലാതെ അടുത്തു. ചെറുപ്പത്തിൽ എല്ലാ സ്കൂൾ വെക്കേഷനും കോട്ടയത്ത് അപ്പൂപ്പന്റയും അമ്മുയുടെയും അടുത്തു പോയി നിൽക്കുമായിരുന്നു. അവിടെ എന്നും രാത്രി ചോറാണ്. അമ്മുമ്മയുടെ രുചിയുള്ള കറികളും അപ്പൂപ്പന്റെ കൂടെ ഇരുന്നു തമാശ പറഞ്ഞുള്ള കഴിക്കലും കൂടുതൽ എന്നെ ചോറിനോട് അടുപ്പിച്ചു. പിരിയാൻ കഴിയില്ല എന്ന് തോന്നിയത് പ്രീ ഡിഗ്രിക്ക് ഹോസ്റ്റലിൽ നിന്നപ്പോഴാണ്. രാവിലെത്തെ അങ്ങോട്ടെറിഞ്ഞാൽ ഇങ്ങോട്ടു വരുന്ന ഇഡലി ഒഴിവാക്കാൻ ഉച്ചയ്ക്ക് വയ്ക്കുന്ന ചോറു കഞ്ഞിയാക്കി കുടിക്കാൻ തുടങ്ങിയപ്പോഴാണ്. രാത്രിയും ചോറും അച്ചാറും മാത്രം കൂട്ടിയുള്ള കൂട്ടുകാരുമൊത്തുള്ള
അത്താഴം.
ചോറിനു എന്നെയും എനിക്ക് ചോറിനേയും വിട്ടുപിരിയാൻ പറ്റില്ല എന്ന് അവ്സഥ എത്തി. അങ്ങനെ രാവിലെ ഉച്ചയ്ക്ക് രാത്രി ഇങ്ങനെ പോയി ഞങ്ങളുടെ കൂടിക്കാഴ്ച. 'കഞ്ഞി' എന്ന് ഹോസ്റ്റലിൽ ഫ്രണ്ട്സ് കളിയാക്കി വിളിച്ചപ്പോഴും ഞാൻ സന്തോഷിച്ചു. കഞ്ഞി എന്ന് പറഞ്ഞുമ്പോൾ തന്നെ കഴിക്കാൻ തോന്നി. വർഷങ്ങൾ പെട്ടന്ന് പോകുമല്ലോ... അങ്ങനെ കല്യാണം കഴിച്ചു ആദ്യ നാളുകളിൽ വിരുന്നിനൊക്കെ പോകുമ്പോൾ അവിടെയത്തെ അമ്മായിമാരോടും ഏട്ടത്തിമാരോടും ചോറ് ചോദിച്ചു വാങ്ങി കഴിച്ചു. അവർക്കു ഞാൻ ഒരു അടക്കമുള്ള കുട്ടിയായി തോന്നിയിരിക്കണം. യഥാർത്ഥ ജീവിതത്തിൽ ചോറിനോടുള്ള പ്രണയം ഞാൻ മറച്ചു വയ്ച്ചു.
വിരുന്നൊക്കെ കഴിഞ്ഞു...സ്വന്തം വീട്ടിൽ ആഹാരം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ രാവിലെ തന്നെ ചായക്ക് വെള്ളം ഗ്യാസിൽ വയ്ക്കുന്നതിനോടൊപ്പം അടുത്ത അടുപ്പിൽ ചോറിനു വെള്ളം വയ്ച്ചു തുടങ്ങി. ആദ്യമൊന്നും എന്റെ ഭർത്താവു ഇതൊന്നും ശ്രദ്ധിച്ചില്ല. പക്ഷേ ചോറ് എനിക്കിഷ്ടമാണ് എന്നറിയാമായിരുന്നു. വീണ്ടും വർഷം കടന്നു പോയി എന്റെ പ്രാണയത്തിന്റെ തീവ്രത കൂടിയതല്ലാതെ കുറഞ്ഞില്ല. അരി തീരാറാകുമ്പോൾ മറക്കാതെ വാങ്ങും. മോളുണ്ടായി മോനും ഉണ്ടായി...അവർ വളർന്നു...ഞാനും വളർന്നു അതായതു എന്റെ ശരീരം ...ചുരിദാർ ഇടുമ്പോൾ ലൂസ് ആയിട്ടുള്ളത് ഇട്ടില്ലെങ്കിൽ വൃത്തികേടായി തോന്നി തുടങ്ങി. അതൊന്നും എന്റെ പ്രണയത്തെ ബാധിച്ചില്ല. പലരും ഞാൻ ഗർഭിണിയാണോ എന്ന് വരെ ചോദിച്ചു. അതിയാൻ തടി കുറയ്ക്കാൻ പറഞ്ഞു. മോൾ സ്കൂളിൽ ഓപ്പൺ ഹൗസിനു വരുമ്പോൾ സാരി കുടുതൽ മതി ചുരിദാർ വേണ്ട എന്ന് പറഞ്ഞു... ഇല്ല ആര് എന്തൊക്കെ പറഞ്ഞിട്ടും ചോറിനെ സ്നേഹിച്ചു വീണ്ടും വീണ്ടും
മോളുടെ കല്യാണം കഴിഞ്ഞു മോന് കല്യാണം ആലോചിക്കുന്നു... എന്നിട്ടും എന്റെ പ്രണയം പോയില്ല...അത് പൂത്തുലഞ്ഞു...രാവിലെ വെള്ളച്ചോറു കണ്ടില്ലെങ്കിൽ ഒരു തരം പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി...
കഴിഞ്ഞ കൊല്ലം എനിക്ക് വല്ലാത്ത ക്ഷീണവും ദാഹവും വെറുതെ ഒരു ചെക്ക് അപ്പിനു പോയി. വില്ലനായി ഷുഗർ വന്നിരിക്കുന്നു. അമ്പതു വയസു വരെ ആരും എന്റെ പ്രണയത്തിനു എതിര് നിന്നില്ല... ഞങ്ങൾ (ഞാനും ചോറും) ആരെയുംകൊണ്ട് ഒന്നും പറയിക്കാതെ ജീവിക്കുകയായിരുന്നു. കല്യാണം കഴിഞ്ഞു പലപ്പോഴായി ഭർത്താവു വിദേശരാജ്യങ്ങളിൽ ഞാൻ ഇല്ലാതെ പോയപ്പോഴും വിഷമം തോന്നിയിട്ടില്ല.അന്ന് ആദ്യമായി ഷുഗർ ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ചോറ് കഴിക്കുന്നത് കുറയ്ക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ വിങ്ങിപ്പൊട്ടി... എങ്ങനെ ഞാൻ ചോറിനെ മറക്കും?
എന്നിട്ടും ഒരു വർഷം ആരും അറിയാതെ ഞാൻ പ്രണയിച്ചു എന്റെ സ്വന്തം ചോറിനെ...ഇപ്പൊ ഇതാ ചോറ് കഴിക്കാനെ പാടില്ലായെന്നു. അപ്പോഴേക്കും വീട് എത്തി. കലങ്ങിയ കണ്ണ് തുടച്ചു ഞാൻ അകത്തേക്ക് കയറി. ചോറിന്റെ മണം വരുന്നു. അപ്പോഴേക്കും അതിയാൻ അടുക്കളയിലേക്കു ചെന്നു എന്നിട്ടു പണിക്കു വന്ന ആ പെണ്ണിനോട് പറഞ്ഞു " നീ ഈ ചോറ് വീട്ടിൽ കൊണ്ട് പൊയ്ക്കോ അത് പോലെ ഇവിടെ ഇരിക്കുന്ന അരി മുഴുവനും നീ എടുത്തോ. പോകുന്നതിനു മുൻപ് ചപ്പാത്തി ഉണ്ടാക്കി വായ്ക്ക്. നാളെ മുതൽ ഇവിടെ ചോറ് വേണ്ട കേട്ടല്ലോ?
എന്റെ പ്രണയത്തെ ക്രൂരമായി അടിച്ചമർത്തി...അതിയാൻ അടുക്കളയിൽ നിന്നും പോയപ്പോൾ ഞാൻ ചെന്നു അവസാനമായി ഒന്ന് കാണാൻ ഒന്ന് കഴിക്കാൻ. അവസാനമായി ഒരു പിടി ചോറു വായിൽ ഇട്ടു കണ്ണ് നനഞ്ഞു പോയി. മെല്ലെ തിരിഞ്ഞു നോക്കാത്തെ ഞാൻ പോയി. അന്ന് മുതൽ ചപ്പാത്തിയായി ഞങ്ങളുടെ വീട്ടിൽ. പക്ഷെ മനസിന്റെ ഏതോ കോണിൽ എനിക്കറിയാമായിരുന്നു എന്റെ പ്രണയം സത്യമാണെങ്കിൽ തിരിച്ചു കിട്ടും എന്ന്.
കുറച്ചു മാസങ്ങൾ കഴിഞ്ഞു എന്റെ ഷുഗർ കുറഞ്ഞു തുടങ്ങി സുരേഷ് ഡോക്ടർ ഹാപ്പിയായി. അതിയാനും ഹാപ്പി. കൊള്ളാം നല്ലതുപോലെ കുറഞ്ഞു. ഇനി മരുന്ന് വേണ്ട പക്ഷേ ഡെയ്റ്റ് നോക്കണം. ഞാൻ ഒരു പ്രണയിനിയെ പോലെ ചെറിയ നാണത്തോടുള്ള ചിരിയോടെ സുരേഷിനോട് ചോദിച്ചു "ഇനി ചോറ് കഴിക്കാമോ?"
കഴിക്കാം പക്ഷേ അധികമാവരുത്. എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി പക്ഷേ കാണിച്ചില്ല. അതിയനോട് കാറിൽ കയറിയപ്പോൾ പതുക്കെ പറഞ്ഞു ഒരു കിലോ അരി വാങ്ങാം. ഞാൻ കുറച്ചേ കഴിക്കു. ഭാഗ്യം അദ്ദേഹം ചിരിച്ചു പോകുന്ന വഴി വാങ്ങി. വീട്ടിൽ എത്തിയതും ഞാൻ അടുക്കളയിലേക്കു പോയി. അവിടെ നിക്കുന്ന പെണ്ണിനോട് പറഞ്ഞു" പെട്ടെന്ന് ഒരു ഗ്ലാസ് അരി എടുത്തു കുക്കറിൽ ഇട." പെണ്ണ് ഉടനെ അയ്യോ ചേച്ചി കഴിക്കാൻ പാടില്ല. എനിക്ക് അരിശം വന്നെങ്കിലും ചിരിയോടെ ഞാൻ പറഞ്ഞു ഷുഗർ പോയടി..നീ പെട്ടെന്ന് വയ്ക്കു...
ഒരു മണിക്കൂർ കഴിഞ്ഞു കുക്കർ തുറന്നു...എന്റെ സാറെ പിന്നെ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല ... ചോറ് മാത്രം..... എന്റെ പ്രണയം...ആദ്യത്തെ പ്രണയം.....വീണ്ടും കിട്ടിയിരിക്കുന്നു...
By: Devika Ramachandran

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക