Slider

മതം

0
Image may contain: Arunkumar Venugopal and Revathy Arunkumar


നല്ല ഉറക്കത്തിലായിരുന്ന മമ്മദിനെ ഇന്നലെ മരിച്ച് പോയ നാരായണൻ നമ്പൂരി സ്വപ്നത്തിൽ വന്ന് ഉരുട്ടി വിളിച്ചുണർത്തി.
ഒന്ന് ഞെട്ടിയെങ്കിലും നടപ്പാതിരാക്ക് വന്നു കയറിയ നമ്പൂരിച്ചന്റെ പ്രേതം ഉപദ്രവിക്കില്ലെന്ന് അള്ളാനെ പിടിച്ച് സത്യം ചെയ്ത് പറഞ്ഞപ്പോ മ്മടെ മമ്മദ് ഞെട്ടി.
" അളാ ന്നോ, ങ്ങള് മയത്തായി പ്രേതായപ്പോ മതം മാനീ നോ നബൂരിച്ചാ? അതോ ഞമ്മള് കിനാവ് കാണുന്നതാണോ?"
മമ്മദ് സ്വയം തുടയിൽ ഒന്ന് നുള്ളി നോക്കി.
"ബേദന ണ്ട്, സ്വപ്നോ ല്ല... നമ്പൂരിച്ചൻ പ്രേതം ഒറിജിനലാ " മമ്മദിന്റെ ആത്മഗദം...
മൂക്കില് പഞ്ഞിയൊക്കെ വച്ച് മേലാസകലം ചന്ദനവും ഭസ്മവും ഒക്കെപൂശി സുന്ദര കുട്ടപ്പനായിട്ട് നമ്പൂരിച്ചൻ പ്രേതം മമ്മദിന്റെ കട്ടിലിനിരക്കിൽ വന്നിരുന്നു. എന്നിട്ട് പറഞ്ഞു "അള്ളാ ,കാത്തോളണേ"
മമ്മദ് ഞെട്ടി പിടഞ്ഞെണീക്കാൻ നോക്കി.
ഇല്ല ,സാധിക്കുന്നില്ല. ശരീരം തളർന്നത് പോലെ. കിടന്ന കിടത്തത്തിൽ മമ്മദ് വിളിച്ചുകൂവി " ന്റെ റബ്ബേ, പിശാച്... തമ്പുരാനെ പിശാച് " . പക്ഷേ , ശബ്ദം പുറത്തേക്കു വരുന്നില്ല .
നമ്പൂരിച്ചൻ പതിയെ മമ്മദിന്റെ കൈയ്യിൽ തൊട്ടു. " മമ്മദേ, അധികം നേരമെടുക്കില്ല ,വിഷമിക്കണ്ട "
മമ്മദ് ചോദിച്ചു. "എന്തേനു നമ്പൂരിച്ചാ, ങ്ങള് പാതിരാത്രി ബന്ന് പിച്ചും പേയും പറേണത് ?" .
നമ്പൂരിച്ചൻ പറഞ്ഞു. "എന്റെ മമ്മദെ, നീ മരിക്കാൻ പോവ്വാണ്. ഇത്തിരി മുമ്പ് കഴിച്ച പോത്തിറച്ചിയിൽ അതിനുള്ള വിഷം നിന്റെ മൂന്നാമത്തെ ഭാര്യയുടെ രണ്ടാമത്തെ ചെറുക്കൻ ചേർത്തിട്ടുണ്ട്. നിന്നെ കൊണ്ടു പോകാനായി ദേ കാലൻ അപ്പുറത്ത് നിൽക്കുന്നു ".
മമ്മദ് തിരിഞ്ഞു നോക്കി. തലക്കും ഭാഗത്ത് ഒരു പോത്ത്.
" എമ്പടി തൂക്കണ്ടല്ലോ നമ്പൂരിച്ചാ ഈ പോത്തിന്. ന്റെ നാലാമത്തെ നിക്കാഹിന് അറുത്താ സുഖായിരുന്ന് തിന്നാരുന്ന്..." പറഞ്ഞത് മനസിലായിട്ടെന്ന പോലെ കാലന്റെ പോത്ത് ഞെട്ടി പിന്നോട്ട് മാറി. അടുത്തിരുന്ന ഒരു കറുത്ത രൂപം പെട്ടെന്ന് പോത്തിന്റെ കയറിൽ പിടിച്ചു നിർത്തി കൊണ്ട് മമ്മദിനോട് പറഞ്ഞു " അടങ്ങി കിടക്ക് ശവീ, വെറുതെ എന്റെ പോത്തിനെ പേടിപ്പിക്കാതെ " .
മമ്മദ് അപ്പോഴാണ് കാലനെ ശരിക്ക് കണ്ടത്.
"നമ്പൂരി ശാ , അപ്പോ ഇതാണോ ങ്ങടെ കാലൻ , പടച്ചോനെ ... ഓനെ കണ്ടാ തന്നെ ജീവൻ പോവൂല്ലാ ''.
നമ്പൂരി : മമ്മദേ , കാലൻ നിങ്ങളെ കൊണ്ടുപോകാൻ വന്നതാണ്.
മമ്മദ്: ന്താപ്പോ കാര്യം, ഒരാഴ്ച്ചകഴിഞ്ഞാ മ്മടെ നാലാം നിക്കാഹാണ്... അതിന്റെ തിരക്കിനിടക്കാണ് മോനെ കാലാ ,ജ് അന്റ പോത്തുമായി കേറണത് . ബിട്ടോളീ... ബണ്ടി ബിട്ടോളി ....
കാലൻ: മമദേ, മതി... ബാ... പോയെക്കാം
മമ്മദ്: എങ്ങട്ട്? ന്റ നിക്കാഹ്....
കാലൻ കയറ് പിരിച്ചു കൊണ്ടു പറഞ്ഞു.
"മമ്മദേ, നിനക്കീ ഭൂമിയിലുള്ള സമയം കഴിഞ്ഞിരിക്കുന്നു. നരകം നിന്നെ കാത്തിരിക്കുന്നു."
മമ്മദ്: കാലാ... കള്ള..ഹിമാറെ... ന്റ മേത്ത് തൊട്ടാ അന്നെ ന്റെ പടച്ചോന്റേ മലുക്കുകള്
സൂപ്പാക്കി കളയും ,നോക്കി നോ നീ...
നമ്പൂരി: മമ്മദേ, ഈ നിൽക്കുന്നതാണോ നിന്റെ മലക്കുകൾ?
മമ്മദ് തല വെട്ടിച്ച് നോക്കി.
മലക്കുകൾ നമ്പൂരിച്ചന്റെ തോളിൽ കൈയ്യിട്ട് നിൽക്കുന്നു.
" അ ... അ... ആ ,അയ്ശരി , ങ്ങള് ല്ലാം ഒത്തോണ്ടല്ലേ.. ങ്ങള് മുസ്ളീം അല്ലേ, ന്ത് നാ നബൂരി ശന്റെ മേലെ കൈയ്യിട്ടേക്കുന്നത്?
നമ്പൂരി: മമ്മ ദേ, നീ മുസ്ലീമല്ല... ഞാൻ ഹിന്ദുവുമല്ല...
മമ്മദ്: പിലോ ചപ്പി...
നമ്പൂരി: അല്ല മമ്മ ദേ, മ്മടെ നേഴ്സ് മറിയാമ്മ പറിച്ച പണിയാണ്. ഞാനാണ് നിന്റെ ഉമ്മയുടെ യഥാർത്ഥ മകൻ .
നീ ഉണ്ടായ ഉടനെ നിന്നെ എടുത്ത് എന്റെ വാപ്പാന്റെ കൈയ്യിൽ കൊടുത്തു. എന്നെ നിന്റെ അച്ഛൻ തിരുമേനീ ടെ കൈയ്യിലും .
മറിയാമ്മക്ക് പറ്റിയ ഒരു കൈയ്യബദ്ധം ...
നീ നമ്പൂരിയാണ്ടേനു പകരം മുസ്ളിമായി പള്ളീലെ മുക്രിയായി.
ഞാൻ മുസ്ളിമാ കണ്ടതിന് പകരം അമ്പലത്തിലെ ശാന്തിയുമായി. ചത്ത് ചെന്നപ്പളാ അറിയുന്നത് കണക്ക് ബോധിപ്പിക്കണ്ടയിടം മാറിപ്പോയെന്ന്.
മമ്മദ് ഞെട്ടി വിയർത്തു." അള്ളാ പടച്ചോനാണെ ഞമ്മള് സമ്മതിക്കൂല... ങ്ങള് കള്ളം പറയുന്നതാ നമ്പൂരിശാ "
പോത്തിന്റെ പുറത്ത് ഇരുന്ന് കാലൻ കാലം റീവൈന്റ് ചെയ്ത് കാണിച്ചു.
മമ്മദിന് മുൻപിൽ ഫുള്ള് HD യിൽ പഴയ കാലം മിന്നിമറയുന്നു .
ദേണ്ടെ നേഴ്സ് മറിയാമ്മക്ക് അബദ്ധം പറ്റുന്നു. പണി പാളിയിരിക്കുന്നു എന്ന് മമ്മദിന് മനസിലായി.
കാലൻ TV off ചെയ്ത് പറഞ്ഞു "എന്നാ, മമ്മദേ... വരുവല്ലേ..."
മമ്മദിന്റെ ശ്വാസം നിലച്ചു... ശരീരത്തിൽ നിന്നും സ്വതന്ത്രനായ മമ്മദിന്റെ ആത്മാവിനെ കാലൻ കയറിട്ട് പിടിച്ചു.
മലക്കുകളുടെ കൈ പിടിച്ച് നമ്പൂരിയച്ചന്റെ ആത്മാവ് മുകളിലേക്ക് പറന്നു.
കാലന്റെേ പോത്തിന്റെ പുറത്ത് കേറി പരലോകത്ത് പോണ മമ്മദ് കാലന്റ ചെവിയിൽ പതിയെ ചോദിച്ച്
"ങ്ങള് സ്വർഗ്ഗത്തിലെക്കാ? നരകത്തിലെക്കാ ?".
"നരകത്തിലേക്ക് "കാലൻ പറഞ്ഞു ,
മമ്മദ് നടുങ്ങി അള്ളാനെ വിളിച്ചു.
ജൻമ ശീലം മാറ്റാനൊക്കില്ലല്ലോ.
"ന്നാലും ന്റ നഴ്സ് സേ ,ബല്ലാത്ത ചെയ്ത്തായിപ്പോയി "
മമ്മദ് പിറുപിറുത്തു കൊണ്ടിരുന്നു.
" ങ്ങട് സ്വർഗ്ഗത്തില് ഹൂറി മാര് ഉണ്ടാ ? ബ്ര മ്മാ ബ് , വിഷ്ണു, ശിവൻ , ഇതിൽ ആരെ പിടിച്ചാൽ മ്മടെ ശിക്ഷേന്റെ കാലാവദി ഒന്ന് കുറച്ച് സ്വർഗ്ഗത്തില് പോകാനാകും , അബടെ പോത്തിറച്ചി കിട്ടുമോ ...?
മമ്മദിന്റെ സംശയങ്ങൾ തീരുന്നില്ല...
പറുദീസയിലിരുന്ന് മറിയാമ്മ സിസ്റ്റർ മമ്മദിനെ ചിരിച്ച് കൈ വീശി കാണിച്ചു.
മമദ് കാലനോട് ചോദിച്ചു "ഇമ്മാതിരി മറ്റെ പണി ചെയ്തിട്ട് ഓൾക്ക് ന്താ കാലാ സ്വർഗ്ഗം കിട്ടിനെ ?"
കാലൻ പറഞ്ഞു " മമ്മദേ, ഒരു നേഴ്സ് വിചാരിച്ചാ മാറ്റാൻ പറ്റുന്ന അച്ഛനും അമ്മയും മതവുമേ മനുഷ്യനുള്ളൂന്ന് മനസ്സിലാക്കി കൊടുത്തതിനാണ് അവർക്ക് സ്വർഗ്ഗം കിട്ടിയത് ".
മമ്മദ് മനസിപ്പറഞ്ഞു "അള്ളാ, ഗുരുവായൂരപ്പാ കാത്തോളണെ "
സ്നേഹപൂർവ്വം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo