By: Abdul Hakeem
രാത്രി പന്ത്രണ്ടു മണി ആയിട്ടും എനിക്ക് ഉറക്കം വന്നില്ല. ലൈറ്റ് ഓഫ് ചെയ്ത് മൊബൈലിന്റെ നീല വെളിച്ചം നോക്കി കിടക്കുമ്പോൾ പെട്ടെന്നു ഫേസ്ബുക്കിൽ നിന്നും നോട്ടിഫിക്കേഷൻ വന്നു. ഞാൻ പെട്ടെന്ന് തന്നെ ഓപ്പൺ ചെയ്തു. മുപ്പത്തി അയ്യായിരം ലൈക് കവിഞ്ഞു.
ഇത്തിരി കൂടെ നന്നാക്കി എഴുതാമായിരുന്നു. നിർഭയയുടെ ഓർമ ദിവസം താനിട്ട പോസ്റ്റിനു കീഴെ എത്രായിരം കമന്റുകൾ. ആയിരക്കണക്കിന് ലൈക്സ്. തന്റെ ഹൃദയത്തിൽ നിന്നും പൊട്ടി ഒലിച്ച ലാവാ പ്രവാഹത്തിൽ വെന്തുരുകുകയാണ് ഓൺലൈൻ സമൂഹം. മറന്നു തുടങ്ങിയ മുറിവുകളിൽ കൂർത്ത കഠാര കുത്തി ഇറക്കുകയാണെന്നു താനെന്നു ദീപ പറഞ്ഞത് വെറുതെയല്ല.
ഞാൻ വീണ്ടും എന്റെ പോസ്റ്റ് വായിച്ച് തുടങ്ങി. ഇന്നു രാവിലെ ഇട്ടതു മുതൽ ഇത് നൂറാമത്തെ തവണയാണ്. കാക്കക്ക് തന്കുഞ്ഞു പൊൻകുഞ്ഞാണല്ലോ.
മറക്കാമോ നമുക്ക് നിർഭയയെ. ആരു മറന്നാലും എനിക്ക് മറക്കാൻ പറ്റുമോ?. ഡൽഹിയുടെ തെരുവുകളിൽ വേട്ട നായ്ക്കൾ കടിച്ചു കുടഞ്ഞ ആ മാൻപേടയെ. വാവിട്ടു കരഞ്ഞ ആ അമ്മയെ. കാമവെറിയന്മാരായ ആ ചെകുത്താന്മാരെ..
എന്റെ പരിമിതികൾ എനിക്കറിയാം. നിങ്ങളെ പോലെ ഞാനും നിസ്സഹായനാണ്. പക്ഷെ എന്റെ അവസാന ശ്വാസം വരെയും എന്റെ ഹൃദയം നിര്ഭയമാർക്ക് വേണ്ടി തുടിച്ച് കൊണ്ടേ ഇരിക്കും.എന്റെ കൈകൾ അവൾക്കു വേണ്ടി എഴുതി കൊണ്ടേ ഇരിക്കും. കാരണം ഞാനും ഒരു അമ്മ പെറ്റ മനുഷ്യനായി പിറന്നില്ലേ?
എന്റെ പോസ്റ്റുകൾ വായിച്ച് ഫോള്ളോവെഴ്സിന്റെ കരൾ പിളരണമെന്നു എനിക്ക് നിര്ബന്ധം ഉണ്ട്. കാരണം സമൂഹത്തിന്റെ നേരെയുള്ള എന്റെ ചാട്ടുളി പോലെയുള്ള ചോദ്യങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് എനിക്ക് ലക്ഷകണക്കിന് ഫോല്ലോവേർസിനെ തന്നത്. ഇനിയും മറ്റൊരു നിറഭയയും ഏത് നാട്ടിലും ഉണ്ടായിക്കൂടാ. ഏത് പെണ്ണിനും ഏത് പാതിരാത്രിയിലും അവളുടെ മാനം നഷ്ടപ്പെട്ടു കൂടാ.
പോസ്റ്റ് വായിച്ചപ്പോൾ എനിക്ക് എന്നെ കുറിച്ച് തന്നെ തെല്ലു അഭിമാനം തോന്നാതിരുന്നില്ല. ആയിരക്കണക്കിന് ആൾക്കാരുടെ റോൾ മോഡലാണ് താനിന്നു.
അല്പം തുറന്നിട്ട ജനാലയിലൂടെ നേർത്ത തണുത്ത കാറ്റു അടിച്ചു വീശി. ചാറ്റൽ മഴയുണ്ട്. പുതുമഴയുടെ നേർത്ത മാദക ഗന്ധം കാറ്റിനൊപ്പം റൂമിലേക്ക് വരുന്നുണ്ടായിരുന്നു.
പെട്ടെന്ന് കാളിങ് ബെല്ലടിച്ചു.
മനു ആയിരിക്കും. എന്റെ റൂം പാർട്ണർ ആണ് മനു. അവൻ മെഡിക്കൽ റെപ് ആണ്. മാസത്തിൽ അഞ്ചോ പത്തോ ദിവസം. അതിൽ കൂടുതൽ അവന്റെ ശല്യം ഉണ്ടാവാറില്ല.
വാതിൽ തുറന്നപ്പോൾ ദീപ്തി. മഴയിൽ കുളിച്ചു കിതച്ചു അവൾ അകത്തേക്ക് കയറി.
നമ്മുടെ മനുവിന്റെ പെണ്ണാണ് ദീപ്തി. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹം. അതിനാൽ അവൾ ഇടയ്ക്കിടെ ഇവിടെ വന്ന് താമസിക്കാറുണ്ട്.
മനു എവിടെ ?
ഞാൻ ചോദിച്ചു.
അവനെ ട്രെയിൻ കയറ്റി വിട്ടാ ഞാൻ വരുന്നേ.
അപ്പൊ ദീപ്തിയുടെ വണ്ടി?
അത് പഞ്ചർ ആയി ശ്യാം
അപ്പൊ വണ്ടി എവിടാ
റെയിൽവേ സ്റ്റേഷനിൽ.മനുവിനെ കയറ്റി വിട്ടു വണ്ടി എടുക്കുമ്പോഴാ പഞ്ചർ കാണുന്നെ. ഫോൺ നോക്കുമ്പോ അതും ചത്ത് കിടക്കുന്നു.
അപ്പൊ ഓട്ടോ പിടിച്ചു പോന്നോ ദീപ്തി?
ഇല്ല ശ്യാം. ഓട്ടോക്കാരുടെ നോട്ടവും ഭാവവും ഒക്കെ കണ്ടാൽ ഈ അസമയത്ത് ഏതെങ്കിലും പെൺകുട്ടികൾ ഓട്ടോയിൽ കയറുമോ?
ആരുടെ എങ്കിലും ഫോൺ വാങ്ങി എനിക്ക് വിളിച്ചു കൂടായിരുന്നോ? ഞാൻ വരുമായിരുന്നല്ലോ.എന്നിട്ട്?
എന്നിട്ടെന്താ ? ഞാൻ റെയിൽവേ സ്റ്റേഷന്റെ പിറകു വശത്തൂടെ നേരെ ഇങ്ങോട്ട് വെച്ചു പിടിച്ചു.
എന്റെ ഈശ്വരാ. ഞാൻ നെഞ്ചത്ത് കൈ വെച്ചു പോയി.
ദീപ്തി പോയി ഡ്രസ്സ് മാറി വാ. ഈറൻ ആയി നിക്കാതെ.
ഞാൻ ആലോചിക്കുകയായിരുന്നു. ഈ അസമയത്ത് ദീപ്തിയെ പോലെ ഒരു പെണ്ണ്.ദൈവമേ നീ കാത്തു.
ശ്യാമിന്റെ മുഖമെന്താ കടന്നൽ കുത്തിയ പോലെ.
ദീപ്തി ഈറൻ മാറിയുള്ള വരവാണ്.
മനുവിന്റെ ഷർട്ടും മുണ്ടുമാണ് വേഷം.
ഒന്നുമില്ല ദീപ്തി. ഇപ്പൊ ശരിക്കും ഒരാൺകുട്ടി തന്നെ.
അല്ലേലും ഞാൻ ഒരാൺകുട്ടി തന്നാ
എന്നാലും എന്റെ ദീപ്തി.നീ ഒറ്റയ്ക്ക് വന്നത് ശരിയായില്ല.
അതെന്താ ശ്യാം.ഇത് ഞാൻ ജനിച്ചു വളർന്ന നാടല്ലെ?
ദീപ്തി. കരിയിലകൾ ക്കിടയിലെ പാമ്പാണ് നഗരം. ഓരോ അടിയും സൂക്ഷിച്ചേ വെക്കാവു.
ഈ നഗരത്തിൽ ശ്യാം ഉള്ളപ്പോഴോ?
ഞാൻ ഒന്നും മിണ്ടിയില്ല.
അല്ലേലും ദീപ്തി അങ്ങനാണ്. അവളോട് പിടിച്ചു നിക്കാൻ ഇത്തിരി പാടാണ്.
പുറത്തു മഴ കനത്തു പെയ്യാൻ തുടങ്ങിയിരുന്നു.
ദീപ്തി പോയി കിടന്നോ. നേരം കുറെ ആയി.
പെട്ടെന്ന് വലിയ ശബ്ദത്തോടെ ഒരു ഇടി വെട്ടി. കറന്റ് പോയി.
നാശം.
ഇരുട്ടിൽ പുതുമഴയുടെ രൂക്ഷ ഗന്ധം എന്റെ മൂക്ക് തുളച്ചു.
ശ്യാം. മെഴുകുതിരി ഉണ്ടോ.
ദീപ്തിയാണ്.
ഇടയ്ക്കിടെ വന്ന മിന്നലിന്റെ വെളിച്ചത്തിൽ അവൾ തപ്പി പിടിച്ചു എന്റെ അടുത്തു വന്നു.
പുതുമണ്ണിന്റെ മണത്തിന്റെ ഒപ്പം അവളുടെ വിയർപ്പിന്റെ മണവും എന്റെ മൂക്കിലേക്ക് അടിച്ചു കയറി.
മിന്നലിന്റെ വെളിച്ചത്തിൽ അവളുടെ ഭംഗി ഇരട്ടിച്ചതു പോലെ എനിക്ക് തോന്നി.
പുതുമഴയുടെ ഗന്ധവും ഈറൻ കാറ്റും ഇണയുടെ വിയർപ്പിന്റെ മത്തു പിടിപ്പിക്കുന്ന മണവും.
ഇണ ചേരാൻ വെമ്പുന്ന കാട്ടു മൃഗം എന്റെ ഉള്ളിൽ ചുരമാന്തി.
കടുത്ത എതിർപ്പിനും നിലവിളിക്കും മേലെ അവളുടെ പൂവുടൽ ഞാൻ ഉഴുതു മറിച്ചു. എന്റെ പുരുഷത്വത്തെ തള്ളി മാറ്റാൻ കഴിയാതെ അവൾ പെരുമഴ പോലെ അലറി കരഞ്ഞു.
പുറത്തു മഴ ശമിച്ചിരുന്നു. മഴ പാറ്റകൾ വെളിച്ചം തേടി അലഞ്ഞു.
കറന്റ് വരുമ്പോൾ അവൾ വെറും തറയിൽ ചോര ഒലിപ്പിച്ചു കിടക്കുകയായിരുന്നു.
വെളുത്തു തുടുത്ത ദേഹം മുഴുവൻ തോല് പൊളിച്ച മുയലിനെ പോലെ ചുവന്നു കിടന്നു.
വേച്ചു വേച്ചു എണീറ്റു അവൾ എന്നെ നോക്കി. ആ നോട്ടം എന്റെ ആത്മാവിനെ പോലും ദഹിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.
മഴ വീണ്ടും പെയ്യാൻ തുടങ്ങി.
തിരിഞ്ഞ് നടക്കുന്ന അവളുടെ പിൻകാഴ്ച്ചയിൽ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ വേട്ട മൃഗം പിന്നെയും രക്തം തേടി അലഞ്ഞു.
ഒടുവിൽ
പിറ്റേന്ന് രാവിലെ റെയിൽവേ സ്റ്റേഷന്റെ പിന്നിലെ പൊട്ടക്കുളത്തിൽ അവൾ മരിച്ചു കിടന്നു.
അന്ന് രാത്രി കിടന്നിട്ടു എനിക്ക് ഉറക്കം വന്നില്ല. മനസ്സ് മുഴുവൻ ദീപ്തിയായിരുന്നു.
പിറ്റേന്ന് രാവിലെ എന്റെ പുതിയ പോസ്റ്റിനു സപ്പോർട്ടേഴ്സിന്റെ ചാകരയായിരുന്നു. വിമർശകർ പോലും എന്റെ ഛര്ദിലിന് താഴെ അക്ഷരങ്ങളെ വ്യഭിചരിച്ചു.
എല്ലാവരുടെയും ഹൃദയം കൊളുത്തി വലിച്ച എന്റെ ആ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെ ആയിരുന്നു..
അന്ന് നിർഭയ, ഇന്നു ദീപ്തി, നാളെ ഒരു പക്ഷെ....മാലാഖകൾ സൂക്ഷിക്കുക. കരിയിലകൾക്കുള്ളിലെ കരിമൂർഖനാണ് നഗരം......... ശുഭം.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക