Slider

ലജ്ജാവതിയായ മരിയാ ഫിലിപ്പ്

0
. °°°°°°°°°°°°°°°***°°°°°°°°°°°°°°°°°
കുവൈത്ത് എയർവേയ്സിന്റെ ചില്ലുജാലകത്തിലൂടെ താഴേക്ക് നോക്കിയ കല്ലേൽ വർഗീസ് മകൻ പോൾസൺ എന്ന പോളച്ചൻ രോമാഞ്ചകഞ്ചുകിതനാവാൻ രണ്ടായിരുന്നു കാരണങ്ങൾ.
ഒന്ന്... വിമാനം അറബിക്കടൽ കടന്ന് കേരളത്തിന്റെ പച്ചപ്പിലേക്ക് കയറുമ്പോൾ ഏതൊരു ശരാശരി പ്രവാസിയുടെ മനസ്സ് പോലെയും കോൾമയിർ കൊണ്ടത്.
രണ്ട്... നാളെ മനസ്സമ്മതവും കഴിഞ്ഞ് അടുത്ത ഞായറാഴ്ച മിന്നുകെട്ടാൻ പോകുന്ന മരിയ ഫിലിപ്പിനെ ഓർമ്മ വന്നത്.
വർഷത്തിലൊരു മാസം കിട്ടുന്ന ലീവ് കൊണ്ട് കഴിഞ്ഞ അഞ്ചുവർഷവും ഒത്തിരി പെൺ പിള്ളേരെ പോളച്ചൻ കണ്ടിരുന്നു. പക്ഷേ, പോളച്ചനും പെങ്ങന്മാരും വച്ച നിബന്ധനകളിൽ തട്ടി വീഴാനായിരുന്നു ആ പാവം മണവാട്ടിമാരുടെ വിധി. പൊതുമേഖലാ ബാങ്കിൽ ലോണിനു ചെന്ന പാവപ്പെട്ടവരെപ്പോലെ അവർ നിർദ്ദയം തള്ളപ്പെട്ടു.
പക്ഷേ.. ഇത്തവണ പോളച്ചൻ വരുന്നതിനു മുമ്പേ തന്നെ മരിയ ഫിലിപ്പ് എന്ന തൊടുപുഴക്കാരി അച്ചായത്തി സുന്ദരി, സുമുഖി, സുശീലാ, ബി.എസ്.സി നഴ്സ് തുടങ്ങിയ കടമ്പകളൊക്കെ ചാടിക്കടന്ന് വിക്ടറി സ്റ്റാൻഡിലെത്തി വിജയപതാക വീശി നിന്നിരുന്നു. മരിയ ഫിലിപ്പ് എന്ന പേരിൽ ഒരു എഫ്. ബി അക്കൗണ്ട് എത്ര സെർച്ച് ചെയ്തിട്ടും കണ്ടെത്താതിരുന്നതും പോളച്ചന്റെ ഹൃദയം തരളിതമാക്കി.
അങ്ങിനെയാണ് കുവൈറ്റിൽ നിന്നും ഈ ആഗസ്റ്റ് മാസത്തിലെ ചുട്ടുപൊള്ളുന്ന ചൂടിലെ വീശിയടിക്കുന്ന പൊടിക്കാറ്റിൽ നിന്നും രക്ഷപ്പെട്ട് മഴയുടെ തണുപ്പിലേക്ക്, മരിയ ഫിലിപ്പ് എന്ന കുളിരിലേക്ക് പോളച്ചൻ ഒരു ചിരിയോടെ എത്തി ചേർന്നത്.
പെട്ടെന്നുണ്ടായ വിവാഹമായതുകൊണ്ടും മറ്റു കല്യാണ സംബന്ധമായ തിരക്കുകൾ കൊണ്ടും അത്ര സംസാരിക്കാനും പരിചയപ്പെടാനും അവസരം കിട്ടിയില്ലായെങ്കിലും മനസ്സമ്മതത്തിന്റെയന്ന് മരിയ ഫിലിപ്പിനെ കണ്ടപ്പോൾ പോളച്ചൻ സബ്സിഡി എഴുതിക്കിട്ടിയ അംബാനിയേപ്പോലെ ലോകത്തിലേറ്റവും വലിയ സന്തോഷവാനായും ധനവാനായും കോൾമയിർ കൊണ്ടു നിന്നു. സ്ത്രീധനത്തിന്റെ കൂട്ടത്തിൽ പുതിയ റെഡ് കളർ വോക്സ് വാഗൺ കാർ കൂടെ ഉണ്ടെന്നറിഞ്ഞ് അവന് രോമാഞ്ചമൊഴിഞ്ഞ നേരമില്ലെന്നായി.
പക്ഷേ, പെൺകുട്ടികളായാൽ ഇത്രക്ക് നാണം പാടില്ലെന്നും വിവാഹിതരായ ശേഷം ഇവളെ ഒരല്പം കൂടി തന്റേടവും ജീവിത പ്രാപ്തി ഉള്ളവളാക്കി തീർക്കണമെന്നും പോളച്ചൻ നിശ്ചയിച്ചു. ദിവസങ്ങൾ ശൂ എന്ന് പാഞ്ഞു പോയി. ഓരോ ദിവസവും രാത്രി കുവൈറ്റ് മിനിസ്ട്രി ഹോസ്പിറ്റലിന്റെ മാലാഖാവണ്ടിയിൽ നിന്നും മരിയ ഫിലിപ്പ് ഇറങ്ങി വരുന്നതും തന്റെ കൈകളിലേക്ക് കുവൈറ്റിദിനാർ കെട്ടു കണക്കിന് ഇട്ടു തരുന്നതും സ്വപ്നത്തിൽ കണ്ട് നിയമസഭയിലേക്ക് ആദ്യമായി അക്കൗണ്ട് തുറന്ന ചില പാർട്ടിക്കാരെപ്പോലെ പ്രതീക്ഷാനിർഭരനായി ആ മണവാളൻ ചിരിച്ചു.
ഒടുവിലാ കല്യാണ ദിവസം വന്നെത്തി. കെട്ടിനിടയിൽ പോലും ലജ്ജാവതിയും നിഷ്കളങ്കയുമായ എഫ്. ബി അക്കൗണ്ട് പോലുമില്ലാത്ത ആ മോഹനാംഗിയുടെ തല കുമ്പിട്ടുള്ള ചിരി കണ്ട് പോളച്ചന്റെ ഉള്ളം കുളിർന്നു.
പള്ളിയിലെ കെട്ടും... ഹാളിലെ ഫുഡും കഴിഞ്ഞ് പെണ്ണിനേയും കൊണ്ട് പോരുന്നതിന് മുമ്പ് മരിയ ഫിലിപ്പിന്റെ വീട്ടിലൊന്നു പോയി തളർന്നു കിടക്കുന്ന വല്യമ്മച്ചിയിൽ നിന്നും അനുഗ്രഹം വാങ്ങാമെന്ന് തീരുമാനിക്കപ്പെട്ടു. പുഷ്പാലംകൃതമായ കാറിൽ ഡ്രൈവിങ്ങ് സീറ്റിൽ പോളച്ചൻ ഇരിക്കുകയും നമ്രശിരസ്കയായ മരിയ ഫിലിപ്പ് നാണത്തിൽ പൊതിഞ്ഞ പതിവ് പുഞ്ചിരിയോടെ അടുത്തിരിക്കുകയും ചെയ്തു.
റബ്ബർ മരങ്ങൾക്കിടയിലൂടെ തന്റെ ജീവിത സഖിയുമൊത്ത് കാറിൽ പോകുമ്പോൾ സ്വപ്ന സാഫല്യത്തിന്റെ നിർവൃതിയിലായിരുന്നു പോളച്ചൻ. പക്ഷേ അത്ര ഡ്രൈവിങ്ങ് എക്സ്പർട്ട് അല്ലാതിരുന്ന അവനെ റോഡിലെ കയറ്റിയിറക്കങ്ങൾ പറ്റിച്ചു. രണ്ടു മൂന്ന് വട്ടം സ്ത്രീധനക്കാർ ഓഫാവുകയും തന്റെ ചമ്മൽ ഭാര്യ അറിയാതിരിക്കാൻ മറ്റേതൊരു പുരുഷപ്രജകളായ ഭർത്താക്കന്മാർ ചെയ്യുന്നതു പോലെ ആവുന്നതു ശ്രമിക്കുകയും ചെയ്തു.
പക്ഷേ....മൂന്നാം വട്ടവും വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ "എന്തിനാ കാലെപ്പഴും അതിലു വെച്ചേക്കണേ..?"
എന്നൊരു ചോദ്യം തന്റെ പ്രിയ പത്നിയുടെ ചെഞ്ചുണ്ടുകളിൽ നിന്നും മധുരശബ്ദത്തിൽ നിർഗളിച്ചു.
നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ശ്രീനിവാസനേപ്പോലെ പൊട്ടിച്ചിരിച്ച് പോളച്ചൻ പറഞ്ഞു.
" ഹ... ഹ....ഹ... ഹതാണ് മോളേ ക്ലച്ച് !"
കിട്ടിയ അവസരം ഉപയോഗപ്പെടുത്താൻ തന്നെ ആ മണവാളൻ തീരുമാനിച്ചു. മരിയ ഫിലിപ്പിന്റെ തണുത്ത കൈത്തലമെടുത്ത് പതുക്കെ ഗിയർ നോബിലേക്ക് വച്ച് " ഇത്... ഗിയറ്.. ഇപ്പ സെക്കൻഡ്.... ദേ.... ദിപ്പ തേഡ്..." എന്നിങ്ങനെ ഡ്രൈവിങ്ങ് സംബന്ധിയായ തന്റെ പരിജ്ഞാനം പകർന്നു നൽകുകയും ചെയ്തു. പെണ്ണാകെ ചൂളിപ്പോയി മുഖം ചുവന്നു. ശ്ശോ..
രസം കയറിയ പോളച്ചൻ ആവേശത്തോടെ ക്ളാസ് തുടരുന്നതിനിടയിൽ രസച്ചരട് പൊട്ടിച്ചു കൊണ്ട് കാർ ഭാര്യാ വസതിയുടെ ഗേറ്റിലെത്തി. റബ്ബർ മരങ്ങൾക്കിടയിലൂടെ മുകളിലേക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന ഉരുളൻ കല്ലുകൾ നിറഞ്ഞ റോഡ് നോക്കി പോളച്ചൻ പറഞ്ഞു.
"അങ്ങോട്ടേക്കീ വണ്ടി കേറുകേലാ... നമുക്ക് നടന്നു പോകാം..ല്ലേ..!"
" ഹൂം.."
നാണക്കാരി ഒന്നു മൂളി..
അപ്പോഴേക്കും പുറകിലെ കാറിൽ വന്നിറങ്ങിയ അമ്മായിയപ്പൻ ഫിലിപ്പച്ചയാൻ ചോദിച്ചു വണ്ടിയെന്താ ഇവിടെ നിറുത്തിയതെന്ന്..!
അങ്ങോട്ടു കേറാൻ വല്യ പാടാണ് എന്നു സാങ്കേതിക വിദഗ്ദനായ പോളച്ചൻ അമ്മായിഅപ്പനോട് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുമ്പ്...
"മോനാ താക്കോല് ഡുണ്ടു മോൾടേലു കൊടുത്തേ... ചാച്ചന്റെ ലോറി പതിമൂന്നാം വയസ്സു മുതലു ഓടിച്ചു കേറ്റുന്നതാ അവളു..!"
അതു കേട്ട് ഒന്നു ത്തെട്ടി, പിന്നെ അത്ഭുത പ്ളിംഗിത വദനത്തോടെ മണവാളൻ കൈമാറിയ താക്കോൽ മരിയ ഫിലിപ്പ് നാണത്തോടെ തന്നെ ഏറ്റുവാങ്ങി. പിന്നീടങ്ങോട്ട് നിശബ്ദത കാത്തു സൂക്ഷിച്ച മണവാളനേയും കയറ്റി വോക്സ് വാഗൺ പുഷ്പം പോലെ മുകളിലെ വീട്ടുമുറ്റത്തെത്തിച്ചു.
പിന്നീട്, കട്ടിലിൽ കിടക്കുന്ന വല്യമ്മച്ചിയോട് കുശലം ചോദിക്കുന്നതിനിടയിൽ ആ വത്സല പിതാമഹി പറഞ്ഞ ഒരു മറുപടി പോളച്ചന്റെ ഹൃദയം പിന്നേയും കുലുക്കാൻ പര്യാപ്തമായിരുന്നു.
" ഇവളു കമ്പനി തരാതായപ്പോ ഒറ്റക്കു കുടിച്ചു കുടിച്ചു എന്റെ കരളു വാടി തുടങ്ങി മോനേ..!"
ഒരു വിളറിയ ചിരിയുമായി എഴുന്നേറ്റു മുൻ വശത്തെ വരാന്തയിൽ വന്നിരുന്ന പോളച്ചൻ പതുക്കെ എഫ്. ബി തുറന്നു ഡുണ്ടു മോൾ എന്നൊന്നു സെർച്ച് ചെയ്തു. അതിൽ ഒരു ഷാജിപ്പാപ്പൻ മുണ്ടും ചുവന്ന ജുബ്ബയും ഇട്ട് റെയ്ബാൻ ഗ്ളാസു വെച്ചു നിൽക്കുന്ന മരിയ ഫിലിപ്പിന്റെ പ്രൊഫൈൽ കാണുകയും അതിലെ മറ്റുള്ള പ്രൊഫൈൽപിക്കുകളും പോസ്റ്റുകളും കണ്ട് "ഹെന്റീശോയോ..." എന്നൊരു ദീന വിലാപം പുറപ്പെടുവിക്കുകയും കൂടി ചെയ്തതായി ചില തൽപരകക്ഷികൾ പിന്നീട് പറയുകയുണ്ടായി.
സ്നേഹപൂർവ്വം അഷ്റഫ് തേമാലി പറമ്പിൽ©
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo