Slider

വിഷാദം.

0
...............
ഏറെ നേരം വാതിലിൽ മുട്ടി വിളിച്ചപ്പോഴായിരുന്നു ചേച്ചി വാതിൽ തുറന്നത്.. ചത്ത മീനിനെ പോലുള്ള കണ്ണുകളും ചോര വറ്റിയ കവിളുകളുമായി ഓള് ഞങ്ങളെ നിർവ്വികാരമായി നോക്കി നിന്നു.. നീല ഞരമ്പ് തെളിഞ്ഞ ചേച്ചിയുടെ മെലിഞ്ഞ കൈതണ്ടയിൽ ചുവന്ന് രക്തം കിനിഞ്ഞ പാട് കണ്ടപ്പോൾ അമ്മ കരഞ്ഞ് കൊണ്ട് അടുത്ത് ചെന്ന് നോക്കി.. ഇതിന് മൂർച്ചയില്ലമ്മെ എന്ന് പറഞ്ഞ് ഓൾ കയ്യിലുള്ള പഴയ നഖം വെട്ടി ഉയർത്തിക്കാട്ടി വെറുതെ ചിരിച്ചു.
നിയ്യ് വല്ലോം കഴിക്ക് കുട്ട്യേന്ന് അമ്മ വിലപിച്ചപ്പോൾ ചേച്ചി പറഞ്ഞത് അമ്മമ്മയുടെ പഴയ ഗുളികകളെല്ലാം അവൾ ഒരുമിച്ചെടുത്തങ്ങ് വിഴുങ്ങിയെന്നാണ്... പിന്നങ്ങോട്ട് ഓട്ടപ്പാച്ചിലിന്റെ ബഹളമായിരുന്നു.. അഴിഞ്ഞ് പോവുന്ന ട്രൗസർ ഒരു കൈ കൊണ്ട് വാരി പിടിച്ച് ഓട്ടോറിക്ഷ വിളിക്കാൻ ഓടിയപ്പോഴും ഞാൻ ആലോചിച്ചത് ചേച്ചിക്കിതെന്ത് പറ്റിയെന്നാണ്.
കൈ കാണിച്ചപ്പോൾ നിർത്തിയ ഓട്ടോയുടെ ഡ്രൈവറുടെ തലയിൽ പുള്ളിത്തൂവാല കൊണ്ടൊരു ഉഷാർ കെട്ടുണ്ടായിരുന്നു.. അയാളുടെ വണ്ടിയിൽ അമ്മയും ഞാനും ഇളയമ്മയും ചേച്ചിയേയും താങ്ങിപ്പിടിച്ച് കയറി നേരെ അടുത്തുള്ള ആശുപത്രിയിലേക്ക് വേഗത്തിൽ വിട്ടു.
ആശുപത്രിയിലെത്തിയപ്പോൾ ആരോക്കോ വന്ന് ചേച്ചിയെ ഒരു ഉരുളുന്ന വണ്ടിയിൽ കിടത്തി എങ്ങോട്ടോ കൊണ്ട് പോയി. ഒന്നും മനസിലാവാതെ ഞാനങ്ങനെ അന്തം വിട്ട് നിന്നു.
എല്ലാ പരീക്ഷകളിലും നല്ല മാർക്ക് വാങ്ങി സമ്മാനവുമായി വരുന്ന ചേച്ചിക്ക് പരീക്ഷ പേടിയായിട്ടാണ് ഇങ്ങനൊക്കെ ചെയുന്നതെന്ന് എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല.
വെറുതെ നിന്നപ്പോൾ ഞാൻ ആശുപത്രിക്ക് പുറത്തേക്കിറങ്ങി നോക്കി.. മരുന്നിന്റെ മണം എനിക്കിഷ്ടമില്ലായിരുന്നു.പുറത്ത് ആ ഓട്ടോകാരൻ തൂവാലയും കെട്ടി ഇരിപ്പുണ്ടായിരുന്നു.. മൂപ്പർ ചിരിച്ചപ്പോൾ ഞാനും ചിരിച്ചു .. പിന്നെ ഓട്ടോയിൽ കയറി ഇരുന്നു.
ഇടക്ക് രണ്ട് ഹിന്ദിക്കാർ വന്നു ഓട്ടം വിളിച്ചപ്പോൾ ഞാൻ പുറത്തിറങ്ങി നിന്നതാണ്.. പക്ഷേ .. ഓട്ടോകാരൻ ഏട്ടൻ പറഞ്ഞപ്പോൾ ഞാനയാളുടെ കൂടെ മുമ്പിലെ സീറ്റിൽ ഇരിക്കുകയും ഓട്ടോ എങ്ങോട്ടോ ഓടിത്തുടങ്ങുകയും ചെയ്തു.
സമയം കുറച്ചായപ്പോൾ എനിക്കൊരു പേടി ചോണനുറുമ്പിനെ പോലെ അരിച്ച് വന്നു.. പരിചയമില്ലാത്ത ഏതോ വഴികളിലൂടെ പോവുന്ന ഓട്ടോ.. ഹിന്ദിയിൽ എന്തൊക്കോ സംസാരിക്കുന്ന ഓട്ടോക്കാരനും യാത്രക്കാരും.. കുട്ടികളെ തട്ടിക്കൊണ്ട് പോയി കണ്ണ് പൊട്ടിക്കുന്ന ഒരു രംഗം ഏതോ സിനിമയിൽ കണ്ടതാണ് ഓർമ്മയിൽ വന്നത്. ഓട്ടോ റിക്ഷയിൽ നിന്ന് ചാടി രക്ഷപ്പെട്ടാലോ എന്ന് ഞാൻ ആലോചിച്ചു..
പുറത്തോട്ട് ചാടിയതും പിഴച്ചു.. വിചാരിച്ച വേഗത ആയിരുന്നില്ല ഓട്ടോക്ക്... കൈ പത്തിടെ അടി ഭാഗവും കാൽ മുട്ടും ഉരഞ്ഞ് ചോര വന്ന് ഞാനങ്ങനെ കിടന്നപ്പോൾ ഓട്ടോ കാരനും ഹിന്ദിക്കാരും വന്ന് പിടിച്ചെഴുന്നേൽപിച്ചു.. ആ ഏട്ടൻ കരയുന്നത് പോലെ മോദിച്ചു.. "മോനെന്ത് പണിയാ ഈ കാണിച്ചതെന്ന്.. "
തിരിച്ചുള്ള യാത്രയിൽ ഓട്ടോകാരൻ അയാളുടെ പഴ്സ് തുറന്ന് ഒരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ച് പറഞ്ഞു... " ന്റെ മോളാ ...അന്റെ അത്ര വയസുണ്ടാവും... ഞാൻ ചമ്മൽ കൊണ്ട് തല കുനിച്ച് മിണ്ടാതിരുന്നു.. "ചാടിയത് ആരോടും പറയണ്ട ട്ടോ... വീണൂ ന്ന് പറഞ്ഞാ മതി '' അത് പറയുമ്പോൾ ഓട്ടോക്കാരൻ എട്ടന്റെ തലയിൽ ആ പുള്ളിത്തൂവാല ഉണ്ടായിരുന്നില്ല..!
ആശുപത്രി എത്തിയപ്പോഴേക്കും വിവരമറിഞ്ഞ് അച്ഛനും എത്തിയിരുന്നു.. ഭാഗ്യത്തിന് ചേച്ചിക്ക് കുഴപ്പമുണ്ടായിരുന്നില്ല... എന്റെ കയ്യിലെ മുറിവ് ഞാനാരേയും കാണിച്ചുമില്ല..
പിറ്റേന്ന് അച്ഛൻ ചേച്ചിയെ ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ട് പോയി.കൂടെ ഞാനും പോയിരുന്നു. ഓളെ ഡോക്ടർ പരിശോധിച്ച് എന്തൊക്കോ മരുന്നെഴുതി കൊടുത്തു..
തിരിച്ച് പോവുമ്പോൾ ചായ കുടിക്കാൻ കയറിയ സമയത്ത് ചേച്ചി കേൾക്കാതെ ഞാൻ അച്ഛനോട് ചോദിച്ചു ചേച്ചിക്കെന്താ അസുഖമെന്ന്.. അച്ഛൻ പറഞ്ഞു.. ശരീരത്തിന് പനി വരുന്ന പോലെ ഓൾടെ മനസ്സിനൊരു പനി വന്നതാണെന്ന്..വിഷാദ രോഗം എന്നാണത്രെ ഈ അസുഖത്തിന്റെ പേര്.. മരുന്ന് കഴിച്ചാൽ പനി പോലെ തന്നെ വിഷാദവും പമ്പ കടക്കും..
ഏതായാലും അത്തവണ പരീക്ഷ എഴുതാൻ ചേച്ചിക്ക് പറ്റിയില്ലെങ്കിലും പിന്നീട് ഓൾ നല്ല മാർക്കിൽ തന്നെ അതെഴുതി എടുത്തു.ഉയർന്ന വിജയത്തിന് കിട്ടിയ സമ്മാനവുമായി ചേച്ചി വീട്ടിൽ വന്നപ്പോൾ ഓളുടെ മുഖത്ത് വിഷാദത്തിന്റെ പൊടി പോലുമില്ലായിരുന്നു..മറിച്ച് സന്തോഷത്തിന്റെ തിര തല്ലലായിരുന്നു.. അതിന്റെ പ്രതിഫലനം വീട്ടിലെ എല്ലാവരിലേക്കും പടർന്നു കയറി നിന്നു ..
ആനന്ദത്തിന്റെ മധുരം പങ്ക് വെക്കലിനിടയിൽ ഞാൻ ആരും കാണാതെ എന്റെ കൈവെള്ളയുടെ അടിയിലേക്ക് നോക്കി ..ഒരു ഓർമ്മയുടെ ശേഷിപ്പ് പോലെ എന്റെ മുറിവ് കരിഞ്ഞുണങ്ങി ഒരു ചെറിയ പാട് മാത്രമായി തീർന്നിരുന്നു..
- യൂനുസ് മുഹമ്മദ്.
പിൻ കുറിപ്പ്:
ശരീരത്തിനെ ബാധിക്കുന്നത് പോലെ തന്നെ മനസ്സിനേയും രോഗങ്ങൾ ബാധിക്കാം.. അത് ഭ്രാന്തെന്നും ബാധയെന്നും മുദ്ര കുത്താതെ നല്ല രീതിയിൽ ചികിത്സിച്ചാൽ മാറാവുന്നതാണ്.
മരുന്ന് കഴിച്ച് തന്നെ മാറേണ്ട മാനസിക രോഗങ്ങളുണ്ട്. അതിൽ പേടിക്കേണ്ട ഒരു കാര്യവുമില്ല.
പരീക്ഷയെ നേരിടുന്ന കുട്ടികളിൽ തുടങ്ങി പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ആരെയും ബാധിക്കുന്ന ഒന്നാണ് വിഷാദ രോഗം. ആത്മഹത്യ പ്രവണത കാണിക്കുന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്. ഒരിടക്ക് നമ്മുടെ സ്വന്തം ബേപ്പൂർ സുൽത്താൻ പോലും ഈ രോഗത്താൽ കഷ്ടപ്പെട്ടിരുന്നുവത്രെ...

By: Younus Muhammed
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo