
ഉച്ചയൂണിനുള്ള ബെൽ അടിച്ചതും കൈകഴുകാനായി അനു കിണറ്റിന്കരയിലേക്കോടി .
ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്. കൈ കഴുകി വന്നു ചോറ്റുപാത്രം തുറന്നു നോക്കിയ അനു ഞെട്ടി!! രാവിലെ 'അമ്മ സ്നേഹത്തോടെ പൊരിച്ചു വച്ച മുട്ട കാണാനില്ല. മുട്ടയുടെ അടിയിൽ വച്ച പയറുത്തൊരനും ചമ്മന്തിയും അപ്രത്യക്ഷം!!
എതിരെ ഇരുന്ന പി. പി. സ്മിത വാ പൊളിച്ചിരിക്കുന്നു. അവളുടെ മീൻ വറുത്തതും മിഴുക്കുവരട്ടിയും ഡിം !! തൊട്ടപ്പുറത്തിരിക്കുന്ന വീണ, ആനി, സാറ .... എല്ലാവരുടെയും മുഖത്തു അന്താളിപ്പ്. അന്ന് എല്ലാ പെൺകുട്ടികളും പച്ചച്ചോർ വാരി തിന്നു.
ഉച്ചക്ക് ശേഷം ആൺകുട്ടികളുടെ ഭാഗത്തു പതിവിൽ കവിഞ്ഞ ഊർജം, ഉത്സാഹം, ശുഷ്‌കാന്തി ....
തുടർന്നുള്ള രണ്ടു ദിവസങ്ങളിലും പെൺകുട്ടികൾ പച്ചച്ചോർ തിന്നു.
ഉടനടി പെൺകുട്ടികൾ ഒരു അടിയന്തിര യോഗം ചേർന്നു.ദിർഘവീക്ഷണമുള്ള ഒരു അജണ്ട പാസ്സാക്കി . തൽഫലമായി , കറി താഴെയും ചോറ് മുകളിലും വച്ച ചോറ്റുപാത്രങ്ങൾ നിരന്നു. ഇത്തവണ ഫലം ഭീവൽസം!!! ചോറ്റു പത്രം കാലി.ആണ്കുട്ടികളോടാ കളി!!
ഉച്ചക്കുശേഷം പഠിപ്പിച്ചതൊന്നും പെൺകുട്ടികളുടെ തലയിൽ കയറിയതേയില്ല.
വെള്ളിയാഴ്ച!!!!
ഉച്ചക്കുശേഷം ആൺകുട്ടികളുടെ ഭാഗം ശൂന്യം!!!!
ശുചിമുറിയുടെ മുൻപിൽ വയറും പൊത്തിപ്പിടിച്ചു നിൽക്കുന്ന ആൺകുട്ടികളുടെ തിരക്കോടെത്തിരക്ക്.
അന്നത്തെ ചോറ്റുപാത്രങ്ങളിലെല്ലാം കറി, കാന്താരി തോരൻ!!!!!
രശ്മി സുധി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക