ഇതാരുടെ കൊച്ചാ?
ഉമയുടെ കയ്യിൽ തൂങ്ങി നടക്കുന്ന ഇളയ കൊച്ചിനെ നോക്കി നാട്ടുകാർ എല്ലാരും സംശയം ചോദിക്കും. ഒരു നൂറാവർത്തി പറഞ്ഞാലും അവരുടെ സംശയം തീരില്ല.
അതിനു കാരണമുണ്ട്. ഉമക്ക് നല്ല ഇരു നിറമാണ്. അവളുടെ കെട്ടിയോൻ ചന്ദ്രന് നല്ല കരിക്കട്ടയുടെ നിറം.
ചന്ദ്രന്റെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും എല്ലാരും ഒന്നിനൊന്നു കറുത്ത നിറം.
ഉമയുടെ കുടുംബവും അത് പോലെ തന്നെ.
അവരുടെ മോഹവല്ലരിയിൽ വിരിഞ്ഞ ആദ്യത്തെ മൂന്നു മക്കൾക്കും നല്ല കറുപ്പ് നിറം.
പക്ഷെ അവസാനത്തെ കൊച്ചിന് മാത്രം നല്ല വെളുത്ത നിറം.
ആദ്യത്തെ മൂന്നു മക്കൾക്കും ചന്ദ്രനെ പോലെ നല്ല ഉന്തിയ പല്ലുകളാണ്. വെളുത്ത കൊച്ചിന് ചെറിയ കുഞ്ഞരി പല്ലുകളും.
ആ നാട്ടിലൊന്നും അത്ര വെളുത്ത കൊച്ചുങ്ങൾ ഇല്ല. ആ നാട്ടിലെന്നല്ല സമീപ പ്രദേശങ്ങളിലൊന്നും അത്ര വെളുത്ത ആരും ഇല്ല.
അവള് ടൗണിൽ പോയപ്പോ ഏതോ സായിപ്പ് പണി പറ്റിച്ചതാ.
നാട്ടിൽ അങ്ങനെ പല ഗോസിപ്പുകളും പരന്നു.
നാട്ടിൽ അത്യാവശ്യം വെളുപ്പുള്ളത് കുന്നിൻ മുകളിലെ ദേവി ക്ഷേത്രത്തിലെ പൂജാരിക്കാണ്.
പക്ഷെ ഉമ ഇന്ന് വരെ അമ്പലത്തിൽ പോയിട്ടുമില്ല. പിന്നെ അവളൊട്ട് പൂജാരിയെ കണ്ടിട്ടുമില്ല.
പിന്നെ അവൾ ഒന്നാന്തരം കമ്മ്യൂണിസ്റ്റ് ആണ്.
അപ്പൊ പിന്നെ അയാളെ വിടാം.
പിന്നെ ഉള്ളത് കുട്ടികളെ ഓത്തു പഠിപ്പിക്കുന്ന മൊയ്‌ല്യാർ ആണ്. വെളുത്ത താടിയും മുടിയുമുള്ള അയാൾക്ക് ഏകദേശം ഒരു തൊണ്ണൂറു വയസ്സെങ്കിലും കാണും.
ചന്ദ്രന് ചെറുപ്പം മുതലേ മൊയ്‌ല്യാരെ അറിയാം. അന്നേ അയാക്ക് ഇത്ര പ്രായം തോന്നും. അയാളെങ്കിൽ പള്ളി വിട്ടു എവിടെയും പോവുകയും ഇല്ല. ഉമയെന്നല്ല ഒരൊറ്റ പെണ്ണിനേയും പള്ളിയിൽ കടക്കാൻ സമ്മതിക്കുകയുമില്ല.
പിന്നെ ഉള്ളത് പള്ളിയിലെ അച്ഛനാണ്. ചുകന്നു തുടുത്ത അച്ഛൻ.
പക്ഷെ ഉമ ഇന്ന് വരെ കുമ്പസരിക്കാൻ പോയിട്ടില്ല. അച്ഛനാണെകിൽ ഇങ്ങോട്ടും വന്നിട്ടില്ല.
പിന്നെ ഇടക്ക് വല്ലപ്പോഴും ടൗണിൽ നിന്നും വരുന്ന വെളുത്തു തുടുത്ത ഹിന്ദിക്കാർ ഉണ്ട്. പുതപ്പു വിൽപനക്കാർ.
അവരാണെകിൽ തമ്പാക്കും വെച്ച് വല്ലാത്ത നാറ്റമാവും. ടൗണിലെ രാത്രി സുന്ദരികൾ കൂടെ അവരെ മൈൻഡ് ചെയ്യാറില്ല.
അങ്ങനെ അങ്ങനെ നാട്ടിലെ ആബാല വൃദ്ധ ജനങ്ങളുടെയും ഉറക്കം നഷ്ടപ്പെട്ടു.
വെളുത്ത കുട്ടി വളരുന്നതിനനുസരിച്ചു വെളുപ്പ് കൂടി കൊണ്ടിരുന്നു.
ഇപ്പൊ നാട്ടിൽ രാത്രി വെളിച്ചത്തിന്റെ ആവശ്യം വരാറില്ല. അത്രക്കും വെളിച്ചമാണ്.
എല്ലാം ദൈവത്തിന്റെ കൃപ.
ഉമ ചന്ദ്രനോട് പറയും.
അത് കേൾക്കുമ്പോൾ ദൈവം ഊറി ഊറി ചിരിക്കും.
അല്ലേലും എല്ലാം അവസാനം വെച്ച് കെട്ടാനുള്ളതാണല്ലോ ദൈവം..
By: Abdul hakeem
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക