
അവൾ ഉന്നതകുല ജാതയും വിദ്യാ സമ്പന്നയുമായിരുന്നു.അവനോ താഴ്ന്ന ജാതിയിൽ പെട്ട, വിദ്യാഭ്യാസമില്ലാത്തവൻ. അവരുടെ പ്രണയമുൾകൊള്ളാൻ ആ ചെറു ഗ്രാമത്തിനു കഴിഞ്ഞില്ല. ഗ്രാമവാസികൾ അവരെ കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ചു. അതിന്റെ തലേന്ന് ആരുമറിയാതെ അവരാ ഗ്രാമം വിട്ടു . ചെറുപ്പം മുതലേ കേട്ട് പരിചയിച്ച പ്രണയനഗരിയിലേക്കവർ യാത്രയായി. അവിടെ ജാതിയുടെ വരമ്പുകളില്ലാതെ, സമ്പത്തിന്റെ അതിരുകളില്ലാതെ സ്വസ്ഥമായി പ്രണയിച്ചു കഴിയാമെന്നവർ വ്യാമോഹിച്ചു.
പ്രണയ നഗരി , അവരുടെ ഗ്രാമത്തിൽ നിന്നും വളരെ വളരെ ദൂരെയായിരുന്നു. അവിടെ ചെന്നിട്ടുളളവരാരും തിരിച്ചു വരാത്തത് കൊണ്ട് അതിനെ കുറിച്ച് ആ ഗ്രാമത്തിലുള്ളവർക്കു അധികം അറിവുണ്ടായിരുന്നില്ല. എങ്കിലും എല്ലാ കമിതാക്കളുടെയും സ്വപ്നഗേഹമായിരുന്നു പ്രണയ നഗരി.അങ്ങിനെ അവനും അവളും ആരുമറിയാതെ പ്രണയനഗരിയിലേക്കു യാത്രയായി.- കാടുകളും മേടുകളും കടന്നു, പുഴകളും അരുവികളും കടന്ന നീണ്ട യാത്ര.
വിശന്നപ്പോളവർ കാട്ടുപഴങ്ങൾ ഭക്ഷിച്ചു. ദാഹിച്ചു വലഞ്ഞപ്പോൾ അരുവിയിൽ നിന്നും കുളിർമയാർന്നജലം കുടിച്ചു . വളരെ ദൂരം നടന്നു ക്ഷീണിച്ചപ്പോൾ ഒരാൾ മറ്റൊരാളുടെ മടിയിൽ തലവെച്ചുറങ്ങി. ഉണർന്നിരുക്കുന്നയാൾ കാവലായി. അങ്ങിനെഒരുപാടു ദിവസങ്ങളുടെ യാത്രക്ക് ഒടുവിൽ ദൂരെ അവർ പ്രണയ നഗരിയിലേക്കുള്ള ഏണിപ്പടികളുടെ ചുവട്ടിലെത്തി. അതിന്റെ അവസാനം ആകാശത്തിലേക്കു തുറക്കുന്നതായിരുന്നു .അതിന്റെ സ്വർണപ്പാളികളുള്ള പ്രവേശന കവാടങ്ങൾ മേഘങ്ങളിലേക്കും.
പതുപതുത്ത പക്ഷി തൂവൽ പോലുള്ള ഏണിപ്പടികൾ ചവിട്ടി, അവനും അവളും പ്രണയനഗരിയിലേക്ക് കാല് കുത്തി..
അവരകത്തു പ്രവേശിച്ചതും വലിയൊരു ശബ്ദത്തോടെ കവാടം അടഞ്ഞു. നെറ്റിപ്പട്ടം കെട്ടി നിൽക്കുന്നഗജവീരന്മാർ അവിടെ കാവലുണ്ടായിരുന്നു. പ്രണയ നഗരിയിലെ കൊട്ടാരം സ്വർണത്തിൽ തീർത്തതായിരുന്നു. അതിന്റെ തൂണുകളിൽ അമൂല്യങ്ങളായ അനേകം രത്നങ്ങൾ പതിച്ചിരുന്നു. മട്ടുപ്പാവിൽ മനോഹരങ്ങളായ പൂവുകൾ വിവിധ നിറങ്ങളിൽ പരിലസിച്ചു.
കണ്ണഞ്ചിക്കുന്ന പ്രഭാ വലയത്തിൽ അവരുടെ കാഴ്ച മങ്ങി .വിശ്വസിക്കാനാവാതെ അവരിരുവരും പലവട്ടം മിഴികൾ ചിമ്മി തുറന്നു.
പരവതാനികൾ വിരിച്ച കൊട്ടാരത്തിനകത്തു പ്രവേശിച്ചപ്പോൾ തന്നെ അവരുടെ ശരീരത്തിന് അതിശയകരമായ മാറ്റം സംഭവിച്ചു.
സുന്ദരിയായ അവൾ ഏറെ മനോഹാരിണിയായി . മഷിയെഴുതാത്ത കണ്ണുകൾ കറുത്തു വിടർന്നു. ചുണ്ടുകൾ തൊണ്ടി പഴം പോലെ ചുവന്നു. മുടിയിഴകൾ ചുരുണ്ടു ഇണചേരുന്ന നാഗങ്ങളെ പോലെ അവളുടെ തോളുകൾക്കിരുവശവും കാണപ്പെട്ടു . കല്ലുകളും രന്തങ്ങളും പതിപ്പിച്ച മാലകളും വളകളും അരഞ്ഞാണവും കാൽ തളയും അവൾക്കു ചാരുത കൂട്ടി. കൂടാതെ മുട്ടോളമെത്തുന്ന നീളമേറിയ മുടിയിലും കല്ല് പതിപ്പിച്ച പതക്കങ്ങൾ . ചുവന്ന ഉടയാടകളിൽ അവൾ രാജകുമാരിയെപോലെ ചേതോഹാരിണിയായി. അവളുടെചലനം മയിലിനെ പോലെയും നാദം കുയിലിനെ പോലെയുമായി.
അതിശയകരങ്ങളായ മാറ്റങ്ങൾ അവനും സംഭവിച്ചു. ചുരുണ്ട മുടിയിഴകളും താടി രോമങ്ങളും അമാവാസിയിലെ ആകാശം പോലെ കറുത്തിരുണ്ടു .. മാറിടങ്ങൾ വിടർന്നു. കൈകാലുകൾക്ക് അസാമാന്യമായ കരുത്തു വന്നു. കഴുത്തിലും കൈകളിലും വജ്രാഭരണങ്ങൾ . അരയിൽ സ്വർണം പോലെ തിളങ്ങി ഒരു വാളും കാണപ്പെട്ടു. കറുപ്പ് നിറത്തിലെ ഉടയാടകളിൽ അവനൊരു രാജകുമാരനായി.
പരസ്പരം നോക്കിയ അവർ നിമിഷ നേരം കൊണ്ട് തങ്ങൾക്കുണ്ടായ മാറ്റത്തിൽ അത്ഭുത പരതന്ത്രരായി .
" പ്രിയേ , നമ്മൾ പ്രണയ നഗരിയിൽ എത്തിയപ്പോൾ തന്നെ വന്ന ഈ മാറ്റങ്ങൾ എത്ര അവിശ്വസനീയം. " ആരെയും മയക്കുന്ന ഗന്ധർവ നാദത്തിൽ മൊഴിഞ്ഞു, അവനവളെ പുണർന്നു .
"പ്രിയനേ, ഇനി നമ്മളെ കാത്തിരിക്കുന്ന സ്വർഗീയ സുഖങ്ങൾ എന്തെല്ലാമാവും.? ഈ നഗരിയിൽ എത്താൻ നമ്മൾ വളരെ വൈകി "
അവർ സംസാരിക്കുമ്പോൾ എവിടെ നിന്നോ വീണ നാദങ്ങൾ അവർക്കു അകമ്പടിയായി .
അവൾ പറഞ്ഞു നിർത്തിയതുംഅവിടെ സിംഹ ഗർജ്ജനം പോലെ ശബ്ദം മുഴങ്ങി .അവരിരുവരും പൊടുന്നനെ ആലിംഗനത്തിൽ നിന്നും മോചിതരായി.
പേടിയോടെ അവൾ അവന്റെ പിന്നിലൊളിച്ചു. അവനാകട്ടെ പുതിയതായി കിട്ടിയ കരുത്തിൽ ഗർവിഷ്ഠനായി അരയിൽ നിന്നും വാൾ ഊരിയെടുത്തു. അവന്റെ പോലെ കറുത്തിരുണ്ട വസ്ത്രങ്ങൾ അണിഞ്ഞ ആജാനുബാഹുവും അതി സുന്ദരനുമായ ഒരു മനുഷ്യൻ അവിടെ പ്രത്യക്ഷപ്പെട്ടു.
"അല്ലയോ കമിതാക്കളെ , ഈ നഗരിയിൽ കാല് കുത്തുന്ന പലരെയും പോലെ നിങ്ങളും. ഇവിടെ എത്തുമ്പോൾ നിങ്ങൾക്കുണ്ടായ മാറ്റങ്ങളിൽ കണ്ണ് മഞ്ഞളിക്കുമ്പോൾ പ്രവേശന കവാടത്തിൽ വെച്ചിരിക്കുന്ന നിയമാവലികൾ വായിക്കാൻ പലരും മറക്കുന്നു. അനിവാര്യമായ വിധിയിലേക്ക് നിങ്ങൾക്കും യാത്രയാവാം "
അയാൾ പറഞ്ഞു നിർത്തിയതും അതി ഭയാനകമായ ശബ്ദത്തോടെ അവർ നിന്നിരുന്ന നിലം രണ്ടായി പിളർന്നു.
അവർ അഗാധമായ ഗർത്തത്തിലേക്ക് നിലം പതിച്ചു.
നിലത്തു നിന്നും എഴുന്നേൽക്കാനോ ശബ്ദിക്കാനോ പരസ്പരം കാണാനോ കഴിയാതെ ഏതാനും മണിക്കൂറുകൾ അവർ അവിടെ ചിലവഴിച്ചു. പിന്നെ പുറത്തു നിന്നും അരിച്ചരിച്ചെത്തുന്ന പ്രകാശ രശ്മികൾക്കു മുഖം കൊടുത്തു അവനാദ്യം എഴുനേറ്റു. അവളെയും കൈ പിടിച്ചു എഴുന്നേൽപ്പിച്ചു.
നേരിയ വെളിച്ചത്തിൽ അവരുടെ രൂപമാറ്റം കണ്ടു അവർ ഭയന്നു.നിവർന്നു നില്ക്കാൻ പറ്റാത്ത വിധം അവരുടെ മുതുകത്തു കൂനും കാലുകൾ അനക്കാൻ പറ്റാത്ത വിധം മന്തുകളും പ്രത്യക്ഷപ്പെട്ടു. മുടി ജട കെട്ടി. ശരീരം കറുത്തിരുണ്ടു . മാറിടങ്ങൾക്കു അസാമാന്യമായ വലുപ്പവും അരക്കെട്ടുകൾ വല്ലാതെ ശുഷ്കിക്കുകയൂം ചെയ്തു. തങ്ങളുടെ ചെറുപ്പം കൈവിട്ടതായും ജരാനരകൾ ബാധിച്ചതായും അവരറിഞ്ഞു.
"പ്രിയനേ, നമുക്കെന്താണ് സംഭവിച്ചതു ?" അവളുടെ ശബ്ദത്തിനു ആരെയും പേടിപ്പെടുത്തുന്ന മുഴക്കം. എന്നിട്ടും അവൻ അവളെ വാരിപ്പുണർന്നു.
"പ്രിയേ, എന്ത് വന്നാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല "അവനവളുടെ മൂർദ്ധാവിൽ തലോടി.
"പ്രിയേ, എന്ത് വന്നാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല "അവനവളുടെ മൂർദ്ധാവിൽ തലോടി.
പെട്ടെന്ന് പ്രണയ നഗരിയിൽ വെച്ച് കേട്ടത് പോലുള്ള സിംഹ ഗർജനമവർ കേട്ടു .
സുന്ദരനായ ആ പുരുഷൻ വീണ്ടും സ്വർണശോഭയോടെ പ്രത്യക്ഷപ്പെട്ടു.
"അല്ലയോ കമിതാക്കളെ , നിങ്ങളെന്നെ അതിശപ്പിച്ചു. പ്രണയ നഗരിയിൽ പ്രവേശിക്കുന്നവർ പരസ്പരം ചുംബിക്കുകയും പുണരുകയും ചെയ്യാറുണ്ട് .എന്നാൽഈ ഗർത്തത്തിൽ നിപതിക്കുന്നവരോ, അവരുടെ രൂപ മാറ്റം കണ്ടു പരസ്പരം കുറ്റപ്പെടുത്തുകയും പഴി ചാരുകയും വിധിയെ പഴിക്കുകയും ചെയ്യുകയാണ് പതിവ്. മെല്ലെ മെല്ലെ അവർ മരണത്തെ പുൽകുകയും ചെയ്യും .അത് കൊണ്ട് നിങ്ങളുടെ ശിക്ഷയിൽ ഇളവു കാട്ടാൻ പ്രണയ നഗരിയുടെ രാജാവായ ഞാൻ തീരുമാനിച്ചിരിക്കുന്നു .നിങ്ങളെ വീണ്ടും പ്രണയ നഗരിയിലേക്ക് ഞാൻ കൊണ്ട് പോവുന്നു. "
സുന്ദരനായ ആ പുരുഷൻ വീണ്ടും സ്വർണശോഭയോടെ പ്രത്യക്ഷപ്പെട്ടു.
"അല്ലയോ കമിതാക്കളെ , നിങ്ങളെന്നെ അതിശപ്പിച്ചു. പ്രണയ നഗരിയിൽ പ്രവേശിക്കുന്നവർ പരസ്പരം ചുംബിക്കുകയും പുണരുകയും ചെയ്യാറുണ്ട് .എന്നാൽഈ ഗർത്തത്തിൽ നിപതിക്കുന്നവരോ, അവരുടെ രൂപ മാറ്റം കണ്ടു പരസ്പരം കുറ്റപ്പെടുത്തുകയും പഴി ചാരുകയും വിധിയെ പഴിക്കുകയും ചെയ്യുകയാണ് പതിവ്. മെല്ലെ മെല്ലെ അവർ മരണത്തെ പുൽകുകയും ചെയ്യും .അത് കൊണ്ട് നിങ്ങളുടെ ശിക്ഷയിൽ ഇളവു കാട്ടാൻ പ്രണയ നഗരിയുടെ രാജാവായ ഞാൻ തീരുമാനിച്ചിരിക്കുന്നു .നിങ്ങളെ വീണ്ടും പ്രണയ നഗരിയിലേക്ക് ഞാൻ കൊണ്ട് പോവുന്നു. "
"മഹാരാജൻ , എന്താണ് പ്രണയ നഗരിയിലെ നിയമാവലി ?അതറിഞ്ഞാൽ മാത്രമേ ഞങ്ങൾ അവിടെക്കുള്ളു. " ദൃഢ ചിത്തതയോടെ അവൻ ചോദിച്ചു
“ഹേ, മർത്ത്യാ, പ്രണയം ഹൃദയത്തിൽ നിന്നും ഉത്ഭവിക്കുന്നതാണ്. അതാണ് ഈ നഗരിയിൽ കാണപ്പെടുന്നതും .എത്ര തീവ്ര പ്രണയത്തിലായിരുന്നാലും വിരൽത്തുമ്പിൽ പോലും പരസപരം സ്പർശിക്കാതെ കമിതാക്കൾ അവിടെ കഴിയണം. അവരുടെ സമചിത്തമായ പെരുമാറ്റങ്ങൾ ദേവന്മാർ നിരീക്ഷിക്കും .അവരിൽ പ്രീതരായി അവർക്കു സന്താനങ്ങളെ ദാനം നൽകും. അങ്ങിനെ പ്രണയ നഗരി എക്കാലവും നില നിൽക്കും ".
“ രാജൻ, പരസ്പരം പുണരാൻ കഴിയാത്ത പ്രണയ നഗരിയിലേക്ക് ഞങ്ങൾക്ക് വരണമെന്നില്ല. ഞങ്ങളിവിടെ മരണത്തെ വരിക്കാൻ തയ്യാറാണ് "
"അല്ലയോ മർത്ത്യാ , ഇവിടെ വെച്ച് പരസ്പരം പുണരുന്നവരെ മോചിപ്പിക്കാനുള്ള നിയമമുണ്ട്. അല്ലെങ്കിൽ അവർ ചോദിക്കുന്നത് കൊടുക്കാനും ഞാൻ ബാധ്യസ്ഥനാണ്. ഭൂമിയിലെ നിയമങ്ങൾ അല്ല , ഈ പ്രണയ നഗരിയിലേതു. നിങ്ങൾ വാശി കളഞ്ഞു എന്റെ കൂടെ വന്നാലും "
"മഹാരാജൻ എന്ത് വിഡ്ഢിത്തമാണ് ഈ പ്രണയ നഗരിയിലെ നിയമാവലി ? മനുഷ്യർക്ക് പരസ്പരം ആശ്ലേഷിക്കാനോ ചുംബിക്കാനോ കഴിയില്ലയെങ്കിൽ ?" അവർ ഇരുവരും ഒന്നിച്ചു ചോദിച്ചു.
"രാജൻ .. രണ്ടു പേര് ആശ്ലേഷിക്കുന്നതു പ്രണയം മൂലമാണെന്ന് കരുതുന്ന താങ്കളെ വിഡ്ഢി എന്നേ ഞാൻ വിളിക്കു.. ഞങ്ങൾ ആദ്യം വന്നപ്പോൾ പുണർന്നത് ഞങ്ങൾക്കുണ്ടായ സന്തോഷം മൂലം മാത്രമാണ്. അപ്പോൾ ഞങ്ങൾക്കു കളിപ്പാട്ടം കിട്ടിയ കുട്ടികളുടെ മനസായിരുന്നു "
അവൻ നിർത്തിയപ്പോൾ അവൾ തുടർന്നു "ഗർത്തത്തിൽ വെച്ച് ഞങ്ങൾ ആശ്ലേഷിച്ചത് പരസ്പരം ആശ്വസിപ്പിക്കാൻ മാത്രമായിരുന്നു. "
"എന്നാലും ഞങ്ങൾ തീവ്ര പ്രണയത്തിലാണ്. സുഹൃത്തുക്കളായും ഗുരുവായും മാതാപിതാക്കളായും എന്തിനു പൈതലായി പോലും മാറാൻ നിമിഷ നേരം കൊണ്ട് കമിതാക്കൾക്ക് കഴിയും. ഈ നഗരിയിൽ തുടരാൻ ഞങ്ങൾക്ക് താല്പര്യമില്ല. ഞങ്ങളെ പോകാൻ അനുവദിച്ചാലും "
"പ്രിയ സ്നേഹിതാ, ഇവിടെ നിന്നും പോവാൻ ആർക്കും അനുവാദമില്ല. പുറത്തു കടന്നു ആരെങ്കിലും ഈ നഗരിയെ കുറിച്ച് പറഞ്ഞാൽ ആ നിമിഷം ഈ നഗരിയിൽ ഞാനടക്കമുള്ളവർ അഗാധ ഗർത്തത്തിലേക്ക് നിപതിക്കും.പിന്നെ മരണം മാത്രമേ ഞങ്ങൾക്ക് ലഭിക്കൂ . ഈ പ്രണയ നഗരി ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. .എങ്കിലും താങ്കൾക്ക് തന്ന വാക്ക് പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ് .ഇതാ പ്രണയ നഗരിയുടെ വാതിൽ ആദ്യമായി രണ്ടുപേർക്കു പുറത്തേക്കു പോവാനായി തുറക്കപ്പെടുന്നു. "
പുഷ്പക വിമാനത്തിൽ ഏറിയ പോലെ അവർ മൂവരും ആകാശത്തിലേക്കു ഉയർത്തപ്പെട്ടു . ആദ്യ തവണ ഉണ്ടായതിനേക്കാൾ മനോഹരമായ രൂപ മാറ്റങ്ങൾ ഇരുവർക്കും സംഭവിച്ചു.
മേഘ ഗർജ്ജനത്തോടെ വാതിലിന്റ് സ്വർണപ്പാളികൾ തുറക്കപ്പെട്ടു.
മേഘ ഗർജ്ജനത്തോടെ വാതിലിന്റ് സ്വർണപ്പാളികൾ തുറക്കപ്പെട്ടു.
വാതിലിനു പുറത്തു കടന്നതും അവനും അവളും പഴയ രൂപത്തിലേക്ക് മാറി. അവർ ഏണിപ്പടികൾ ഇറങ്ങി താഴെ എത്തിയതും വലിയൊരു ശബ്ദത്തോടെ പ്രണയ നഗരി നിലം പതിക്കുന്നതവരറിഞ്ഞു.
മനോഹരമായ പ്രണയ നഗരിയുടെ നാശത്തിന് തങ്ങൾ കാരണമായല്ലോ എന്നയറിവ് അവരിൽ വേദനയുവാക്കി. എങ്കിലും പ്രണയ നഗരിയെ പോലെ അനിവാര്യമായ വിധിയെ നേരിടാനായ് അവരിരുവരും കൈകോർത്തു തങ്ങളുടെ ഗ്രാമം ലക്ഷ്യമാക്കി നടന്നു .( ശുഭം ) സാനി മേരി ജോൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക