***********************
01 - 12 - 2000
09 : 45 am
നഗര മധ്യേയുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ വീതിയേറിയ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിമ്മി തന്റെ സ്കൂട്ടി പാര്‍ക്ക് ചെയ്തു. ബാഗുമായി അകത്തേയ്ക്ക് കയറുമ്പോള്‍ അന്ന് ആദ്യമായി അവളുടെ കാലുകള്‍ വിറച്ചു . തന്നെ വല്ലാതെ വിറയ്ക്കുന്നതും വിയര്‍ക്കുന്നതും നിമ്മി അറിയുന്നുണ്ടായിരുന്നു . ഇന്ന് അവസാന ദിവസമാണ് . പ്രശസ്ത എഴുത്തുകാരന്‍ ജയദേവുമായുള്ള അഭിമുഖത്തിന്റെ അവസാന ദിവസം . താന്‍ മനസ്സില്‍ കരുതിയ ആ ചോദ്യം ഇന്ന് ചോദിക്കണം . ഇതിനു വേണ്ടി മാത്രമാണ് . ചീഫിന്റെ കാലു പിടിച്ചതും ഈ അഭിമുഖത്തിനു തന്നെ അയക്കണം എന്ന് കെഞ്ചിയതും .
മുന്നിലെ സെക്യൂരിറ്റി രജിസ്റ്ററിൽ ഫ്ലാറ്റ് നമ്പര്‍ മുപ്പത്തി മൂന്നു എന്നെഴുതി നിമ്മി ലിഫ്ടിലേക്ക് കയറി . മൂന്നാം നിലയില്‍ മൂന്നാമത്തെ ഡോര്‍ .വാതിലിനു മുന്നില്‍ അവള്‍ അല്‍പനേരം നിന്നു. തൂവാല കൊണ്ട് വിയര്‍പ്പു ഒപ്പി . ഒന്ന് കൂടി സമയം നോക്കി . കൃത്യം പത്തു മണി .അവള്‍ ഡോര്‍ തുറന്നു .ഇതുവരെയും ആ ഡോർ അകത്തുനിന്നും പൂട്ടിയിട്ടില്ല. അകത്തു എന്നത്തേയും പോലെ , വെളുത്ത കോട്ടണ്‍ പാന്റിലും ജുബ്ബയിലും ജയദേവ്. മലയാളത്തിന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍. മനുഷ്യ മനസ്സിന്റെ നിഗൂഢ ഭാവങ്ങളെ ഇത്രമേല്‍ ഇത്രയ്ക്കു അറിഞ്ഞ ഒരു എഴുത്തുകാരന്‍ ഈ ഇടക്കെങ്ങും മലയാളത്തില്‍ ഉണ്ടായിട്ടില്ല . സ്ത്രീ - പുരുഷ ബന്ധങ്ങളിലെ ഒളിച്ചു കളികള്‍ , വൈകാരിക തലങ്ങള്‍ എല്ലാം തന്റെ മൂര്‍ച്ചയുള്ള തൂലിക കൊണ്ട് അതി ഭാവകത്വം ഒട്ടും ചേരാതെ ഭാവനയുടെ മഷി മുക്കി ജയദേവ് എഴുതുമ്പോള്‍ രണ്ടു കൈയും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത് . എത്രയോ കൃതികള്‍ മറ്റു ഭാഷകളിലേയ്ക്കു മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു . മഹാനായ എഴുത്തുകാരന്‍ . ബഹുമാനം തോന്നുന്ന സ്വഭാവം . പലരും പറഞ്ഞു ഭയപ്പെടുത്തിയിരുന്നു ആള്‍ അല്പം മുരുടനാണെന്നും സ്ത്രീ വിഷയമുഉള്ള ആളാണെന്നുമൊക്കെ . പക്ഷെ ഇതുവരെ തന്നോട് തികച്ചും മാന്യമായാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത് .
നിമ്മി അയാളുടെ മുന്നിലെ സോഫയില്‍ ഇരുന്നു . ബാഗില്‍ നിന്നും വോയിസ് റിക്കോര്‍ഡര്‍ എടുത്തു മുന്നിലെ ടേബിളില്‍ വെച്ചു. ഡയറിയും പേനയും എടുത്തപ്പോള്‍ അവളുടെ കൈകള്‍ വിറച്ചു . അവള്‍ ജയദേവിനെ നോക്കി അയാള്‍ അവളെ തന്നെ നോക്കി ഇരിക്കുകയാണ് . കറുപ്പും വെളുപ്പും കലര്‍ന്ന മീശയും താടിയും മുടിയും . കട്ടി ഫ്രെമുള്ള കണ്ണട.
"എന്ത് പറ്റി ..നിമ്മി ....പതിവില്ലാത്ത ഒരു വെപ്രാളം ....".
പരുപരുത്ത കട്ടിയുള്ള അയാളുടെ ശബ്ദം അവളുടെ ചെവിയില്‍ വന്നു വീണു .
"ഒന്നുമില്ല സര്‍ ..."
നിമ്മി വിക്കി ...
"എങ്കില്‍ ചോദിച്ചോ ...? ഇന്ന് തന്റെ അവസാന ദിവസമാണ് ..ഇനിയും എന്താണ് അറിയാന്‍ ബാക്കി ..."
നിമ്മി ..ഒരു നിമിഷം ശ്വാസം എടുത്തു .
"സര്‍ .. അവസാന ചോദ്യമാണ് .. സര്‍ ന്റെ കുടുംബത്തെ പറ്റിയും രചനകളെ പറ്റിയും സുഹൃത്തുകളെ പറ്റിയും ..ചിന്തകളെ പറ്റിയും ഒക്കെ സര്‍ പറഞ്ഞു ..പക്ഷെ , അവിടെ എങ്ങും സര്‍ ഭാര്യയെ പറ്റി പറഞ്ഞില്ല . കുടുംബ ബന്ധങ്ങളെ പറ്റി ഇത്രമേല്‍ തീവ്രതയോടെ എഴുതുന്ന ആളുടെ സ്വന്തം കുടുംബം ..ഭാര്യ ..കുട്ടികള്‍ .. അത് കൂടി മാത്രമേ ഇനി പറയാനുള്ളൂ ... "
ഒറ്റ ശ്വാസത്തിലാണ് നിമ്മി അത്രയും പറഞ്ഞത് ..
അവള്‍ അയാളുടെ മുഖത്തേയ്ക്കു നോക്കി . ഒരു ഭാവ വിത്യാസമില്ലാതെ ജയദേവന്റെ മുഖം . അയാള്‍ അല്‍പനേരം കണ്ണുകള്‍ അടച്ചു .കൈവിരലുകള്‍ താടിയിലൂടെ പരതി നടന്നു .പിന്നെ കണ്ണുകള്‍ തുറന്നു , നിമ്മിയെ നോക്കി . മെല്ലെ ഒന്ന് ചിരിച്ചു ..
" എന്റെ ഭാര്യയുടെ പേര് .... താര ..........."
അയാളുടെ വാക്കുകള്‍ വിറച്ചു . എന്നും പ്രസന്നമായി കണ്ട ആ മുഖം അന്നാദ്യമായി മങ്ങുന്നത് നിമ്മി കണ്ടു . അയാള്‍ കൈ നീട്ടി വോയിസ് റിക്കോര്‍ഡര്‍ ഓഫ് ചെയ്തു ...
" ഇനി പറയുന്ന കാര്യങ്ങള്‍ , ചോദ്യ കര്‍ത്താവ് അറിയാന്‍ വേണ്ടി മാത്രം പറയുന്നതാണ് . .. " താന്‍ എനിക്കല്പം വെള്ളം എടുത്തു തരൂ .."
നിമ്മി ഫ്രിഡ്ജ് തുറന്നു , ഒരു കുപ്പി തണുത്ത വെള്ളം അയാളുടെ നേരെ നീട്ടി .അവളുടെ മുഖത്ത് നോക്കാതെ അയാളത് വാങ്ങി അല്പം കുടിച്ചിട്ട് വീണ്ടും പറഞ്ഞു തുടങ്ങു ...
" നിയമപരമായി ഞങ്ങള്‍ വിവാഹം ഒന്നും കഴിച്ചിട്ടില്ല . പരസ്പരം ഇഷ്ടം തോന്നി .ഒന്നിച്ചു ജീവിച്ചു . പിന്നെ ഒരുനാള്‍ ഒന്നിച്ചു മുന്നോട്ടു പോകാന്‍ ആവില്ലാന്നു തോന്നിയപ്പോള്‍ രണ്ടു വഴിക്ക് പിരിഞ്ഞു .."
അയാള്‍ നിര്‍ത്തി ...
"എന്തായിരുന്നു ..പിരിയാനുള്ള കാരണം .. ? "
പെട്ടെന്നായിരുന്നു നിമ്മിയുടെ ചോദ്യം . അയാള്‍ ഒന്ന് ചിരിച്ചു .
" കാരണം ഇന്നും അറിയില്ല . ഞങ്ങള്‍ പ്രണയിച്ചതിനും കാരണമില്ല .പിരിഞ്ഞതിനും ..പിന്നെ ..സ്ത്രീയെന്നാല്‍ വെറും ശരീരം മാത്രമാണെന്ന് കരുതിയ ഒരു കാലം ഉണ്ടായിരുന്നു. സ്ത്രീ എന്നത് ശരീരം മാത്രമാണെന്ന് , മുന്നില്‍ വന്ന ഓരോരുത്തരും തെളിയിച്ചു കൊണ്ടിരുന്നു . .."
"പക്ഷെ , താര .. കൊല്‍ക്കത്തയിലെ നാഷണൽ ലൈബ്രറിയില്‍ വെച്ച് ഞങ്ങള്‍ കണ്ടു . അവിടെ റിസേര്‍ച്ചിനു വന്നതായിരുന്നു താര . പുസ്തകങ്ങളാണ് തമ്മില്‍ അടുപ്പിച്ചത് .. പിന്നെ ചര്‍ച്ചകളായി ..നീണ്ട ചര്‍ച്ചകള്‍ ഒരുമിച്ചുള്ള സയന്തനങ്ങളിലേയ്ക്ക് വഴി തുറന്നു . പരസ്പരം തികച്ചും വിത്യസ്തമായ കാഴ്ചപ്പാടും ചിന്താഗതിയും പക്ഷെ ..ഇടയില്‍ എങ്ങനെയോ ..പ്രണയിച്ചു ...താമസം ഒന്നിച്ചായി . എന്റെ എല്ലാ വൃത്തികേടുകളും അവള്‍ക്കു അറിയാമായിരുന്നു ..എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് അവള്‍ കൂടെ വന്നത് ..പക്ഷെ , പിന്നെ.. പിന്നെ അവള്‍ എനിക്ക് വിലക്കുകള്‍ തീര്‍ത്ത് കൊണ്ടിരുന്നു ..അവളും സ്വാര്‍ത്ഥയാകുന്നത് ഞാന്‍ അറിഞ്ഞു ."
അയാള്‍ കുപ്പിയില്‍ അവശേഷിച്ചിരുന്ന വെള്ളം കൂടി കുടിച്ചു . താടിയില്‍ ഒഴുകിയിറങ്ങിയ വെള്ളം ഇടം കൈയ്യുടെ പുറംവശത്താല്‍ തുടച്ചു വീണ്ടും പറഞ്ഞു തുടങ്ങി .
"ഒരുനാള്‍ അവള്‍ പറഞ്ഞു .വിവാഹം രജിസ്റ്റർ ചെയ്യണമെന്നു , അവള്‍ ഗര്‍ഭിണിയാണെന്ന്.. അവളുടെ കുഞ്ഞിനു ഒരച്ഛൻ വേണമെന്ന് ..അന്നാണ് ഞങ്ങള്‍ പിരിഞ്ഞത് ..ഒരു വിവാഹ ജീവിതം എനിക്ക് സങ്കല്പിക്കാന്‍ പോലും ആവില്ലായിരുന്നു ..അവള്‍ കുറെ കരഞ്ഞു ..അവളെനിക്കൊരു ഭാരവും ശല്യവുമാണെന്ന് തീര്‍ത്ത് പറഞ്ഞു, ദേഷ്യപെട്ടു ഇറങ്ങി പോയ ഞാന്‍ തിരിച്ചു വരുമ്പോള്‍ അവള്‍ മുറിയില്‍ ഉണ്ടായിരുന്നില്ല . ഒരു കുറിപ്പ് പോലും ബാക്കി വെയ്ക്കാതെ അവള്‍ പോയി ..
"ആദ്യമൊന്നും എനിക്ക് ഒന്നും തോന്നിയില്ല .മദ്യം ..സുഹൃത്തുക്കള്‍ ..മാറി മാറി വരുന്ന പെണ്ണുങ്ങള്‍ ...പിന്നെ പിന്നെ .. ഞാന്‍ അറിഞ്ഞു തുടങ്ങി , താരയുടെ അസാനിധ്യം ..അവളുടെ പ്രണയം ..ഞാന്‍ ശല്യമെന്ന് പറഞ്ഞതൊക്കെ എനിക്ക് തീരാത്ത നഷ്ടങ്ങളായി ..അവള്‍ ഇല്ലാതെ മരിച്ചു പോകുമെന്ന് തോന്നിയപ്പോള്‍ അവളെ അന്വേഷിച്ചിറങ്ങി
"പക്ഷെ ,,അന്നാണ് ..ഞാന്‍ മനസ്സിലാക്കിയത് ..താര എന്ന പേരിനപ്പുറം എനിക്കവളെ അറിയില്ല എന്ന് ..അല്ലേലും കൂടെ കഴിയുന്ന പെണ്ണിനെ ആരും അറിയാന്‍ ശ്രമിക്കാറില്ലല്ലോ ..നാട്ടിലുള്ള എല്ലാ പെണ്ണുങ്ങള്‍ക്കും താങ്ങും തണലും ആകുന്നവരില്‍ പലരും ..സ്വന്തം ഭാര്യയുടെ ദീര്‍ഘ നിശ്വാസങ്ങളുടെ അര്‍ഥം മനസ്സിലാക്കാറില്ല .നല്ലൊരു സുഹൃത്തായിരുന്നു എന്ന് അഹങ്കരിച്ച ഞാന്‍ ഒന്നിച്ചു താമസിച്ചു തുടങ്ങിയ അന്ന് മുതല്‍ താരയില്‍ നിന്നും അകന്നു പോയിരുന്നു ..എന്റെ തെറ്റ് ...എന്റെ പിഴ ..അവളുടെ നല്ലൊരു സുഹൃത്താകാന്‍ എനിക്ക് കഴിഞ്ഞില്ല . "
അയാൾ ശ്വാസം നന്നായി നീട്ടി വലിച്ചു.
"ഒരുപാട് അന്വോഷിച്ചു ..ഒരുപാട് ...കഴിഞ്ഞില്ല ... അവളുടെ കുറവ് അറിഞ്ഞതിനു ശേഷം , ഒരു പെണ്ണിനേയും ജയദേവന്‍ തൊട്ടിട്ടില്ല . ഇനി തൊടുകയുമില്ല ..ശരീരമല്ല സ്ത്രീ എന്ന് എന്നെ ബോധ്യപ്പെടുത്തിയത് അവളാണ് ..താര .. "
"പലപ്പോഴും അസാനിധ്യമാണ് പലരുടെയും പ്രാധാന്യം നമുക്ക് പഠിപ്പിച്ചു തരിക ..കഴിഞ്ഞ ഇരുപത്തി രണ്ടു വര്‍ഷമായി ഞാന്‍ താരയെ പ്രണയിക്കുന്നു ..ആ പ്രണയമാണ് ഇന്ന് ഞാന്‍ ... താരയ്ക്ക് മുന്നില്‍.
അവളുടെ ഓർമ്മകളിൽ സ്വയം എരിഞ്ഞു കത്തുന്ന മെഴുകുതിരി ..."
അവളുടെ ഓർമ്മകളിൽ സ്വയം എരിഞ്ഞു കത്തുന്ന മെഴുകുതിരി ..."
ജയദേവന്റെ കണ്ണുകൾ നിറയുകയും ശബ്ദം ഇടറുകയും ചെയ്യുന്നുണ്ടായിരുന്നു .
"പശ്ചാതാപത്തിനു ഒരിക്കലും നഷ്ടമായതൊന്നും തിരിച്ചു തരാന്‍ ആവില്ല കുട്ടി .."
അയാള്‍ നിമ്മിയെ നോക്കി ..
"ഒരുപക്ഷെ , താര പ്രസവിച്ചത് , ഒരു പെണ്‍കുട്ടി ആയിരുന്നെങ്കില്‍ , തന്റെ അതെ പ്രായമായിരിക്കും അവള്‍ക്കും .. "
നിമ്മി ഒന്ന് പുഞ്ചിരിച്ചു ..അവള്‍ അയാളുടെ നിറഞ്ഞു നിന്ന കണ്ണുകളിലേയ്ക്ക് നോക്കി .കണ്ണുകളില്‍ നിറഞ്ഞു നിന്ന വാത്സല്യം ..സ്നേഹം ..ഹൃദയം പൊട്ടി പോകും എന്ന് തിരിച്ചറിഞ്ഞ നിമിഷത്തില്‍ നിമ്മി ..പെട്ടെന്ന് എഴുന്നേറ്റു ..എല്ലാം ബാഗില്‍ വെച്ച് തിരിഞ്ഞു നടക്കുമ്പോള്‍ അവള്‍ യാത്ര പറയാന്‍ പോലും മറന്നു ..
ലിഫ്റ്റില്‍ കയറിയ നിമിഷം .പൊട്ടി കരയുകയായിരുന്നു നിമ്മി. താഴെ വാഷ് റൂമില്‍ വാതിലടച്ചിരുന്നു കരയുമ്പോള്‍ അവള്‍ക്കു അറിയില്ലായിരുന്നു .ജയദേവ് എന്ന വ്യക്തിയോട് ഇതുവരെ മനസ്സില്‍ കരുതിയ വെറുപ്പെല്ലാം എവിടെ പോയെന്നു .എല്ലാം പറഞ്ഞു അവസാനിപ്പിച്ചു , അയാള്‍ തന്റെ നേരെ നോക്കിയ നോട്ടം . എവിടെയോ തുളസിത്തറയിൽ നേർത്ത കാറ്റിൽ ഒരു എണ്ണത്തിരി ആടിയുലഞ്ഞു.
ഫ്ലാറ്റ് സമുച്ചയത്തിന്റെ വലിയ ഗേറ്റ് കടന്നു നിമ്മിയുടെ സ്കൂട്ടി പോകുന്നതും നോക്കി മുപ്പത്തി മൂന്നാം നമ്പര്‍ ഫ്ലാറ്റിന്റെ പുറത്തേക്ക് തുറക്കുന്ന ബാല്‍കണിയില്‍ എരിഞ്ഞു കത്തുന്ന സിഗരറ്റുമായി ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു ...ജയദേവ് .
15 - 12 - 2000
09;45 pm
"ബന്ധങ്ങളുടെ അളവുകോല്‍ , കൂടെ ജീവിച്ച സമയത്തിന്റെ ദൈര്‍ഘ്യം മാത്രമല്ല ..ഹൃദയം കൊണ്ട് , എത്രമാത്രം അടുത്തിരുന്നു എന്നതാണ് ... വര്‍ഷങ്ങള്‍ കൂടെ ജീവിച്ചാലും മനസ്സുകള്‍ അകന്നിരുന്നാല്‍ എന്ത് പ്രയോജനം ..
സ്ത്രീയെന്നാല്‍ , അവളുടെ അസാനിധ്യത്തില്‍ നിനക്ക് നഷ്ടമാകുന്നതെല്ലാമാണ് ...
നിസാരമെന്നും ചെറുതെന്നും നീ കരുതുന്ന പലതും അവർക്കു ഏറ്റവും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമാണ് "
ജയദേവ് ..
നിമ്മി .. ജയദേവിന്റെ തോളില്‍ ചാരിയിരുന്നു ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് .അയാള്‍ എഴുതി തീര്‍ത്ത ഡയറികള്‍ വായിക്കുകയാണ് ...
01 - 12 - 2000
12 :00 Noon .
ഫ്ലാറ്റ് സമുച്ചയത്തിന്റെ വലിയ ഗേറ്റ് കടന്നു നിമ്മിയുടെ സ്കൂട്ടി പോകുന്നതും നോക്കി മുപ്പത്തി മൂന്നാം നമ്പര്‍ ഫ്ലാറ്റിന്റെ പുറത്തേക്ക് തുറക്കുന്ന ബാല്‍കണിയില്‍ എരിഞ്ഞു കത്തുന്ന സിഗരറ്റുമായി ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു ...ജയദേവ് .
" മോളെ ... നീ എന്റെ മകള്‍ ആണെന്ന് എനിക്കറിയാം ...എത്ര ഒക്കെ മൂടി വെച്ചാലും ,തനി താരയാണ് നീ ... മുഖം മാത്രമല്ല ..ഒരു നോട്ടത്തില്‍ വരെ നീ താരയാണ് ..ഈ മുറിയില്‍ നീ ആദ്യം വന്ന നാള്‍ മുതല്‍ എനിക്കറിയാം ..നീ വന്നത് ജയദേവ് എന്ന എഴുത്തുകാരനെ തേടിയല്ല എന്ന് ...നിനക്ക് കാണേണ്ടത് ..നിന്റെ അച്ഛനെ ആയിരുന്നു എന്ന് ...എത്രയൊക്കെ മറച്ചു വെച്ചാലും ..ആ നുണക്കുഴി ..ചുണ്ടിനു താഴത്തെ ആ മറുക് ..താരയെ പകുത്തു വെച്ച പോലെ .. ...പിന്നെ നിമ്മി എന്ന പേര് , എനിക്ക് ഏറ്റവും പ്രിയപ്പെട്ട പേരായിരുന്ന നിര്‍മല , എന്ന പേരിന്റെ ചുരുക്കെഴുത്താണെന്നും എനിക്ക് അന്നേ മനസ്സിലായതാണ് ...
പക്ഷെ , ആവില്ല മോളെ , നിന്നെ മോളെ എന്ന് വിളിക്കാന്‍ എനിക്ക് യോഗ്യതയില്ല .. നീ എന്നെ അച്ഛാ ..എന്ന് വിളിക്കും വരെ .."
എരിഞ്ഞു തീര്‍ന്ന സിഗരറ്റ് , കൈയ്യില്‍ കുത്തിയപ്പോള്‍ , ജയദേവ് പിന്‍തിരിഞ്ഞു ..
അന്നാദ്യമായി , മുപ്പത്തിമൂന്നാം നമ്പര്‍ ഫ്ലാറ്റിനു അകത്തു നിന്ന് പൂട്ട് വീണു ..
( അവസാനിച്ചു )
എബിന്‍ മാത്യു കൂത്താട്ടുകുളം
21- 09 - 2016

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക