Slider

വടക്കേ വീട്ടിലെ മുത്തശ്ശി

0

നന്ദേട്ടനും മോളും പോയി ഗേറ്റ് അടയ്ക്കുമ്പോഴായിരുന്നു സീത ഫോൺ ബെൽ കേട്ടത് .വേഗം പോയി ഫോൺ എടുത്തു . 'മോളെ ' അങ്ങേത്തലയ്‌ക്കൽ അമ്മയുടെ ശബ്ദം സീത തിരിച്ചറിഞ്ഞു.'എന്താ അമ്മേ' രാവിലെ അവൾ ആകാംഷയോടെ തിരക്കി . ഒരു നിമിഷം മറുപടി ഒന്നും ഉണ്ടായില്ല .സീതേ വടക്കേ വീട്ടിലെ മുത്തശ്ശി ഇന്ന് രാവിലെ മരിച്ചു. തലയിൽ ഭാരമുള്ളതു എന്തോ വന്നു പതിച്ചത് പോലെ അവൾക്കു തോന്നി . നാവു ചലനമറ്റു നിന്നു .'മോളെ സീതേ' കാതിൽ വീണ്ടും അമ്മയുടെ ശബ്ദം .ഇന്നലെ രാത്രി വരെ ഒന്നും ഉണ്ടായിരുന്നില്ല .6 മണി ആയപ്പോഴേക്കും പെട്ടെന്നു അമ്മ പാതി നിർത്തിയപ്പോഴേക്കും സീത ഫോൺ വച്ചു .അടുത്തുള്ള സോഫയിലിരുന്നു അവൾ കണ്ണുകൾ ഇറുക്കിയടച്ചു. എന്നും ചന്ദനക്കുറി തൊട്ടു വെള്ള വസ്ത്രം ധരിച്ചു ചിരിക്കുന്ന മുഖത്തോടെയുള്ള മുത്തശ്ശിയുടെ രൂപം അവളുടെ മനസ്സിൽ നിറഞ്ഞു . അവളുടെ ഒരു അകന്ന ബന്ധു കൂടി ആയിരുന്നില്ല ആ മുത്തശ്ശി എന്നിട്ടും തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന അവർ അവൾക്കു എല്ലാമായിരുന്നു . മുത്തശ്ശിക്ക് അറിയാത്ത പുരാണകഥകൾ ഒന്നും ഉണ്ടായിരുന്നില്ല . ത്തശ്ശിയുടെ കൈയിൽ നിന്നു ചോറുരുളകൾ വാങ്ങിക്കഴിക്കുകയും .ആ മടിയിൽ കിടന്നു കഥകൾ കേൾക്കുകയും
ചെയ്ത തൻറെ കുട്ടിക്കാലം ഓർത്തപ്പോൾ സീതയുടെ കണ്ണിൽ നിന്നു കണ്ണുനീർത്തുള്ളികൾ അടർന്നു വീണു .അപ്പോഴാണ് മുത്തശ്ശിയുടെ വാക്കുകൾ മനസിലേക്കു എത്തിയത് .'നമ്മൾ മരിച്ചുകഴിഞ്ഞാൽ പിന്നെ മോളെ പ്രിയപെട്ടവരാരും കരയാൻ പാടില്ല '.അതെന്താ മുത്തശ്ശി എന്നു ജിജ്ഞാസയോടെ ചോദിക്കുമ്പോൾ മുത്തശ്ശി പറയും ,'അത് അങ്ങിനെ ഒന്നും മനസ്സിലാവില്ല.മരണത്തെക്കുറിച്ചുള്ള അറിവ് ഉണ്ടെകിലെ അതു ഉൾക്കൊള്ളാൻ സാധിക്കൂ.' പിന്നെ അവൾ ഒന്നും ചോദിക്കില്ല.കാരണം അവൾക്കു മരണത്തെ പേടിയായിരുന്നു .സീതയുടെ എല്ലാ കാര്യത്തിലും മുത്തശ്ശിയുടെ ഒരു സ്പർശം ഉണ്ടായിരുന്നു .ആദ്യമായി നന്ദേട്ടൻ കാണാൻ വന്നപ്പോഴും മുത്തശ്ശി പറഞ്ഞു .'ഇവൻ മതി എൻറെ സീതക്കുട്ടിക്ക് ''.മോളെ ഗർഭം ധരിച്ചപ്പോഴും മുത്തശ്ശി അമ്മയോട് പറഞ്ഞു ''ലക്ഷ്മി ഇതു പെൺകുട്ടി തന്നെയാ സംശയം ഒന്നുല്ല ''.കഴിഞ്ഞ ഡിസംബർ മാസത്തിലായിരുന്നു അവസാനമായി വീട്ടിൽ പോയതും മുത്തശ്ശിയെ കണ്ടതും .അന്ന് മുത്തശ്ശിയോട് കുറേനേരം സംസാരിച്ചു .സന്ധ്യ ആയപ്പോൾ മുത്തശ്ശി മടിച്ചുമടിച്ചു പറഞ്ഞു 'കുട്ടീ മുത്തശ്ശിക്ക് ഒരു ആഗ്രഹം ഒരു രാത്രി എന്റെ സീതക്കുട്ടി മുത്തശ്ശിയോടൊപ്പം വേണം.പണ്ടത്തെപ്പോലെ ഉരുളകൾ വാങ്ങിക്കഴിച്ചും മടിയിൽക്കിടന്നു കഥകൾ കേട്ടും അങ്ങിനെയങ്ങിനെ ഇനി എൻറെ കുട്ടി വരുമ്പോൾ മുത്തശ്ശി ഇല്ലെങ്കിലോ.'അങ്ങിനെയാണ് അന്ന് മുത്തശ്ശിയോടൊപ്പം താമസിച്ചത് .അന്ന് രാത്രി മുത്തശ്ശി ഉണ്ടാക്കിയ ഓലനും പപ്പടവും കൂട്ടി ഊണു കഴിച്ചു .മുത്തശ്ശിയുടെ മടിയിൽ തല വച്ചു കിടന്നപ്പോൾ തലയിലൂടെ വിരലുകളോടിച്ചുകൊണ്ടു മുത്തശ്ശി കുറെ സംസാരിച്ചു .അവൾ ഒരിക്കലും കാണാത്ത മുത്തശ്ശനെക്കുറിച്ചു.ആ മുത്തശ്ശൻ വാരിക്കോരി കൊടുത്ത സ്നേഹത്തെകുറിച്ചു.ഒരു കുഞ്ഞിക്കാല് കാണാൻ ആവാതെ ജീവിച്ചുതീർത്ത ജീവിതത്തെക്കുറിച്ചു .ഒടുവിൽ മുത്തശ്ശി ചോദിച്ചു മുത്തശ്ശിയുടെ കഥ കേട്ടിട്ടു കുട്ടിക്ക് വിഷ്മമായി ഇല്ലേ?ഉത്തരമൊന്നും പറയാതെ അന്നു മുത്തശ്ശിയെ കെട്ടിപിടിച്ചു കുറെ കരഞ്ഞു. കവിളിൽ തലോടിക്കൊണ്ട് മുത്തശ്ശി അന്നു പറഞ്ഞു മോൾക്ക് നല്ലതേ വരൂ .നീ എൻറെ കുട്ടി തന്നെയാ എനിക്ക് ജനിക്കാതെ പോയ എൻറെ മോൾ. ഈ മുത്തശ്ശിയുടെ അനുഗ്രഹം എന്നും നിനക്കു ഉണ്ടായിരിക്കും.പെട്ടെന്നു മൊബൈൽഫോൺ റിങ് ചെയ്തു് .സീത ഫോൺ എടുത്തു കാതോട് ചേർത്തു. ' സീതേ നന്ദൻറെ ഇടറിയസ്വരം 'അമ്മ വിളിച്ചിരുന്നു .നമുക്കു ഇപ്പോൾ തന്നെ പോവാം നീ റെഡ്‌ഡിയായിക്കോളൂ ഞാനിതാ വന്നു .വേണ്ട നന്ദേട്ടാ സീതയുടെ ശബ്ദം ഉറച്ചതായിരുന്നു .മുത്തശ്ശി എന്റെ മനസ്സിലുണ്ട്.ചന്ദനക്കുറിയിട്ടു ചിരിച്ചുനിൽക്കുന്ന എൻറെ മുത്തശ്ശി.അതു കണ്ടാൽമതി ഈ സീതക്കെന്നും .മറ്റൊരു രുപത്തിൽ മുത്തശ്ശിയെ കാണാൻ എനിക്കാവില്ല .സീത കണ്ണുകൾ തുടച്ചുകൊണ്ട് ഫോൺ ഓഫാക്കി .അപ്പോൾ വാത്സല്യത്തോടെ സീതയെ നോക്കിക്കൊണ്ടു മുത്തശ്ശി സ്വർഗ്ഗത്തിലെ സ്വർണപ്പടവുകൾ ഒന്നൊന്നായി കയറുക ആയിരുന്നിരിക്കണം .

By: Jalaja narayanan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo